UPDATES

രാഹുല്‍ ഗാന്ധിയുടെ രാജി കൊണ്ട് കോണ്‍ഗ്രസ് രക്ഷപെടുമോ? വേണ്ടത് തമിഴ്നാട് മോഡല്‍

കോൺഗ്രസിന് മുന്നിലുള്ള വലിയൊരു മാതൃക തീർച്ചയായും തമിഴ്നാട് തന്നെയാണ്.

ഇന്ത്യയുടെ ഭാവിക്ക് വഴിത്തിരിവാകേണ്ട തിരഞ്ഞെടുപ്പ് എന്നായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ അഞ്ച് വർഷം പൂര്‍ത്തിയാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പിനെ രാജ്യം പൊതുവേ വിശേഷിപ്പിച്ചത്. മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന തരത്തിൽ പ്രചാരണങ്ങൾ കൊടുമ്പിരിക്കൊണ്ടു. രാജ്യത്തിന്റെ കാവൽക്കാരനാണ് താൻ എന്ന് മോദി അവകാശപ്പെട്ടപ്പോൾ, കാവൽക്കാരൻ കള്ളനാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ആവർത്തിച്ച് പറഞ്ഞു. പക്ഷേ ആ നിലപാടുകൾ, ആരോപണങ്ങൾ ഇന്ത്യന്‍ ജനത പാടെ തള്ളി എന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച രാഹുൽ ഗാന്ധി സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങി. ഭരണത്തിലുള്ളതും ഇല്ലാത്തതുമായ സംസ്ഥാനങ്ങളിൽ സമാനതകളില്ലാതെ പരാജയപ്പെട്ടു. കേരളവും പഞ്ചാബും മാത്രം കൂടെ നിന്നു. രാഹുല്‍ എന്ന ബ്രാന്റിലൂടെ കോൺഗ്രസും തകര്‍ന്നടിഞ്ഞു.

തുടര്‍ച്ചയായുണ്ടായ രണ്ടാമത്തെ വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധനാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. എന്നാല്‍ ഇപ്പോഴതിന്റെ ആവശ്യമില്ലെന്നാണ് തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിലപാട്. രാജിയെന്ന നിലപാടുതള്ളുകയായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതി. കുടാതെ  സംഘടനയെ അടിമുടി അഴിച്ചു പണിയാനാണ് പ്രവർത്തക സമിതി രാഹുലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മുഖം മിനുക്കല്‍ കൊണ്ട് കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചു വരവ് സാധ്യമാണോ?

Also Read: ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യ എന്ന് വിചാരിക്കണ്ട: ബിജെപിയോട് സ്റ്റാലിന്‍

ഇപ്പോഴുള്ള തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും അടുത്ത കാലത്തൊന്നും മുക്തരാവാൻ കോൺഗ്രസിന് കഴിയില്ലെന്ന് തന്നെ വിലയിരുത്തേണ്ടിവരും. അതിനുള്ള സംഘടനാ കെട്ടുറപ്പോ നിലപാടുകളോ തന്ത്രങ്ങളോ ഇപ്പോൾ കോൺഗ്രസിന്റെ ആവനാഴിയിൽ ബാക്കിയില്ല. അടിത്തറയിൽ ഇളക്കം തട്ടിയ നിലയിലാണ് പാർട്ടി. ഭരണത്തിലിരിക്കുന്ന മധ്യപ്രദേശിലെയും കർണാടകത്തിലെയും രാജസ്ഥാനിലെയും ഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങൾ ബിജെപി അണിയറയിൽ പുരോഗമിക്കുകയാണ്. മൂന്നു സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെട്ടേക്കാമെന്ന കടുത്ത ആശങ്കയിലാണ‌് കോൺഗ്രസ‌്. കർണാടകത്തിൽ 28 സീറ്റിൽ 25 എണ്ണവും ബിജെപി നേടിയതോടെ കോൺഗ്രസ‌്, ജെഡി(എസ‌്) സർക്കാരിന്റെ നിലനിൽപ്പ‌ും ഭീഷണിയിലാണ‌്. 224 അംഗ സഭയിൽ കോൺഗ്രസിന‌് 80 സീറ്റും ജെഡിഎസിന‌് 37 സീറ്റുമാണുള്ളത‌്. 104 സീറ്റുള്ള ബിജെപി അട്ടിമറിനീക്കങ്ങൾ സജീവമാക്കിയിട്ട‌് മാസങ്ങളായി.

അടുത്ത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ഡൽഹി, ഝാര്‍ഖണ്ഡ് എന്നിവിടിങ്ങളിലും കാര്യങ്ങൾ അത്ര സുഗമമാവില്ല കോൺഗ്രസിന്. നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം ഹരിയാനയിലെ 10 സീറ്റുകളിലും എൻഡിഎ ആണ് വിജയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ 48 സീറ്റിൽ എൻഡിഎ വിജയിച്ചത് 43 സീറ്റിലാണ്. കോണ്‍ഗ്രസ് ഒരു സീറ്റിലും എന്‍സിപി നാല് സീറ്റിലും വിജയിച്ചു. ഡൽഹിയിലും സ്ഥിതി സമാനമാണ്. രാജ്യതലസ്ഥാനത്ത് ശൂന്യമാണ് കോൺഗ്രസ്. ഝാര്‍ഖണ്ഡിലെ 14 സീറ്റിൽ 12 എണ്ണം ബിജെപി സഖ്യം നിലനിർത്തി, 2 എണ്ണം കോൺഗ്രസും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഭരണത്തിലെത്തിയ മധ്യ പ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. മധ്യ പ്രദേശില്‍ വിജയിച്ച ഏക സീറ്റ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ ലോക‌്സഭാ സ്ഥാനാർഥികളായി അവതരിപ്പിച്ച രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക‌് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലി കോണ്‍ഗ്രസിനെ എത്തിച്ചത് സമ്പൂര്‍ണ പൂജ്യത്തിലാണ്. ഛത്തീസ്ഗഡില്‍ 10-1 എന്നാണ് സ്കോര്‍. എൻഡിഎയുടെ സംഘടനാ പാടവത്തിന് മുന്നിൽ കോൺഗ്രസിന് ഒരു വിധത്തിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നത് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

ഇതിന് പുറമെയാണ് പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്. 2014-ല്‍ ബിജെപി അധികാരത്തിലെത്തുമെന്ന പ്രതീതി ഉണ്ടായതോടെ തന്നെ വന്‍ കൊഴിഞ്ഞുപോക്കായിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായത്. ഇനി കോൺഗ്രസ് വിട്ട് ബിജെപിയിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും ചേക്കേറുന്നവരുടെ എണ്ണം വർധിച്ചേക്കും. ഇതിനുള്ള സൂചനകൾ ഇപ്പോൾ തന്നെ പുറത്തുവന്നു തുടങ്ങിയിട്ടുമുണ്ട്. കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം പോലും തിരിച്ചടി ആയെന്നാണ് മുതിർന്ന പല കോൺഗ്രസ് നേതാക്കളുടെയും നിലപാട്. തങ്ങളുടെ തന്ത്രങ്ങൾ ഒന്നു ഫലിക്കാതെ വന്നപ്പോൾ ബിജെപിയും മോദിയും മുന്നോട്ടു വച്ച പ്രചരണ വിഷയങ്ങളില്‍ പ്രതിരോധത്തിലായി പ്പോവുകയായിരുന്നു കോൺഗ്രസ്. മോദിയുടെ അഞ്ചു  വര്‍ഷത്തെ ഭരണത്തിലെ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ അടക്കം, ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടിക്കൊട്ട് കഴിഞ്ഞുമില്ല. അത്രത്തോളം വിഷയങ്ങളിൽ നിന്ന് അകന്നു പോയിരുന്നു പാർട്ടി.

ഹിന്ദി ഹൃദയ ഭുമിയിൽ പ്രതിപക്ഷ പാര്‍ട്ടികൾക്ക് നേരിട്ട തിരിച്ചടിയുടെ മുഖ്യ കാരണങ്ങളിലൊന്ന് കോൺഗ്രസ് നിലപാടുകൾ കൂടിയായിരുന്നു എന്ന വിലയിരുത്തലുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. നിർണായമായ യുപിയിൽ സകല പ്രതിബന്ധങ്ങളും മറികടന്ന് എൻഡിഎ നേടിയത് 64 സീറ്റുകളാണ്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിമാത്രമാണ് ഇവിടെ നിലം തൊട്ടത്. തിരഞ്ഞെടുപ്പിന് മുൻപെ രൂപം കൊണ്ട മഹാസഖ്യം 15 സീറ്റ് നേടി, ഒന്‍പത് സീറ്റുകള്‍ കഴിഞ്ഞ തവണത്തെതിനെക്കാള്‍ കൂടുതല്‍ പിടിച്ചെടുത്തു. ഇവിടെ വലിയ വിജയം പ്രതീക്ഷിച്ചായിരുന്നു പ്രതിപക്ഷ പാർട്ടികൾ മല്‍സരത്തിന് ഇറങ്ങിയത്. പക്ഷേ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഇവിടെ തോല്‍വിയടഞ്ഞു.

പ്രാദേശിക പാർട്ടികളുമായി സഖ്യത്തിന് നില്‍ക്കാതെയും പ്രാദേശിക കക്ഷികളെ മുഖവിലയ്ക്കെടുക്കാതെയും കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളാണ് പ്രത്യക്ഷത്തിൽ തിരിച്ചടിയായെന്ന വിലയിരുത്തലുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കോൺഗ്രസിനെ സഖ്യത്തിൽ ചേർക്കാതെ യുപിയിൽ തനിച്ച് സഖ്യം പ്രഖ്യാപിച്ചത് എസ്.പിയും ബിഎസ്.പിയുമാണെന്ന് ആരോപിക്കാം. പക്ഷേ വിട്ടുവീഴ്ച്ചകളിലൂടെ സഖ്യരൂപീകരണം നടത്താന്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായില്ല. പകരം, തെരഞ്ഞെടുപ്പിന് കുറച്ചു മുമ്പ് പ്രിയങ്ക ഗാന്ധിയെ നാടകീയമായി അവതരിപ്പിച്ച് കിഴക്കന്‍ യുപിയുടെ ചുമതലയും നല്‍കി. പ്രിയങ്ക ഇവിടെ നടത്തിയ തേരോട്ടം ഫലത്തില്‍ ഗുണം ചെയ്തത് ബിജെപിക്കാണ്. എസ്.ബി-ബി.എസ്.പി സഖ്യത്തിന്റെ വോട്ടുകള്‍ നിരവധി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അക്കൌണ്ടിലേക്ക് പോയി. ബംഗാളിലും ഡൽഹിയിലും ഹരിയാനയിലും സിപിഎമ്മിനെയും, ആംആദ്മി പാർട്ടിയെയും മുഖവിലയ്ക്കെടുത്തില്ല. ആര്‍ജെഡിയുമായി സഖ്യമുണ്ടായിരുന്ന ബിഹാറില്‍ അത് ക്ലിക്ക് ആയില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി നിലപാട് മൂലം പ്രകാശ്‌ അംബേദ്‌ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നയിക്കുന്ന മൂന്നാം മുന്നണിക്ക്‌ സഖ്യത്തില്‍ നിന്ന് പുറത്തുപോയി മത്സരിക്കേണ്ടി വന്നു. ബിജെപിക്കും മോദിക്കും ഒക്കെ എതിരായി ഏറ്റവും കൂടുതല്‍ പ്രതിരോധ ശബ്ദമുയര്‍ത്തിയ പ്രകാശ് രാജിനും കനയ്യ കുമാറിനും ഒക്കെ എതിരായി കോണ്‍ഗ്രസോ സഖ്യ സ്ഥാനാര്‍ഥികളോ വന്നു. തകര്‍ന്ന കൂടാരം എന്ന് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ തെളിവുകള്‍ നിരവധി പുറത്തുവന്ന കര്‍ണാടകയില്‍ ജെഡി(എസ്) സഖ്യത്തിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്നേ പരിഹരിക്കാന്‍ യാതൊരു നടപടികളും ഉണ്ടായില്ല. കോണ്‍ഗ്രസിനെ കൂടി വിശ്വസിച്ച് മത്സരിച്ച മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൌഡ ഉള്‍പ്പെടെ ഇവിടെ തോറ്റു. ഫലത്തില്‍ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ച് ബിജെപിയുടെ ഈസി വാക്കോവറെന്ന പോലെ വിജയത്തിന് വഴിയൊരുക്കി നൽകുകയായിരുന്നു കോൺഗ്രസ്.

രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി കോൺഗ്രസ് പ്രവർത്തക സമിതി, സംഘടനയിൽ സമൂലമാറ്റം വരുത്താൽ ചുമതലപ്പെടുത്തി

കോൺഗ്രസിന് മുന്നിലുള്ള വലിയൊരു മാതൃക തീർച്ചയായും തമിഴ്നാട് തന്നെയാണ്. ഭരണകക്ഷിയായ എഐഎഡിഎംകെയെ നേരിടാൻ ഒറ്റയ്ക്ക് കരുത്തുണ്ടായിട്ടും കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാതക്കിയ ഡിഎംകെയുടെ തന്ത്രം. സിപിഎമ്മിനെയും, സിപിഐയെയും മുസ്ലീം ലീഗിനെയും ഒരു ചരടിൽ കോർത്ത് എതിരാളികളെ നേരിട്ട നീക്കം. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് നടന്ന 38 സീറ്റില്‍ 33-ഉം ഈ പ്രതിപക്ഷ സഖ്യം തൂത്തുവാരുകയായിരുന്നു.

കുറഞ്ഞത് കുറച്ചു കാലത്തേക്കെങ്കിലും കോണ്‍ഗ്രസിന് ഇനിയൊരു മടങ്ങി വരവ് അസാധ്യമാക്കുന്ന തരത്തില്‍ ബിജെപി ഇവിടെ നിലയുറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ രാജിയോ രാജി നാടകമോ കൊണ്ട് മാത്രം രക്ഷപെടാവുന്ന ഒരവസ്ഥയിലല്ല കോണ്‍ഗ്രസ്. കാരണം 17 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചത് 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ്‌ എന്നത് വലിയൊരു സൂചനയാണ്.

Also Read: അന്ന് കമ്യൂണിസ്റ്റുകാര്‍ ‘വെള്ളത്തില്‍ മത്സ്യം’ പോലെയായിരുന്നു; വന്‍ പരാജയത്തിനിടെ ഓര്‍ക്കേണ്ട സി. അച്യുതമേനോന്റെ വാക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍