UPDATES

സോണിയാ ഗാന്ധി തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ‘വയസന്‍ പട’ വീണ്ടും പിടി മുറുക്കുന്നു; ആദ്യ ലക്ഷ്യം കെ.സി വേണുഗോപാല്‍?

പാര്‍ട്ടിയില്‍ മുമ്പ് ലഭിച്ച പ്രാധാന്യം ലഭിക്കാന്‍ ‘പഴയ സംഘം’

സോണിയാ ഗാന്ധി അപ്രതീക്ഷിതമായി വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റായതോടെ, സംഘടനാ ചട്ടക്കൂടില്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ ഗാന്ധി നടപ്പാക്കിയ ചില മാറ്റങ്ങളില്‍ സോണിയാ ഗാന്ധി നേതൃത്വത്തിലെത്തിയതോടെ ‘തിരുത്തലുകള്‍’ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേരത്തെ മുതല്‍ സോണിയാ ഗാന്ധിയുടെ വിശ്വസ്തരായ നേതാക്കള്‍. ഇവര്‍ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രധാനം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും കെ.സി വേണുഗോപാലിനെ മാറ്റുമോ എന്നുള്ളതാണ്.

രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും അടുത്ത വിശ്വസ്തനായിട്ടാണ് കെ.സി വേണുഗോപാല്‍ സംഘടനയില്‍ ഉന്നത സ്ഥാനത്ത് എത്തിയത്. പാര്‍ട്ടിയുടെ സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറിയെന്നാല്‍ പ്രസിഡന്റിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പദവിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. കേരളത്തില്‍നിന്ന് ഈ  പദവി വഹിക്കുന്ന ആദ്യ നേതാവുമാണ് കെ.സി വേണുഗോപാല്‍. സോണിയയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുവെങ്കിലും രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്തതിന് ശേഷമാണ് കെ.സി വേണുഗോപാലിന് കൂടുതല്‍ പ്രധാന്യം കൈവരുന്നത്.

2017 ലാണ് കെ.സി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. പിന്നീട് കര്‍ണാടകത്തിന്റെ ചുമതലയും അദ്ദേഹത്തിന് നല്‍കി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടായപ്പോള്‍ നടത്തിയ സവിശേഷമായ ഇടപെടലിലൂടെ ജനതാദള്‍ (എസ്സി)നെ കുടെക്കൂട്ടാനും ഒന്നര വര്‍ഷമെങ്കിലും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഇതില്‍ കെ.സി വേണുഗോപാല്‍ നിര്‍ണായക ഇടപെടല്‍ നടത്തി എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കെ.സി വേണുഗോപാലിനെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയത്. മുതിര്‍ന്ന നേതാവ് അശോക്‌ ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ സാഹചര്യത്തിലായിരുന്നു വേണുഗോപാല്‍ ഈ സ്ഥാനത്ത് നിയമിതനായത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുകയും രാഹുല്‍ ഗാന്ധി മാറി സോണിയാ ഗാന്ധി തിരിച്ചെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന സംഘം സംഘടനാ ചുമതലയുള്ള സെക്രട്ടറി സ്ഥാനത്തിനു വേണ്ടി നീക്കം നടത്തുന്നത്.

സോണിയാ ഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റ് ആയി അധികാരത്തിലെത്തിയതിന് ശേഷം സംഘടനയില്‍ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. കര്‍ണാടകത്തില്‍ അധികാരം പോയതിനു പുറമെ ഹരിയാനയില്‍ ഉള്‍പ്പെടെ പാര്‍ട്ടി സംഘടനാ വെല്ലുവിളികള്‍ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും രീതിയില്‍ സംഘടനയില്‍ എന്തെങ്കിലും തരത്തിലുള്ള ഇളക്കി പ്രതിഷ്ഠ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത്തരമൊരു സാഹചര്യത്തില്‍ കാലാകാലം മുതിര്‍ന്ന നേതാക്കള്‍ കൈവശം വെച്ചിരുന്ന സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് വേണ്ടി നീക്കങ്ങള്‍ സജീവമാക്കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധി പ്രസിഡന്റ് ആയിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളില്‍ താരതമ്യേന പ്രായം കുറഞ്ഞവരെയായിരുന്നു പല ചുമതലകളും ഏല്‍പ്പിച്ചിരുന്നു. ഇതിലും പല തിരുത്തുകളും ഉണ്ടാവുമെന്നാണ് പാര്‍ട്ടിയിലെ ‘വയസന്‍ പട’ പ്രതീക്ഷിക്കുന്നത്.

തങ്ങളുടെ കുടുംബത്തില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് ആരെയും പ്രതീക്ഷിക്കേണ്ടതില്ല, പരിഗണിക്കുകയും വേണ്ട എന്ന് രാഹുല്‍ ഗാന്ധി നിരവധി തവണ വ്യക്തമാക്കിയിട്ടും ഒടുവില്‍ അധികാരം ചെന്ന് നിന്നത് സോണിയ ഗാന്ധിയില്‍ തന്നെയാണ്. ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍ അധ്യക്ഷ പദവിയില്‍ വന്നാല്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചേക്കില്ല എന്നതാണ് മുതിര്‍ന്നവര്‍ ഇതിനു മുന്നോട്ടു വച്ച കാരണം. എന്നാല്‍, രാഹുല്‍ ഗാന്ധി നടപ്പാക്കിയ ‘പരിഷ്കരണ’ങ്ങളെ തുടര്‍ന്ന് പുറത്തുപോയ മുതിര്‍ന്നവരുടെ സംഘം ഒടുവില്‍ പാര്‍ട്ടി പിടിച്ചെടുക്കുക തന്നെയാണ് നടന്നത് എന്നതാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തനിക്ക് പാര്‍ട്ടി നേത്രുത്വത്തില്‍ നിന്ന് യാതൊരു സഹായവും കിട്ടിയിട്ടില്ല എന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചത് ഈ പഴയകാല നേതാക്കളെ ഉന്നംവച്ചായിരുന്നു. പ്രിയങ്ക ഗാന്ധിയും രൂക്ഷമായ വിമര്‍ശനമായിരുന്നു ഇവര്‍ക്കെതിരെ ഉന്നയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍