UPDATES

ട്രെന്‍ഡിങ്ങ്

ബാംഗലൂരുവിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കി കോടതിയുടെ വിവാദ ഉത്തരവ്

ഇതാദ്യമായല്ല, ഈ കോടതി മാധ്യമങ്ങള്‍ക്കെതിരായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്‌

തെക്കന്‍ ബാംഗലൂരുവിലെ ബിജെപിയുടെ വിവാദ സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യയ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കി അഡീഷണല്‍ സിറ്റി സിവില്‍ കോടതിയുടെ വിവാദ ഉത്തരവ്. ഇംഗ്ലീഷുള്‍പ്പെടെയുള്ള 49 മാധ്യമങ്ങള്‍ക്കാണ് തേജസ്വി സൂര്യയ്‌ക്കെതിരെ വാര്‍ത്തനല്‍കുന്നതിനെതിരെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഫേസ്ബുക്ക്, യു ട്യൂബ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും ഉള്‍പ്പെടുന്നു.

തേജസ്വി സൂര്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുള്ള നീക്കം നടക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചതായി കോടതിയുടെ ഉത്തരവില്‍ പറയുന്നു. തേജ്‌സ്വി സൂര്യയ്‌ക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്ന ട്വിറ്ററിന്റെ രേഖ ലഭിച്ചതായും കോടതി ഉത്തരവില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ഡെക്കാന്‍ ഹെറാല്‍ഡ്, കന്നഡ പ്രസിദ്ധീകരണങ്ങളായ പ്രജാവാണി, കന്നഡ പ്രഭ, വിജയ കര്‍ണാടക, ഉദയവാണി, തുടങ്ങി 49 മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പ്രമുഖ കന്നഡ ചാനലുകള്‍ക്കും വാട്‌സ്ആപ്പ്, യു ട്യൂബ്, ഫേസ്ബുക്ക് ഗുഗിള്‍ ഇന്ത്യ തുടങ്ങിയവര്‍ക്കും ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററില്‍ മീ ടു ആരോപണം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സൂര്യ കോടതിയെ സമീപിച്ചത്. ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതില്‍ നേരത്തെയും വിവാദ തീരുമാനങ്ങളെടുത്തിട്ടുള്ള കോടതിയാണ് ബാംഗലൂരിവിലെ സിവില്‍ കോടതി. ബിജെപി എം പിയും മാധ്യമ സംരഭകനുമായ രാജീവ് ചന്ദ്രശേഖറിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ഇംഗ്ലീഷ് ഓണ്‍ ലൈന്‍ പ്രസിദ്ധീകരണമായ ദി വയറിനെ 2017 ല്‍ വിലക്കിയിരുന്നു. പ്രതിരോധ വകുപ്പിന്റെ സ്റ്റാന്റിംങ് കമ്മിറ്റി അംഗമായി രാജീവ് ചന്ദ്രശേഖരന്‍ തുടരുന്നത് നിയമപരമായി ശരിയില്ലെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാജീവ് ചന്ദ്രശേഖരന്‍ കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിച്ചത്. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട് വ്യവസായ താല്‍പര്യങ്ങളുള്ള രാജീവ് ചന്ദ്രശേഖരര്‍ പാര്‍ലെമന്ററി കമ്മിറ്റിയില്‍ തുടരുന്നത് ശരിയല്ലെന്നായിരുന്നു റി്‌പ്പോര്‍ട്ട്. ഏതാനും ആഴചകള്‍ക്കുമുമ്പാണ് മേല്‍ക്കോടതി ഈ വിവിദ വിലക്ക് ഉത്തരവ് നീക്കിയത്.

ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് തേജ്‌സ്വി സൂര്യ. തീവ്ര ഹിന്ദുത്വ നിലപാട് വിവിധ വിഷയങ്ങളില്‍ സ്വീകരിക്കുന്ന യുവ നേതാവാണ് ഇദ്ദേഹം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കുകയാണ് വേണ്ടത് എന്നതടക്കം നിരവധി വിവാദ ട്വീറ്റുകള്‍ ഇയാളുടെതായുണ്ടായിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായ ഇയാളുടെ ട്വിറ്റര്‍ മേസേജും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ചര്‍ച്ചയായിരുന്നു.

ബിജെപി നേതാവായിരുന്ന അനന്ത് കുമാറിന്റെ മണ്ഡലമായിരുന്നു ബംഗലൂരു സൗത്ത്. അനന്ത്കുമാറിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആര്‍എസ്എസ്സിന്റെ താല്‍പര്യ പ്രകാരമാണെന്ന് അറിയുന്നു തേജസ്വി സൂര്യ സ്ഥാനാര്‍ത്ഥിയാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍