UPDATES

ട്രെന്‍ഡിങ്ങ്

യുഎഇ സഹായം സ്വീകരിക്കാൻ ഇന്ത്യക്ക് തടസ്സമാകുന്നത് ‘സൂപ്പർപവർ സിൻഡ്രോം’?

അടിസ്ഥാനകാരണം രാഷ്ട്രീയമായിരിക്കാമെങ്കിലും അതിനെ മൂടിവെച്ച് കേന്ദ്ര സർക്കാർ പുറത്തുപറയുന്ന കാരണം, അല്ലെങ്കിൽ പുറത്തു കാണിക്കാനാഗ്രഹിക്കുന്ന കാരണം ഇന്ത്യ ഒരു ‘സൂപ്പർ പവറാണ്’ എന്നതാണ്!

യുഎഇ കേരളത്തിന് നൽകാമെന്ന് ആലോചിച്ച 700 കോടി രൂപയുടെ ധനസഹായം സ്വീകരിക്കാൻ ഇന്ത്യക്ക് എന്തുകൊണ്ടാണ് വിമുഖത? ഈ ചോദ്യത്തിന് പല ഉത്തരങ്ങൾ വരുന്നുണ്ട്. അവയിൽ പ്രധാനം, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തെക്കുറിച്ചുള്ളതാണ്. ബിജെപിയോട് ഏതെങ്കിലും തരത്തിലുള്ള അനുഭാവം കാണിക്കാൻ ദീർഘകാലമായി വിസമ്മതം പുലർത്തുന്ന സംസ്ഥാനമാണ് കേരളം. നിയമസഭയിൽ ആകെയുള്ള ഒരംഗം പോലും പാർട്ടിയുടെ സ്വാധീനശക്തി കൊണ്ടു മാത്രം ജയിച്ചു കയറിയതല്ല. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത സ്ഥിതി വിശേഷമാണിത്. ജനങ്ങൾ ഭൂരിഭാഗവും ബിജെപിയെ വർഗീയ പാർട്ടിയെന്നാരോപിച്ച് മാറ്റി നിറുത്തിയിരിക്കുന്നു. 2019ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റം ദേശീയനേതൃത്വം പ്രതീക്ഷിക്കുന്നുമില്ല. ഈ സാഹചര്യമാണ് കേരളത്തിന് പുറത്തു നിന്നുള്ള സഹായങ്ങൾ തടയുകയും അകത്തുനിന്നുള്ള സഹായം ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നതിനു പിന്നിൽ എന്നാണ് ആരോപണം.

യുഎഇയുടെ ധനസഹായം സ്വീകരിക്കുന്നതിനോട് കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുന്നതിന് നയതന്ത്രജ്ഞര്‍ കാണുന്ന കാരണം മറ്റൊന്നാണ്. അടിസ്ഥാനകാരണം രാഷ്ട്രീയമായിരിക്കാമെങ്കിലും അതിനെ മൂടിവെച്ച് കേന്ദ്ര സർക്കാർ പുറത്തുപറയുന്ന കാരണം, അല്ലെങ്കിൽ പുറത്തു കാണിക്കാനാഗ്രഹിക്കുന്ന കാരണം ഇന്ത്യ ഒരു ‘സൂപ്പർ പവറാണ്’ എന്നതാണ്! യാഥാർത്ഥ്യത്തോട് എത്രത്തോളം യോജിച്ചുപോകുന്നുണ്ട് ഈ ആഗ്രഹം എന്നത് അവിടെയിരിക്കട്ടെ. തങ്ങളെക്കാൾ ദരിദ്രരായ രാജ്യങ്ങൾക്ക് ധനസഹായം നൽകിയും മറ്റും ഒരു വല്യേട്ടൻ ആഖ്യാനം സ്വയമെടുത്തണിയാൻ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യത്തിൽ ബദ്ധശ്രദ്ധ പുലർത്തുന്നു.

2006-2007 കാലത്ത് 1300 കോടിയുടെ ചുറ്റുവട്ടത്തായിരുന്നു വിദേശരാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ ധനസഹായമെങ്കിൽ 2012-13 കാലത്ത് അത് 5000 കോടിയിലധികമായി ഉയർത്തപ്പെട്ടു. 2015-16 കാലയളവിൽ ഇന്ത്യ വിദേശരാജ്യങ്ങൾക്ക് സഹായധനമായി നൽകിയത് 7700 കോടി രൂപയാണ്. പണം കൂടാതെ സാധനങ്ങളും സഹായമായി എത്തിക്കുന്നുണ്ട് ഇന്ത്യ.

ഇത്രയും തുക ചെലവഴിച്ച് ഇന്ത്യ നിർമിച്ചെടുക്കാനാഗ്രഹിക്കുന്ന ഒരു പ്രതിച്ഛായയുണ്ട്. അത്, തങ്ങൾ മേഖലയിലെ ഒറു സൂപ്പർപവറാണ് എന്നതാകുന്നു. വ്യാജമായ ഈ പ്രതിച്ഛായ പക്ഷെ, ഇന്ത്യൻ സമൂഹത്തിലെ ഇടത്തരക്കാരുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നതിൽ ഭരണകൂടം ഏറെക്കുറെ വിജയിക്കുന്നുണ്ട്. സംഘപരിവാർ ബുദ്ധിജീവികൾ പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇന്ത്യയുടെ ഈ ഇല്ലാത്ത പ്രതിച്ഛായയെക്കുറിച്ചാണ്. അയൽനാട്ടിൽ പോയി ഇരക്കേണ്ട കാര്യമെന്ത് എന്നാണ് ചോദ്യം. എന്നാൽ, വിദേശധനസഹായം സ്വീകരിക്കില്ലെന്ന് വാശി പിടിക്കാനുള്ള നിലയിലേക്ക് നാം വളർന്നിട്ടില്ലെന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുച്ഛമായ സഹായധനത്തെ തെളിവായിട്ടെടുക്കാൻ അവർക്ക് മനസ്സ് വരുന്നില്ല. ഇതല്ല കാരണമെന്ന് വാദിക്കുന്നവരുണ്ടെങ്കിൽ രാഷ്ട്രീയ വിരോധം തന്നെയാണെന്ന് നിശ്ചയിക്കേണ്ടതായി വരും.

ഇല്ലാത്ത പ്രതിച്ഛായയിൽ കടിച്ചുതൂങ്ങി നിൽക്കുന്നതിന്റെ അബദ്ധത്തെക്കുറിച്ച് മുൻ നയതന്ത്രജ്ഞനായ ടിപി ശ്രീനിവാസൻ ഹിന്ദു പത്രത്തിൽ എഴുതിയ ഒരു ലേഖനം പറയുന്നുണ്ട്. ‘സൂപ്പർ പവർ സിൻഡോമിനെ മറികടക്കൂ’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ നിലവിലെ സാഹചര്യത്തിൽ, രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും എത്തുന്ന എല്ലാ സഹായങ്ങളും സ്വീകരിച്ച് തകർന്ന ഒരു സംസ്ഥാനത്തെ പുനർജീവിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ലഭിച്ചിട്ടുള്ള സഹായധനം കൊണ്ട് തകർന്നു കിടക്കുന്ന പ്രദേശങ്ങളുടെ ചെറിയൊരു ഭാഗത്തെപ്പോലും പുനർ‌നിർമിക്കാനാകില്ല എന്ന സത്യം കേന്ദ്രം മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയെ ‘സൂപ്പർപവര്‍’ ആക്കിത്തീർക്കുക എന്ന സ്വപ്നം തുടങ്ങുന്നത് യുപിഎ ഭരണകാലത്താണ്. 2004 ഡിസംബറിൽ സുനാമി ആഞ്ഞടിച്ചപ്പോൾ വിദേശസഹായം സ്വീകരിക്കാതെ ഇന്ത്യ ‘കരുത്ത്’ തെളിയിക്കാൻ ശ്രമിച്ചു. യുഎൻ രക്ഷാ കൗൺസിലിൽ അംഗത്വം കിട്ടാനുള്ള പെടാപ്പാടായിരുന്നു അത്. ബുദ്ധിമുട്ടിയത് സുനാമിയിൽ പെട്ടവരാണെന്നു മാത്രം.

2020ൽ സൂപ്പർപവറാകുക എന്ന ലക്ഷ്യത്തോടെ കാണിച്ചുകൂട്ടിയ വെപ്രാളങ്ങൾ എവിടെയെങ്കിലുമെത്തിയോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. രാജ്യത്തെ ജനങ്ങൾ കുറെയധികം ബുദ്ധിമുട്ടനുഭവിച്ചത് മാത്രം ബാക്കി. യുഎൻ രക്ഷാ കൗൺസിലിൽ ഇന്ത്യ ഇപ്പോഴും ഭാഗമല്ല.

ടിപി ശ്രീനിവാസൻ ചൂണ്ടിക്കാണിക്കുന്നതു പ്രകാരം, കേന്ദ്ര സർക്കാരിന്റെ മറ്റൊരു ഭീതി, സഹായങ്ങളെത്തുന്നത് ചാരന്മാരുടെ ഇടപെടലിന് കാരണമാകുമോ എന്നാണ്. സഹായമായെത്തുന്ന സാധനസാമഗ്രികളുടെ ചാക്കുകെട്ടിൽ നിന്ന് ചാരൻ പുറത്തുചാടുമോയെന്ന ഇരുപതാംനൂറ്റാണ്ടിന്റെ ഭീതി ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിന്തുടരുന്നതിനെ ടിപി ശ്രീനിവാസൻ പരിഹസിക്കുന്നു.

ദേശീയമായ ഒരു അടിയന്തിര സാഹചര്യം വരുമ്പോൾ അനാവശ്യമായ പൊങ്ങച്ചങ്ങൾ മാറ്റി വെക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് പറഞ്ഞാണ് ടിപി ശ്രീനിവാസൻ ലേഖനം അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍