UPDATES

ട്രെന്‍ഡിങ്ങ്

രണ്ടരപ്പതിറ്റാണ്ടിന്റെ ജീവന്മരണ പോരാട്ടത്തെയാണ് വെടിയുണ്ടകൾ കൊണ്ട് നേരിടുന്നത്; തൂത്തുക്കുടിയിൽ നടക്കുന്നതെന്ത്?

സമരത്തിന്റെ ദുരന്തപൂർണമായ ഒരു വഴിതിരിച്ചിലാണ് ഇന്നത്തെ വെടിവെപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ സ്വഭാവമറിയുന്നവർക്കറിയാം, സമരം അടിച്ചമർത്തപ്പെടുകയല്ല, കൂടുതൽ ശക്തിയോടെ മുന്നേറുകയാണ് ഇനി ചെയ്യുക.

2013 മാർച്ച് മാസം 23ാം തിയ്യതി രാവിലെ തൂത്തുക്കുടി നിവാസികൾ ഉറക്കമുണർന്നത് മരണവെപ്രാളത്തോടെയാണ്. തീയിൽ വീണതു പോലെ മനുഷ്യർക്ക് തൊണ്ട വരണ്ടു. കണ്ണുകളും ദേഹവും ചൊറിഞ്ഞു വീർത്തു. പലരും ശ്വാസം കിട്ടാതെ പിടഞ്ഞു. തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന സ്റ്റെർലൈറ്റ് എന്ന വേദാന്ത ഗ്രൂപ്പ് കമ്പനിയിൽ ചില അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. സ്ഥലത്ത് പാഞ്ഞെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഫാക്ടറിയിൽ നിന്നും സൾഫർ ഡയോക്സൈഡ് പുറന്തള്ളുന്നതായി റിപ്പോർട്ട് ചെയ്തു. ഇത് അനുവദനീയമായതിലും കൂടിയ അളവിലായിരുന്നു. ഇതാണ് ജനങ്ങൾക്ക് രാവിലെ ജീവനുവേണ്ടിയുള്ള മൽപ്പിടിത്തത്തിൽ കലാശിച്ചത്.

ഈ സംഭവം ആദ്യത്തേതായിരുന്നില്ല. മുമ്പും പലതവണ കമ്പനിയിൽ നിന്നും വിഷപ്പുക പുറന്തള്ളപ്പെട്ടു. തമിഴ്നാട് രാഷ്ട്രീയക്കാരെ മൊത്തം വിലയ്ക്കെടുക്കാൻ ശേഷിയുള്ള വേദാന്ത ഗ്രൂപ്പിനെതിരെ ഒരിലയും അനങ്ങിയില്ല.

ആദ്യം മഹാരാഷ്ട്രയിൽ സ്ഥാപിക്കാനുദ്ദേശിച്ച ഫാക്ടറി അവിടുത്തെ ജനങ്ങളുടെ സമരങ്ങൾ മൂലം തമിഴ്നാട്ടിലേക്ക് എത്തുകയായിരുന്നു. വികസനത്തിന്റെ പേരിൽ വലിയ എതിർപ്പുകളില്ലാതെ തുറന്നു പ്രവർത്തനമാരംഭിച്ചു. ഫാക്ടറിക്ക് പാരിസ്ഥിതികാനുമതി കിട്ടിയതിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയിൽ‌ ഒരു ഹരജി പോയിരുന്നു. കോടതിയും അതിനെ വിലയ്ക്കെടുത്തില്ല.

ചെമ്പ് ശുദ്ധീകരണശാലയാണ് തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്നത്. ഈ ശുദ്ധീകരണപ്രക്രിയയുടെ ഉപോൽപ്പന്നമാണ് സൾഫർ ഡയോക്സൈഡ്. കണ്ണുകൾക്കും ത്വക്കിനുമെല്ലാം സാരമായ അപകടങ്ങൾ വരുത്താൻ സൾഫര്‍ ഡയോക്സൈഡിന് സാധിക്കും. ശരീരത്തിന്റെ ജനിതകവ്യവസ്ഥയെയും ഇത് ബാധിക്കും. ശ്വാസകോശരോഗങ്ങളും പിടിപെടും.

ഇവ പുറന്തള്ളുന്നത് തടയാനുള്ള ഉയർന്ന സാങ്കേതികതകൾ ഉപയോഗിക്കാൻ വേദാന്തയ്ക്ക് മനസ്സില്ല എന്നതാണ് പ്രശ്നം. അത്തരം സാങ്കേതികതകൾ പ്രയോഗിക്കാതിരിക്കാനാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ശുദ്ധീകരണ ശാലകൾ സ്ഥാപിക്കുന്നതു തന്നെ. ആരും ചോദിക്കാനില്ലാത്ത അവസ്ഥ തന്നെയാണ് ആകർഷിക്കുന്ന ഘടകം. 96ൽ സ്ഥാപിക്കപ്പെട്ട സ്റ്റാർലൈറ്റ് കമ്പനി പരിസരവാസികളെ രോഗികളാക്കി മാറ്റിയതിനു ശേഷവും രണ്ട് പതിറ്റാണ്ടിലധികം കാലം യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രവർത്തനങ്ങൾ നടത്തി വന്നു എന്നതു തന്നെ അതിനു തെളിവാണ്.

ഖനന ഭീമന്‍ അനില്‍ അഗര്‍വാള്‍ കൈ നനയാതെ മീന്‍പിടിക്കുമോ?

ദിനംപ്രതിയെന്നോണമാണ് ലീക്കുകളും മലിനമായ പുക പുറന്തള്ളലും നടക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ അനവധിയാണ്. പലതവണയായി നടന്ന പ്രക്ഷോഭങ്ങളോടെല്ലാം സർക്കാരുകൾ പുറം തിരിഞ്ഞു നിന്നു. ചില ഘട്ടങ്ങളിൽ ഫാക്ടറി അടച്ചിട്ടുവെങ്കിലും അത് ജനങ്ങളെ കബളിപ്പിക്കാനായിരുന്നു. അധികം താമസിയാതെ തന്നെ എല്ലാ ‘അനുമതി’കളോടും കൂടി സ്റ്റെർലൈറ്റ് വീണ്ടും തുറക്കപ്പെടും.

2013ൽ കമ്പനിക്കെതിരെ സുപ്രീംകോടതിയിൽ കേസിനു പോയെങ്കിലും നിരാശാജനകമായ വിധിയാണ് വന്നത്. 100 കോടി രൂപ പിഴയടച്ച് പ്രവർത്തനം തുടരാൻ കോടതി അനുവാദം നൽകി. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് ചെമ്പ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. കൂടാതെ ഫാക്ടറിയിലെ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും കോടതിക്ക് ആശങ്കയുണ്ടായി. ചുറ്റും പാർക്കുന്ന പതിനായിരങ്ങളുടെ ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടാൻ ഒരാളും വരികയുണ്ടായില്ല.

നാടിന്റെ മണ്ണും വായുവും വെള്ളവും മലിനമായിക്കഴിഞ്ഞെവന്ന തിരിച്ചറിവിലാണ് തൂത്തുക്കുടിയിലെ ജനങ്ങൾ സമരം ശക്തമാക്കാൻ തീരുമാനിച്ചത്. വേദാന്തയുടെ മുതലാളി അനിൽ അഗർവാൾ ലണ്ടനിൽ സുഖമായി പാർക്കുകയാണ്. അയാളുടെ വീടിനു മുമ്പിൽ ബ്രിട്ടനിലെ തമിഴർ ഒരു സമരം സംഘടിപ്പിച്ചു. സ്റ്റാർലെറ്റ് ഫാക്ടറി കൂടുതൽ വിപുലീകരിക്കാനുള്ള നീക്കങ്ങൾ ഇതിനകം തുടങ്ങിയിരുന്നു. പുതിയ പ്ലാന്റിന്റെ ജോലികൾ തൂത്തുക്കുടിയിൽ തുടങ്ങി.

സ്റ്റെർലൈറ്റിന് ബ്രിട്ടിഷ് സർക്കാർ‌ നൽകുന്ന പിന്തുണയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ ഇത്തരമൊരു കമ്പനി യുകെയിൽ അനുവദിക്കപ്പെടുമോയെന്ന ചോദ്യമാണ് അന്ന് ഉന്നയിക്കപ്പെട്ടത്.

ഈ സമരത്തിന്റെ ദുരന്തപൂർണമായ ഒരു വഴിതിരിച്ചിലാണ് ഇന്നത്തെ വെടിവെപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. തമിഴ്നാടിന്റെ സ്വഭാവമറിയുന്നവർക്കറിയാം, സമരം അടിച്ചമർത്തപ്പെടുകയല്ല, കൂടുതൽ ശക്തിയോടെ മുന്നേറുകയാണ് ഇനി ചെയ്യുക.

നമ്മളെ സ്വയം സേവകരാക്കുന്ന മോദി സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍