UPDATES

യെച്ചൂരിക്ക് വേണ്ടി കണ്ണീരൊഴുക്കി രാജ്യസഭ; സിപിഎം ഇങ്ങനെ വിഡ്ഢിത്തം കാട്ടരുതെന്നും വിമര്‍ശനം

രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യാമെങ്കില്‍ സിപിഎമ്മിന്റെ ഭരണഘടന ഭേദഗതി ചെയ്തുകൂടേ?

രാജ്യസഭയില്‍ തന്റെ കാലാവധി അവസാനിപ്പിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഹൃദയനിര്‍ഭരമായ യാത്രാമൊഴിയാണ് ലഭിച്ചത്. പാര്‍ട്ടി ഭേദമന്യേ സംസാരിച്ച എല്ലാ അംഗങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളെ പുകഴ്ത്തി. യച്ചൂരി ഒരു മുതിര്‍ന്ന നേതാവാണെന്നും പലപ്പോഴും ചര്‍ച്ചകളുടെ നിലവാരം കൂട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കാലം മുതല്‍ നീണ്ട നാല്‍പത്തിയഞ്ച് വര്‍ഷത്തെ ബന്ധമാണ് തനിക്ക് യെച്ചൂരിയുമായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. യെച്ചൂരി ഒരിക്കലും അധികാരപദവികള്‍ വഹിച്ചിട്ടില്ലാത്തതിനാല്‍ ‘ആദര്‍ശപരവും എന്നാല്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതുമായ’ പല ആശയങ്ങളും യെച്ചൂരിക്ക് ഉണ്ടെന്ന് ഒരു കൊട്ടുകൊടുക്കാനും കേന്ദ്ര ധനമന്ത്രി മറന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലുള്ള ഈ ശൂന്യത തിരുത്തപ്പെടുകയും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യട്ടെയെന്ന് ജെയ്റ്റ്‌ലി ആശംസിക്കുകയും ചെയ്തു.

യെച്ചൂരി ഒരു പാര്‍ട്ടിയുടെ മാത്രം നേതാവായിരുന്നില്ലെന്നും രാജ്യത്തിന്റെ നേതാവാണെന്നും രാജ്യസഭയില്‍ നിന്നും അദ്ദേഹം പിരിയുന്നത് ഒരു ‘നഷ്ടം’ ആണെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭ എംപി എന്ന നിലയില്‍ യെച്ചൂരിക്ക് ഒരവസരം കൂടി ലഭിക്കുന്നതിനായി സിപിഎമ്മിന്റെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. ‘എല്ലാക്കാലത്തും പാര്‍ട്ടിയെക്കാള്‍ പ്രധാനമായ ചില നേതാക്കള്‍ ഉയര്‍ന്നുവരാറുണ്ട്… യെച്ചൂരി അത്തരത്തിലുള്ള നേതാക്കളില്‍ ഒരാളാണ്. രാജ്യത്തിന്റെ നേതാവാണ് അദ്ദേഹം. ഭാവിതലമുറ അദ്ദേഹത്തെ അങ്ങനെ തന്നെ ബഹുമാനിക്കുകയും ചെയ്യും,’ എന്ന് ആസാദ് പറഞ്ഞു.

യെച്ചൂരിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് വികാരാധീനനായി. രാജ്യത്തിന്റെ ഭരണഘടന തന്നെ ഭേദഗതി ചെയ്യപ്പെടുമ്പോള്‍ എന്തുകൊണ്ട് സിപിഎമ്മിന്റെ ഭരണഘടന ഭേദഗതി ചെയ്തുകൂടെന്ന് യാദവ് ചോദിച്ചു. യെച്ചൂരിയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ രാഷ്ട്രീയ ബദ്ധവൈരികളായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും യെച്ചൂരിയെ പ്രകീര്‍ത്തിച്ചു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"</p

1996ലും 2004ലും പൊതുമിനിമം പരിപാടി നടപ്പിലാക്കുന്നതിനായി തങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.

യെച്ചൂരിയുടെ അറിവിനെയും കൂര്‍മബുദ്ധിയെയും പ്രകീര്‍ത്തിച്ച അകാലിദള്‍ നേതാവ് നരേഷ് ഗുജ്റാള്‍, യെച്ചൂരിക്ക് ഒരുവസരം കൂടി നല്‍കാത്ത സിപിഎം നിലപാട് ‘ചരിത്രപരമായ വിഡ്ഢിത്ത’മാണ്’ എന്നും കുറ്റപ്പെടുത്തി.

‘പുറത്തുനിന്നും പിന്തുണയ്ക്കുന്നതിന്റെ’ കോപ്പിറൈറ്റ് തന്റെ പാര്‍ട്ടിക്കാണെന്ന് മറുപടി പ്രസംഗത്തില്‍ യെച്ചൂരി പറഞ്ഞു. രാജ്യത്തെ നിലവിലുള്ള സ്ഥിതിഗതികളെ പരാമര്‍ശിച്ചുകൊണ്ട് കര്‍ഷകരുടെ ആത്മഹത്യ, ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങള്‍ നേതാക്കന്മാരുടെ ശ്രദ്ധയില്‍ പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സ്വന്തം പുത്രന്‍ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും ഇന്ത്യയുടെ കാവല്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിലെ ഡി ബന്ദോബാദ്ധ്യായ, ബിജെപിയിലെ ദിലീപ് പാണ്ഡെ എന്നിവരുടെ രാജ്യസഭ എംപി കാലാവധിയും ഇന്നലെ അവസാനിച്ചു.

ബംഗാളില്‍ നിന്ന് യെച്ചൂരിയെ രാജ്യസഭയില്‍ എത്തിക്കാന്‍ തങ്ങള്‍ പിന്തുണ നല്‍കാമെന്നും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ കുന്തമുനയായി അദ്ദേഹം രാജ്യസഭയില്‍ ഉണ്ടാകണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നു. സിപിഎം ബംഗാള്‍ ഘടകത്തിനും ഇതേ നിലപാടായിരുന്നു. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ തീരുമാനത്തിന് തടയിടുകയായിരുന്നു. പാര്‍ട്ടി ജെനറല്‍ സെക്രട്ടറി രാജ്യസഭയില്‍ അല്ല, ജനങ്ങള്‍ക്കിടയിലാണ് ഉണ്ടാവേണ്ടത് എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. രണ്ടു തവണ മാത്രം രാജ്യസഭാംഗത്വം എന്ന പാര്‍ട്ടി ചട്ടം യെച്ചൂരിക്ക് വേണ്ടി മാറ്റേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍