UPDATES

ബീഫ് രാഷ്ട്രീയം

കന്നുകാലി വില്‍പ്പന നിയന്ത്രണ ചട്ടം; വരാനിടയുള്ളത് പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് തന്നെ

വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു

2017 മെയ് 23ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത കന്നുകാലി വില്പന നിയന്ത്രണ ചട്ടം കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്യുകയുണ്ടായി. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെ അനുബന്ധമായാണ് കേന്ദ്ര സർക്കാർ പുതിയ ചട്ടം അവതരിപ്പിച്ചത്. പ്രാരംഭഘട്ടം മുതൽക്കുതന്നെ വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച പ്രസ്തുത വിജ്ഞാപനത്തെ ചോദ്യം ചെയ്ത് അഖിലേന്ത്യാ കിസാൻസഭയും ഖുറേഷി ആക്ഷൻ കൗൺസിലും പശ്ചിമ ബംഗാൾ സർക്കാരും ഉൾപ്പടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി രൂപീകരിച്ച ചട്ടങ്ങളെ പരമോന്നത കോടതിയിൽ ന്യായീകരിക്കാൻ കഴിയാതെ, ഉയർന്ന വിമർശനങ്ങൾ പരിഗണിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊള്ളാമെന്ന ഉറപ്പു നൽകി തടിയൂരേണ്ട ഗതികേടായിരുന്നു കേന്ദ്രസർക്കാരിനുണ്ടായത്. മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ നിലനിക്കുന്നതിനാൽ ഇനിയൊരു സ്റ്റേ വേണ്ടെന്ന ദുർബല വാദം കേന്ദ്രം ഉയർത്തിയെങ്കിലും രാജ്യത്തെ വ്യത്യസ്ത സംഭവങ്ങൾ ഹർജിക്കാർ ചൂണ്ടികാണിച്ചതോടെ പ്രസ്തുത വിജ്ഞാപനം രാജ്യവ്യാപകമായി സ്റ്റേ ചെയ്യുന്നതായി ഉത്തരവിൽ വ്യകതമാക്കാനും സുപ്രീം കോടതി തയ്യാറായി.

എന്തുകൊണ്ട് കന്നുകാലി വില്പന നിയന്ത്രണ ചട്ടം നിയമപരമായി നിലനിൽക്കില്ല?

നിർമിക്കപ്പെടുന്ന ഓരോ നിയമങ്ങളും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതാകണമെന്ന് നിരവധി കേസുകളിൽ സുപ്രീം കോടതി അസന്ദിഗ്ദ്ധമായി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തപ്പെട്ട നിരവധി നിയമങ്ങളും ചട്ടങ്ങളും വിവിധ കാലങ്ങളിലായി കോടതി റദ്ദാക്കിയിട്ടുമുണ്ട്.

കേന്ദ്രം പുതുതായി കൊണ്ടുവന്ന കന്നുകാലി വില്പന നിയന്ത്രണ ചട്ടം ഭരണഘടയുടെ 19(1 )(g ), 21, 25, 29 തുടങ്ങിയവയുടെ നഗ്നമായ ലംഘനമാണ്. നിയമപരമായ ഏതൊരു തൊഴിലും സ്വീകരിക്കാനും മാന്യമായി ജീവിക്കാനും മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും ന്യൂനപക്ഷ സംരക്ഷണവും ഉറപ്പുവരുത്തുന്ന മേല്പറഞ്ഞ അനുച്ഛേദങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രസ്തുത ചട്ടങ്ങൾ നിലനിൽനിൽക്കുന്നതല്ല എന്നതായിരുന്നു കിസാൻസഭയുടെ പരാതിയിലെ പ്രധാന വാദം. ഒപ്പം 1960 നിയമം തന്നെ അനുവദിച്ചിട്ടുള്ള ഭക്ഷണാവശ്യങ്ങൾക്കും മതപരമായ ആവശ്യങ്ങൾക്കുമുള്ള കശാപ്പിനുള്ള അവകാശം പുതിയ ചട്ടങ്ങളിലൂടെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സുപ്രീംകോടതി മുൻപാകെ വാദങ്ങളുയർന്നു.

രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന സമീപനമാണ് പുതിയ ചട്ടങ്ങൾ. വിപണിയുടെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്തിന്റെ അധികാരമാണെന്നിരിക്കെ അതിനെ കവർന്നെടുക്കാനാണ് പുതിയ ഉത്തരവിലൂടെ കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ബിജെപിയുടെയും ആർഎസ്എസ്സിന്റെയും രാഷ്ട്രീയ നിലപാടുകളെ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ദുശ്ശാഠ്യത്തിനു മുൻപിൽ തകർന്നുപോകുന്നത് രാജ്യത്തെ കാര്ഷികമേഖലയാണ്. വിവാഹവും മരണവും ചികിത്സയും പോലുള്ള വ്യക്തിപരമായ സാമ്പത്തിക ആവശ്യങ്ങളെ ഒരു പരിധിവരെ കർഷകര്‍ അതിജീവിച്ചിരുന്നത് തങ്ങളുടെ ഉരുക്കളെ വിറ്റുകിട്ടുന്ന പണം കൊണ്ടായിരുന്നു. വരൾച്ച പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ സ്വന്തം കുഞ്ഞുങ്ങൾക്കുപോലും ഭക്ഷണവും വെള്ളവും നൽകാൻ കെൽപ്പില്ലാത്ത ഇന്ത്യൻ ഗ്രാമീണ കര്‍ഷകരോടാണ് ഉരുക്കളെ പോറ്റാൻ കേന്ദ്രം ആവശ്യപ്പെടുന്നത്.

ഏതൊരു ഉത്പ്പന്നവും വാങ്ങാനും വിൽക്കാനുമുള്ള വിപണിയുടെ സ്വാതന്ത്രത്തിനും സർക്കാർ കൂച്ചുവിലങ്ങിടുന്നു. 90 ശതമാനം നിരക്ഷര കർഷകരുള്ള ഒരു നാട്ടിൽ ഉരുവിനെ വിൽക്കുന്നവനും വാങ്ങുന്നവാനും തങ്ങൾ കര്‍ഷകരാണെന്നും ഉരുവിന്റെ കൈമാറ്റം കാർഷികാവശ്യത്തിനു മാത്രമാണെന്നും കശാപ്പിനല്ലെന്നും സത്യവാങ്മൂലം നൽകണമെന്ന് ശഠിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് കർഷക വിരുദ്ധമാണെന്ന് സംഘപരിവാർ അനുകൂല കർഷക സംഘടനകൾക്കു പോലും വ്യക്തമാകുന്നതാണ്. മാത്രമല്ല വാങ്ങുന്ന വ്യക്തി നിർബന്ധമായും ആറുമാസക്കാലം ഉരുവിനെ കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയും പുതിയ ചട്ടത്തിലുണ്ടായിരുന്നു.

20 മുതൽ 25 വര്‍ഷം വരെ ജീവിതായുസുള്ള ഒരു പശുവിൽ നിന്നോ എരുമയിൽ നിന്നോ പാൽ ലഭിക്കുന്നത് പത്തോ പന്ത്രണ്ടോ വര്‍ഷം മാത്രമാണ്. ഉത്പാദനക്ഷമമല്ലാത്ത കന്നിനെ ശിഷ്ടകാലം കൂടി കർഷകൻ പോറ്റണമെന്നാണ് സർക്കാർ ശഠിക്കുന്നത്. മേൽപ്പറഞ്ഞ നിബന്ധനകൾ അനുസരിച്ച് കന്നിനെ പോറ്റുകയെന്നത് ലാഭകരമല്ലാത്തതിനാൽ കാലക്രമേണ കാർഷിക വൃത്തി ഉപേക്ഷിക്കാൻ കർഷകര്‍ നിര്‍ബന്ധിതരാക്കപ്പെടും. ഇത് രാജ്യത്തെ കാർഷിക മേഖലയെ, വിശിഷ്യാ ക്ഷീര മേഖലയെ പ്രതികൂലമായി ബാധിക്കുകയും പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കാനിടയാക്കുകയും ചെയ്യും.

തിരിച്ചടി നേരിടുന്ന മറ്റൊരു മേഖലയാണ് മാംസവ്യാപാരം, ഒപ്പം ഇഷ്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും.

പുതിയ ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്നു തിരിച്ചറിഞ്ഞത് കൊണ്ടുതന്നെയാണ് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിന് ചട്ടങ്ങളിൽ ഭേദഗതിവരുത്താൻ സർക്കാർ തയ്യാറാണെന്ന നിലപാട് കോടതിയിൽ സ്വീകരിക്കേണ്ടി വന്നത്.

ഏതായാലും സർക്കാരിന്റെ രാഷ്ട്രീയ നയങ്ങളിൽ മാറ്റം വരാനിടയില്ലാത്തതിനാൽ ചെറിയ ചില മാറ്റങ്ങളോടെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെത്താനാണ് സാധ്യത. ഏതായാലും തയ്യാറായിരിക്കുക, പുതിയ പോരാട്ടങ്ങൾക്കായി, കോടതിക്കകത്തും പുറത്തും.

 

അഡ്വ. സുഭാഷ്‌ ചന്ദ്രന്‍ കെ.ആര്‍

അഡ്വ. സുഭാഷ്‌ ചന്ദ്രന്‍ കെ.ആര്‍

സുപ്രീം കോടതി അഭിഭാഷകന്‍, കിസാന്‍ സഭയ്ക്ക് വേണ്ടി ഹാജരായി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍