UPDATES

ദേശീയം

അദ്വാനിക്കും ജോഷിക്കും പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ അതൃപ്തിയുമായി സ്പീക്കര്‍ സുമിത്ര മഹാജനും

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മകന്‍ മന്‍ധര്‍ മഹാജന് സീറ്റ് നല്‍കണമെന്ന് സുമിത്ര മഹാജന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി നല്‍കിയിരുന്നില്ല.

മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിലാണ് സുമിത്ര മഹാജന്‍ അതൃപ്തി പ്രകടിപ്പിച്ചത്. തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുത് എന്ന് ആവശ്യപ്പെട്ട് സുമിത്ര മഹാജന്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. തന്റെ മണ്ഡലമായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സുമിത്ര മഹാജന്‍ ആവശ്യപ്പെട്ടു.

മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം തങ്ങളോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് പറയാതെ സംഘടനാ സെക്രട്ടറി രാം ലാല്‍ അറിയിച്ചതില്‍ അദ്വാനിയും ജോഷിയും അതൃപ്തരായിരുന്നു. ജോഷി തുറന്ന കത്തില്‍ തന്റെ മണ്ഡലമായ കാണ്‍പൂരിലെ വോട്ടര്‍മാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറില്‍ ഇത്തവണ അമിത് ഷായാണ് മത്സരിക്കുന്നത്. 75 വയസ് പിന്നിട്ടവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് ബിജെപിയുടെ കൂട്ടായ തീരുമാനമാണ് എന്ന് അമിത് ഷാ പറഞ്ഞു.

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മകന്‍ മന്‍ധര്‍ മഹാജന് സീറ്റ് നല്‍കണമെന്ന് സുമിത്ര മഹാജന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി നല്‍കിയിരുന്നില്ല. 75 വയസ് പിന്നിട്ടവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന് ബിജെപി തീരുമാനിച്ചിരുന്നു. സുമിത്ര മഹാജന് 76 വയസായി.

അഞ്ച് വര്‍ഷത്തിന് ശേഷമുള്ള അദ്വാനിയുടെ ബ്ലോഗ് ഇന്നലെയാണ് പുറത്തുവന്നത്. മോദി സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനവുമായാണ് അദ്വാനി ബ്ലോഗെഴുതിയത്. ബിജെപിയെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി കാണുന്ന രീതി പാര്‍ട്ടിക്കില്ലായിരുന്നുവെന്നും അദ്വാനി തുറന്നടിച്ചിരുന്നു. അതേസമയം എല്‍കെ അദ്വാനി എഴുതിയത് ബിജെപിക്കുള്ള അംഗീകാരമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ട്വീറ്റില്‍ വ്യാഖ്യാനിച്ചത്. മത്സരിക്കാനില്ലെന്നും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ ഉമ ഭാരതിയും പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍