UPDATES

അക്കാദമിക്ക് പശ്ചാത്തലമില്ലാത്തതിനാൽ വിവരമില്ലാത്തവരെ മോദി മന്ത്രിമാരാക്കുന്നു, സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ജിഎസ്ടിയും നോട്ടുനിരോധനവും സാമ്പത്തിക തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി

അക്കാദമിക്ക് ആയ അടിത്തറയില്ലാത്തതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവരമില്ലാത്തവരെ മന്ത്രിമാരായി നിയമിക്കുന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ പ്രധാനമന്ത്രിയൊട് ഇവര്‍ ഒരിക്കലും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന റീസെറ്റ്: റീഗെയിനിംങ് ഇന്ത്യാസ് ഇക്കോണമിക്ക് ലെഗസി’ എന്ന പുസ്തകത്തിലാണ് ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിശിതമായ വിമര്‍ശനം.

നോട്ടുനിരോധനവും ജി എസ് ടിയും പോലുള്ള തീരുമാനങ്ങള്‍ വിഡ്ഢിത്തമാണെന്ന് പറയാന്‍ ഈ മന്ത്രിമാര്‍ തയ്യാറാവാകാത്തതിന് കാരണം അവര്‍ക്ക് ഈ വിഷയങ്ങളെക്കുറിച്ച്  വിവരമില്ലാത്തതുകൊണ്ടാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം. ജിഡിപിയുടെ പരിഗണനാ വര്‍ഷത്തില്‍ വരുത്തിയ മാറ്റവും തൊഴിലില്ലായ്മയെക്കുറിച്ചുള്ള കണക്കുകളും, നോട്ടു നിരോധനത്തെക്കുറിച്ചുള്ള പ്രചാരണങ്ങളുമെല്ലാം തെറ്റായ സമീപനങ്ങളുടെ  ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക രംഗത്തെ മോശം അവസ്ഥയാണ് ദേശ സുരക്ഷയും അഴിമതിയും പോലുള്ള പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ കാരണം. വികസനമെന്നതിനെ ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു.

മോദിയേയും മന്‍മോഹന്‍സിംങിനെയും പുസ്തകത്തില്‍ താരതമ്യപെടുത്തുന്നുണ്ട് സുബ്രഹ്മണ്യ സ്വാമി. മന്‍മോഹന്‍ സിംങ് പ്രമുഖനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണ്. എന്നാല്‍ അദ്ദേഹം പ്രത്യേകിച്ച് എന്തെങ്കിലും പ്രസക്തനല്ലാത്ത തരത്തില്‍ അരികിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടുവെന്നാണ്  സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിപ്രായം

മോദി ഒരു പണ്ഡിതനല്ല. സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തെകുറിച്ച് അക്കാദമിക്ക് ആയ അറിവില്ലാതിരിക്കുകയും സാമ്പത്തിക മേഖലകളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരണയില്ലാതിരിക്കുകയും ചെയ്തതുകൊണ്ടാണ് മോദിക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നത്. യാതൊരു തരത്തിലും അടിസ്ഥാന വിവരമില്ലാത്ത ഇവര്‍ കയ്പ്പുള്ള സത്യങ്ങള്‍ മോദിയോട് പറയില്ല. അവര്‍ പൊതു സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ചിത്രം അദ്ദേഹത്തിന് നല്‍കില്ലെന്നും ബിജെപി എം പി കുറ്റപ്പെടുത്തി.

ഇതുകൊണ്ടാണ് നോട്ടുനിരോധനവും ജിഎസ്ടിയുമൊക്കെ ഉണ്ടായത്. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നും സ്വാമി ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായി ഒരു വെല്ലുവിളിയും നേരിടാത്ത മോദി ഒരിക്കലും ആശ്രയിക്കാന്‍ പാടില്ലാത്ത ഉപദേശകരെയും മന്ത്രിമാരെയുമാണ് നിയമിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്തെ കുറിച്ച് അറിയുന്നവര്‍ മോദിയുടെ മന്ത്രിസഭയിലില്ല. ഇത്തരം ആളുകളെ ഇറക്കുമതി ചെയ്യാനും കഴിയില്ലെന്നും പറഞ്ഞു.

ലോകബാങ്ക് ഐഎംഎഫ് എന്നിവയോട് വിധേയത്വം പുലര്‍ത്തുന്നവരയല്ല, മറിച്ച് സാമ്പത്തിക ശാസ്ത്രം അറിയുന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന ഒരു ക്രൈസിസ് ടീമാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഇപ്പോള്‍ നിയമിച്ചിട്ടുള്ള കമ്മിറ്റികള്‍ യാതൊരു പ്രതീക്ഷയും തരുന്നില്ലെന്നും സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ടു. കമ്മിറ്റിയില്‍ ഉള്ള ആര്‍ക്കും സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് അറിവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹാര്‍വേഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം അധ്യാപകനായിരുന്നു സുബ്രഹ്മണ്യം സ്വാമി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലം മുതല്‍ സാമ്പത്തിക രംഗത്തെ പല തീരുമാനങ്ങളെയും പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍