UPDATES

ആര്‍എസ്എസ് ആണ് ഭീഷണി, രാഷ്ട്രീയ പരിഹാരം മാത്രമാണ് വഴി: സ്വാമി അഗ്നിവേശ്

എന്‍ജിഒകള്‍ ഒന്നിനുമുള്ള പരിഹാരമല്ലെന്നും രാഷ്ട്രീയമായ പരിഹാരം മാത്രമാണ് മുന്നോട്ടുള്ള വഴിയെന്നും സ്വാമി അഗ്നിവേശ് വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടനയും മതനിരപേക്ഷ ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കേരളത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു.

രാജ്യം ഇന്ന് നേരിടുന്ന ഭീഷണി പ്രധാനമന്ത്രിയോ ഏതെങ്കിലും മുഖ്യമന്ത്രിമാരോ അല്ലെന്ന് സ്വാമി അഗ്നിവേശ്. അത് വിഷലിപ്തമായ, വെറുപ്പിന്റെ പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസ് ആണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച 17ാമത് എന്‍ നരേന്ദ്രന്‍ സ്മാരക പ്രഭാഷണത്തില്‍ “സഹിഷ്ണുത, ബഹുസ്വരത, വിയോജിക്കാനുള്ള സ്വാതന്ത്ര്യം” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഗ്നിവേശ് കടന്നാക്രമിച്ചു. രാജ്യത്ത് പശുവിന്റെ പേരിലടക്കം നടക്കുന്ന കൊലകളും അതിക്രമങ്ങളും വ്യക്തമായി ആസുത്രണം ചെയ്യപ്പെട്ട ദേശീയ പദ്ധതിയുടെ ഭാഗമാണെന്ന് സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. ആള്‍ക്കൂട്ടകൊല നേരിട്ട് നടത്തുന്നവരേക്കാള്‍, രാഷ്ട്രീയ പദ്ധതികളുടെ ഭാഗമായി ഇത് ആസൂത്രണം ചെയ്യുന്ന അധികാരവൃത്തങ്ങളിലെ ക്രിമിനലുകളെയാണ് പുറത്തുകൊണ്ടുവരേണ്ടതും നേരിടേണ്ടതും. ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനയേയും കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഇവരാണ് ഭീഷണിയെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന അനുഭവവും യുവാവായിരിക്ക ആര്യസമാജത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ പള്ളികളടക്കമുള്ളവയ്‌ക്കെതിരെ താന്‍ കാണിച്ചിട്ടുള്ള അസഹിഷ്ണുതയും വര്‍ഗീയ പ്രചാരണവും അഗ്നിവേശ് ഓര്‍ത്തു. ശുദ്ധി പ്രസ്ഥാനം അടക്കമുള്ള ആര്യസമാജത്തിന്റെ സംരംഭങ്ങളുമായി തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ താന്‍ ആകൃഷ്ടനായിരുന്നു. എന്നാല്‍ അതല്ല വഴി എന്ന് തിരിച്ചറിഞ്ഞു.

അരാഷ്ട്രീയവത്കരണത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് ഇരയായ അനുഭവവും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബീര്‍ ദാസ് അടക്കമുള്ളവര്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നതും അഗ്നിവേശ് പറഞ്ഞു. കാശ്മീരിനോട് ഡല്‍ഹിയിലെ ഭരണാധികാരികള്‍ എക്കാലവും വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചെതെന്നും സ്വാമി അഗ്നിവേശ് കുറ്റപ്പെടുത്തി. രാജ്യത്ത് ഏറ്റവുമാദ്യം ഭൂപരിഷ്‌കരണം നടപ്പാക്കിയ മുഖ്യമന്ത്രിമാരിലൊരാളാണ് ജമ്മു കാശ്മീരിലെ ഷെയ്ഖ് അബ്ദുള്ള. എന്നാല്‍ അദ്ദേഹത്തെ ഇന്ത്യ തടവിലാക്കുകയാണ് ചെയ്തത്. കാശ്മീരികള്‍ അവരുടെ സ്വന്തം നാട്ടില്‍ അന്യരാക്കപ്പെടുകയാണ്.

മാവോയിസ്റ്റ് പ്രശ്‌നത്തെ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം സൈനിക മുഷ്‌കിലൂടെ പരിഹാരം കാണാനാണ് കേന്ദ്ര സര്‍ക്കാരുകള്‍ – യുപിഎ ആയാലും എന്‍ഡിഎ ആയാലും ശ്രമിക്കുന്നതെന്നും അഗ്നിവേശ് ചൂണ്ടിക്കാട്ടി. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചയ്ക്ക് താന്‍ മധ്യസ്ഥനായ അനുഭവവും അഗ്നിവേശ് പങ്കുവച്ചു. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിഹാരമാണ് മാവോയിസ്റ്റ് പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടതെന്നും അഗ്നിവേശ് പറഞ്ഞു.

ബോണ്ടഡ് ലേബറിനെതിരെ (കടബാധ്യതയുള്ളവരെ നിര്‍ബന്ധിത ജോലിക്ക് വിധേയരാക്കുന്ന പരിപാടി) താന്‍ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികള്‍ അടക്കമുള്ളവ എന്‍ജിഒ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ എന്‍ജിഒകള്‍ ഒന്നിനുമുള്ള പരിഹാരമല്ലെന്നും രാഷ്ട്രീയമായ പരിഹാരം മാത്രമാണ് മുന്നോട്ടുള്ള വഴിയെന്നും സ്വാമി അഗ്നിവേശ് വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടനയും മതനിരപേക്ഷ ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കേരളത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍