UPDATES

ട്രെന്‍ഡിങ്ങ്

10 ശതമാനം സംവരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും; കേന്ദ്ര സര്‍വകലാശാലകളില്‍ 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ നേരത്തെ പാസാക്കിയിരുന്നു

സര്‍ക്കാര്‍ നിയമനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിച്ചതിനു പിന്നാലെ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ഈ മാസമൊടുവില്‍ ചേരുന്ന ബജറ്റ് സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി.

അതിനൊപ്പം, കേന്ദ്ര സര്‍വകലാശാലകളിലും കേന്ദ്രത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ബില്ലായി കൊണ്ടുവന്നേക്കില്ലെന്നും മറിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറായിട്ടായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനുള്ള ഭണഘടനാ ദേഭഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയോടെയും പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തന്നെ ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത് ചെറിയ തോതില്‍ നടപ്പാക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയാണെങ്കില്‍ അക്കാര്യം പാലിക്കുമെന്ന് സ്വകാര്യ സര്‍വകലാശാലകളും പറയുന്നു.

അതേ സമയം, കേന്ദ്ര സര്‍വകലാശാലകളിലടക്കം 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതോടെ നിലവിലുള്ള സംവരണ വ്യവസ്ഥകളെ ബാധിക്കാത്ത വിധത്തില്‍ ഇത് നടപ്പാക്കാനാണ് 25 ശതമാനം സീറ്റുകള്‍ അധികമായി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു. ഇപ്പോള്‍ ഐഐറ്റി, ഐഐഎം, എന്‍ഐറ്റി, കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്ര ഓപണ്‍ സര്‍വകലാശാലകള്‍, കോളേജുകള്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍ എന്നിവകളിലായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു കോടിയോളം സീറ്റുകളാണ് ആകെയുള്ളത്. 10 ലക്ഷം സീറ്റുകള്‍ കൂടി ഇവിടെ വര്‍ധിപ്പിക്കേണ്ടി വരും എന്നാണ് കണക്കുകള്‍.

എന്നാല്‍ ഈ സീറ്റ് വര്‍ധനവ് എന്നു മുതല്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല. ഇതിനായി 4000 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍