UPDATES

ഭാര്യമാരെ ബലാത്സംഗം ചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ ഇന്ത്യ

ഇന്ത്യയില്‍ വൈവാഹിക ബലാത്സംഗം കുറ്റകൃത്യമല്ല. അതൊരു ‘ക്രൂരതയായി’ മാത്രമാണ് സമൂഹം കാണുന്നത്.

വൈവാഹിക ലൈംഗിക അതിക്രമങ്ങളെ നിയമവിരുദ്ധമാക്കുന്നത് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുമെന്ന വിചിത്ര നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും ഇന്ത്യയിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഇരയാവുന്നത് വിവാഹത്തിനകത്തുള്ളലൈംഗിക പീഢനങ്ങള്‍ക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ പ്രാതിനിധ്യ ഗാര്‍ഹിക സര്‍വെ പ്രകാരം സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ വെറും 2.3 ശതമാനം മാത്രമാണ് അവരുടെ ഭര്‍ത്താക്കാന്മാരല്ലാത്ത അന്യപുരുഷന്മാര്‍ ചെയ്യുന്നത്.

2005-06ലെ ദേശീയ കുടുംബ ആരോഗ്യ സര്‍വെ (എന്‍എഫ്എച്ച്എസ്) പ്രകാരം, തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ നിന്നും ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് 6.6 ശതമാനം സ്ത്രീകളും (1,000 സ്ത്രീകളില്‍ 66 പേര്‍) പറഞ്ഞതായി വിവരങ്ങള്‍ അപഗ്രഥനം ചെയ്ത ഗവേഷകന്‍ ആശിഷ് ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. ഭര്‍ത്താവല്ലാതെ അന്യ പുരുഷന്മാരില്‍ നിന്നും തങ്ങള്‍ക്ക് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെറും 0.16 ശതമാനം (1000 ത്തില്‍ 1.6) സ്ത്രീകള്‍ മാത്രമാണ് പറഞ്ഞത്. അതായത് മൊത്തം ലൈംഗിക അതിക്രമങ്ങളില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് കുടുംബത്തിന് പുറത്ത് സംഭവിക്കുന്നത്.


ലൈംഗിക, ശാരീരിക അതിക്രമങ്ങളെ കുറിച്ച് സ്ത്രീകളോട് സര്‍വെ നേരിട്ട് അന്വേഷിച്ചിരുന്നു. വൈവാഹിക ബന്ധത്തിനകത്തെ ബലാത്സംഗങ്ങളുടെ ഉയര്‍ന്ന നിരക്കുകളെ കുറിച്ച് സമാനമായ മറ്റ് പഠനങ്ങളും സൂചന നല്‍കുന്നു. ഇന്ത്യയിലെ ഏഴ് വലിയ സംസ്ഥാനങ്ങളിലെ മൂന്നിലൊന്ന് പുരുഷന്മാരും (31%) ഭാര്യമാരെ ലൈംഗീക അതിക്രമങ്ങള്‍ക്ക് വിധേയരാക്കാറുണ്ടെന്ന് 2014ല്‍ ഐസിആര്‍ഡബ്ലിയു-യുഎന്‍എഫ്പിഎ നടത്തിയ ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നു. തങ്ങള്‍ വൈവാഹിക ബലാല്‍സംഗത്തിന് ഇരകളാകാറുണ്ടെന്ന് സര്‍വെയില്‍ പങ്കെടുത്ത 17 ശതമാനം സ്ത്രീകളും സമ്മതിച്ചു.

രാജ്യത്താകമാനം സ്ത്രീകള്‍ സ്വന്തം പങ്കാളികളില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വനിത പഠനവും തെളിയിക്കുന്നത്. ഇന്ത്യയിലെ ഗാര്‍ഹിക ലൈംഗിക പീഢനങ്ങളുടെ നിരക്ക് മിക്ക വികസിത രാജ്യങ്ങളിലേക്കാളും ഉയര്‍ന്ന നിരക്കിലുള്ളതാണെന്ന് താരതമ്യ പഠനം തെളിയിക്കുന്നു. എന്നാല്‍ മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇന്ത്യയെക്കാള്‍ ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നത്.


വൈവാഹികവും അല്ലാത്തതുമായ ബലാല്‍സംഗങ്ങളില്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും  ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. എന്‍എഫ്എച്ചഎസ് കണക്കുകളും ദേശീയ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളുമായി താരതമ്യം ചെയ്തപ്പോള്‍ അന്യപുരുഷന്മാര്‍ ബലാത്സംഗം ചെയ്ത കേസുകളില്‍ വെറും 5.8 ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഗുപ്ത കണ്ടെത്തി. ഭര്‍ത്താക്കന്മാര്‍ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ വെറും 0.6 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഇന്ത്യയില്‍ വൈവാഹിക ബലാത്സംഗം കുറ്റകൃത്യമല്ല. അതൊരു ‘ക്രൂരതയായി’ മാത്രമാണ് സമൂഹം കാണുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ഗുരുതരവും ദുരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതുമായ ഒന്നായി മാറുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍