UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിർമല സീതാരാമൻ: പ്രതിരോധത്തിലായ പ്രതിരോധമന്ത്രാലയം വിശദീകരണവുമായി രംഗത്ത്

എന്താണ് മന്ത്രി ഉദ്ദേശിച്ച ‘പരിവാർ’ എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. തന്റെ മന്ത്രാലയത്തെയാണ് മന്ത്രി പരിവാർ എന്നു വിളിച്ചതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

കർണാടകത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കവെ ആരുമായി ആദ്യം കൂടിക്കാഴ്ച നടത്തണമെന്ന കാര്യത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനും കർണാടക മന്ത്രി സാ.രാ. മഹേഷും തമ്മിലുണ്ടായ വാക്കേറ്റത്തിൽ വിശദീകരണവുമായി പ്രതിരോധമന്ത്രാലയം രംഗത്ത്. പാർലമെന്റിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കുന്ന പെരുമാറ്റമാണ് മന്ത്രി മഹേഷിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് പ്രതിരോധമന്ത്രിലായ വക്താവ് പറഞ്ഞു. കേന്ദ്രമന്ത്രിയോട് സംസ്ഥാനത്തെ മന്ത്രി അനാദരവ് കാണിച്ചെന്നും വക്താവ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ ജില്ലയിലെ പരിപാടി ജില്ലാ ഭരണകൂടത്തിന്റെ അറിവോടൊണ് തയ്യാറാക്കിയതെന്നും രണ്ടുദിവസം മുമ്പു തന്നെ ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച വിവരം നൽകിയിരുന്നെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം പറഞ്ഞു. എന്നാൽ സാ.രാ മഹേഷ് ഈ പരിപാടിയിൽ ഇടപെട്ട് മാറ്റം വരുത്തിയതായും മന്ത്രാലയം ആരോപിച്ചു.

നിർമല സീതാരാമൻ മടിക്കേരിയിൽ സന്ദർ‌ശനം നടത്തവെയാണ് പ്രശ്നങ്ങളുണ്ടായത്. മുൻ സൈനികരുമായുള്ള സംഭാഷണം ഇതോടൊപ്പം നിശ്ചയിച്ചിരുന്നു. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട ഉദ്യോഗസ്ഥർ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തു നിൽക്കുകയാണെന്നും അവരെ വേഗം പറഞ്ഞുവിട്ടതിനു ശേഷം മുൻ സൈനികരുമായി സംഭാഷണം നടത്താമെന്നും സാ.രാ മഹേഷ് നിർദ്ദേശിച്ചു. എന്നാൽ ഇതിനെ സീതാരാമൻ ശക്തമായി എതിർത്തു. നിങ്ങൾക്ക് ഉദ്യോഗസ്ഥർ പ്രധാനമാണെങ്കിൽ തനിക്ക് തന്റെ ‘പരിവാർ’ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

എന്താണ് മന്ത്രി ഉദ്ദേശിച്ച ‘പരിവാർ’ എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. തന്റെ മന്ത്രാലയത്തെയാണ് മന്ത്രി പരിവാർ എന്നു വിളിച്ചതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

താൻ കേന്ദ്രമന്ത്രിയാണെന്നും കേന്ദ്രമന്ത്രി എന്തു ചെയ്യണമെന്ന് സംസ്ഥാനത്തെ മന്ത്രി നിശ്ചയിക്കരുതെന്നും നിർമല സീതാരാമൻ സാ.രാ മഹേഷിനോട് കയർത്തു. ഇതിന് സാ.രാ മഹേഷ് പിന്നീട് മറുപടി നൽകി. രാജ്യസഭയിൽ നിന്ന് മന്ത്രിപദത്തിലേക്ക് എത്തിയയാളാണ് നിർമല സീതാരാമൻ. ജനങ്ങളെ നേരിട്ടു കണ്ട് വോട്ട് ചോദിച്ച് ജയിച്ചുവന്നയാളായിരുന്നെങ്കിൽ പ്രതിരോധമന്ത്രി ഇങ്ങനെ പെരുമാറില്ലായിരുന്നെന്ന് സാ.രാ മഹേഷ് പറഞ്ഞു. നിർമല സീതാരാമന് ജനങ്ങളുടെ വിഷമം മനസ്സിലാകാത്തത് അവർ ജനങ്ങളെ നേരിൽ കണ്ടിട്ടില്ലാത്തതിനാലാണെന്നും മന്ത്രി സൂചിപ്പിച്ചു.

ഈ പ്രശ്നത്തിൽ ശക്തമായ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര രംഗത്തെത്തി. സംസ്ഥാന മന്ത്രിമാർ കേന്ദ്രമന്ത്രിമാരുടെ കീഴിൽ വരുന്ന അധസ്ഥിതരല്ലെന്ന് പരമേശ്വര പറഞ്ഞു. അവർ പങ്കാളികളാണ്. സംസ്ഥാനമന്ത്രിമാർക്ക് അധികാരം നൽകുന്നത് ഭരണഘടനയാണ്; അല്ലാതെ കേന്ദ്രമന്ത്രിമാരല്ല. തന്റെ സഹപ്രവർത്തകരായ മന്ത്രിമാർ ദിവസങ്ങളായി ദുരിതബാധിതപ്രദേശങ്ങളിൽ താമസിക്ക് ജോലി ചെയ്യുകയാണ്. അവരോട് ഇത്തരത്തിൽ പെരുമാറിയത് തനിക്ക് നിരാശയുണ്ടാക്കിയെന്നും നിർമല സീതാരാമനെ ടാഗ് ചെയ്ത് പരമേശ്വര ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍