UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുകവലി; വലിയ വില നല്‍കേണ്ടി വരുന്നുണ്ട് ഇന്ത്യ

അഴിമുഖം പ്രതിനിധി

പുകവലി ആരോഗ്യത്തിനു മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തികനിലയ്ക്കും ഹാനികരമാകുന്നു. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച് പുകവലിമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ഇന്ത്യ ചെലവഴിക്കുന്നത് പ്രതിവര്‍ഷം 1,04,500 കോടി രൂപ! ലക്ഷോപലക്ഷം മനുഷ്യജീവനുകള്‍ ഓരോ വര്‍ഷവും മരണപ്പെടുന്നതിനു പുറമെയാണിത്.

ഈ കണക്കുകള്‍ മുന്നോട്ടുവച്ചുകൊണ്ട് ലോകാരോഗ്യ സംഘടന ഒരു കാര്യം വ്യക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. പുകയില ഉത്പനങ്ങളുടെ പാക്കറ്റില്‍ നല്‍കുന്ന ആരോഗ്യമുന്നറിയിപ്പ് കൂടുതല്‍ വലുതും വ്യക്തവുമായി നല്‍കുക. മുന്‍കാല അനുഭവങ്ങള്‍ ഇത്തരം മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ ആരോഗ്യത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാന്‍ സഹായകമായതാണ് സംഘടന പറയുന്നത്. പുകവലിയുടെ ദൂഷ്യങ്ങളെ കുറിച്ചുള്ള അവബോധം പുകയില ഉപഭോഗം വളരെ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.

പക്ഷേ ഇപ്പോള്‍ ആരോഗ്യമുന്നറിയിപ്പുകള്‍ വളരെ ചെറിയ അക്ഷരത്തിലാണ് ഉപയോഗിച്ചു കാണുന്നത്. പ്രത്യേകിച്ചു ബീഡി, പാന്‍പരാഗ് പോലുള്ളവയില്‍. ഇത് ആശങ്കയുണര്‍ത്തുന്നതാണെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഹെന്‍ക് ബെക്ഡാം പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ ഫ്രയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ടുബാകോ കണ്‍ട്രോളിന്റെ(എഫ്‌സിടിസി) 11 ആം ആര്‍ട്ടിക്കിള്‍ ഇന്ത്യയും നടപ്പില്‍ വരുത്തിയിട്ടുള്ളതാണ്. എഫ്‌സിടിസി നിര്‍ദേശിക്കുന്നപ്രകാരം പുകയില ഉത്പന്നങ്ങളുടെ പാക്കറ്റിന്റെ 40 ശതമാനം വരുന്ന ഏരിയായില്‍ ആരോഗ്യമുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം. ഇന്ത്യയില്‍ ഇതിനുള്ള നടപടികള്‍ കണ്ടുവരുന്നില്ല. ഇവിടെ 20 ശതമാനം ഏരിയ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി കേട്ടുകഴിഞ്ഞതുമാണ്.

സിറററ്റ് പാക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പുകളെ കുറിച്ചുള്ള 2014 ലെ റിപ്പോര്‍ട്ട് പ്രകാരം ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 136 ആണ്. 143 നു ശേഷമുള്ള റാങ്കിലെ രാജ്യങ്ങളില്‍ ഇത്തരം മുന്നറിയിപ്പുകള്‍ ഉണ്ടാകാറില്ല.

മുന്നറിയിപ്പുകളുടെ വലിപ്പം കുറയ്ക്കുന്നത് പുകയിലവിരുദ്ധ നടപടികളെ പിന്നോട്ടടിക്കാനെ സഹായിക്കൂ. ജനങ്ങളുടെ ആരോഗ്യത്തെയാണ് ഇതു ബാധിക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പുകയിലവിരുദ്ധ പ്രചരണത്തില്‍ വളരെ മുന്നിലുമാണ്. നേപ്പാള്‍ പുകയില ഉത്പന്ന പാക്കറ്റുകളില്‍ 90 ശതമാനവും ആരോഗ്യമുന്നറിയിപ്പിനായി മാറ്റി വയ്ക്കുമ്പോള്‍ തായ്‌ലാന്‍ഡിലും പാകിസ്താനിലും 85 ശതമാനം വീതമാണ്. ശ്രീലങ്ക 80 ശതമാനവും മ്യാന്മാര്‍ 75 ശതമാനവും സ്ഥലം പുകയില ഉത്പന്ന പാക്കറ്റുകളില്‍ ആരോഗ്യമുന്നറിയിപ്പിനായി വിനിയോഗിക്കുന്നു.

ഗ്ലോബല്‍ അഡള്‍ട്ട് ടുബാകോ സര്‍വേ(ജിഎടിഎസ്-2010) പ്രകാരം ഇന്ത്യയില്‍ 15 വയസിനു മുകളില്‍ വരുന്ന 71 ശതമാനത്തോളം പുവകവലിക്കാരും സിഗററ്റ് പാക്കറ്റിലെ ആരോഗ്യമുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുന്നവരാണ്. 38 ശതമാനം ഇതുവഴി പുകവലി ഉപേക്ഷിച്ചിട്ടുമുണ്ട്. ബീഡി വലിക്കാരില്‍ 62 ശതമാനം ആരോഗ്യമുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കുകയും 29 ശതമാനം അതുവഴി വലി നിര്‍ത്തുകയുമുണ്ടായി. വലിക്കുന്ന പുകയില ഉത്പന്നങ്ങളല്ലാത്തവ ഉപയോഗിക്കുന്നവരില്‍ 63 ശതമാനം ഇത്തരം മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും 34 ശതമാനം ദുശീലം ഉപേക്ഷിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന പ്രതിനിധി ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍