UPDATES

ഏഷ്യന്‍ രാജ്യങ്ങളില്‍ അഴിമതിയില്‍ ഇന്ത്യ നമ്പര്‍ വണ്‍

ഏഷ്യ-പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ വാഗ്‌ധോരണികള്‍ തുടരുമ്പോഴും ഏഷ്യ-പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിലനില്‍ക്കുന്നത് ഇന്ത്യയിലാണെന്ന് പുതിയ സര്‍വെ വെളിപ്പെടുത്തുന്നു. ആഗോളതലത്തില്‍ അഴിമതിക്കെതിരെ പോരാടുന്ന പൗരാവകാശ സംഘടനയായ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ 16 ഏഷ്യ-പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യയില്‍ പൊതുസേവനങ്ങള്‍ പ്രാപ്യമാക്കാന്‍ ശ്രമിക്കുന്ന പത്തുപേരില്‍ ഏഴ് പേര്‍ക്കും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്നുണ്ടെന്ന് സര്‍വെ വെളിപ്പെടുത്തുന്നു.

ഈ 16 രാജ്യങ്ങളില്‍ മൊത്തം ജനസംഖ്യയുടെ നാലില്‍ ഒരാള്‍ കൈക്കൂലി നല്‍കേണ്ടി വരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരവും സര്‍വെ പുറത്തുവിടുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കണക്കാണിത്. കൂട്ടത്തില്‍ ഏറ്റവും മികച്ച റെക്കോഡുള്ളത് ജപ്പാനാണ്. ഇവിടെ 0.2 ശതമാനം പേര്‍ മാത്രമാണ് കൈക്കൂലിക്ക് ഇരയാവുന്നത്. 16 രാജ്യങ്ങളിലെ 22,000 പേര്‍ക്കിടയിലാണ് സര്‍വെ നടത്തിയത്.

ചൈനയും അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെക്കാള്‍ അത്രയൊന്നും പിന്നിലല്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ അഴിമതി ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ചൈനയില്‍ നിന്നും സര്‍വെയില്‍ പങ്കെടുത്തവരില്‍ 75 ശതമാനം പേരും ചൂണ്ടിക്കാണിക്കുന്നത്. പൊതുമേഖലയിലെ അഴിമതിക്കതിരെ പോരാടുന്നതില്‍ തങ്ങളുടെ നാടുകളിലെ സര്‍ക്കാരുകള്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നൊരു ചോദ്യവും സര്‍വെയില്‍ ഉന്നയിച്ചിരുന്നു. തങ്ങളുടെ സര്‍ക്കാരുകള്‍ അഴിമതി നിയന്ത്രിക്കുന്നതിന് ചില നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്റ്, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പറയുന്നത്.

ഭൂരിക്ഷം പോലീസുകാരും അഴിമതിക്കാരാണെന്ന് മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരും പറയുന്നത്. നിയമസംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് പാകിസ്ഥാനിലാണെങ്കില്‍ ഇന്ത്യയില്‍ അത് 54 ശതമാനമാണ്. ഇന്ത്യയില്‍ പൊതുസ്‌കൂളുകളില്‍ കൈക്കുലി വാങ്ങുന്നത് 58 ശതമാനവും ആരോഗ്യമേഖലയില്‍ 59 ശതമാനവുമാണ്. അടിസ്ഥാന സേവനങ്ങള്‍ പ്രാപ്യമാക്കേണ്ടി വരുന്നതിന് പോലും ഇന്ത്യയില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

അടിസ്ഥാന സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനല്ല ഈ മേഖലയിലുള്ളവര്‍ കൈക്കൂലി നല്‍കുന്നത് എന്നാണ് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്റെ ഏഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇല്‍ഹം മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യരക്ഷ, വിദ്യാഭ്യാസം, ക്രമസമാധാനം തുടങ്ങിയ അടിസ്ഥാനമേഖലകളില്‍ സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യത തന്നെയില്ല എന്നതാണ് ഗുരുതരമായ പ്രശ്‌നം. പാവങ്ങളാണ് അഴിമതിയുടെ ഏറ്റവും വലിയ ദൂഷ്യങ്ങള്‍ അനുഭവിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനവും പരാതി പരിഹാരത്തിന് സംവിധാനമില്ലാത്തതുമാണ് അഴിമതി വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമായും കാരണമാകുന്നതെന്നും ഇല്‍ഹാം മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍