UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തിലെ അഹ്മദാബാദ് ജില്ലയിൽ വർഗീയ സംഘർഷം; സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊലീസ്

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഗുജറാത്തിലെ അഹ്മദാബാദ് ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ഞായറാഴ്ചയാണ് രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ജില്ലയിലെ വിരാംഗ്രാമിലെ ഭാത്തിപുരയിൽ വെച്ചാണ് പരസ്പരം ഏറ്റുമുട്ടിയത്. കല്ലുകളും വടികളുമായി ഇരുവിഭാഗങ്ങൾ പരസ്പരം ആക്രമിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘത്തിനു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

ഒരു മതവിഭാഗത്തിന്റെ ശ്മശാനത്തിന്റെ മതിലിൽ മറ്റേ മതവിഭാഗക്കാരായ സ്ത്രീകൾ തുണി അലക്കി ഉണക്കാനിടുന്നത് എതിർത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് അഹ്മദാബാദ് റൂറൽ എസ്പി രാജേന്ദ്ര അന്‍സാരി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരിൽ രണ്ടുപേരുടെ എല്ലൊടിഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ചെറിയ പരിക്കുകളേയുള്ളൂ. നിലവിൽ സ്ഥലത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പറയുന്നത്. പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപശ്രമം, കൊലപാതകശ്രമം എന്നിവയാണ് ഒരു എഫ്ഐആറിലുള്ളത്. മറ്റൊന്ന് പൊലീസിനെ ആക്രമിച്ചതിനാണ്.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഗുജറാത്തിൽ നിന്ന് ഈ വാർത്ത വരുന്നതെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി വർഗീയ കലാപങ്ങൾ നേരത്തെയും ഗുജറാത്തിൽ നടന്നിട്ടുണ്ട്.

ഹിന്ദു ദേശീയതയിലൂന്നിയുള്ള രാഷ്ട്രീയ നീക്കങ്ങൾ ബിജെപി ശക്തിമാക്കിയ സാഹചര്യത്തിൽ രാജ്യത്ത് വർഗീയ കലാപങ്ങൾക്കുള്ള സാധ്യത കൂടിയിരിക്കുകയാണെന്ന് കഴിഞ്ഞദിവസം യുഎസ് സെനറ്റ് കമ്മിറ്റിയിൽ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ആയ ഡാൻ കോട്ട്സ് ബോധിപ്പിച്ചിരുന്നു. “പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു ദേശീയതാ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിനാൽ വർഗീയ കലാപങ്ങൾക്കുള്ള സാധ്യത കൂടിയിരിക്കുകയാണ്. ഹിന്ദു ദേശീയതാ പ്രചാരകർ ചെറിയ തോതിലുള്ള കലാപങ്ങൾക്ക് കോപ്പു കൂട്ടാനുള്ള സാധ്യതയുണ്ട്. ഇത് തങ്ങളുടെ അണികളെ ഉണർത്താനുള്ള വഴിയായി അവർ കണ്ടേക്കാം. വർഗീയ കലാപങ്ങൾ വർധിക്കുന്നത് ഇന്ത്യൻ മുസ്ലിങ്ങളെ അന്യവൽക്കരിക്കാനും അവർക്കിടയിൽ ഇസ്ലാമിസ്റ്റ് ഭീകരഗ്രൂപ്പുകൾ ഇടംപിടിക്കാൻ സാധ്യതയുണ്ട്,” കോട്ട്സ് സെനറ്റ് കമ്മറ്റിയിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍