UPDATES

ബദാമിബാഗ് മുതല്‍ പുല്‍വാമ വരെ; രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍

2000 ല്‍ ആയിരുന്നു കശ്മീരില്‍ ആദ്യമായി സൈനികര്‍ക്കു നേരെ ചാവേറാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്

പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെള്ളിയാഴ്ച്ച നടന്ന ചാവേര്‍ ബോംബാക്രമണം ഒരു നൂറ്റാണ്ടിനിടയില്‍ ജമ്മു-കശ്മീരില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ ഭീകരാക്രമണം. 43 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തുവുമായി മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ എത്തിയ ചാവേര്‍ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. വൈകീട്ട് 3.15ന് ആയിരുന്നു ശ്രീനഗറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അവന്തിപോരയില്‍ ഇന്ത്യയെ മൊത്തത്തില്‍ ഞെട്ടിച്ചുകൊണ്ട് ആക്രമണം നടക്കുന്നത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ചാവേറാക്രമണം ഇതിനു മുമ്പ് കശ്മീരില്‍ നടന്നിരിക്കുന്നത് 18 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 2001 ഒക്ടോബറില്‍ ശ്രീനഗറിലെ പഴയ നിയമസഭ സമുച്ചയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് കാര്‍ ഓടിച്ചു കയറ്റി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ അന്ന് 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. അവന്തിപ്പോരയില്‍ വെള്ളിയാഴ്ച്ചത്തെ ആക്രമണം ഉണ്ടാകുന്നതു വരെ കശ്മീരില്‍ നടന്നതില്‍വച്ച് ഏറ്റവും വലിയ ചാവേറാക്രമണം അതായിരുന്നു. 2002 മേയ് 14 ന് ജമ്മുവിലെ കലുചക് ആര്‍മി കന്റോണ്‍മെന്റിനു നേരെ നടന്ന ഭീകരാക്രമണമായിരുന്നു ശ്രീനഗറിലെ ചവേറാക്രമണം കഴിഞ്ഞാല്‍ കശ്മീരില്‍ സംഭവിച്ച മറ്റൊരു വലിയ ദുരന്തം. അന്ന് ഇന്ത്യക്ക് നഷ്ടമായത് 36 ജീവനുകളായിരുന്നു. 2000 ല്‍ ആയിരുന്നു കശ്മീരില്‍ ആദ്യമായി ചാവേറാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2000 ഏപ്രില്‍ 19 ന് ശ്രീനഗറിനടുത്ത് ബദാമിബാഗിലെ കരസേന ആസ്ഥാനത്തായിരുന്നു ഈ ചാവേറാക്രമണം നടക്കുന്നത്. സ്‌ഫോടകവസ്തുക്കളുമായി എത്തിയ കാര്‍ കരസേന ആസ്ഥാനത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് ജവാന്മാരാണ് അന്ന് കൊല്ലപ്പെട്ടത്.

2016 സെപ്തംബര്‍ 18 ന് പുലര്‍ച്ചെ അഞ്ചരയോടെ ഉറിയില്‍ സ്ഥിതി ചെയ്യുന്ന ആര്‍മി ബേസ് ക്യാമ്പിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണായിരുന്നു അവന്തിപ്പോര ആക്രമണം നടക്കുന്നതുവരെ സംസ്ഥാനത്ത് സൈനികര്‍ക്കു നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഉറിയിലേത്. രണ്ട് ദശാബ്ദക്കാലത്തിനിടയില്‍ കശ്മീരില്‍ സൈനികര്‍ക്കു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണം. 18 സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. അവന്തിപ്പോര ആക്രമണത്തിന്റെ ഉത്തരവാദികളെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്ന ജയ്‌ഷെ ഇ മൊഹമ്മദ് തന്നെയാണ് ഉറി ആക്രമണത്തിനു പിന്നിലുമെന്നാണ് ഇന്ത്യയുടെ പരാതി. നിയന്ത്രണ രേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഉറിയിലെ സൈനിക ക്യാമ്പിലേക്ക് കടന്നു വന്ന ഭീകരര്‍ മൂന്നു മിനിട്ടുകള്‍ക്കിടയില്‍ 17 ഗ്രനേഡുകളാണ് ക്യാമ്പുകളിലേക്ക് എറിഞ്ഞത്. സൈനികര്‍ ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ആക്രമണം. അപ്രതീക്ഷിതമായ ആക്രമണവും ആളിപ്പടര്‍ന്ന തീയുമാണ് സൈനികരുടെ ജീവനെടുത്തത്. ആറു മണിക്കൂറോളം ഭീകരരും സൈനികരും തമ്മില്‍ പോരാട്ടം നടന്നു. എത്തിയ നാലു ഭീകരരേയും വധിക്കുകയും ചെയ്തു.

2014 ലും ഭീകരര്‍ ഉറിയിലെ സൈനിക ക്യാമ്പിനു നേരെ ആക്രമണം നടത്തിയിട്ടുണ്ട്. നവംബര്‍ 24 നു നടത്തിയ ആ ആക്രമണത്തില്‍ 10 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്.

കശ്മീരില്‍ സൈനികരെ ലക്ഷ്യം വച്ചുള്ളത് ഉള്‍പ്പെടെ നടന്ന മറ്റ് പ്രധാന ഭീകരാക്രമണങ്ങള്‍ ഇവയാണ്;

2017 ഓഗസ്റ്റ് 26 ന് പുല്‍വാമ ജില്ലയിലെ ഡിസ്ട്രിക് പൊലീസ് ലൈന്‍സില്‍ എട്ട് സുരക്ഷ ഭടന്മാരെ വധിച്ചുകൊണ്ട് ജയ്‌ഷെ ഇ മൊഹമ്മദ് ഭീകരാക്രമണം നടത്തി.

2016 നവംബര്‍ 29 ജമ്മുവിലെ നഗ്രോതയിലുള്ള ആര്‍മി ആര്‍ട്ടിലറി ക്യാമ്പില്‍ മൂന്നു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

2016 ജൂണ്‍ 25 ന് ശ്രീനഗര്‍-ജമ്മു പാതയില്‍ സിആര്‍പിഎഫ് ബസിനു നേരെ വെടിയുതിര്‍ത്ത് ഭീകരര്‍ വധിച്ചത് എട്ട് സൈനികരെ.

2016 ജൂണ്‍ മൂന്നിന് പാമ്പോരയില്‍ സിആര്‍പിഎഫ് ബസിനു നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനിക ഉദ്യോഗസ്ഥരും ഒരു സിവിലയനും കൊല്ലപ്പെട്ടു.

2013 ജൂണ്‍ 24 ന് ശ്രീനഗറിലെ ഹൈദര്‍പോരയില്‍ സൈനിക ബസിനു നേരെ നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ രാജ്യം ബലികൊടുക്കേണ്ടി വന്നത് എട്ട് സൈനികരെയാണ്.

2008 ജൂലൈ 19 ന് 10 ജവാന്മാരെ കൊലപ്പെടുത്തിക്കൊണ്ട് ശ്രീനഗര്‍-ബാരാമുള്ള ഹൈവേയില്‍ ഭീകരര്‍ ബോംബ് സ്‌ഫോടനം നടത്തി.

2005 നവംബര്‍ രണ്ടിനു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മൊഹമ്മദ് സയീദിന്റെ നൗഗാമിലെ സ്വകാര്യ വസതിക്കു സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.

2005 ജൂലൈ 20 സൈനിക വാഹനത്തിനു സമീപം ഒരു ചാവേര്‍ ഭീകരന്റെ കാര്‍ പൊട്ടിത്തെറിച്ച് മൂന്നു സുരക്ഷ സൈനികര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

2005 ജൂണ്‍ 24 ന് ശ്രീനഗറില്‍ നടന്ന കാര്‍ബോംബ് ആക്രമണത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു.

2004 ഏപ്രില്‍ എട്ടിന് ബാരമുള്ള ജില്ലയിലെ ഉറിയില്‍ നടന്ന പിഡിപി റാലിക്കു നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

2004 ഓഗസ്റ്റ് നാലിന് ഒമ്പത് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ട് ശ്രീനഗറിലെ രാജ്ബാഗ് ക്യാപില്‍ ഭീകരാക്രമണം നടന്നു.

2003 ജൂണ്‍ 28 ന് സുന്‍ജ്വാന്‍ ആര്‍മി ക്യാമ്പിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടു.

2003 ജൂലൈ 22 ന് അഖ്‌നൂരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികരെ നഷ്ടപ്പെട്ടു.

2001 നവംബര്‍ 17 ന് ഇപ്പോള്‍ ദോദ ജില്ലയില്‍പ്പെട്ട രംബാനില്‍ നടന്ന ഭീകരാക്രമണത്തില്‍ 10 സുരക്ഷ ഭടന്മാര്‍ കൊല്ലപ്പെട്ടു.

2000 ഓഗസ്റ്റ് മാസം പത്താം തീയതി ശ്രീനഗറിലെ റസിഡന്‍സി റോഡില്‍ നടന്ന ഒരുചാവേര്‍ ബോംബാക്രമണത്തില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

1999 നവംബര്‍ മൂന്നിനു ശ്രീനഗറിലെ ബദാമിബാഗിലെ കരസേന ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മേജര്‍ അടക്കം 11 സൈനികരാണ് ഇന്ത്യക്കായി വീരമതൃത്യു വരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍