UPDATES

ട്രെന്‍ഡിങ്ങ്

ദി ഹിന്ദു റിപ്പോർട്ടിലെ റാഫേൽ രേഖകൾ മോഷ്ടിച്ചതെന്ന് കേന്ദ്രം; മോഷണത്തിൽ എന്തു നടപടിയെടുത്തെന്ന് കോടതി

‘രഹസ്യ സ്വഭാവമുള്ള രേഖകളാണിവ. ഇവ കൈക്കലാക്കുന്നത് സീക്രസി ആക്ടിന്റെ ലംഘനമാണ്. ‘

റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിൽ ‌ഫ്രഞ്ച് സർക്കാരിൽ നിന്ന് ബാങ്ക് ഗ്യാരണ്ടിയോ സോവറൈൻ ഗ്യാരണ്ടിയോ വാങ്ങിയെടുക്കാൻ ഇന്ത്യക്ക് സാധിക്കാതെ പോയതുമായി ബന്ധപ്പെട്ട് ദി ഹിന്ദു പത്രത്തിൽ‌ ഇന്നുവന്ന റിപ്പോർട്ടിലെ രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്നും മോഷ്ടിച്ചെടുത്തതാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ. ഈ രേഖകൾ പുറത്തുവിടുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ അവ കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് അറ്റോർണിയ ജനറൽ കോടതിയെ അറിയിച്ചു. റാഫേൽ കരാറുമായി ബന്ധപ്പെട്ടുള്ള രണ്ട് ഹരജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ദി ഹിന്ദു റിപ്പോർട്ടുകൾ പ്രകാരം റാഫേൽ കരാറിൽ സർക്കാർ കോടതിയോട് നുണ പറഞ്ഞെന്ന് വ്യക്തമായെന്നും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും ഹരജിക്കാരിലൊരാളായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

അതെസമയം, പ്രതിരോധരേഖകൾ മോഷ്ടിച്ചെന്ന സർക്കാരിന്റെ വാദത്തോട് ദി ഹിന്ദുവിന്റെ എൻ റാം പ്രതികരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നത് പൊതുതാൽപര്യത്തിലുള്ള കാര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ച് തങ്ങൾ നില കൊള്ളുമെന്നും മാധ്യമങ്ങൾ തങ്ങളുടെ റിപ്പോർട്ടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

റാഫേൽ കരാർ: ബാങ്ക് ഗ്യാരണ്ടി നൽകാൻ ഫ്രാൻസ് വിസമ്മതിച്ചത് കരാർ തുക കൂട്ടി; കാരണമായത് പ്രധാനമന്ത്രിയുടെ ഇടപെടൽ; പ്രതിരോധ രേഖകൾ സഹിതം ദി ഹിന്ദു റിപ്പോർട്ട്

ദി ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച രേഖകൾ മോഷ്ടിച്ചതാണെന്ന് വാദമുയർത്തിയ അറ്റോർണി ജനറലിനോട് എന്തെല്ലാം നടപടികളാണ് ഇതിന്മേലെടുത്തതെന്ന് കോടതി ചോദിക്കുകയുണ്ടായി. ഇന്നുച്ച തിരിഞ്ഞ് ഇക്കാര്യങ്ങൾ വിശദമായി അറിയിക്കാൻ അറ്റോർണി ജനറലിനോട് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആവശ്യപ്പെട്ടു.

ദി ഹിന്ദു പത്രം പ്രതിരോധ രേഖകൾ മോഷ്ടിച്ചെന്ന ആരോപണത്തിനൊപ്പം പ്രസ്തുത രേഖകൾ തങ്ങളുടെ വാർത്തയ്ക്ക് അനുസൃതമായ രീതിയിൽ ഉപയോഗിച്ചെന്നും സർക്കാർ പറയുന്നുണ്ട്. രഹസ്യ സ്വഭാവമുള്ള രേഖകളാണിവ. ഇവ കൈക്കലാക്കുന്നത് സീക്രസി ആക്ടിന്റെ ലംഘനമാണ്. ഇതിന്മേൽ സർക്കാർ അന്വേഷണം നടത്താൻ‌ പോകുകയാണെന്നും അറ്റോർണി ജനറൽ പറഞ്ഞു.

ഇന്നുച്ച തിരിഞ്ഞും വാദങ്ങൾ തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍