UPDATES

ട്രെന്‍ഡിങ്ങ്

ബുലന്ദ്ഷഹറില്‍ പോലീസുകാരന്റെ മരണത്തിന് കാരണമായ കലാപം ആസൂത്രിതമെന്ന് കൂടുതല്‍ തെളിവുകള്‍, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്?

മുസ്ലീങ്ങളുടെ ആഘോഷപരിപാടിയായ തബ്ലിഗി ഇസ്‌തേമയുമായി കലാപത്തെ ബന്ധിപ്പിക്കാന്‍ സംഘപരിവാറുമായി ബന്ധമുള്ളവര്‍ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗ് അടക്കം രണ്ട് പേരുടെ കൊലപാതകത്തിലേയ്ക്കും കലാപത്തിലേയ്ക്കും നയിച്ചത് പ്രദേശത്തെ മുസ്ലീം പള്ളിയിലെ ലൗഡ് സ്പീക്കറുമായി ബന്ധപ്പെട്ട തര്‍ക്കവും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ബജ്രംഗ് ദളിന്റെ അസഹിഷ്ണുതാപ്രകടനങ്ങള്‍ വര്‍ദ്ധിച്ചതുമെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊലീസുകാരനെ കൊന്ന കേസില്‍ ഒന്നാം പ്രതിയായ ബജ്രംഗ് ദള്‍ ജില്ല കോര്‍ഡിനേറ്റര്‍ യോഗേഷ് രാജ് ഗോവധത്തിന്റെ പേരില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. മുസഫര്‍നഗര്‍ കലാപം പോലെ ആസൂത്രിതമായ ഒന്നാണ് ബുലന്ദ്ഷഹറിലേതും എന്ന ആരോപണത്തിന് സാധുത നല്‍കുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ആകെയുള്ള 80ല്‍ 71 സീറ്റും ബിജെപി നേടിയതിന് പിന്നില്‍ യുപിഎ സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരത്തിനും ‘മോദി തരംഗ’ത്തിനുമൊപ്പം മുസഫര്‍ നഗര്‍ കലാപം ഒരുക്കിയ ശക്തമായ വര്‍ഗീയ ധ്രുവീകരണവും വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം നടന്ന മൂന്ന് ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി എസ്പി- ബിഎസ്പി സഖ്യത്തോട് പരാജയപ്പെട്ടിരുന്നു.

മുസ്ലീങ്ങളുടെ ആഘോഷപരിപാടിയായ തബ്ലിഗി ഇസ്‌തേമയുമായി കലാപത്തെ ബന്ധിപ്പിക്കാന്‍ സംഘപരിവാറുമായി ബന്ധമുള്ളവര്‍ പരമാവധി ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബുലന്ദര്‍ഷഹറിലെ ബിജെപി എംപി ഭോലാസിംഗ് അടക്കമുള്ളവര്‍ മുസ്ലീങ്ങളാണ് കലാപത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തബ്ലിഗി പരിപാടിയുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉണ്ടായത് എന്നായിരുന്നു കലാപം നടന്ന് മണിക്കൂറുകള്‍ക്കകം ഇയാളുടെ പ്രതികരണം.  ആര്‍എസ്എസ് അനുകൂല ചാനലാനയ സുദര്‍ശന്‍ ടിവി ഈ പ്രചാരണം വ്യാപകമായി നടത്തിയിരുന്നു. ടിവി 18 നെറ്റ്‌വര്‍ക്കിംഗിന്റെ ചര്‍ച്ചയില്‍ ഹം ഹിന്ദു സംഘടനയുടെ വക്താവായ അജയ് ഗൗതം പറഞ്ഞത് മുസ്ലീങ്ങള്‍ക്ക് പരിപാടി നടത്താന്‍ ക്ഷേത്രത്തില്‍ ഇടം കൊടുത്ത ഹിന്ദുക്കളെ അവര്‍ ആക്രമിച്ചു, അവര്‍ ഗോവധം നടത്തി, പൊലീസുകാരനെ കൊന്നു എന്നെല്ലാമാണ്. എന്നാല്‍ തബ്ലിഗി ഇസ്‌തേമ നടന്ന പ്രദേശം കലാപം നടന്നയിടങ്ങളില്‍ നിന്ന് 40-45 കിലോമീറ്റര്‍ അകലെയാണ് എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഈ വാദം തള്ളിക്കളഞ്ഞിരുന്നു. ഇത്തം വ്യാജ പ്രചാരണങ്ങള്‍ നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെ കൊലപാതകം ആസൂത്രിതമാണെന്നും ദാദ്രി കേസ് അന്വേഷിച്ചതുകൊണ്ടാണ് സുബോധ് കൊല്ലപ്പെട്ടത് എന്നും സഹോദരി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. സുബോധിന്റെ സഹപ്രവര്‍ത്തകരായ പൊലീസുകാര്‍ ഒറ്റയ്ക്കാക്കിയെന്നും ഒറ്റുകൊടുത്തെന്നും കുടുംബം ആരോപിക്കുന്നു.

2016ലെ റംസാന്‍ കാലത്ത് പള്ളിയില്‍ നിന്നുള്ള ലൗഡ് സ്പീക്കര്‍ ഉപയോഗത്തിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത് യോഗേഷ് രാജ് ആയിരുന്നു. പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പള്ളി മദ്രസയാണെന്നും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത് എന്നുമായിരുന്നു യോഗേഷ് രാജ് അടക്കമുള്ളവരുടെ വാദം. സംഘര്‍ഷമൊഴിവാക്കുന്നതിനായി പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം ലൗഡ് സ്പീക്കര്‍ എടുത്തുമാറ്റി. വിവേചനം ഒഴിവാക്കുന്നതിനായി സമീപത്തുള്ള ക്ഷേത്രത്തിലെ ലൗഡ് സ്പീക്കറും മാറ്റിയിരുന്നു. 1977ല്‍ പൊളിച്ച ഒരു പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കവും കേസും സംഘര്‍ഷത്തിനിടയാക്കുന്നുണ്ട്. ഈ കേസ് അലഹബാദ് ഹൈക്കോടതിയിലാണ് നിലവില്‍. എന്നാല്‍ ഇതിന് സമീപത്തുള്ള സ്ഥലം വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്.

നയാബന്‍സ് ഗ്രാമത്തിലെ മുസ്ലീം പള്ളിയിലെ കാര്യങ്ങള്‍ നോക്കുന്ന മുഹമ്മദ് സര്‍ഫുദ്ദീന്‍ ഈ കേസില്‍ പ്രതിയാണ്. അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരില്‍ ഒരാള്‍ സര്‍ഫുദ്ദീനാണ്. ജയിലിലേയ്ക്ക് കൊണ്ടുപോയപ്പോള്‍ സര്‍ഫുദ്ദീന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചിരുന്നു. പശുവിനെ കൊന്നതില്‍ തനിക്ക് പങ്കില്ലെന്നും താന്‍ ഈ സമയം തബ്ലിഗി ഇസ്‌തേമ ആഘോഷ പരിപാടിയിലായിരുന്നെന്നുവെന്നും പറഞ്ഞിരുന്നു. യോഗേഷ് രാജിന്റ എഫ്‌ഐആറില്‍ പേരുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നവര്‍. പൊലീസ് കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേര്‍ 11ഉം 12ഉം വയസ് പ്രായമുള്ള കുട്ടികളാണ്. പൊലീസ് ഈ കുട്ടികളെ രണ്ട് തവണ സ്റ്റേഷനില്‍ കൊണ്ടുപോയിരുന്നു. അതേസമയം, മഹാവ് ഗ്രാമത്തിലെ ഗോവധത്തെക്കുറിച്ച് യോഗേഷ് രാജ് പറയുന്ന കാര്യങ്ങളല്ല പ്രദേശവാസികള്‍ക്ക് പറയാനുള്ളത്. സര്‍ഫുദ്ദീന്‍ അടക്കമുള്ള ഏഴുപേര്‍ പശുക്കളെ കൊല്ലുന്നത് താന്‍ അനുയായികളുമൊത്ത് അവിടെ ചെന്നപ്പോള്‍ കണ്ടു എന്നായിരുന്നു പരാതിയില്‍ യോഗേഷ് രാജ് പറഞ്ഞത്. ഇയാള്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് കുട്ടികള്‍ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുക്കാനായി പോലീസ് എത്തിയത്. ഇതില്‍ പേര് പറയുന്ന മറ്റുള്ളവരില്‍ ഒരാള്‍ വര്‍ഷങ്ങളായി ഡല്‍ഹിക്കടുത്ത് താമസിക്കുന്നയാളാണ്. മറ്റു രണ്ടു പേര്‍ ആ ദിവസങ്ങളില്‍ സ്ഥലത്ത് ഇല്ലാത്തവരും. അതുകൊണ്ടു തന്നെ നടന്ന സംഭവങ്ങള്‍ ആസൂത്രിതമാണെന്നും വര്‍ഗീയ കലാപം അഴിച്ചു വിടാനുള്ള പദ്ധതിയായിരുന്നു ഇതിനു പിന്നിലെന്നുമുള്ള ചര്‍ച്ചകളും സജീവമാണ്.

പോലീസുകാരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ യോഗേഷ് രാജ് ഒളിവിലിരുന്നു കൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത് പശുക്കളുടെ അവശിഷ്ടം അവിടെ കിടക്കുന്നു എന്ന വിവരമറിഞ്ഞാണ് അവിടെ എത്തിയതെന്നും പിന്നാലെ പോലീസും എത്തിയെന്നുമാണ്.   തുടര്‍ന്ന് പരാതിപ്പെടാനായി പോലീസ് സ്റ്റേഷനിലേക്ക് പോയെന്നും അവിടെ വച്ച് ചര്‍ച്ച നടത്തി പ്രശങ്ങള്‍ പരിഹരിഹരിച്ചു എന്നും പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ താന്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു എന്നുമാണ്. അതുകൊണ്ടു തന്നെ തനിക്ക് ഇതില്‍ പങ്കില്ലെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ കലാപത്തിനു പിന്നാലെ പുറത്തു വന്ന ദൃശ്യങ്ങളില്‍ ഇയാള്‍ ആള്‍ക്കൂട്ടത്തിലുള്ളത് വ്യക്തമാണ്.

അതോടൊപ്പം, യോഗേഷ് രാജ് നേരത്തെ അവകാശപ്പെട്ടത് പോലെ ആളുകള്‍ പശുക്കളെ കൊലപ്പെടുത്തുന്നത് തങ്ങള്‍ കണ്ടു എന്ന വാദം സമീപത്തെ കൃഷിക്കാര്‍ നിഷേധിക്കുന്നു. മൃഗത്തിന്റെ അവശിഷ്ടം തങ്ങളാണ് ആദ്യം കണ്ടതെന്നും മരത്തിലോക്കെ തൂക്കിയിട്ട നിലയിലായിരുന്നു ഇതെന്നും കശാപ്പ് നടത്തുന്നവര്‍ ഇത്തരത്തില്‍ അവശിഷ്ടങ്ങള്‍ മറ്റുള്ളവര്‍ കാണാനായി പ്രദര്‍ശിപ്പിക്കില്ലെന്നും സമീപത്തുള്ളവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

യോഗേഷ് രാജും അനുയായികളും വാളുകളും ആയുധങ്ങളുമായി ബൈക്കുകളില്‍ പലപ്പോളും റാലികള്‍ നടത്താറുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും യോഗേഷിനെതിരെ ഒരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ബജ്രംഗ്ദളിന്റെ ജില്ലാ കണ്‍വീനര്‍ എന്ന നിലയില്‍ സ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഒക്കെ ഇടപെടുന്ന ആളാണ്‌ യോഗേഷ് രാജ്. അതുപോലെ പ്രശ്നം ഉണ്ടായ ദിവസം യോഗേഷ് രാജ് കോളേജില്‍ ആയിരുന്നുവെന്നും പരീക്ഷ കഴിഞ്ഞാണ് ആരോ വിളിച്ചിട്ട് പുറത്തേക്ക് പോയത് എന്നുമാണ് സഹോദരി സീമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ അന്നേ ദിവസം കോളേജില്‍ പരീക്ഷകള്‍ ഒന്നും നടന്നിട്ടില്ലെന്ന് കോളേജ് അധികൃതരും പറയുന്നു.

1977 മുതല്‍ ഇവിടെ ഹിന്ദു – മുസ്ലീം സംഘര്‍ഷങ്ങള്‍ കാര്യമായില്ല. എന്നാല്‍ ബജ്രംഗ് ദളിന്റെ പ്രവര്‍ത്തനം സജീവമായതോടെയാണ് ഇവിടെ അസ്വസ്ഥതകള്‍ വര്‍ധിച്ചത് എന്ന് സര്‍ഫുദ്ദീന്റെ സഹോദരന്‍ ഹുസൈന്‍ പറയുന്നു. പശുക്കളെ കൊന്ന നിലയില്‍ കണ്ടെത്തി എന്ന യോഗേഷ് രാജിന്റെ പരാതി പഴയ കണക്കുകള്‍ തീര്‍ക്കാനും മുസഫര്‍നഗര്‍ മോഡലില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത പദ്ധതിയുടേയും ഭാഗമായിരുന്നു എന്ന സംശയത്തിലേയ്ക്കാണ് നയിക്കുന്നത്. സര്‍ഫുദ്ദീന് പുറമെ സാജിദ്, ആസിഫ്, നാനെ എന്നിവരും ഗോവധ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പള്ളിയോടടുത്തുള്ള സാജിദിന്റെ സ്ഥലം സമുദായവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് ഉപയോഗിച്ചിരുന്നു. ഇവരെ ലക്ഷ്യം വച്ചുകൊണ്ട് തന്നെയാണ് ഗോവധ ആരോപണം വന്നത് എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍