UPDATES

ട്രെന്‍ഡിങ്ങ്

തമിഴ്‌നാട്ടിലും മാഹിയിലും അരിവാളും ചുറ്റികയും ഇപ്പോഴും ‘കൈ’പ്പത്തിക്കരികെ

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഒമ്പത് സീറ്റുകളിലും സിപിഎമ്മുകാര്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് കുത്തും.

കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന, മലയാളികള്‍ ജീവിക്കുന്ന പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ സിപിഎം ഡിഎംകെയും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം തൊട്ടടുത്തുള്ള വടകര ലോക്‌സഭ മണ്ഡലത്തില്‍ സിപിഎമ്മിലെ പി ജയരാജനും കോണ്‍ഗ്രസിലെ കെ മുരളീധരനും എറ്റുമുട്ടുന്നു. സിപിഎമ്മില്‍ നിന്ന് പുറത്ത് പോയവര്‍ രൂപീകരിച്ച ആര്‍എംപി വടകരയില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനെ പിന്തുണക്കുന്നു. കോണ്‍ഗ്രസ് ബാന്ധവത്തിന്റെ പേരില്‍ ആര്‍എംപിയെ സിപിഎം നിശിതമായി വിമര്‍ശിക്കുന്നു. അതേസമയം മുന്നണി സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് ചെയ്യണമെങ്കില്‍ മാഹിയിലെ സിപിഎമ്മുകാര്‍ക്ക് കോണ്‍ഗ്രസുകാരനായ പുതുച്ചേരി സ്പീക്കര്‍ വി വൈത്തിലിംഗത്തിന് വോട്ട് ചെയ്യേണ്ടി വരും.

സിപിഎം ദേശീയ പ്രതിപക്ഷ കക്ഷികളുമായി കേരളത്തിന് പുറത്ത് സഖ്യത്തിലുള്ള ഒരേയൊരു സംസ്ഥാനം തമിഴ്‌നാടാണ്. ദേശീയ തലത്തില്‍ വിഭാവനം ചെയ്യുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്റെ ഒരു മിനി മോഡല്‍ ഏതെങ്കിലും സംസ്ഥാനത്തുണ്ടെങ്കില്‍ അത് തമിഴ്‌നാട്ടിലായിരിക്കും. കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിക്കുന്നത്. കോയമ്പത്തൂരില്‍ പിആര്‍ നടരാജനും മധുരയില്‍ സൂ വെങ്കിടേശനുമാണ്. കോയമ്പത്തൂര്‍ ആണെങ്കില്‍ ഇന്ത്യയില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന, അല്ലെങ്കില്‍ പ്രധാന മത്സര കക്ഷികളായ അപൂര്‍വം മണ്ഡലങ്ങളില്‍ ഒന്നാണ്. പെരിയാര്‍ ഇവി രാമസ്വാമി, മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ സിഎന്‍ അണ്ണാ ദുരൈ, ഡിഎംകെ മുന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി, നിലവിലെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങി എംഡിഎംകെ അധ്യക്ഷന്‍ വൈകോ വരെയുള്ളവര്‍ സിപിഎം സ്ഥാനാര്‍ത്ഥി പിആര്‍ നടരാജന്റെ പോസ്റ്ററിലുണ്ട്. തമിഴ്‌നാട്ടിലെ സിപിഎമ്മിന്റെ സമുന്നത നേതാക്കളായ പി രാമ മൂര്‍ത്തിയടക്കമുള്ളവര്‍ പോസ്റ്ററിലില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഒമ്പത് സീറ്റുകളിലും സിപിഎമ്മുകാര്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് കുത്തും. അതുപോലെ കോയമ്പത്തൂരിലും മധുരയിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ചുറ്റിക, അരിവാള്‍, നക്ഷത്രം അടയാളത്തില്‍ കോണ്‍ഗ്രസുകാരും വോട്ട് ചെയ്യും.

കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ സിപിഐയിലെ പിപി സുനീര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രധാന എതിരാളി. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോയി അവരെ നേരിടാതെ ഇടതുപക്ഷത്തെ നേരിടാന്‍ ഇറങ്ങിയിരിക്കുന്നത് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ പാപ്പരത്തമാണ് എന്നാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ഇടതുപക്ഷത്തിനെതിരെയല്ല രാഹുല്‍ ഗാന്ധിയുടെ മത്സരമെന്നും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിനെതിരെയാണെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ശരദ് പവാര്‍ അടക്കമുള്ള സഖ്യകക്ഷി നേതാക്കള്‍ക്ക് പോലും ദഹിക്കാത്ത തീരുമാനമാണിത്.

പശ്ചിമബംഗാളിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ തള്ളിക്കളഞ്ഞ വിവാദ കോണ്‍ഗ്രസ് ബാന്ധവത്തെ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ചും പ്രത്യേക രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞും സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ചിരുന്നു. ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനം എല്ലാ മതനിരപേക്ഷ കക്ഷികളുമായും സഹകരണം, ഓരോ സംസ്ഥാനങ്ങളുടേയും സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ധാരണ എന്നെല്ലാമുള്ള നിലയിലേയ്ക്ക് എത്തിയത് രൂക്ഷമായ അഭിപ്രായഭിന്നതകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ്. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കാതിരിക്കുക എന്ന ആവശ്യം സിപിഎം മുന്നോട്ടുവച്ചു. എന്നാല്‍ സംസ്ഥാനത്ത് സിപിഎമ്മിനേക്കാള്‍ കൂടുതല്‍ ലോക്‌സഭ, നിയമസഭ സീറ്റുകളുള്ള തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകളുള്ള ധാരണ എന്ന പിടിവാശിയിലായിരുന്നു കോണ്‍ഗ്രസ്. വോട്ട് വിഹിത കണക്ക് പറഞ്ഞ് സിപിഎം തിരിച്ചടിച്ചു. ഇടതുമുന്നണി കണ്‍വീനറും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് കോണ്‍ഗ്രസിന് നിലപാട് അറിയിക്കാന്‍ സമയപരിധി അറിയിച്ചിരുന്നു. എല്ലാ പരിധിയും അവസാനിച്ചപ്പോള്‍ സഖ്യം ഏതാണ്ട് അസാധ്യമായ അവസ്ഥയിലായിരിക്കുന്നു.

പശ്ചിമബംഗാളിൽ സഖ്യം ചേരാനുള്ള ചർച്ചകളിൽ നിന്നും പിൻവാങ്ങിയ കോൺഗ്രസിന്റെ നിലപാട് സങ്കുചിതമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് ഇന്നാണ്. 1977ല്‍ അടിയന്തരാവസ്ഥയ്ക്കും ഇന്ദിര ഗാന്ധിക്കുമെതിരെ സിപിഎമ്മുമായി ധാരണയുണ്ടാക്കുന്നതില്‍ നിന്ന് ജനത പാര്‍ട്ടി പിന്‍വാങ്ങിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന ചരിത്രം യെച്ചൂരി കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു. 1977ൽ ഇന്ദിരാഗാന്ധിക്കെതിരെ ബംഗാളിൽ ഒരുമിക്കാമെന്ന സിപിഎമ്മിന്റെ വാഗ്ദാനത്തെ ജനതാ പാർട്ടി തള്ളുകയാണുണ്ടായത്. തെരഞ്ഞെടുപ്പിൽ അന്നത് സിപിഎമ്മിനാണ് നേട്ടമാണുണ്ടാക്കിയത്. 52 ശതമാനം സീറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും മൂന്നില്‍ രണ്ട് സീറ്റുകളാണ് അന്ന് ജനതാ പാര്‍ട്ടി ആവശ്യപ്പെട്ടത്. ഈ സങ്കുചിത പിടിവാശിയാണ് കോണ്‍ഗ്രസ് ഇന്നും തുടരുന്നത് എന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

ധാരണയ്ക്ക് കോണ്‍ഗ്രസ് പുറംതിരിഞ്ഞതോടെ നിലവിലെ രണ്ട് സീറ്റുകള്‍ നിലനിര്‍ത്താന്‍ പോലും സിപിഎം ഏറെ കഷ്ടപ്പെടേണ്ട സാഹചര്യമാണുള്ളത്. ബി.ജെ.പിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരാജയപ്പെടുത്താന്‍ ബംഗാളില്‍ ഇടതുമുന്നണി മത്സരിക്കുന്ന സീറ്റിലാണെങ്കില്‍ പോലും കോണ്‍ഗ്രസിനാണ് കൂടുതല്‍ കരുത്തെങ്കില്‍ അവരെ പിന്തുണക്കും എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത് മിശ്ര പറഞ്ഞത്. എന്നാല്‍ ദേശീയതലത്തില്‍ നോക്കുമ്പോള്‍ സിപിഎമ്മും ഇടതുപാര്‍ട്ടികളും ചില പ്രത്യേക മേഖലകളില്‍ മാത്രം സ്വാധീനം ചെലുത്തുന്ന മഹാരാഷ്ട്രയും ബിഹാറും പോലുള്ള സംസ്ഥാനങ്ങളില്‍ ഇടതുപാര്‍ട്ടികളെ കോണ്‍ഗ്രസും സഖ്യ കക്ഷികളും പൂര്‍ണമായും അവഗണിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

അതേസമയം ബംഗാളിലെ കോണ്‍ഗ്രസ് സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചപ്പോളും കേരളത്തിലെ രാഹുല്‍ ഗാന്ധിയുടെ മത്സരത്തെ മുഖ്യമന്ത്രി പിണറായി വിജയനേയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനേയും മറ്റ് നേതാക്കളേയും പോലെ വിമര്‍ശിക്കാന്‍ യെച്ചൂരി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ എല്ലായ്‌പ്പോഴും സഖ്യങ്ങള്‍ രൂപപ്പെടുന്നത് തിരഞ്ഞെടുപ്പിന് ശേഷമാണ് എന്ന് ആവര്‍ത്തിക്കാറുള്ള യെച്ചൂരിയും ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്രയും ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനായി കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സാധ്യത ഇപ്പോളും തള്ളിക്കളയുന്നില്ല. മായാവതിയെ നേതാവാക്കി കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മതേതര സഖ്യം സംബന്ധിച്ച് സിപിഎം ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോളും കോണ്‍ഗ്രസോ മറ്റേതെങ്കിലും കക്ഷിയുമായോ ധാരണയുണ്ടാക്കണോ വേണ്ടയോ എന്നതല്ല പ്രധാന പ്രശ്‌നം എന്നും മതനിരപേക്ഷ കക്ഷികളുടെ ഐക്യം തകരുന്നതും ശിഥിലീകരണവും ബിജെപിക്ക് ഗുണം ചെയ്യാതിരിക്കുക എന്നതിനാണ് പ്രാധാന്യമെന്നും ഇവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍