UPDATES

ട്രെന്‍ഡിങ്ങ്

സികാര്‍ കാര്‍ഷിക പ്രക്ഷോഭം: രാജസ്ഥാനില്‍ സിപിഎം ചെങ്കടല്‍ തീര്‍ക്കുന്നതെങ്ങനെ

കൃഷിയാണ് ജീവിതത്തിന്റെ നിലനില്‍പ്പെന്ന കര്‍ഷകരുടെ ബോധ്യത്തെ പുനര്‍ജീവിപ്പിക്കാന്‍ സിപിഎമ്മിനു സാധിച്ചുവെന്നതാണ് രാജസ്ഥാനിലെ കര്‍ഷകരുടെ പ്രതികരണങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് രാജസ്ഥാനില്‍ വേരുറപ്പിക്കാന്‍ സിപിഎം ശ്രമം. കാര്‍ഷിക പ്രശ്‌നങ്ങളില്‍ തുടര്‍ച്ചയായ ജനകീയ സമരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് രാജസ്ഥാനിലെ ഷെഖാവത്തി മേഖലയിലാണ് പാര്‍ട്ടി നിലവില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കന്നുകാലി വ്യാപാരം തടഞ്ഞുകൊണ്ടുള്ള കര്‍ശന നിയമങ്ങളില്‍ ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ പ്രദേശത്തെമ്പാടുമുള്ള കര്‍ഷകര്‍, കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ ഒന്നു മുതല്‍ നടത്തിയ സമരം ഇതിന്റെ ഭാഗമാണെന്ന് സ്ക്രോളില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ ഷൊയ്ബ് ധന്യാല്‍ ചൂണ്ടിക്കാട്ടുന്നു.

13 ദിവസം നീണ്ടുനിന്ന സമരം വലിയ വിജയമായിരുന്നുവെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ അധ്യക്ഷനും മൂന്ന് തവണ എംഎല്‍എയുമായിരുന്ന അമ്ര റാം പറയുന്നു. ഷെഖാവത്തി മേഖലയിലെ സികാര്‍, ജുന്‍ജുന്‍, ചുരു ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ഈ മാസം ഒന്നുമുതല്‍ പ്രധാനകമ്പോളങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ചുറ്റിലും കുത്തിയിരുന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയും ഗതാഗതം തടയുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ സെപ്തംബര്‍ 14ന് സര്‍ക്കാര്‍ ഇടപെടുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. സംഭവത്തിന് ദേശീയ മാധ്യമങ്ങള്‍ അവഗണിച്ചെങ്കിലും വടക്കന്‍ രാജസ്ഥാനില്‍ സമരം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

രാജസ്ഥാനില്‍ മാത്രമല്ല ഹിന്ദിമേഖലയിലാകെ സിപിഎം ദുര്‍ബലമാണ്. എന്നാല്‍ സികാറിലെ സ്ഥിതി വ്യത്യസ്തമാണ്. മറ്റ് നാട്ടുരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കാര്‍ഷിക സമരങ്ങളുടെ നീണ്ട ചരിത്രമാണ് ഷെഖാത്തി മേഖയ്ക്കുള്ളത്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഇവിടെ കാര്‍ഷിക സമരങ്ങള്‍ നടക്കുന്നുണ്ട്. ഈ മേഖലയില്‍ ഭൂഉടമകളായ കര്‍ഷകരില്‍ അധികവും ജാട്ട് സമുദായത്തില്‍ നിന്നും ഉള്ളവരായതിനാല്‍ അവരുടെ നേതൃത്വത്തിലായിരുന്നു ഈ സമരങ്ങളെല്ലാം. 1932ല്‍ ജുന്‍ജുനില്‍ നടന്ന അഖിലേന്ത്യ ജാട്ട് മഹാസഭയുടെ ഒരു സമ്മേളനവും 1935ല്‍ സാമൂഹിക ഏകോപനത്തിനായി സികാറില്‍ നടന്ന സഹായാഗവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ജാഗിര്‍ദാറുകള്‍ എന്ന് വിളിക്കപ്പെടുന്ന രജപുത്രന്മാരായ പ്രദേശത്തെ ഭൂവുടമകള്‍ക്കെതിരായിരുന്നു ഈ സമരങ്ങളൊക്കെ തന്നെയും.

ഈ സമരങ്ങളുടെ പിന്തുടര്‍ച്ചയായി വേണം ഇപ്പോള്‍ സിപിഎമ്മും കിസാന്‍സഭയും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ വിലയിരുത്താന്‍. ജാട്ട് പഞ്ചായത്തില്‍ നിന്നാണ് സികാറിലെ എല്ലാ കര്‍ഷകസമരങ്ങളും ഉടലെടുത്തതെന്നും അതുവഴി ഭൂഅവകാശങ്ങള്‍ നേടിയെടുക്കാനും കര്‍ഷകരെ ബോധവത്ക്കരിക്കാനും അവര്‍ക്ക് സാധിച്ചുവെന്നും അമ്ര റാം സാക്ഷ്യപ്പെടുത്തുന്നു. 1969-ലാണ് രാജസ്ഥാനില്‍ സിപിഎം അതിന്റെ സാന്നിധ്യം ആദ്യം അറിയിച്ചത്. ഇന്ദിര ഗാന്ധി കനാലില്‍ നിന്നും ജലസേചനം നടത്തുന്ന ഭൂമി ഭൂരഹിതകര്‍ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിലൂടെയായിരുന്നു അത്. ഇതിന്റെ ഫലമായി സികാര്‍ പട്ടണത്തിലെ എസ്‌കെ സര്‍ക്കാര്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ വിജയിക്കാന്‍ തുടങ്ങി. 1980ല്‍ ഷെഖാവത്തി മേഖലയില്‍ നിന്നുള്ള ആദ്യ സിപിഎം എംഎല്‍എ ആയി ത്രിലോക് സിംഗ് മാറി.

സികാറില്‍ സിപിഎമ്മിന് ഇപ്പോള്‍ ഇത്ര വലിയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സാധിച്ചത് ഈ ചരിത്രത്തിന്റെ പിന്‍ബലത്തിലാണെന്ന് അമ്ര റാം വിശദീകരിക്കുന്നു. എന്നാല്‍ തങ്ങള്‍ മേഖലയില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കൊന്നും മാധ്യമ ശ്രദ്ധ ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഉദാഹരണത്തിന് 2000ല്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ വൈദ്യുതി പ്രശ്‌നത്തില്‍ രാജസ്ഥാന്‍ നിയമസഭ ഉപരോധിച്ചു. പ്രതിദിനമുള്ള വൈദ്യതി വിതരണത്തിന്റെ മണിക്കൂറുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അന്നും സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. 2004ല്‍ ഷെഖാവത്തി മേഖലയുടെ അതിര്‍ത്തി ജില്ലയായ ശ്രീഗംഗനഗറിലെ ജലപ്രശ്‌നം സിപിഎം ഏറ്റെടുത്തു. ഇന്ദിര ഗാന്ധി കനാലില്‍ നിന്നും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു സമരം. സമരത്തിനിടയില്‍ രാജസ്ഥാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. പക്ഷെ ഒടുവില്‍ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു.

2005ല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയ്‌ക്കെതിരെ സിപഎമ്മും കിസാന്‍സഭയും ജയ്പൂരില്‍ കുത്തിയിരുപ്പ് സത്യഗ്രഹം നടത്തി. എട്ടു ദിവസം നീണ്ട സമരത്തിനൊടുവില്‍ വര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായി. 2004-05 കാലഘട്ടത്തില്‍ നടത്തിയ വലിയ സമരങ്ങളുടെ ഫലമായി 2008ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഏറ്റവും മികച്ച ഈ പ്രകടനം പക്ഷെ 2013-ലെ ബിജെപി തരംഗത്തില്‍ ഒലിച്ചുപോയി. ഒറ്റ സീറ്റുപോലും നേടാന്‍ അവര്‍ക്ക് സാധിച്ചില്ല. ആ ആഘാതത്തില്‍ നിന്നും കരകയറാന്‍ സിപിഎമ്മിന് 2017 വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഫെബ്രുവരിയില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയ്‌ക്കെതിരെ സിപിഎം സികാര്‍ കേന്ദ്രമാക്കി നടത്തിയ സമരത്തില്‍ ഷെഖാവത്തി മേഖലയില്‍ നിന്നുള്ള കര്‍ഷകരുടെ സാന്നിധ്യം ശ്രദ്ധേയമായി. 17 ദിവസം നീണ്ട സമരത്തിനൊടുവില്‍ നിരക്ക് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.

ഒരു ‘ചുവന്ന ദ്വീപ്’ എന്നാണ് ഷെഖാവത്ത് മേഖലയെ സികാറില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകന്‍ അഷ്ഫാഖ് കായംഘാനി വിശേഷിപ്പിക്കുന്നത്. അധികാരത്തില്‍ ഇല്ലെങ്കിലും പ്രദേശത്ത് സിപിഎമ്മിന് ശക്തമായ പിന്തുണയുണ്ടെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടി നേതൃത്വനിരയില്‍ അധികം പേരും ജാട്ടുകളാണെന്നതാണ് ഇതിനൊരു കാരണം എന്ന് കായംഘാനി നിരീക്ഷിക്കുന്നു. ഈ നിരീക്ഷണം തന്നെയാണ് സംസ്ഥാനത്ത് നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ ബന്‍വാര്‍ മേഘവംശിയും നടത്തുന്നത്. അതിനാല്‍ തന്നെ ബിജെപിയും കോണ്‍ഗ്രസും അവഗണിക്കുന്ന മേഖലയില്‍ ജാട്ട് കര്‍ഷകര്‍ സിപിഎമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രൂക്ഷമാവുന്ന കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുന്നതോടെ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കുന്നു.

മറ്റ് മേഖലകളില്‍ കമ്മ്യൂണിസ്റ്റുകള്‍ ബൗദ്ധിക സംഭാഷണങ്ങളില്‍ അഭിരമക്കുമ്പോള്‍, സികാറില്‍ അവര്‍ തെരുവിലിറങ്ങുകയും കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ചും വര്‍ഗ്ഗീയതയ്‌ക്കെതിരെയും സംസാരിക്കുകയും ചെയ്യുന്നു. ഫലപ്രദമായ പ്രതിപക്ഷത്തിന്റെ അഭാവവും താഴേത്തട്ടില്‍ സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങളും അവര്‍ക്ക് കര്‍ഷകര്‍ക്ക് പുറത്തുള്ള പൊതുസമൂഹത്തിന്റെയും പിന്തുണ നേടിക്കൊടുക്കുന്നു. ഈ മാസം തുടക്കത്തില്‍ നടന്ന സമരത്തിന് ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരി സംഘടനകളും, എന്തിന് വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഡിജെമാര്‍ പോലും പിന്തുണ നല്‍കി.

“സിന്ദാബാദ്, സിന്ദാബാദ്, കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്”; രാജസ്ഥാനിലെ ബഹുജന മുന്നേറ്റം

ഹിന്ദിമേഖലയിലെ രാഷ്ട്രീയത്തില്‍ ജാതി, മത സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതിനാല്‍ തങ്ങള്‍ക്ക് സാന്നിധ്യം ഉറപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അമ്ര റാം വിലയിരുത്തുന്നു. എന്നാല്‍ കന്നുകാലി വ്യാപാര നിയന്ത്രണ പ്രശ്‌നം ഏറ്റെടുത്തുകൊണ്ട് സികാറില്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തെ മറികടക്കാന്‍ സിപിഎമ്മിന് സാധിച്ചു. മുസ്ലീം വ്യാപാരികളെയും കര്‍ഷകരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഇരുവിഭാഗങ്ങളുടെയും പിന്തുണ നേടാന്‍ പാര്‍ട്ടിക്കായി. അങ്ങനെ സികാറില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സാന്നിധ്യമുറപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അമ്ര റാം അവകാശപ്പെടുന്നു.

ഒരുപക്ഷെ സ്വയം പ്രഖ്യാപിത ബിജെപി വോട്ടറായ സികാര്‍ ജില്ല കാര്‍ഷിക ഉല്‍പന്ന വ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ബജാജിന്റെ വാക്കുകള്‍ അമ്ര റാമിന്റെ ആത്മവിശ്വാസത്തിന് സാധൂകരണം നല്‍കുന്നുണ്ട്. കര്‍ഷകര്‍ നശിച്ചാല്‍ ബാക്കിയുള്ളവരും നശിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സികാര്‍ പട്ടണത്തിലെ മുഴുവന്‍ ജനങ്ങളും ഉപജീവനത്തിനായി കര്‍ഷകരെ ആശ്രയിച്ച് നില്‍ക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനവും ജിഎസ്ടിയും മൂലം തകര്‍ന്ന്‌ നില്‍ക്കുന്ന ഈ അവസരത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളോടൊപ്പം നില്‍ക്കേണ്ടത് അനിവാര്യതയാണെന്നും ബജാജ് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍