കൊണ്ടുപിടിച്ച പ്രചാരണം വ്യക്തമായ ലക്ഷ്യത്തോടെയുള്ളതാണ്. അത് 2019 ഏപ്രില്‍ – മേയില്‍ നടത്താനുദ്ദേശിക്കുന്ന ഒരു പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ല, 2018ല്‍ തന്നെ നടത്താനുദ്ദേശിക്കുന്ന തിരഞ്ഞെടുപ്പ് ഉന്നം വച്ചാണ് എന്നാണ് സൂചന.
ഉത്തര്‍പ്രദേശിലെ മാഗറില്‍ നിന്ന് ജൂണ്‍ 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. രാജസ്ഥാനിലെ റാലിയില്‍ കോണ്‍ഗ്രസ് ഒരു ബെയില്‍ ഗാഡിയാണ് എന്നായിരുന്നു മോദിയുടെ പരിഹാസം. ഈ കൊണ്ടുപിടിച്ച പ്രചാരണം വ്യക്തമായ ലക്ഷ്യത്തോടെയുള്ളതാണ്. അത് 2019 ഏപ്രില്‍ – മേയില്‍ നടത്താനുദ്ദേശിക്കുന്ന ഒരു പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ല, 2018ല്‍ തന്നെ നടത്താനുദ്ദേശിക്കുന്ന തിരഞ്ഞെടുപ്പ് ഉന്നം വച്ചാണ് എന്നാണ് സൂചന. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോദിയും ബിജെപിയും ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ലക്ഷ്യം.
അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയും ഒറ്റ തിരഞ്ഞെടുപ്പെന്ന ലോ കമ്മീഷന്‍ നിര്‍ദ്ദേശത്തിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. അതാത് സംസ്ഥാനങ്ങളില്‍ സമാജ് വാദി പ്രതിപക്ഷത്തും ടിആര്‍എസ് ഭരണപക്ഷത്തുമാണ്. ശിരോമണി അകാലിദളും എഐഎഡിഎംകെയും ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുകയാണ്. അതേസമയം മറ്റൊരു പ്രതിപക്ഷ കക്ഷിയായ തമിഴ്‌നാട്ടിലെ ഡിഎംകെ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. 2019ല്‍ ലോക്‌സഭയിലേയ്ക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്നാണ് സമാജ് വാദി നേതാവ് രാം ഗോപാല്‍ യാദവ് ആവശ്യപ്പെട്ടത്. ബിജു ജനത ദളും ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു. അതേസമയം ഏകീകൃത തിരഞ്ഞെടുപ്പെന്ന ആവശ്യം ഭരണഘടനാവിരുദ്ധമാണെന്ന് നിയമ കമ്മീഷനുള്ള കത്തില്‍ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെടുന്നു. സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അസദുദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇതിഹാദുല്‍ മുസ്ലീമിനും (എഐഎംഐഎം), എഐയുഡിഎഫ്, ഗോവ ഫോര്‍വേഡ് പാര്‍ട്ടി തുടങ്ങിയവ നിര്‍ദ്ദേശത്തെ എതിര്‍ത്ത് രംഗത്തുണ്ട്.
2019ല്‍ രണ്ട് ഘട്ടങ്ങളായി ലോക്‌സഭയിലേയ്ക്കും നിയമസഭകളിലേയ്ക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് നിയമ കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ ഭരണഘടനയുടെ രണ്ട് പ്രൊവിഷനുകള്‍ ഭേദഗതി ചെയ്യണം. ഭൂരിഭാഗം സംസ്ഥാന നിയമസഭകളും ഇതിന് അംഗീകാരം നല്‍കുകയും വേണം. ഈ വര്‍ഷം മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. 2019ല്‍ മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരുന്നു. ഒറ്റ തിരഞ്ഞെടുപ്പ് 2018ലോ 2019ലോ സാധ്യമാകാന്‍ ഇടയില്ല. ഒറ്റയടിക്ക് സംസ്ഥാന നിയമസഭകളെല്ലാം പിരിച്ചുവിട്ടും കാലാവധി നീട്ടിയും 2018 ഡിസംബറിലോ 2019 ഏപ്രില്‍ – മെയിലോ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത വിരളമാണ്. അത് വലിയ നിയമ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും എന്ന കാര്യം വ്യക്തം. 2024ല്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ ആയിരിക്കും ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ചര്‍ച്ച സജീവമാക്കി നിര്‍ത്താന്‍ ബിജെപി താല്പര്യപ്പെടുന്നു. അങ്ങനെയാണ് നിതി ആയോഗും ലോ കമ്മീഷനും ഒറ്റ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.
വിവിധ പാര്‍ട്ടികളുടെ നിലപാട് നോക്കാം:
കോണ്‍ഗ്രസ്
ഇത് രാജ്യത്തെ ജനാധിപത്യ ബഹുസ്വരതയെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റം വരുത്തുന്നതിലൂടെ അധികാര കേന്ദ്രീകരണത്തിനും ഏകകക്ഷി മേധാവിത്തത്തിനുമുള്ള ശ്രമം. ഇത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് – കോണ്‍ഗ്രസ് വെബ്‌സൈറ്റ് പറയുന്നു. കടുത്ത ജനകീയ പ്രതിഷേധവും ഭരണവിരുദ്ധവികാരവും മറികടക്കാന്‍ നേരത്തെയുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിലൂടെ പല സംസ്ഥാനങ്ങളിലും ബിജെപി ലക്ഷ്യം വയ്ക്കുന്നുണ്ട്.
സമാജ്‌വാദി പാര്‍ട്ടി
ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം – ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് (മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടേയും മണ്ഡലങ്ങളില്‍) നേടിയ ജയം എസ് പിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചെയ്തത്.
ജനത ദള്‍ യുണൈറ്റഡ്
2017 സെപ്റ്റംബറില്‍ മഹാസഖ്യം ഉപേക്ഷിച്ച് രണ്ട് മാസത്തിന് ശേഷം തങ്ങള്‍ ഏകീകൃത തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതായി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ചിലവ് കുറയ്ക്കാമെന്ന് പറഞ്ഞാണ് നിതീഷ് ഒറ്റ തിരഞ്ഞെടുപ്പിനെ ന്യായീകരിച്ചത്. എന്നാല്‍ ബിജെപിയുടെ വല്യേട്ടന്‍ കളിക്കെതിരെ നിതീഷും ജെഡിയും പ്രതിഷേധമുയര്‍ത്താന്‍ തുടങ്ങി. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുതുടങ്ങി. ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ പരിപാടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിതീഷ് അടക്കമുള്ള ജെഡിയു നേതാക്കള്‍ രംഗത്തെത്തി. വിവാദമായ അസം പൗരത്വ ബില്ലിനും നോട്ട് നിരോധനത്തിനുമെതിരെ സംസാരിക്കാന്‍ തുടങ്ങി. ഒറ്റ തിരഞ്ഞെടുപ്പില്‍ നിലപാട് മാറ്റി.
ഈ വര്‍ഷം ആദ്യം ജെഡിയു പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയും ദേശീയ വക്താവുമായ കെസി ത്യാഗി ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയത്തിന് തങ്ങള്‍ എതിരാണെന്ന് പറഞ്ഞു. ഭരണഘടനാ ഭേദഗതികള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജെഡിയു എതിര്‍പ്പ് മുന്നോട്ടുവച്ചത്.
സിപിഎം
ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യവിരുദ്ധമാണെന്ന് നിയമ കമ്മീഷന് നല്‍കിയ മറുപടി കത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനുദ്ദേശിച്ചുള്ള നീക്കങ്ങളുടെ ഭാഗമാണിത്. നിയമസഭകള്‍ നേരത്തെ പിരിച്ചുവിടുന്നത് അംഗീകരിച്ചാല്‍ പോലും ഒറ്റ തിരഞ്ഞെടുപ്പിനായി അതിന്റെ കാലാവധി നീട്ടുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.
നിതി ആയോഗിന്റെ ജനാധിപത്യവിരുദ്ധമായ നിര്‍ദ്ദേശം സിപിഎം ചൂണ്ടിക്കാട്ടുന്നു- ലോക്‌സഭ പിരിച്ചുവിടുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യം വന്നാല്‍ ലോക്‌സഭയുടെ ബാക്കിയുള്ള കാലാവധി അത്ര ദീര്‍ഘമല്ലെങ്കില്‍ രാജ്യത്തിന്റെ ഭരണം പ്രസിഡന്റിന് ഏറ്റെടുക്കാം എന്ന വ്യവസ്ഥ നിതി ആയോഗ് നിര്‍ദ്ദേശിച്ചിരുന്നു. ഇത് വളരെയധികം അന്യായമായ കാര്യമാണ്. ഇത് പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തിലേയ്ക്ക് നയിക്കുമെന്നും സിപിഎം മുന്നറിയിപ്പ് നല്‍കുന്നു. നേരിട്ട് ലോ കമ്മീഷനുമായി സംസാരിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി നിലപാട് ഈ മറുപടിയില്‍ വ്യക്തമാണെന്നും യെച്ചൂരി കമ്മീഷനെ അറിയിച്ചു.
എഐഎംഐഎം
10 പേജുള്ള മെമ്മോറാണ്ടം ആണ് ലോ കമ്മീഷന് അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്്‌ലിസ് ഇ ഇതിഹാദുല്‍ മുസ്ലീമിന്‍) നല്‍കിയിരിക്കുന്നത്. സിമുള്‍ട്ടേനിയസ് ഇലക്ഷന്‍ എന്ന ആശയത്തെ ശക്തിയായി എതിര്‍ക്കുന്നു. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് പ്രാദേശിക പാര്‍ട്ടികളെ ഇത് തടയുമെന്ന് പാര്‍ട്ടി അഭിപ്രായപ്പെടുന്നു.
ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി)
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിതീഷ് കുമാറിനെ പോലെ തന്നെ ഒറ്റ തിരഞ്ഞെടുപ്പ് ആശയത്തിന് എതിരെ തിരിഞ്ഞു. ടിഡിപി പൊളിറ്റ് ബ്യൂറോ അംഗവും ആന്ധ്ര ധനമന്ത്രിയുമായ യനമാല രാമകൃഷ്ണുഡു ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി രാഷ്ട്രീയ സ്രാവിനെ പോലെയാണ് പെരുമാറുന്നത്. ചെറിയ മീനുകളെ നശിപ്പിക്കാനാണ് അത് ശ്രമിക്കുന്നത് – എഐഎംഐഎമ്മിന്റെ അതേ അഭിപ്രായം തന്നെ ടിഡിപിയും പങ്കുവയ്ക്കുന്നു. 2017 ഫെബ്രുവരിയില്‍ ചന്ദ്രബാബു നായിഡു പറഞ്ഞത് പഞ്ചായത്ത് തലം മുതല്‍ ലോക്‌സഭയിലേയ്ക്ക് വരെ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. ഇത് തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കപ്പെടാതെ വികസനപരിപാടികളുമായി മുന്നോട്ട് പോകാനാകുമെന്നാണ് നായിഡു അന്ന് പറഞ്ഞത്.
ബിജെഡി (ബിജു ജനതാദള്‍)
ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു. പാര്‍ട്ടി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിച്ച് രംഗത്തെത്തി. ഇടയ്ക്കിടെ വരുന്ന തിരഞ്ഞെടുപ്പുകള്‍ വികസന പരിപാടികള്‍ക്ക് തടസമുണ്ടാക്കുന്നു എന്നാണ് ബിജെഡിയും പറയുന്നത്.
Also Read: https://www.azhimukham.com/onetime-election-toloksabha-assembliesproblems/