UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യത മൗലികാവകാശ വിധിയിലെ നിരീക്ഷണങ്ങള്‍ ആധാറിന് സഹായകമോ?

പൗരന്മാരുടെ വിവരം ശേഖരിക്കുന്നതില്‍ ഗവണ്‍മെന്റിന് യുക്തിസഹമായ കാരണങ്ങളുണ്ടാകാമെന്നാണ് കോടതി പറയുന്നത്.

സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി ആധാറിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ക്കിടയിലും, പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി നടത്തിയിരിക്കുന്ന നിരീക്ഷണം ഫലത്തില്‍ ആധാറിന് സഹായമായേക്കുമെന്നുമുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. അഞ്ചംഗ ബഞ്ചാണ് ആധാര്‍ നിര്‍ബന്ധമാക്കണോ എന്ന കാര്യം പരിഗണിക്കുന്നത്.

ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും വ്യക്തികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നു കാണിച്ച് ആധാറിനെതിരെ നല്‍കിയ ഹര്‍ജികളാണ് അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യത ഭരണഘടനാപരമായ മൗലികാവകാശമാണ് എന്ന വാദം ഉയര്‍ന്നുവന്നതോടെയാണ് ഒമ്പത് ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലേയ്ക്ക് കേസ് മാറിയത്. സ്വകാര്യത മൗലികാവകാശമാണെന്ന് വ്യക്തമാക്കി വിധി വന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായി. എന്നാല്‍ ദേശീയ സുരക്ഷയ്ക്കപ്പുറം പൗരന്മാരുടെ വിവരം ശേഖരിക്കുന്നതില്‍ ഗവണ്‍മെന്റിന് യുക്തിസഹമായ കാരണങ്ങളുണ്ടാകാമെന്നാണ് കോടതി പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വാദം സുപ്രീംകോടതിയും എടുത്തുകാട്ടുന്നുണ്ട്. അര്‍ഹതയില്ലാത്തവര്‍ ആനുകൂല്യം നേടുന്നത് ഒഴിവാക്കാനും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഗുണം കിട്ടുന്നതിനുമായി ആധികാരികമായ വിവരശേഖരണം ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെടുന്നു. സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ച് ഇത്തരം വിവരശേഖരണം നടപ്പാക്കണമെന്നാണ് കോടതി അഭിപ്രായപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍