UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭപാതയില്‍; സമരരംഗത്ത് ഏറ്റവും മികച്ച സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍

സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക, പിടിച്ചെടുക്കാന്‍ കഴിയാത്തവ തകര്‍ക്കുക എന്ന മോദി സര്‍ക്കാരിന്‍റെ നയമാണ് വിദ്യര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

രോഹിത് വെമൂല കൊളുത്തി വിട്ട തീ ആളിപ്പടരുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍, കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിന്‍റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല അധികൃതര്‍ക്കും എതിരെ പ്രക്ഷോഭത്തിലാണ്. ആര്‍എസ്എസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുമായുള്ള ഇടത്, ദളിത് വിദ്യാര്‍ത്ഥി സംഘടനകളുടെ സംഘര്‍ഷങ്ങളില്‍ നിന്നാണ് ഒട്ടുമിക്ക വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും ഉടലെടുത്തിരിക്കുന്നത്.

മോദി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക, പിടിച്ചെടുക്കാന്‍ കഴിയാത്തവ തകര്‍ക്കുക എന്ന മോദി സര്‍ക്കാരിന്‍റെ നയമാണ് വിദ്യര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചലച്ചിത്ര രംഗത്ത് ഇന്ത്യക്ക് അഭിമാനകരമായ സംഭാവനകള്‍ നല്‍കിയ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇതിന് തുടക്കമിട്ടത്. ചലച്ചിത്ര സംവിധായകരും സിനിമാ മേഖലയുമായി ബന്ധമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും മറ്റും ഇരുന്നിട്ടുള്ള ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയില്‍ ബിജെപി അനുഭാവിയും സീരിയല്‍ നടനും ചില ബി ഗ്രേഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ളയാളുമായ ഗജേന്ദ്ര ചൗഹാനെ കയറ്റിയിരുത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിദ്യാര്‍ത്ഥി പ്രക്ഷോഭം മാസങ്ങളോളം നീണ്ടു. ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും നിലവിലെ ഭരണകൂടത്തിനെതിരെ ആ സമയത്ത് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ദളിത് വിദ്യാര്‍ത്ഥി സംഘടനയായ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎസ്എ) പ്രവര്‍ത്തകരായ രോഹിത് വെമൂല അടക്കമുള്ള ഗവേഷക വിദ്യാര്‍ഥികളെ, എബിവിപിയുടെ വ്യാജ ആരോപണത്തിന്‍റെ പുറത്തുള്ള പരാതിയില്‍ സര്‍വകലാശാല അധികൃതര്‍ പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. സര്‍വകലാശാല അധികൃതരില്‍ നിന്നുള്ള നിരന്തര മാനസിക പീഡനത്തെ തുടര്‍ന്ന് രോഹിത് ആത്മഹത്യ ചെയ്തതോടെ ഒരു രാജ്യവ്യാപക വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. രോഹിത് വെമുലയുടെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രതിരോധത്തിലായി. നുണ പ്രചാരണങ്ങളുമായി കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയെങ്കിലും വിദ്യാര്‍ത്ഥി മുന്നേറ്റം തടയാനായില്ല. എന്നാല്‍ വൈസ് ചാന്‍സലര്‍ അപ്പാറാവു പൊഡിലെയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രക്ഷോഭം നടത്തിയെങ്കിലും അപ്പാറാവുവിന് പുരസ്‌കാരം നല്‍കി ആദരിച്ച് തങ്ങളുടെ അജണ്ട ഉറക്കെ പ്രഖ്യാപിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. രോഹിത് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ തങ്ങള്‍ നടത്തിയ ഗൂഡാലോചന സംബന്ധിച്ച് എബിവിപി നേതാവ് തന്നെ പിന്നീട് കുമ്പസരിച്ചു. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന രണ്ട് യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും ഇടത്, ദളിത്‌, ആദിവാസി സംഘടനകള്‍ അടങ്ങുന്ന വിദ്യാര്‍ഥി സഖ്യം എബിവിപിയെ അപ്രസക്തരാക്കി വന്‍ വിജയം നേടി.

റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള വിഖ്യാതമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ (ജെ എന്‍ യു) കുറച്ച് കൂടി ആസൂത്രിതമായാണ് സംഘപരിവാര്‍ നീക്കം നടന്നത്. ഇടതുകോട്ടയായ ജെഎന്‍യുവിനെ തകര്‍ക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്ത് ജെഎന്‍യു എന്ന സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന ശക്തമായ ഇടതുപക്ഷ, മതനിരപേക്ഷ ചിന്തകളാണ് സംഘപരിവാറിനെ അസ്വസ്ഥരാക്കിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്‍റെ വാര്‍ഷിക ദിനത്തില്‍ പുറത്തുനിന്നുള്ള കാശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പ്രതിഷേധ, അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ആരോപണമുയര്‍ന്നു. എന്നാല്‍ സീ ന്യൂസിന്‍റെ വീഡിയോ വ്യാജ ടേപ്പുകള്‍ സംഘപരിവാറിന്റേയും എബിവിപിയുടേയും ആസൂത്രണത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടവയാണെന്ന് പിന്നീട് വ്യക്തമായി. യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. വിദ്യാര്‍ത്ഥികളെ നിരന്തരം വേട്ടയാടി. കോടതി പരിസരത്ത് അഭിഭാഷക കുപ്പായമിട്ട ഗുണ്ടകള്‍ കനയ്യ കുമാറിനെ മര്‍ദ്ദിച്ചു. ഇതിന് ശേഷം നടന്ന രണ്ട് യൂണിയന്‍ തിരഞ്ഞെടുപ്പിലും എബിവിപിയെ പരാജയപ്പെടുത്തി ഇടത് വിദ്യാര്‍ഥി സഖ്യം വന്‍ വിജയം നേടി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ് പ്രതിലോമ നടപടികളുമായി സര്‍വകലാശാല അധികൃതര്‍ മുന്നോട്ട് പോകുന്നത്. പ്രവേശന മാനദണ്ഡങ്ങളിലും നടപടികളിലും മാറ്റം വരുത്തിയും സീറ്റുകള്‍ വെട്ടിക്കുറച്ചും ജെഎന്‍യുവിന്റെ രാഷ്ട്രീയ പ്രബുദ്ധതയും സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളോടുള്ള ശക്തമായ പ്രതികരണ മനോഭാവവും ഇല്ലാതാക്കാനാകുമോ എന്ന പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍.

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലും സംഘപരിവാര്‍ ദേശവിരുദ്ധ കാര്‍ഡിറക്കി. എന്നാല്‍ മറ്റ് സര്‍വകലാശാല അധികൃതരില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ക്ക് വൈസ് ചാന്‍സലര്‍ അടക്കമുള്ളവര്‍ പിന്തുണ നല്‍കിയതോടെ സംഘപരിവാര്‍ ശ്രമം വളരെ പെട്ടെന്ന് പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ക്യാമ്പസില്‍ പൊലീസ് നടപടി അനുവദിക്കില്ലെന്ന ഉറച്ച നിലപാടായിരുന്നു ജാദവ്പൂര്‍ വിസിക്ക്. രാജ്യത്ത് അഞ്ചാം റാങ്കിലുള്ള സര്‍വകലാശാലയാണിത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലായാലും ഹൈദരാബാദ് എച്ച് സി യുവിലോ ജെഎന്‍യുവിലോ ആയാലും പൊലീസിനെ കൊണ്ട് വിദ്യാര്‍ഥി വേട്ട നടത്തുകയാണ് അധികൃതര്‍ ചെയ്തത്. എട്ടാം റാങ്കുള്ളതും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര സര്‍വകലാശാലകളില്‍ ഒന്നുമായ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള രാംജാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ വലിയ പ്രതിഷേധമുണ്ടായി. ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദും ഷെഹ്ല റാഷിദും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി എബിവിപിയുടെ ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളേയും അവിടെയുണ്ടായിരുന്ന അധ്യാപകരേയും മര്‍ദ്ദിച്ചൊതുക്കാന്‍ പൊലീസിനൊപ്പം എബിവിപി, സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്നിരുന്നു.

ഏറ്റവുമൊടുവിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ പെടുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വലിയൊരു വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുന്നു. രാജ്യത്ത് മൂന്നാം റാങ്കില്‍ നില്‍ക്കുന്ന സര്‍വകലാശാലയാണിത്. പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ഹോസ്റ്റലിലേക്ക് പോകുന്ന വഴി തന്നെ ക്യാമ്പസില്‍ വച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം അപമാനിച്ചതായി ഒരു വിദ്യാര്‍ഥിനി സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും, എന്തിനാണ് സന്ധ്യാ സമയം വരെ ഹോസ്റ്റലിലെത്താന്‍ വൈകിയത് എന്നായിരുന്നു അധികൃതരുടെ ചോദ്യം. ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബി എച്ച് യു വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭരംഗത്തെത്തിയത്. പതിവ് പോലെ മാവോയിസ്റ്റ്, തീവ്രവാദി ബന്ധ ആരോപണങ്ങളുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സമരത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് (മാവോയിസ്റ്റുകള്‍) ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ കയറി പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചതായും വലിച്ചിഴച്ചതായും പരാതിയുണ്ട്. നേരത്തെ വിദ്യാര്‍ത്ഥി പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജും ക്രൂര മര്‍ദ്ദനവും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

1960കളില്‍ പാരീസില്‍ നടന്ന വിദ്യാര്‍ഥി കലാപത്തിന് സമാനമായ അവസ്ഥയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം എത്തിയിട്ടില്ലെങ്കിലും മാധ്യമങ്ങളെ നിശബ്ദരാക്കിക്കൊണ്ടും സ്ഥാപനങ്ങള്‍ ഹൈജാക്ക് ചെയ്തും വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളില്‍ വലതുപക്ഷ, ഹിന്ദുത്വ, ബ്രാഹ്മിനിക് ഫാഷിസ്റ്റ്‌ മൂല്യങ്ങള്‍ തിരുകിക്കയറ്റിയും ഉള്ള അധിനിവേശങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് വലിയ രാഷ്ട്രീയ മാനമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍