UPDATES

ട്രെന്‍ഡിങ്ങ്

കല്യാണം കഴിക്കുന്നത് കുട്ടികളെ ഉണ്ടാക്കാൻ; കുട്ടികളുണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ല: തെലങ്കാന പത്താംതരം ബയോളജി പുസ്തകം

ശരീരഭാഗങ്ങളെക്കുറിച്ചുള്ള പാഠഭാഗത്ത് ലിംഗവും യോനിയുമെല്ലാം ഒഴിവാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

എങ്ങനെയാണ് കുട്ടികളുണ്ടാകുന്നതെന്ന് അറിയില്ലെന്ന് തെലങ്കാനയിലെ പത്താംക്ലാസ് പാഠപുസ്തകം. ‘എങ്ങനെയാണ് കുട്ടികളുടെ ജനനം സംഭവിക്കുന്നതെന്നും അതിന്റെ പ്രക്രിയകളെന്താണെന്നും നമുക്ക് കാര്യമായ അറിവില്ല,’ പാഠപുസ്തകം പറയുന്നു. രാജ്യത്തിന്റെ അടുത്ത തലമുറയെ ഉൽപ്പാദിപ്പിക്കാനുള്ള ഒരു സാംസ്കാരിക പ്രവർത്തനമാണ് വിവാഹമെന്നും പാഠപുസ്തകത്തിലുണ്ട്.

ഉദ്യ്പൂർ വിദ്യാ ഭവൻ എജുക്കേഷൻ റിസോഴ്സ് സെന്ററാണ് പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾ എങ്ങനെ ജനിക്കുന്നുവെന്നതു സംബന്ധിച്ച് നിഗൂഢതകളൊന്നും തന്നെ ശാസ്ത്രത്തിനു മുന്നിൽ ഇന്നില്ല എന്നിരിക്കെയാണ് തെലങ്കാനയിലെ പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് വസ്തുത അറിയാനുള്ള അവസരം നിഷേധിച്ചിരിക്കുന്നത്.

തെലങ്കാന സ്റ്റേറ്റ് കൗൺസിൽ എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് എന്ന സർക്കാർ സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് ജനനത്തെ നിഗൂഢവൽക്കരിക്കുന്ന പാഠപുസ്തകം എഴുതിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഈ പുസ്തകത്തിൽ സമാനമായ നിരവധി പിഴവുകളും അബദ്ധങ്ങളും നിറഞ്ഞിരിക്കുകയാണെന്നും എട്ടാംതരത്തിലെയും ഒമ്പതാം തരത്തിലെയും പുസ്തകങ്ങളിലും പ്രശ്നങ്ങളുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എട്ടാംക്ലാസിലെ ബയോളജി പുസ്തകത്തിൽ ബാലവിവാഹത്തെ നിരുത്സാഹപ്പെടുത്താനുള്ള ഒരു പാഠഭാഗമുണ്ട്. ബാലവിവാഹം തെറ്റാണെന്ന് പറയുന്ന ഈ പാഠത്തിൽ തന്നെ വിവാഹം കഴിക്കുന്നത് കുട്ടികളെ ഉണ്ടാക്കാനാണെന്നും പറയുന്നുണ്ട്.

പത്താംക്ലാസിലെത്തിയ ഏതൊരു കുട്ടിക്കും ലഭ്യമായ ഇന്റർനെറ്റ് സൗകര്യങ്ങളുപയോഗിച്ച് ലഭിക്കാവുന്ന അറിവാണ് കുട്ടികളുടെ ജനനം എങ്ങനെ സംഭവിക്കുന്നുവെന്നത്. ഇത് മറച്ചു വെക്കുന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് സംശയിക്കുകയാണ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ. കുട്ടികളുടെ ജനനത്തെക്കുറിച്ച് കാര്യമായൊരു അറിവും ഇന്നില്ലെന്ന് എങ്ങനെയാണ് ഒരു ടെക്സ്റ്റ് ബുക്കിൽ എഴുതി വെക്കാൻ കഴിയുക എന്നാണ് ഒസ്മാനിയ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ സി ശ്രീനിവാസുലു അത്ഭുതപ്പെടുന്നത്.

ശരീരഭാഗങ്ങളെക്കുറിച്ചുള്ള പാഠഭാഗത്ത് ലിംഗവും യോനിയുമെല്ലാം ഒഴിവാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പാഠപുസ്തകം കുട്ടികളിൽ വലിയ തെറ്റിദ്ധാരണകളുണ്ടാക്കാനും എതിർലിംഗത്തിൽ പെട്ടവരെ വസ്തുക്കൾ മാത്രമായി കാണാൻ പരിശീലിപ്പിക്കുമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍