UPDATES

ട്രെന്‍ഡിങ്ങ്

ഡിപ്പാർട്ട്മെന്റ് അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കാൻ സുപ്രീംകോടതി വിധി; സർവ്വകലാശാലകളിലെ അധ്യാപക തസ്തികകളിൽ ദളിത്-ഒബിസി പ്രാതിനിധ്യം കുറയും

സർവ്വകലാശാലകളിലെ ഓരോ ഡിപ്പാർട്ടുമെന്റുകളെയും പ്രത്യേകം യൂണിറ്റുകളായി കണക്കാക്കി അവയ്ക്ക് പ്രത്യേകമായി സംവരണാനുപാതം നിശ്ചയിക്കണമെന്ന യുജിസി തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. സർവ്വകലാശാലകളിലെ അധ്യാപക തസ്തികകളെ മൊത്തത്തിൽ കണക്കാക്കി സംവരണം തീരുമാനിക്കുന്ന രീതിയിൽ ഈ കോടതിവിധിയോടെ മാറ്റം വരും. ജസ്റ്റിസ് യുയു ലളിത്, ഇന്ദിര ബാനർജി എന്നിവടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. 2017 ഏപ്രിൽ മാസത്തിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ഉയർത്തിപ്പിടിക്കുകയായിരുന്നു കോടതി.

ഈ ഉത്തരവോടെ സർവ്വകലാശാലകളിലെ അധ്യാപക തസ്തികകളില്‍ സംവരണാനുകൂല്യത്തോടെ ജോലിക്ക് കയറുന്നവരുടെ എണ്ണം ഗണ്യമായി കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യുജിസി തീരുമാനത്തെ എതിർത്ത കേന്ദ്ര സർക്കാരും ഇതേ വാദം കോടതിയിലുന്നയിക്കുകയുണ്ടായി. രാജ്യത്തെ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ ഗൗരവമായി ബാധിക്കുന്ന വിധിയാണ് പുറത്തു വന്നിരിക്കുന്നത്. അധ്യാപകരുടെ എണ്ണം കുറവുള്ള ഡിപ്പാർട്ടുമെന്റുകളിൽ സംവരണ പോസ്റ്റുകൾ തന്നെ ഇല്ലാതാകുന്നതിന് സുപ്രീംകോടതി ഉത്തരവ് കാരണമാകും. ഉദാഹരണത്തിന് ഒരു ഡിപ്പാർട്ട്മെന്റിൽ ഒരു പ്രൊഫസർ തസ്തിക മാത്രമേയുള്ളൂവെങ്കിൽ പ്രസ്തുത തസ്തികയെ മാത്രമായി പരിഗണിച്ച് സംവരണം നടപ്പാക്കുക സാധ്യമല്ലാത്ത അവസ്ഥ വരും. എല്ലാ ഡിപ്പാർട്ട്മെന്റുകളും ഒരുമിച്ചു കൂട്ടിയാണ് സംവരണതത്വം പ്രയോഗിക്കുന്നതെങ്കിൽ ഉത്തരമൊരു പ്രശ്നം വരില്ല.

ഈ പ്രശ്നത്തിൽ ആദ്യത്തെ വിധി പുറപ്പെടുവിച്ച അലഹബാദ് ഹൈക്കോടതി പറഞ്ഞ ന്യായം മറ്റൊന്നാണ്. സർവ്വകലാശാലയെ മൊത്തത്തിൽ ഒരു യൂണിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കുന്നതിനെ കോടതി നിശിതമായി വിമർശിക്കുകയുണ്ടായി. സർവ്വകലാശാലയെ മൊത്തത്തിൽ ഒരു യൂണിറ്റായി പരിഗണിക്കുമ്പോൾ അത് ചില ഡിപ്പാർട്ടുമെന്റുകളിൽ സംവരണക്കാർ മാത്രമോ സംവരണേതരർ മാത്രമോ എത്തിച്ചേരാൻ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ പരാതി. ഇങ്ങനെ വന്നാൽ അത് വിവേചനപരമാകുമെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 14, 16 വകുപ്പുകളുടെ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കാൻ ഓരോ ഡിപ്പാർട്ട്മെന്റിനെയും പ്രത്യേകമായി പരിഗണിക്കുകയാണ് വേണ്ടതെന്നും വിധിച്ചു. ഇതോടെ നിയമനം സംബന്ധിച്ച യുജിസി നിർദ്ദേശങ്ങളുടെ 6 (c), 8 (a) (v) എന്നീ ചട്ടങ്ങൾ റദ്ദായി.

2017 ഏപ്രിൽ മാസത്തിൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ അധ്യാപക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ചപ്പോഴാണ് ഡിപ്പാർ‌ട്ട്മെന്റ് തലത്തിൽ വേണം സംവരണാനുപാതം തീരുമാനിക്കാനെന്ന് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സമാനമായ കേസുകളിൽ വിവിധ കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ യുജിസി സ്റ്റാൻഡിങ് കമ്മറ്റി പരിശോധനയ്ക്ക് വിധേയമാക്കി. പത്തോളം കോടതിയുത്തരവുകളിൽ നിന്നും അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കാമെന്നാണ് സ്റ്റാൻഡിങ് കമ്മറ്റി ശുപാർശ ചെയ്തത്. ഇതോടെ ഓരോ സർവ്വകലാശാലയെയും ഓരോ യൂണിറ്റായി പരിഗണിച്ച് സംവരണ അനുപാതം നിശ്ചയിച്ചിരുന്ന രീതിക്ക് അവസാനമായി. ഈ തീരുമാനം നടപ്പാക്കാനുള്ള യുജിസി ഉത്തരവ് 2018 മാർച്ച് മാസത്തിൽ ഇറങ്ങുയും ചെയ്തു.

സ്റ്റാൻഡിങ് കമ്മറ്റി ശുപാർശ നടപ്പാക്കാനുള്ള യുജിസിയുടെ തീരുമാനം രാഷ്ട്രീയ വിവാദമായതോടെ ഹൈക്കോടതി വിധിക്കെതിരെ സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിക്കാൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിർബന്ധിതമായി. 2018 ഏപ്രിൽ മാസത്തിൽ ഹരജി പോയി. തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്മാറാൻ യുജിസി തയ്യാറാവുകയുണ്ടായില്ല. പകരം സുപ്രീംകോടതി ഉത്തരവ് വരുന്നതു വരെ നിയമനങ്ങൾ നിർത്തി വെക്കാൻ ആവശ്യപ്പെട്ടു.

ഡിപ്പാർട്ട്മെന്റുകളെ പ്രത്യേക യൂണിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കുന്നത് സംവരണവിഭാഗങ്ങൾക്കുള്ള തസ്തികകളിൽ കുറവ് വരുത്തുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചുവെങ്കിലും അത് പരിഗണിക്കപ്പെടുകയുണ്ടായില്ല. ഏറെ നാളായി നിയമനങ്ങൾ നിറുത്തി വെച്ചിരിക്കുന്നതിനാൽ ഇനിയുള്ള മാസങ്ങളിൽ വൻതോതിൽ നിയമനങ്ങൾ നടക്കാനുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഈ നിയമനങ്ങളിൽ പുതിയ മാനദണ്ഡമായിരിക്കും പാലിക്കപ്പെടുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍