UPDATES

ട്രെന്‍ഡിങ്ങ്

രാഷ്ട്രീയ പാർട്ടികൾക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന് ജനം എന്തിനറിയണം? കേന്ദ്രം സുപ്രീം കോടതിയില്‍

ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഹരജികളിന്മേൽ സുപ്രീംകോടതി ഇന്ന് വിധി പറയും

അജ്ഞാതരായിരുന്ന് രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന ചെയ്യാൻ വഴിയൊരുക്കുന്ന ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഹരജികളിന്മേൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇലക്ടറൽ ബോണ്ടുകളുടെ വിഷയത്തിൽ അതാര്യത-സുതാര്യത, സ്വകാര്യതയ്ക്കുള്ള അവകാശം-അറിയാനുള്ള അവകാശം, കള്ളപ്പണം-നിയമവിധേയമായ പണം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് കോടതിക്കു മുമ്പിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥ, സുതാര്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുന്നതും, വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതും, കള്ളപ്പണത്തെ നിയമവിധേയമാക്കുന്നതുമാണെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ ഇതിനെ സർക്കാർ ശക്തമായി എതിർക്കുന്നു.

വെള്ളിയാഴ്ച അഡ്വക്കറ്റ് ജനറൽ കെകെ വേണുഗോപാൽ വാദിച്ചത് ഇപ്രകാരമായിരുന്നു: “സുതാര്യയാകരുത് മന്ത്രം. എന്റെ അഭിപ്രായം, വോട്ടർമാർക്ക് അവരുടെ സ്ഥാനാർത്ഥികളെക്കുറിച്ച് അറിയാൻ അവകാശമുണ്ട്. എന്തിനാണ് രാഷ്ട്രീയ പാർട്ടികൾക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന് അവരറിയുന്നത്?” ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചിനു മുമ്പിലായിരുന്നു വേണുഗോപാലിന്റെ ഈ വാദം.

ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയായി വേണുഗോപാൽ പ്രധാനമായും വാദിച്ചത് രാഷ്ട്രീയവൈരത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് സംഭാവന ചെയ്യുകയും മറ്റൊന്നിന് സംബാവന ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ സംഭാവന ചെയ്യുന്നയാൾ ഇരയാക്കപ്പെടാനുള്ള സാധ്യത കൂടുന്നു. ഇത് തടയുകയാണ് അതാര്യത പാലിക്കുന്നതിലൂടെ ചെയ്യുന്നതെന്ന സർക്കാരിന്റെ വാദം വേണുഗോപാൽ മുമ്പോട്ടു വെച്ചു. അതാര്യതയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥയല്ലേ ഇലക്ടറൽ ബോണ്ടുകൾക്കുള്ളതെന്നും അവ വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ തടയുകയല്ലേ ചെയ്യുന്നതെന്നുമുള്ള ജസ്റ്റിസ് ഗുപ്തയുടെ ആശങ്കയെ നേരിടവെ ‘നിലവിലുള്ള യാഥാർത്ഥ്യങ്ങളെ കാണണ’മെന്ന് വേണുഗോപാൽ പറഞ്ഞു.

അറിയാനുള്ള അവകാശം മാത്രമല്ല നിലനിൽക്കുന്നതെന്നും സ്വകാര്യതയ്ക്കുള്ള അവകാശവും നിലനിൽക്കുന്നുണ്ടെന്നും അറ്റോർണി ജനറൽ വാദിച്ചു. ബാങ്കുകൾക്കും ആരാണ് ഫണ്ട് നൽകുന്നതെന്ന് അറിയാൻ കഴിയില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം വേണുഗോപാലിന് നൽകാൻ സാധിച്ചില്ല. കെവൈസി (നോ യുവർ കസ്റ്റമർ) നൽകിയതിനു ശേഷമേ സംഭാവന നൽകാനാകൂ എന്നും ബാങ്കുകൾക്ക് കസ്റ്റമറെ മനസ്സിലാക്കാനാകുമെന്നുമായിരുന്നു മറുപടി. എന്നാൽ, കെവൈസി എന്നത് കസ്റ്റമറെ അറിയാൻ മാത്രമേ സഹായിക്കൂ എന്നും അത് ഇടപാടിൽ കള്ളമില്ലെന്ന് ഉറപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. കള്ളപ്പണം ഇല്ലാതാക്കാനുള്ള പദ്ധതികള്‍ക്കെല്ലാം വിരുദ്ധമാകില്ലേ ഇലക്ടറൽ ബോണ്ടിലെ വ്യവസ്ഥയെന്ന് ഈ സന്ദർഭത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചോദിച്ചു.

ആകെ 221 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റതിൽ 210 കോടിയും ബിജെപിക്കാണ് പോയതെന്ന വസ്തുത അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എഡിആറിനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷന്റെ വാദങ്ങൾ.

സിപിഎമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും സമർപ്പിച്ച ഹരജികളിലാണ് വാദം കേൾക്കൽ നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍