UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ലീഗ് വിദേശികള്‍ക്കു വേണ്ടിയോ?

Avatar

ടീം അഴിമുഖം

കൂണുകള്‍ പോലെ മുളച്ചുപൊങ്ങുന്ന താരപരിവേഷം നിറഞ്ഞ സ്‌പോര്‍ട്‌സ് ലീഗുകള്‍ ഇന്ത്യന്‍ കായികരംഗത്തെ വികസനത്തിന് എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇതുവരെ വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിത്. വിലകൂടിയ ലീഗുകള്‍ സംഘടിപ്പിച്ച് ഇന്ത്യയിലെ സമ്പന്നര്‍ ആനന്ദിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇന്ത്യന്‍ കായികതാരങ്ങളോട് ഈ ലീഗുകള്‍ പെരുമാറുന്നത് എങ്ങനെ എന്നതിനെപ്പറ്റി ചില കാര്യങ്ങള്‍ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്.

വിവിധ സ്‌പോര്‍ട്‌സ് ലീഗുകള്‍ കായികതാരങ്ങള്‍ക്ക് ശമ്പളമായി നല്‍കുന്ന 823 കോടിയില്‍ 36 ശതമാനം മാത്രമാണ് ഇന്ത്യന്‍ കളിക്കാര്‍ക്കു ലഭിക്കുന്നത്. എന്നാല്‍ കളിക്കാരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ബാക്കി പണം എങ്ങോട്ടുപോകുന്നു? ന്യൂനപക്ഷമായ വിദേശകളിക്കാരിലേക്ക് എന്നതാണ് ഉത്തരം.

ഐപിഎല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഹോക്കി ഇന്ത്യ ലീഗ് (എച്ച് ഐഎല്‍), ഇന്റര്‍നാഷനല്‍ പ്രീമിയര്‍ ടെന്നിസ് ലീഗ് (ഐപിടിഎല്‍) ഉള്‍പ്പെടെയുള്ള വിവിധ ലീഗുകളിലെ കളിക്കാരുടെ ശമ്പളം സംബന്ധിച്ച 2016ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ കളിക്കാരുടെ മൊത്തം ശമ്പളം 296 കോടി മാത്രമാണ്. ആകെയുള്ള 857 കളിക്കാരില്‍ 521 പേരും ഇന്ത്യക്കാരാണ് എന്നുകാണുമ്പോഴാണ് ശമ്പളവ്യത്യാസം മനസിലാകുക. 336 വിദേശകളിക്കാര്‍ 527 കോടി ശമ്പളമായി വാങ്ങുന്നു എന്നര്‍ത്ഥം.

ലഭ്യമായ വിവരങ്ങളും വിവിധ സ്‌പോര്‍ട്‌സ് ഏജന്റുമാരില്‍നിന്നുള്ള കണക്കുകളും ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. ചില നിര്‍ണായക വളര്‍ച്ചാ ഘടകങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ റിപ്പോര്‍ട്ട് സഹായിക്കുന്നുവെന്ന് സൂപ്പര്‍ ഇന്‍സൈറ്റ് ഡയറക്ടറും സിഇഒയുമായ രാമന്‍ റഹേജ പറയുന്നു.

പഠനത്തിനുവിധേയമായ എട്ട് ലീഗുകളില്‍ പ്രീമിയര്‍ ബാഡ്മിന്റന്‍ ലീഗ്, ചാംപ്യന്‍സ് ടെന്നിസ് ലീഗ്, പ്രോ കബഡി, പ്രോ റെസ്‌ലിങ് എന്നിവയും ഉള്‍പ്പെടുന്നു. 

ക്രിക്കറ്റര്‍മാരാണ് ഏറ്റവുമധികം പണം വാങ്ങുന്നതെന്ന വിശ്വാസവും റിപ്പോര്‍ട്ട് തിരുത്തുന്നു. ടെന്നിസ് കളിക്കാരാണ് മുന്‍പന്തിയില്‍.

‘ഇന്ത്യന്‍ ലീഗുകളില്‍ ഏറ്റവുമധികം പണം വാങ്ങുന്നത് ക്രിക്കറ്റര്‍മാരല്ല. ഇന്റര്‍നാഷനല്‍ പ്രീമിയര്‍ ടെന്നിസ് ലീഗില്‍(ഐപിടിഎല്‍) കളിക്കുന്ന റോജര്‍ ഫെഡററും റാഫേല്‍ നദാലുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. 26 കോടിയിലധികമാണ് ഇരുവരും വാങ്ങുന്നത്.’

എട്ട് ലീഗുകളിലായി ഏഴ് കായികഇനങ്ങളിലുള്ള 857 താരങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള 1,100 കോടിയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഹോക്കി ഇന്ത്യാ ലീഗിലെ എല്ലാ കളിക്കാരുടെയും ശമ്പളം കൂട്ടിയാലും ഫെഡററുടെ ശമ്പളത്തിനൊപ്പം എത്തുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രോ കബഡി ലീഗ്, ഇന്ത്യന്‍ റെസ്ലിങ് ലീഗ്, പ്രീമിയര്‍ ബാഡ്മിന്റന്‍ ലീഗ് എന്നിവയിലെ കളിക്കാരുടെ മൊത്തം ശമ്പളത്തെക്കാള്‍ കൂടുതലാണ് ഫെഡററും നദാലും ചേര്‍ന്ന് വാങ്ങുന്ന തുക.

കളിക്കളത്തില്‍ ചെലവഴിക്കുന്ന സമയവും വാങ്ങുന്ന പണവും താരതമ്യം ചെയ്യുമ്പോള്‍ ലണ്ടന്‍കാരനായ ഐപിടിഎല്‍ കളിക്കാരന്‍ ആന്‍ഡി മുറെ ഒന്നാമതെത്തി. കളിക്കളത്തിലിറങ്ങുന്ന ഓരോ മിനിറ്റിനും 14.34 ലക്ഷമാണ് മുറെ വാങ്ങുന്നത്.

ഇന്ത്യന്‍ കളിക്കാരില്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഗുസ്തിക്കാരനായ യോഗേശ്വര്‍ ദത്താണ്. ഓരോ മിനിറ്റിനും 1.65 ലക്ഷം നേടുന്ന ദത്ത് ഈ പട്ടികയില്‍ ഏഴാമനാണ്.

മുന്‍നിരയിലുള്ള ആറ് ടെന്നിസ് കളിക്കാരും മിനിറ്റിന് ആറു ലക്ഷത്തിലധികം സമ്പാദിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ക്രിക്കറ്റ് താരങ്ങളില്‍ മുന്നിലുള്ള യുവരാജ് സിങ് മിനിറ്റിന് 1.01 ലക്ഷം വാങ്ങുന്നു. എന്നാല്‍ പട്ടികയില്‍ പതിനേഴാമനാണ് സിങ്.

വിരാട് കോഹ്‌ലി 29, മഹേന്ദ്ര സിങ് ധോണി 34, സുരേഷ് റെയ്‌ന 48 എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. ഇവരൊക്കെ മിനിറ്റിന് 75000 രൂപയോ അതില്‍ക്കുറവോ ആണ് സമ്പാദിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ലീഗ് ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക – 420 കോടി – നീക്കിവച്ചിരിക്കുന്നത് ഇപ്പോഴും ക്രിക്കറ്റിനാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍