UPDATES

ട്രെന്‍ഡിങ്ങ്

‘ഞങ്ങളുടെ മക്കളെവിടെ?’; ആപ്പിള്‍ തോട്ടങ്ങള്‍ക്ക് പ്രശസ്തമായിരുന്ന ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ ഇന്ന് മുഴങ്ങുന്ന ചോദ്യമിതാണ്

കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ 370-ആം വകുപ്പ് എടുത്തു കളയുകയും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തിട്ട് 40 ദിവസം പിന്നിടുന്നു

“ഞങ്ങളുടെ മക്കളെവിടെ?” ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ ജില്ലാ ആസ്ഥാനത്ത് തടിച്ചുകൂടിയ 30-ഓളം വരുന്ന വൃദ്ധരുടെ ചോദ്യമിതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് പോലീസ് പിടിച്ചു കൊണ്ടു പോയ അഞ്ചു യുവാക്കള്‍ക്കും മൂന്ന് പ്രായമായവര്‍ക്കും എന്താണ് സംഭവിച്ചത്, അവരെ മോചിപ്പിക്കണം എന്നായിരുന്നു ആ വൃദ്ധരുടെ ആവശ്യം. ഷോപ്പിയാനിലെ സിന്ധു ഷിര്‍മല്‍ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു അവരെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് അഞ്ചിന്, കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കം ചെയ്തതിനു ശേഷം കാശ്മീരില്‍ നിന്ന് 4500-ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 300-ലധികം പേരെ പബ്ലിക് സേഫ്റ്റി ആക്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും ജമ്മു, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ ജയിലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതില്‍ ഷോപ്പിയാനില്‍ നിന്ന് മാത്രം ഇത്തരത്തില്‍ അറസ്റ്റിലായവര്‍ 40 പേരുണ്ടെന്നാണ് കണക്കുകള്‍.

ഷോപ്പിയാനിലെ ഡപ്യൂട്ടി കമ്മീഷണര്‍ യാസീന്‍ ചൗധരിയെ കാത്താണ് വൃദ്ധരായ 30-ഓളം പേര്‍ അവിടെ എത്തിയത്. അതിന്റെ തലേന്ന് അഞ്ചു യുവാക്കളെയും മൂന്ന് വൃദ്ധരേയും ജമ്മു-കാശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആ വൃദ്ധര്‍ ചൗധരിയോട് അപേക്ഷിച്ചു. ചൗധരിയാകട്ടെ, മറ്റൊരു തിരക്കിലുമായിരുന്നു. ആപ്പിളിന്റെ വിളവെടുപ്പ് സീസണ്‍ ആയതിനാല്‍ നാഫെഡ് മുഖേനെ കര്‍ഷകകരില്‍ നിന്ന് ആപ്പിള്‍ നേരിട്ടു ശേഖരിക്കാനുള്ള പദ്ധതിയുടെ തിരക്കിലായിരുന്നു ചൗധരി. ഈയിടെയാണ് നാഫെഡ് വഴി മിനിമം താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരില്‍ നിന്ന് ആപ്പിള്‍ നേരിട്ട് ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാശ്മീര്‍ താഴ്‌വരയില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന ഏറ്റവും വലിയ പ്രദേശമാണ് ഷോപ്പിയാന്‍.

‘വളരെ സെന്‍സിറ്റീവ് ആയ പ്രശ്‌ന’മാണെന്നും താന്‍ പോലീസിനോട് സംസാരിക്കാമെന്നും അവരെ മോചിപ്പിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ ചെയ്യാമെന്നും ചൗധരി അവിടെ കൂടിയിരുന്നവരോട് പറഞ്ഞു. “പോലീസ് ഓരോ ദിവസവും വന്ന് പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ആരെങ്കിലും സുരക്ഷാ സേനയുടെ വാഹനത്തിന് കല്ലെറിഞ്ഞാല്‍ പോലീസ് വന്ന് ഞങ്ങളുടെ കുട്ടികളെ കസ്റ്റഡിയിലെടുക്കും”-61 വയസുള്ള ഒരാള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറോട് പറഞ്ഞു. “കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്ന് വൃദ്ധരില്‍ ഒരാള്‍ ഹജ്ജിനു പോയി തിരിച്ചു വന്നിട്ടേയുള്ളൂ. ജമാത്തിന്റെ ആളാണെന്ന് കരുതിയാണ് അയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അയാള്‍ അല്ല”-തടിച്ചു കൂടിയവര്‍ പറഞ്ഞു.

“ഞങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ മനുഷ്യരേയും ഇവിടെ കൊണ്ടു വന്നു നിര്‍ത്താം. പോലീസിന് വേണമെങ്കില്‍ അവരെ മുഴുവന്‍ ചോദ്യം ചെയ്യാം. ഇത് ഓരോ ദിവസവും വന്ന് കുറച്ചു പേരെ പിടിച്ചു കൊണ്ടുപോവുകയാണ്. കുറച്ചു ദിവസം കഴിയുമ്പോള്‍ വിട്ടയയ്ക്കും”– പൊട്ടിക്കരഞ്ഞു കൊണ്ട് ഒരു വൃദ്ധന്‍ പറഞ്ഞു. “ആരെയൊണ് സമീപിക്കേണ്ടത് എന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ കൂട്ടത്തില്‍ കുറച്ചെങ്കിലും സ്വാധീനമുണ്ടായിരുന്നവരെല്ലാം, രാഷ്ട്രീയക്കാര്‍, എല്ലാവരും അറസ്റ്റിലാണ്.”

കസ്റ്റഡിയിലെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ കുറിച്ചെടുത്ത ചൗധരി ക്ഷമയോടെ തിരിച്ചു പോകാനും അവിടെ കൂടിയവരോട് അഭ്യര്‍ത്ഥിച്ചു. “സാധാരണ ഗതിയില്‍ ഈ കസ്റ്റഡിയിലെടുത്ത ആര്‍ക്കുമെതിരെ കേസെടുക്കില്ല“, ചൗധരി ഉറപ്പു കൊടുത്തു. കല്ലേറു നടത്തിയ ചരിത്രമുള്ളവരെയാണ് പലപ്പോഴും ഈ വിധത്തില്‍ കസ്റ്റഡിയിലെടുക്കുന്നതെന്ന് ചൗധരി പിന്നീട് റിപ്പോര്‍ട്ടറോട് പറഞ്ഞു. സാധാരണ പ്രായമായവരെ കസ്റ്റഡിയിലെടുക്കാറുള്ളതല്ല. എന്നാല്‍ ചില മോശമായ പശ്ചാത്തലമുള്ള അവരുടെ മക്കള്‍ പോലീസിനോട് സഹകരിക്കാത്ത സാഹചര്യത്തിലായിരിക്കണം അവരെ കസറ്റഡിയിലെടുത്തത്. ഇത്തരത്തില്‍ കല്ലേറിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട നിരവധി ചെറുപ്പക്കാരെ താന്‍ ഇടപെട്ട് മുമ്പും മോചിപ്പിച്ചിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു.

ഇത്തരത്തില്‍ കസ്റ്റഡിയിലെടുക്കുന്നത് ചില ‘തന്ത്ര’ങ്ങളുടെ ഭാഗമായിട്ടാണെന്നും അതുവഴി ഗ്രാമങ്ങളിലുള്ളവരുമായി ‘അടുപ്പം’ സ്ഥാപിക്കാന്‍ കഴിയുമെന്നും കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ശ്രീനഗറില്‍ മാത്രം ഇത്തരത്തില്‍ കല്ലേറ് നടത്തിയ 300-ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. “പത്തു പേരെ മോചിപ്പിക്കാന്‍ ആള്‍ക്ക് 10 പേര്‍ വീതം വന്നാല്‍ ഞങ്ങള്‍ക്ക് 3000 പേരുമായി ഇടപഴകാന്‍ സാധിക്കും. അവരെ അപ്പോള്‍ തന്നെ മോചിപ്പിക്കുകയും ചെയ്യും”-ദില്‍ബാഗ് സിംഗ് പറഞ്ഞു.

പുല്‍വാമയില്‍ മാത്രം കഴിഞ്ഞ മാസം കല്ലേറ് നടത്തിയ ചരിത്രമുള്ളവരും ചെറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായ 250 ചെറുപ്പക്കാരെയെങ്കിലും ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. “അങ്ങനെ വരുമ്പോള്‍ ഗ്രാമത്തിലുള്ളവരില്‍ നിന്ന് ഞങ്ങള്‍ ചില ഉറപ്പുകള്‍ ആവശ്യപ്പെടാറുണ്ട്. അനൗദ്യോഗികമായി അവരുമായി ചില അടുപ്പങ്ങള്‍ ഉണ്ടാക്കുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കുകയും ചെയ്യും. ഗ്രാമത്തിലുള്ള മുതിര്‍ന്നവര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് 150 പേരെ അപ്പോള്‍ തന്നെ മോചിപ്പിച്ചു. അത്തരത്തിലുള്ള കമ്യൂണിറ്റി പോലീസിംഗ് പലപ്പോഴും ഫലവത്താകാറുണ്ട്.”

ഷോപ്പിയാനില്‍ ഗ്രാമത്തിലുള്ളവര്‍ ഡപ്യൂട്ടി കമ്മീഷണര്‍ ചൗധരിയെ കണ്ടതിനു പിന്നാലെ കസ്റ്റഡിയിലെടുക്കപ്പെട്ട മൂന്നു പേരെയും വിട്ടയച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ജമ്മു-കാശ്മീരിനെ ജമ്മു-കാശ്മീര്‍, എന്നും ലഡാക്ക് എന്നുമുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും പ്രത്യേകാവകാശം നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളയുകയും ചെയ്തിട്ട് 40 ദിവസം പിന്നിടുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ ഉള്‍പ്പെടെ മിക്ക രാഷ്ട്രീയക്കാരും ഇപ്പോഴും തടവില്‍ തുടരുകയുമാണ്.

Read Azhimukhham: ‘ചിലര് ഫണ്ട് റോഡുണ്ടാക്കാന്‍ കൊടുത്തപ്പോള്‍ ഞാനത് സ്കൂളിന് നൽകി’; നടക്കാവ് സ്കൂൾ രാജ്യത്തെ മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാകുമ്പോള്‍ എംഎല്‍എ പ്രദീപ്‌ കുമാറും പ്രിസം പദ്ധതിയുമാണ്‌ വിജയശില്‍പ്പികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍