UPDATES

എട്ട് എംഎൽഎമാരുടെ രാജി ക്രമമനുസരിച്ചല്ല; നേരിട്ട് ഹാജരാകണമെന്ന് സ്പീക്കർ; അയോഗ്യത കൽപ്പിക്കണമെന്ന് കോൺഗ്രസ്

വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യമാണ് കോൺഗ്രസ്സും ജെഡിഎസ്സും ഇപ്പോൾ ഉന്നയിക്കുന്നത്.

കർണാടക നിയമസഭയിൽ നിന്നും രാജി വെച്ച 13 എംഎൽഎമാരിൽ എട്ടുപേർ നേരിട്ട് ഹാജരാകണമെന്ന് സ്പീക്കർ കെആർ രമേഷ് കുമാർ ആവശ്യപ്പെട്ടു. സഭയിലെ പ്രതിസന്ധി കൂടുതൽ കനക്കുന്നതിനിടെയാണ് സ്പീക്കറുടെ ഈ ആവശ്യം. എട്ടുപേരുടെ രാജി ശരിയായ ക്രമം പാലിച്ചല്ലെന്നാണ് സ്പീക്കർ പറയുന്നത്. ഇക്കാരണത്താൽ ഇവർ നേരിട്ടെത്തി രാജിക്കത്ത് നൽകണം.

അതെസമയം എല്ലാ എംഎൽഎമാരും നിലവിൽ ഗോവയിലാണുള്ളത്. കഴിഞ്ഞ ദിവസമാണ് ഇവരെ മുംബൈയിലെ സോഫിടെൽ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ഗോവയിലേക്ക് മാറ്റിയത്. പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് കൂടെയുള്ളത്. ഇവരെ നയിക്കുന്നത് യുവമോർച്ചാ ദേശീയ പ്രസിഡണ്ട് മോഹിത് ഭാർട്ടിയയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

വിമത എംഎൽഎമാരാരും തന്നെ നേരിൽ കണ്ടിട്ടില്ലെന്ന് സ്പീക്കർ രമേഷ് കുമാർ ഗവർണറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. താൻ ഭരണഘടനാ ചട്ടങ്ങളെ ഉയർത്തിപ്പിടിച്ചേ നീങ്ങുകയുള്ളൂവെന്ന് സ്പീക്കർ അറിയിച്ചു. എല്ലാ രാജിക്കത്തുകളും താൻ പരിശോധിച്ചെന്നും പതിമൂന്നെണ്ണത്തിൽ എട്ടെണ്ണം നിയമം അനുശാസിക്കുന്ന വിധത്തിലുള്ളതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎൽഎമാരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അതെസമയം രാജി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന നിലപാട് ആവർത്തിച്ച് വിമത കോൺഗ്രസ് എംഎൽഎ സോമശേഖർ രംഗത്തെത്തി. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞദിവസവും എംഎൽഎമാർക്കു വേണ്ടി സംസാരിച്ചിരുന്നത്.

തന്റെ പിതാവ് കോൺഗ്രസ് നേതൃത്വം തന്നോട് പെരുമാറിയ രീതി സംബന്ധിച്ച് ഏറെ പ്രയാസത്തിലായിരുന്നെന്ന് വിമത എംഎൽഎ രാമലിംഗ റെഡ്ഢിയുടെ മകളും എംഎൽഎയുമായ സൗമ്യ റെഡ്ഢി പറഞ്ഞു. എന്തുകൊണ്ടാണ് തന്റെ പിതാവ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എല്ലാവർക്കുമറിയാമെന്നും അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബെംഗളൂരു ബിടിഎം ലേഔട്ട് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാമലിംഗ റെഡ്ഢി സിദ്ധരാമയ്യ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. തനിക്ക് മതിയായ സ്ഥാനം സഖ്യ സർക്കാരിൽ ലഭിച്ചില്ലെന്ന പരാതി റെഡ്ഢിക്കുണ്ട്. ‌

വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യമാണ് കോൺഗ്രസ്സും ജെഡിഎസ്സും ഇപ്പോൾ ഉന്നയിക്കുന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്പീക്കറോട് അഭ്യർത്ഥിച്ചു.

കർണാടകത്തിലെ പ്രതിസന്ധിയെ നേരിടാൻ സോണിയ ഗാന്ധി പ്രതിനിധിയായി ഗുലാംനബി ആസാദിനെ ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍