UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യക്കും ഒളിമ്പിക് മെഡല്‍ നേടാം, ഈസിയായി; മത്സരയിനങ്ങള്‍ കേട്ടോളൂ

ശാലിനി ശശിധരന്‍

ഇന്ത്യക്കാര്‍ക്ക് കഴിവില്ലാഞ്ഞിട്ടാണ് ഒളിമ്പിക്‌സ് മെഡലുകള്‍ ഒന്നും കിട്ടാത്തത് എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? അല്ല സുഹൃത്തുക്കളെ, ഒരിക്കലും അല്ല! നമുക്ക് പ്രാവീണ്യമുള്ള മത്സരയിനങ്ങള്‍ ഒളിമ്പിക്‌സില്‍ ഇല്ല. അതുകൊണ്ട് അടുത്ത ടോക്കിയോ ഒളിമ്പിക്‌സില്‍ എങ്കിലും ഈ പുതിയ മത്സര ഇനങ്ങള്‍ അടിയന്തരമായി ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. ഈ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ ഇന്ത്യക്കാരെ, പ്രത്യേകിച്ച് ബെംഗളൂരുവിലെ ഇരുചക്ര ഡ്രൈവര്‍മാരെ അടിക്കാന്‍ ഒരു രാജ്യത്തിനും സാധിക്കില്ല. വളരെയധികം അപകട സാധ്യതയുള്ള സാഹസിക മത്സരങ്ങള്‍ ആയതു കൊണ്ട്, ഇന്ത്യന്‍ റോഡുകളോട് കിടപിടിക്കുന്ന പരിശീലന സൗകര്യങ്ങള്‍ ഉള്ള രാജ്യങ്ങളെ മാത്രമേ പങ്കെടുപ്പിക്കൂ.

മത്സര ഇനങ്ങള്‍ താഴെപ്പറയുന്നവയാണ്;

കുഴി വെട്ടിച്ചോട്ടം
തീരെ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ കുഴികളുള്ള, നല്ല വീതി കൂടിയ, ട്രാഫിക്ക് ഉള്ള റോഡില്‍ ആണ് ഈ മത്സരം നടക്കുന്നത്. അത്‌ലറ്റുകള്‍ ഇരുചക്ര വാഹനങ്ങളില്‍ ആണ് മത്സരിക്കേണ്ടത്. കുഴിയുടെ തൊട്ടു മുന്നില്‍ എത്തുന്നതുവരെ, അങ്ങനെ ഒരു സംഭവം അവിടെ ഉണ്ടെന്നു ഡ്രൈവര്‍മാര്‍ക്ക്, സോറി അത്‌ലറ്റുകള്‍ക്ക് ഒരു ക്ലൂവും കിട്ടരുത്. കുഴി മുന്നില്‍ കണ്ട ഉടനെ ‘ഇതിപ്പം എവിടുന്നു വന്നു?’ എന്ന് ഇന്നസെന്റ് സ്‌റ്റൈലില്‍ അന്തം വിട്ടു നില്‍ക്കാതെ, തിങ്ങി നിരങ്ങി പോകുന്ന മറ്റു വണ്ടികളില്‍ മുട്ടാതെ, വിദഗ്ദമായി വെട്ടിച്ച് മുന്നോട്ടു പോകണം. കുഴിയില്‍ ചാടിയാലോ, മറ്റു വണ്ടികളില്‍ മുട്ടിയാലോ ഡിസ്‌ക്വാളിഫൈ ചെയ്യുന്നതാണ്.

ബൈക്ക് കയാക്കിംഗ്
മണ്‍സൂണ്‍ കാലത്ത് ഇന്ത്യയിലെ, പ്രത്യേകിച്ചും മെട്രോകളിലെ ബൈക്ക് യാത്രക്കാരുടെ ഇഷ്ടവിനോദമാണിത്. ഒരടിയെങ്കിലും വെള്ളം പൊങ്ങിക്കിടക്കുന്ന റോഡിലാണ് ബൈക്ക് കയാക്കിംഗ് മത്സരം നടത്തേണ്ടത്. ബൈക്കിന്റെ ഹാന്‍ഡില്‍ ബാറിനു മുകളില്‍ കാല്‍ കയറ്റി വച്ചോ അല്ലെങ്കില്‍, രണ്ടു കാലുകളും 180 ഡിഗ്രിയില്‍ അകത്തിപ്പിടിച്ചോ വെള്ളത്തില്‍ മുങ്ങാതെ ബൈക്ക് ഓടിക്കണം. അതോടൊപ്പം തന്നെ മറ്റു മത്സരാര്‍ഥികളുടെ ദേഹത്ത് വെള്ളം തെറിപ്പിക്കുകയും ആകാം. കാല്‍ വെള്ളത്തില്‍ ചവിട്ടാതെ മത്സരം പൂര്‍ത്തിയാക്കുന്ന ആള്‍ വിജയിയാകും. പ്യൂമയുടെയും അഡിഡാസിന്റെയും നൈക്കിയുടെയും ഷൂ നനച്ചു കളയുന്നവരെ ഡിസ്‌ക്വാളിഫൈ ചെയ്യുന്നതാണ്.

ബ്രൈറ്റിനു ബ്രൈറ്റ്. ഡിമ്മിനും… ബ്രൈറ്റ്!
രാത്രി സമയത്താണ് ഈ സ്‌പോര്‍ട്‌സ് ഐറ്റം നടത്തേണ്ടത്. ചുരം റോഡ് പോലെ രണ്ടു വശത്തും കൊക്കയും പത്ത് പതിനെട്ടു ഹെയര്‍പിന്‍ വളവുകളും ഒക്കെ ഉണ്ടെങ്കില്‍ വളരെ നല്ലത്. അല്ലെങ്കില്‍ തീരെ വെളിച്ചം ഇല്ലാത്ത ടണല്‍ ആയാലും മതി. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്ല ശക്തിയുള്ള ഹെഡ്‌ലൈറ്റുള്ള വണ്ടികള്‍ ആവശ്യമാണ്. ഈ മത്സരത്തിന്റെ നിയമം വളരെ സിമ്പിള്‍ ആണെങ്കിലും ഇത് തരുന്ന ആവേശം വളരെ പവര്‍ഫുള്‍ ആണ്. ഇരുട്ടത്ത് കൂടി, എതിരെ മറ്റു വാഹനങ്ങള്‍ വരുമ്പോള്‍, മത്സരാര്‍ത്ഥികള്‍ ഹെഡ്‌ലൈറ്റ് പരമാവധിബ്രൈബറ്റാക്കി അവര്‍ക്കു നേരെ പാഞ്ഞു ചെല്ലണം. എതിര്‍കക്ഷി ഡിം അടിച്ചില്ലെങ്കില്‍ നമ്മുടെ ഹെഡ്‌ലൈറ്റ് മിന്നിച്ചോ, അല്ലെങ്കില്‍ കൈകൊണ്ടു ആംഗ്യം കാട്ടിയോ അവരെ ചലഞ്ച് ചെയ്യാവുന്നതാണ്. ഇനി എതിര്‍കക്ഷി ഡിം അടിച്ചു തന്നാല്‍, മത്സരാര്‍ത്ഥികള്‍ ഡിം അടിക്കരുത് എന്ന് മാത്രമല്ല ‘ഇവനൊരു ദുര്‍ബലന്‍ തന്നെ!’ എന്ന ഭാവത്തില്‍ അവരുടെ സൈഡിലേക്ക് വണ്ടി കയറ്റി ഓടിക്കുകയും ആവാം.ബ്രൈറ്റ് ലൈറ്റ് കണ്ണിലടിച്ച് കണ്ണടിച്ചു പോകുകയോ സൈഡിലെ കുഴിയിലേക്കോ കൊക്കയിലേക്കോ മറിയുകയോ ചെയ്യുന്നവര്‍ ഡിസ്‌ക്വാളിഫൈഡ് ആകുന്നതാണ്.

കുളം കര
നമ്മള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കളിച്ചിരുന്ന കുളം, കര അല്ല ഇത്. ഈ മത്സര ഇനത്തില്‍ രണ്ടു തരം കളിക്കാരാണുള്ളത്. റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വണ്ടിയില്‍ ഒരു ടീം. ഇപ്പോള്‍ റോഡിന്റെ നടുവിലേയ്ക്ക് ചാടും, ചാടില്ല എന്ന മട്ടില്‍ നില്‍ക്കുന്ന കാല്‍നടക്കാര്‍ രണ്ടാം ടീം. സീബ്രലൈനും സ്‌കൈ ബ്രിഡ്ജും ഉള്ള റോഡ് തന്നെ വേണം, പക്ഷെ കുളം, കര കളിക്കുന്ന കാല്‍നടക്കാര്‍ ഇവ രണ്ടും ഉപയോഗിക്കരുത്. എതിര്‍ ടീമിലെ കളിക്കാര്‍ വണ്ടിയില്‍ ചീറിപ്പാഞ്ഞു വരുമ്പോള്‍, ‘കുളം’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് റോഡിനു നടുവിലേയ്ക്ക് ചാടുകയും വണ്ടിക്കാര്‍ സ്ലോ ചെയ്യുമ്പോള്‍ തിരിച്ച്, റോഡിന്റെ അരികിലേക്ക് ചാടുകയും ചെയ്യാം. വണ്ടി ഇടിച്ചാല്‍ കൊണ്ടയാളും, ഇനി ഇടിക്കാതെ, വണ്ടി പാളി മറിഞ്ഞു വീഴുകയോ മറ്റു വണ്ടികളില്‍ തട്ടുകയോ ചെയ്താല്‍ വണ്ടി ഓടിച്ചയാളും ഡിസ്‌ക്വാളിഫൈഡ് ആകുന്നതാണ്.

വണ്‍വേ കയറിയോട്ടം
വളരെ ആവേശഭരിതമായ ഒരു മത്സരം ആണിത്. വണ്‍വേ എന്ന് വെണ്ടക്കാ അക്ഷരത്തില്‍ സൈന്‍ബോര്‍ഡ് വച്ച വഴിയില്‍ വേണം ഈ മത്സരം നടത്താന്‍. മത്സരിക്കുന്നവര്‍ ഈ റോഡിലേയ്ക്ക് ശരം വിട്ടത് പോലെ തെറ്റായ ദിശയില്‍ നിന്നും പ്രവേശിക്കണം. എതിരെ വരുന്ന വാഹനങ്ങളെ ഹോണ്‍ മുഴക്കിയും ലൈറ്റ് അടിച്ചു കാണിച്ചും പേടിപ്പിക്കാവുന്നതാണ്. എന്നാല്‍ ഒരു കാരണവശാലും സ്പീഡ് കുറയ്ക്കാനോ സൈഡ് ഒതുക്കാനോ പാടില്ല. എതിര്‍ വശത്ത് നിന്നും വണ്‍വേ ആണെല്ലോ എന്ന ആശ്വാസത്തില്‍ അടിച്ചു വിട്ടു വരുന്ന വണ്ടികളുടെ അടിയില്‍ പെട്ടാലോ, അഥവാ ഇനി വഴക്ക് കേട്ട് സൈഡില്‍ ഒതുക്കേണ്ടി വന്നാലോ ഡിസ്‌ക്വാളിഫൈഡ് ആകുന്നതാണ്.

ഓവര്‍ടേക്കിങ് മത്സരം 
ഇത് വെറും ഓവര്‍ടേക്കിങ് മത്സരമല്ല. ബസ്സുകളെ ഇരുചക്ര വാഹനക്കാര്‍ ഓവര്‍ടേക്ക് ചെയ്യുന്ന മത്സരം ആണ്. ബാംഗ്ലൂരില്‍ സ്ഥിരം നടക്കാറുള്ള ഒരു മത്സരം ആണിതെങ്കിലും ഒരു ഒളിമ്പിക് ഇനമാകാന്‍ ഇതിന് എല്ലാ യോഗ്യതയുമുണ്ട്. ഒരു ടീമില്‍ ഉള്ളവര്‍ ബസ് ആണ് ഓടിക്കേണ്ടത് (BMTC ഡ്രൈവര്‍മാരാണ് ഇതിനു ഏറ്റവും യോഗ്യര്‍, പ്രൈവറ്റ് ബസുകള്‍ ആയാലും മതി ) എതിര്‍ ടീം ബൈക്കുകാര്‍ ആണ്. ‘വലിയ വണ്ടിയല്ലേ’, എന്ന് വിചാരിച്ച് ബൈക്കുകാര്‍ ആദ്യം ബസ്സിന്റെ പുറകില്‍ നില്‍ക്കണം, എന്നാല്‍ വഴിയില്‍ ആര് കൈ കാണിച്ചാലും ബസ്സുകാര്‍ ഇടതു പിടിച്ച് യാതൊരു ഇന്‍ഡിക്കേറ്ററും ഇടാതെ, സഡന്‍ ബ്രെക്കിട്ടു നിറുത്തണം. ബൈക്കുകാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ബസ്സുകള്‍ പെട്ടെന്ന് തൊണ്ണൂറു ഡിഗ്രി വലത്തേക്ക് തിരിഞ്ഞു റോഡിന്റെ നടുവിലേക്ക് വരണം. ഇങ്ങനെ, ബസ്സിനെ ഓവര്‍ടേക്ക് ചെയ്തു മുന്നിലെത്തിയാല്‍ ബൈക്കുകാര്‍ ജയിക്കും. ഇനി ബസ്സിന്റെ അടിയില്‍ പെട്ടാല്‍, ബസ് ഡ്രൈവര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടാകുന്നതല്ല.

പശുവിനെ മേയ്ക്കല്‍
പോളോ പോലെയുള്ള ഒരു സാഹസിക മത്സര ഇനമാണിത്. പോളോയില്‍ കുതിരപ്പുറത്തിരുന്നു ഹോക്കി കളിക്കുന്നു, ഇവിടെ ഇരുചക്ര വാഹനത്തില്‍ ഇരുന്നു പശുവിനെ മേയ്ക്കുന്നു എന്ന വ്യത്യാസം മാത്രം. ഇതിനായി, തിരക്കുള്ള റോഡ്, ഘടാഘടിയന്മാരും എന്നാല്‍ ഉടമസ്ഥര്‍ ഇല്ലാത്തവരുമായ നല്ലയിനം പശുക്കള്‍ എന്നിവയാണ് ആവശ്യം (പശു തന്നെ വേണമെന്നില്ല, കാള, പോത്ത്, അത്യാവശ്യം വലിയ നായ, എന്തായാലും മതി). അത്‌ലെറ്റുകള്‍ മറ്റു വണ്ടികളെ ഓവര്‍ടെയ്ക്ക് ചെയ്തു വരുമ്പോള്‍, റോഡില്‍ ‘ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമേയല്ല’ എന്ന ഭാവത്തില്‍ പശുക്കളെ നിറുത്തണം. വേണമെങ്കില്‍ ഡിവൈഡറില്‍ നിന്നിറങ്ങി പശു പെട്ടെന്ന് വണ്ടിയുടെ മുന്നിലേയ്ക്ക് ചാടുകയും ആവാം. പശുവിന്റെ വാല് കൊണ്ട് അടി കിട്ടിയാലോ ദേഹത്ത് മുട്ടിയാലോ വണ്ടി ബാലന്‍സ് പോയി മറിഞ്ഞു വീണാലോ ഡിസ്‌ക്വാളിഫൈഡ് ആകുന്നതാണ്. കേരളത്തില്‍ അത്ര പ്രചാരത്തില്‍ ഇല്ലാത്തതും എന്നാല്‍ ബെംഗളൂരുവിലും മറ്റു നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രചാരത്തില്‍ ഉള്ളതുമായ ഒരു സ്‌പോര്‍ട്‌സ് ഐറ്റം ആണിത്.

ഇവ കൂടാതെ ലെയിന്‍ മാറിക്കളി, വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കല്‍, ഇടംവലം ഓവര്‍ ടേക്കിങ്, ബൈക്കിലിരുന്ന് വാട്‌സ്ആപ്പില്‍ ഉപന്യാസ രചന, ഇന്‍ഡിക്കേറ്റര്‍ ഇടാതെ ഇടംവലം തിരിയല്‍ അങ്ങനെ എണ്ണിയാല്‍ ഒതുങ്ങാത്ത സ്‌പോര്‍ട്‌സ് ഐറ്റംസ് നമ്മുടെ കയ്യിലുണ്ട്, പക്ഷെ എല്ലാ സ്വര്‍ണവും കൂടി ഇന്ത്യ വാരിയാല്‍ ശരിയാവില്ലല്ലോ! ഏത്?

പിന്‍കുറിപ്പ് : നമ്മുടെ ഓട്ടോഡ്രൈവര്‍മാരൊക്കെ റോഡിനു നടുവില്‍ കിടന്ന്, ഇന്റര്‍സെപ്ഷനും ടാക്ലിങും ഡ്രിബ്ലിങ്ങും ഒക്കെ ജീവന്‍ പണയം വച്ച് പ്രാക്റ്റീസ് ചെയ്യുന്നുണ്ടെന്ന കാര്യം മറക്കുന്നില്ല. അവരെ നമുക്ക് ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് പറഞ്ഞു വിടാം. ആ കപ്പും ഇങ്ങു പോരട്ടെ.

(ബെംഗളൂരുവില്‍ ഇലക്ടോണിക്‌സ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ ശാലിനി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

സോഷ്യല്‍ മീഡിയ സ്ത്രീ കൂട്ടായ്മയാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. തൊഴില്‍ കൊണ്ട് വിവിധ മേഖലകളില്‍ നിലകൊള്ളുന്നവരാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും. സ്ത്രീയെന്നാല്‍ അരങ്ങിലെത്തേണ്ടവളാണെന്ന ഉത്തമ ബോധ്യത്തോടെ തൂലിക ചലിപ്പിക്കുകയാണ് ഇവര്‍. അവരെഴുതുന്ന കോളമാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. മലയാളം ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് തന്നെ ഇത്തരമൊരു കോളം ആദ്യത്തേതാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍