UPDATES

ട്രെന്‍ഡിങ്ങ്

ജനാധിപത്യത്തിന് കേള്‍ക്കേണ്ട ശുഭവാര്‍ത്ത വന്നിട്ടില്ല; സുപ്രിം കോടതി തര്‍ക്കം തുടരുക തന്നെയാണ്

ചീഫ് ജസ്റ്റീസും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുന്നു

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല എന്നാണ് പത്രവാര്‍ത്തകളില്‍ നിന്നും താന്‍ മനസിലാക്കുന്നതെന്ന് അദ്ദേഹം ഇന്നുരാവിലെ എന്‍ഡിടിവിയോടു പറഞ്ഞിരിക്കുന്നു.എന്നാല്‍ ഇന്ന് കോടതിയുടെ പ്രവര്‍ത്തികള്‍ സുഗമമായി തുടങ്ങിയിരിക്കുന്നു. നാലു ജഡ്ജിമാരും ചീഫ് ജസ്റ്റീസും കോടതിയില്‍ എത്തി കേസുകള്‍ കേള്‍ക്കുന്നുണ്ട്

ഇന്നലെ രാവിലെ അഭിപ്രായ വ്യത്യാസമുള്ള ജഡ്ജിമാര്‍ തമ്മില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്‌നങ്ങള്‍ പരിഹാരമായെന്നും മാധ്യമ വാര്‍ത്തകള്‍ പുറത്തുവിന്നിലുന്നു. ഇത് വേണുഗോപാലും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികളും ശരിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ചന്‍ ഗൊഗോയ്, മദന്‍ ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നവെന്നും അതിനുശേഷം അവര്‍ തങ്ങളുടെ ഔദ്ധ്യോഗിക ചുമതലകള്‍ പതിവ് പോലെ നിര്‍വഹിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രശ്‌നത്തില്‍ മഞ്ഞുരുകി എന്നായിരുന്നു പൊതു ധാരണ.

ജസ്റ്റിസ് കര്‍ണ്ണന്‍ പരിഹസിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയെയാണ്

എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട് മയപ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് തയ്യാറല്ലെന്നതിന്റെ സൂചനകള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ആധാര്‍ അംഗീകരിക്കല്‍, സ്വവര്‍ഗ്ഗ ലൈംഗീകതയുമായി ബന്ധപ്പെട്ട കേസ് എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചില്‍ വിമത ശബ്ദം പുറപ്പെടുവിച്ച നാല് ജഡ്ജിമാരെ അദ്ദേഹം ഉള്‍പ്പെടുത്തിയില്ല. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാരെയാണ് സുപ്രധാന തീരുമാനം എടുക്കാനുള്ള ഭരണഘടന ബഞ്ചില്‍ നിന്നും അകറ്റി നിര്‍ത്തിയത് എന്നത് തന്നെ ഒത്തുതീര്‍പ്പിന് താന്‍ തയ്യാറല്ല എന്ന ചീഫ് ജസ്റ്റിസിന്റെ പ്രഖ്യാപനമായി വ്യാഖ്യാനിക്കപ്പെടുന്നു. ഭരണഘടന ബഞ്ചില്‍ ചീഫ് ജസ്റ്റിസിനെ കുടാതെ ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരാണുള്ളത്.

ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെടുന്ന ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിലും വെള്ളിയാഴ്ച നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ കേസ് അരുണ്‍ മിശ്രയുടെ ബഞ്ചില്‍ നിന്നും മാറ്റാനും ചീഫ് ജസ്റ്റിസ് തയ്യാറായില്ല. ജസ്റ്റിസുമാരായ മോഹന്‍ എം ശന്തരഗൗഡറും അരുണ്‍ മിശ്രയും അടങ്ങുന്ന ബഞ്ച് കേസ് ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നതില്‍ നിന്നും അരുണ്‍ മിശ്ര പിന്‍മാറുമോ എന്നതാണ് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ന് ഉയരുന്ന സുപ്രധാന ചോദ്യം. അദ്ദേഹം പിന്മാറിയാല്‍ പോലും ഇന്ത്യന്‍ ജനാധിപത്യത്തെ മുള്‍മുനയില്‍ നിറുത്തുന്ന പ്രശ്‌നത്തിന് ഉടനടി പരിഹാം ഉണ്ടാവാനുള്ള സാധ്യതകള്‍ കാണുന്നില്ല.

കോടതികള്‍ ചവിട്ടുനാടക വേദിയാകുമ്പോള്‍

ഇതിനിടെ ഇന്നലെ നടന്ന അനൗദ്യോഗിക യോഗത്തില്‍ ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാതായും ഇന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് ഇന്നലെ എടുത്ത നിലപാടുകളില്‍ വിമത ശബ്ദം പുറപ്പെടുവിച്ച നാല് ജഡ്ജിമാരുടെ നിലപാട് നിര്‍ണായകമാകും. അവര്‍ ദീപക് മിശ്രയുടെ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നതിന് അനുസരിച്ചാവും പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍. ഏതായാലും പ്രശ്‌നം രണ്ട് ദിവസത്തിനുള്ള പരിഹരിക്കും എന്നാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പ്രകടിപ്പിക്കുന്ന ശുഭപ്രതീക്ഷ.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍