UPDATES

മിന്നൽ വേഗത്തിൽ പ്രവർത്തിക്കാനാകില്ലെന്ന് കർണാടക സ്പീക്കർ: സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതിൽ അനിശ്ചിതത്വം

എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതികൾ എത്തിയിട്ടുണ്ടെന്നും അവയിന്മേൽ നിലപാടെടുക്കാൻ താൻ ഭരണഘടനാപരമായി ബാധ്യസ്ഥനാണെന്നുമുള്ള നിലപാടിലാണ് സ്പീക്കർ ഇപ്പോഴുള്ളത്.

മിന്നൽ വേഗത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് കർണാടക നിയമസഭാ സ്പീക്കർ കെആർ രമേഷ് കുമാർ. വിമത എംഎൽഎമാർ ഒരുമിച്ചെത്തി പുതിയ രാജിക്കത്തുകൾ നേരിട്ട് നൽകിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് എംഎൽഎമാരാണ് പൊലീസ് സുരക്ഷയോടെ വിധാൻ സഭയിലെ സ്പീക്കറുടെ ചേംബറിലേക്ക് കടന്നുവന്നത്.

തനിക്ക് എല്ലാവരുടെയും രാജിക്കത്തുകൾ നേരിട്ട് ലഭിച്ചതായി സ്ഥിരീകരിച്ച സ്പീക്കർ അതിന്മേൽ എന്തു നടപടിയെടുത്തു എന്ന ചോദ്യത്തോടാണ് ‘മിന്നൽ വേഗത്തിൽ പ്രവർത്തിക്കാനറിയില്ല’ എന്ന് പ്രതികരിച്ചത്. നിയമസഭയുടെ പ്രവർത്തനങ്ങളില്‍ കോടതി ഇടപെടൽ പാടില്ലെന്ന നിലപാട് ഇന്ന് ഉന്നയിക്കാൻ കോൺഗ്രസ്സിന്റെ അഭിഭാഷകൻ ശ്രമം നടത്തിയിരുന്നു.

തനിക്കു മുമ്പിൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതികൾ എത്തിയിട്ടുണ്ടെന്നും അവയിന്മേൽ നിലപാടെടുക്കാൻ താൻ ഭരണഘടനാപരമായി ബാധ്യസ്ഥനാണെന്നുമുള്ള നിലപാടിലാണ് സ്പീക്കർ ഇപ്പോഴുള്ളത്. ഇതോടെ സുപ്രീംകോടതിയുടെ ഉത്തരവിന്മേലുള്ള നടപടി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് എംഎൽഎമാരുടെ രാജി വൈകീട്ട് ആറുമണിക്കുള്ളിൽ സ്വീകരിച്ച് തീരുമാനം കൈക്കൊള്ളണമെന്ന് സുിപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ തീരുമാനം കൈക്കൊള്ളണമെന്ന നിർദ്ദേശത്തോട് സ്പീക്കർക്ക് വിയോജിപ്പുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്പീക്കറുടെ വാദം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവിട്ടതെന്നത് രാഷ്ട്രീയ നിരീക്ഷകരിൽ അമ്പരപ്പുണ്ടാക്കിയിട്ടുമുണ്ട്.

പ്രതിസന്ധിയിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം നൽകണമെന്നാവശ്യപ്പെട്ട് സ്പീക്കർ കെആർ രമേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ വിഷയം ഇന്ന് പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഈ പ്രശ്നത്തിൽ അടുത്ത വാദം നാളേക്ക് മാറ്റിയിട്ടുള്ളതാണെന്നാണ് കോടതി രമേഷ് കുമാറിന്റെ അഭിഭാഷകനെ അറിയിച്ചത്. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കണമെന്ന് വിധിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന വാദമാണ് അഭിഷേക് മനു സംഘ്‌വി ഉന്നയിക്കാൻ ശ്രമിച്ചത്.

മുംബൈയിലുള്ള നിയമസഭാംഗങ്ങൾക്ക് ബംളൂരുവിലെത്തുന്നതിന് മതിയായ സുരക്ഷ ഒരുക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കർണാടക ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. വിമത എംഎൽഎമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകൾ റോഹത്തകിയാണ് കോടതിയിൽ ഹാജരായത്. കർണാടക സ്പീക്കർ രമേഷ് കുമാറിനും മുഖ്യമന്ത്രിക്കും വേണ്ടി അഭിഷേക് മനു സിംഗ്വിയും വാദങ്ങൾ ഉന്നയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍