UPDATES

വായിച്ചോ‌

യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് സുപ്രീം കോടതി കൈകാര്യം ചെയ്ത രീതി, കേന്ദ്ര സര്‍ക്കാരിന്റെ കാശ്മീര്‍ നടപടികളേക്കാള്‍ ആശങ്കാജനകം

പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക എന്നതിനപ്പുറം മറ്റെന്താണ് വളരെ പെട്ടെന്ന് പരിഗണിക്കേണ്ടതും കൂടുതല്‍ പ്രധാനപ്പെട്ടതുമായി സുപ്രീം കോടതിയെ സംബന്ധിച്ചുള്ളത്?

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയോട് സുപ്രീം കോടതി പ്രതികരിച്ച രീതി വളരെ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് അഭിപ്രായപ്പെടുകയാണ് ദ പ്രിന്റിലെ ലേഖനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മനീഷ് ചിബ്ബര്‍. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് മുന്നോടിയായും അതിന് ശേഷവും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ നടപടികളേക്കാളും അപകടകരമായത് സുപ്രീം കോടതിയുടെ പ്രതികരണമാണ് എന്ന് മനീഷ് ചിബ്ബര്‍ അഭിപ്രായപ്പെടുന്നു.

ഓഗസ്റ്റ്് 28നാണ് യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സുപ്രീം കോടതി അനുമതി നല്‍കിയത്. ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് യെച്ചൂരിക്ക് കാശ്മീരില്‍ പോയി തരിഗാമിയെ കാണാനുള്ള സൗകര്യമൊരുക്കണമെന്ന് ഉത്തരവിട്ടെങ്കിലും വിചിത്രമായ ഉപാധികളാണ കോടതി മുന്നോട്ടുവച്ചത്. രാഷ്ട്രീയ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തരുത് എന്ന് യെച്ചൂരിയോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം നടപടികളുണ്ടായാല്‍ അത് കോടതിയലക്ഷ്യമാകും എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. രാജ്യത്തെ ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്ന വ്യക്തിയോടാണ് കോടതി ഇത്തരത്തില്‍ പറഞ്ഞത്. യെച്ചൂരി കാശ്മീരില്‍ എന്തൊക്കെ ചെയ്യാന്‍ പാടും പാടില്ല എന്നെല്ലാം കോടതി ഉപാധി വയ്ക്കാന്‍ പാടില്ലായിരുന്നു.

ഓഗസ്റ്റ് 23ന് ജസ്റ്റിസുമാരായ എന്‍ വി രമണയുടേയും അജയ് രസ്‌തോഗിയുടേയും ബഞ്ചിന് മുന്നിലാണ് ആദ്യം ഹര്‍ജിയെത്തിയത്. അവര്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് കൈമാറുകയായിരുന്നു. ഭരണഘടനാപരമായ യാതൊരു പ്രശ്‌നവുമില്ലാത്ത വിഷയമാണ് കോടതി ഇത്തരത്തില്‍ അനാവശ്യമായി വലിച്ചുനീട്ടിയത്. ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കോടതി എടുത്തത് അഞ്ച് ദിവസമാണ്. അതും ഒരു പൗരന്റെ ജീവനേയും സ്വാതന്ത്ര്യത്തേയും സംബന്ധിച്ച് പ്രധാന കാര്യത്തില്‍. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക എന്നതിനപ്പുറം മറ്റെന്താണ് വളരെ പെട്ടെന്ന് പരിഗണിക്കേണ്ടതും കൂടുതല്‍ പ്രധാനപ്പെട്ടതുമായി സുപ്രീം കോടതിയെ സംബന്ധിച്ചുള്ളത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായാണ് ഇവിടെ പരാതി.

ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം മറന്ന കോടതി ചെയ്തത് കാശ്മീരിലെ സുരക്ഷയും പരമാധികാര പ്രശ്‌നവുമെല്ലാം വച്ച്, കാര്യങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതി പരിഗണിക്കേണ്ടത് ഒരാളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമപരമായാണോ, ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണോ എന്നൊക്കെ മാത്രമാണ്. നിങ്ങള്‍ എന്തിന് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു, ഇതിന്റെ ഉദ്ദേശം വ്യക്തമാക്കണം എന്നൊന്നും കോടതി ആവശ്യപ്പെടാഞ്ഞത് ആശ്വാസം – മനീഷ് ചീബ്ബര്‍ പറയുന്നു.

വായനയ്ക്ക്: Supreme Court’s handling of Kashmir habeas corpus more worrisome than Modi govt’s clampdown

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍