UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടികളുടെ ദിവസം, യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ അനുമതി ലഭിച്ചത് സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനൊടുവില്‍

നോട്ടീസ് അയച്ചാൽ അന്താരാഷ്ട്ര പ്രത്യാഘാതമുണ്ടാക്കുമെന്ന കേന്ദ്രത്തിൻ്റെ വാദവും സുപ്രീം കോടതി തള്ളി

ഈ മാസം നാലാം തീയതി മുതല്‍ കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ക്ക് ആദ്യ തിരിച്ചടി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകനെ കാണാന്‍ സുപ്രീം കോടതി നല്‍കിയ അനുമതിയാണ് സര്‍ക്കാരിന് തിരിച്ചടിയായത്. ഇതിന് പുറമെ കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കിയ ഭരണഘടനയിലെ 370-ഉം 35 എ വകുപ്പും റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചതും സര്‍ക്കാരിന് തിരിച്ചടി തന്നെയാണ്.  ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു.

കാശ്മീരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 14-ഓളം ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. അതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമുണ്ടായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ യൂസഫ് തരിഗാമിയെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹത്തെ ഹാജരാക്കണമെന്നുമായിരുന്നു ഹര്‍ജി. തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ തരിഗാമിയെ യെച്ചൂരി ഇപ്പോള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. യുസഫ് തരിഗാമി എവിടെയാണെന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹം ഇസെഡ് കാറ്റഗറി സുരക്ഷയില്‍ കഴിയുകയാണെന്നായിരുന്നു മേത്തയുടെ മറുപടി. ഇസെഡ് കാറ്റഗറി ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം, ഒരു പൗരന് രാജ്യത്ത് എവിടെയും സന്ദര്‍ശിക്കാന്‍ അധികാരമുണ്ട്, അദ്ദേഹത്തെ തടയാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ഇതിന് ശേഷമാണ് യെച്ചൂരിയ്ക്ക് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ യെച്ചൂരി തരിഗാമിയെ സന്ദർശിക്കുകയല്ലാതെ  മറ്റൊരു സ്ഥലത്തും പോകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഒരു പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. ഇതൊരു രാഷ്ട്രീയ സന്ദര്‍ശനമായിരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശ്രീനഗറില്‍ തരിഗാമിയെ സന്ദര്‍ശിക്കാന്‍ മാത്രമാണ് അനുമതിയെന്ന് കോടതി വ്യക്തമാക്കിയത്. മറ്റാരെയും കാണാന്‍ യെച്ചൂരിക്ക് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് യെച്ചൂരിക്ക് യാത്രാ അനുമതി നല്‍കിയത്. അതേസമയം കടുത്ത നിയന്ത്രണങ്ങളോടെയാണ് യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ അനുമതി നല്‍കിയതെന്നും ശ്രദ്ധേയമാണ്.

ഇതിനു പുറമെ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായത് 370-ാം വകുപ്പുമായി ബന്ധപ്പെട്ട കോടതി തീരുമാനമാണ്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ബഞ്ചിന് വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഒക്ടോബറില്‍ കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിക്കും. അഡ്വ. എം.എല്‍ ശര്‍മയാണ് 370 -ാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് കേസ് ഭരണഘടന ബഞ്ചിന് വിടാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം. ഇത് തള്ളിയാണ്  കേന്ദ്ര സർക്കാറിന്  നോട്ടീസ് അയച്ചത്. നിയമവിരുദ്ധമായാണ് 370-ാം വകുപ്പ് റദ്ദാക്കിയതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഗവര്‍ണര്‍ ഭരണം പോലും നിയമപരമായി ആ സമയത്ത് ഉണ്ടായിരുന്നില്ലെന്ന് അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.

ജമ്മു കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കിടെ കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ ഇടനിലക്കാരനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി തള്ളുകയും ചെയ്തു.

മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്ത ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കാശ്മീര്‍ ടൈംസിന്റെ എക്സിക്യുട്ടീവ്‌ എഡിറ്ററായ അനുരാധ ബാസിന്‍ നല്‍കിയ ഹര്‍ജിയില്‍ വൃന്ദ ഗ്രോവറാണ് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായത്. 24 ദിവസമായി മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായി അവര്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് കേന്ദ്രത്തിനും ജമ്മു കാശ്മീര്‍ സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ വിഷയത്തില്‍ ഇതുവരെ കോടതി ഇടപെടലുണ്ടായിരുന്നില്ല. കാശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം അറസ്റ്റിലാണ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചുവെങ്കിലും സര്‍ക്കാര്‍ തടയുകയായിരുന്നു. സീതാറാം യെച്ചൂരിക്ക് തന്റെ പാര്‍ട്ടി പ്രവര്‍ത്തകനെ കാണാന്‍ അനുമതി നല്‍കിയതോടെ ഇനി സന്ദര്‍ശനത്തിനുള്ള വിലക്കുകളില്‍ അയവുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.

മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിലും സര്‍ക്കാരിന് എന്തെങ്കിലും നടപടിയെടുക്കേണ്ട സാഹചര്യമാണ് കോടതി നിര്‍ദ്ദേശം ഉണ്ടാക്കിയിരിക്കുന്നത്.

Also Read: പൗരനെ തടയാനുള്ള അധികാരം ഭരണകൂടത്തിനില്ല; തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് അനുമതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍