UPDATES

മോദി സര്‍ക്കാര്‍ നിയമനിര്‍മ്മാണ സഭകളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്-പിഡിടി ആചാരി എഴുതുന്നു

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് മൂലമാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ പരക്കെയുള്ള വിശ്വാസം. വോട്ടെടുപ്പ് കഴിയുന്നതിന്റെ പിറ്റെ ദിവസമായ ഡിസംബര്‍ 15നാണ് സമ്മേളനം തുടങ്ങുന്നതെന്ന വസ്തുത ഈ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നുണ്ട്.

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ രണ്ട് സമ്മേളനങ്ങള്‍ തമ്മില്‍ ആറ് മാസത്തില്‍ കൂടുതല്‍ കാലതാമസം ഉണ്ടാവരുതെന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ 85-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നത്. അതായത് ആറ് മാസം പൂര്‍ത്തിയാവുന്നതിന് മുമ്പ് അടുത്ത സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് അര്‍ത്ഥം. ശീതകാല സമ്മേളനം ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന തങ്ങളുടെ ഭീതി പ്രതിപക്ഷം ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോള്‍ ശീതകാല സമ്മേളനം ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് വ്യക്തമാക്കപ്പെട്ടതോടെ തല്‍ക്കാലത്തേക്ക് ആ ആശങ്കയ്ക്ക് വിരാമമായിട്ടുണ്ട്. എന്നാല്‍, ഒരു സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മാത്രം കണക്കിലെടുത്ത് ശീതകാല സമ്മേളനം നാല് ആഴ്ച വൈകിപ്പിച്ചു എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇത് അഭൂതപൂര്‍വമായ നടപടിയാണ്.

ഒരു നിശ്ചിത തീയതിക്ക് പാര്‍ലമെന്റ് വിളിച്ചുകൂട്ടുക എന്നത് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ വിശേഷാധികാരമാണ്. ഒരു സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് മുമ്പ് വിവിധ ഘടകങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ട്. പാര്‍ലമെന്റ് മുന്‍നിശ്ചിത തീയതിക്ക് തന്നെ ചേരുന്ന യുകെയും യുഎസും പോലെയുള്ള ചില ജനാധിപത്യരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, നിയമനിര്‍മ്മാണ സമ്മേളനങ്ങള്‍ തീരുമാനിക്കുന്നതില്‍ കുറച്ച് അയവ് വേണം എന്നായിരുന്നു ഇന്ത്യയിലെ ഭരണഘടന ശില്‍പികളുടെ ചിന്ത. യഥാര്‍ത്ഥത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നായിരുന്നു ഭരണഘടനയിലെ യഥാര്‍ത്ഥ വ്യവസ്ഥ. എന്നാല്‍, പാര്‍ലമെന്റ് ഇടയ്ക്കിടെ വിളിച്ച്് ചേര്‍ക്കണം എന്ന് വ്യവസ്ഥ നടപ്പിലാക്കിക്കൊണ്ട് 1951 ല്‍ ഭരണഘടന ഭേദഗതി ചെയ്തു. അതിനുശേഷം വര്‍ഷത്തില്‍ മൂന്ന് തവണ പാര്‍ലമെന്റ് സമ്മേളിക്കാന്‍ തുടങ്ങി. ആ കീഴ്‌വഴക്കമാണ് ഇന്നും തുടരുന്നത്. അങ്ങനെ വര്‍ഷത്തില്‍ പാര്‍ലമെന്റിന്റെ മൂന്ന് സമ്മേളനങ്ങള്‍ എന്നത് ഒരു ക്രമമായി മാറി. അതില്‍ നിന്നുള്ള ഏതൊരു വ്യതിയാനവും സ്വാഭാവികമായും ആളുകളുടെ നെറ്റി ചുളിപ്പിക്കും. പാര്‍ലമെന്റിനെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ആത്യന്തികലക്ഷ്യത്തോടെ അതിന്റെ പ്രാധാന്യം ക്രമേണ കുറച്ചുകൊണ്ടുവരിക എന്ന ഒരു നിഗൂഢ പദ്ധതിയില്ലെങ്കില്‍ സമ്മേളനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് ഒരു സര്‍ക്കാര്‍ ആലോചിക്കുന്നതെന്തിനാണ്?

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് മൂലമാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ പരക്കെയുള്ള വിശ്വാസം. വോട്ടെടുപ്പ് കഴിയുന്നതിന്റെ പിറ്റെ ദിവസമായ ഡിസംബര്‍ 15നാണ് സമ്മേളനം തുടങ്ങുന്നതെന്ന വസ്തുത ഈ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും സമ്മേളനങ്ങള്‍ വൈകിപ്പിച്ചിട്ടുണ്ട് എന്ന വാദം സ്വയം കബളിപ്പിക്കുന്നതിന് തുല്യമാണ്. കാരണം, മുമ്പ് ഭരിച്ചിരുന്ന പാര്‍ട്ടി ചെയ്തതെല്ലാം തെറ്റാണ് എന്ന് ഗൗരവമായി വിശ്വസിക്കുന്നവരാണ് ഭാരതീയ ജനത പാര്‍ട്ടിക്കാര്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ ഏത് തരത്തില്‍ അനുകരിക്കുന്നതും ശരിയായ കാര്യമായി തീരില്ല. ഇന്നത്തെ സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ പാര്‍ലമെന്റ് സമ്മേളനത്തെക്കാള്‍ പ്രധാനമാണ് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് എന്നതാണ് ഈ സാഹചര്യത്തിലെത്താവുന്ന ഏറ്റവും ലളിതമായ അനുമാനം. ഇനി ചില വസ്തുതകളെ കുറിച്ച്: ഒരുപാട് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ മുമ്പ് ഒന്നോ രണ്ടോ തവണ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കുകയോ അല്ലെങ്കില്‍ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്. പക്ഷെ, പൊതുസമ്മതിയുടെ അടിസ്ഥാനത്തിലാണ് അത്തരം തീരുമാനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഒരൊറ്റ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പേരില്‍ നാല് ആഴ്ചത്തേക്ക് ഒരു സമ്മേളനവും ഇതുവരെ മാറ്റിവെച്ചിട്ടില്ല.

ഭരണനിര്‍വാഹകരുടെ ഭാഗത്ത് നിന്നും പാര്‍ലമെന്റിന് അത് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതിരിക്കുന്നത് ഗുരുതരമായ വിഷയമാണ്. ഭരണനിര്‍വാഹകര്‍ക്ക് നിയമനിര്‍മ്മാണസഭകളോട് കൂട്ടുത്തരവാദിത്വമുണ്ട്. ഈ കൂട്ടുത്തരവാദിത്വമാണ് ഉത്തരവാദിത്വപ്പെട്ട ഒരു സര്‍ക്കാരിന്റെ കാതല്‍. ‘ഏതൊരു മന്ത്രിസഭയും എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും നിയമനിര്‍മ്മാണസഭയോട് ഉത്തരവാദിത്വമുണ്ട്. കൂട്ടുത്തരവാദിത്വത്തിന്റെ കാതലാണ് അത്, ‘എന്ന് സുപ്രീം കോടതി ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭരണനിര്‍വാഹകര്‍ക്ക് മേലുള്ള നിയമനിര്‍മ്മാണസഭകളുടെ പ്രാമാണ്യമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവം. എന്നാല്‍ നിയമനിര്‍മ്മാണസഭകളുടെ മേല്‍ ഭരണനിര്‍വാഹകര്‍ കൂടുതല്‍ കൂടുതലായി നിയന്ത്രണം ശക്തിപ്പെടുത്തുന്നതാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കണ്ടുവരുന്ന പ്രവണത.

ആദ്യനോട്ടത്തില്‍ ഇതൊരു വിരോധാഭാസമായി തോന്നാം. കാരണം, സര്‍ക്കാരിനെ കൊണ്ടുനടക്കുന്നതിനുള്ള പണം അനുവദിക്കുന്നത് നിയമനിര്‍മ്മാണസഭകളാണ്. നിയമനിര്‍മ്മാണസഭകള്‍ നിര്‍മ്മിക്കുന്ന നിയമത്തിന്റെ അധികാരമില്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒറ്റ പൈസയെടുക്കാന്‍ ഭരണനിര്‍വാഹകര്‍ക്ക് സാധിക്കില്ല. നിയമനിര്‍മ്മാണസഭകള്‍ നിര്‍മ്മിക്കുന്ന നിയമത്തിന്റെ പിന്‍ബലമില്ലാതെ പൗരന്മാരില്‍ നിന്നും നികുതി ചുമത്താനോ പിരിക്കാനോ ഭരണനിര്‍വാഹകര്‍ക്ക് സാധിക്കില്ല. നിയമനിര്‍മ്മാണസഭകള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ചുമതലാബോധത്തോടെ നടപ്പിലാക്കുക എന്ന കടമയാണ് ഭരണനിര്‍വാഹകര്‍ക്കുള്ളത്. സഭയുടെ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ഒരു സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും ഇറക്കിവിടാന്‍ നിയമനിര്‍മ്മാണസഭകള്‍ക്ക് അധികാരമുണ്ട്. ഈ അധികാരങ്ങളെല്ലാം നിയമനിര്‍മ്മാണസഭകളില്‍ നിക്ഷിപ്തമാക്കുമ്പോള്‍, ഈ ചുമതലകളെല്ലാം ഫലപ്രദമായി നടപ്പിലാക്കും എന്നാണ് ഭരണഘടന പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം മുന്‍നിറുത്തി ഭരണനിര്‍വാഹകരുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ നിയമനിര്‍മ്മാണസഭകള്‍ സ്വീകരിക്കുന്നു. നിയമനിര്‍മ്മാണസഭകളെ സഹായിക്കുന്ന ഒരു സ്വതന്ത്ര സെക്രട്ടേറിയേറ്റാണ് ഇതില്‍ ഏറ്റവും നിര്‍ണായകമായ സംവിധാനം. പക്ഷെ ആ സംവിധാനം തന്നെയാണ് അതിന്റെ ദൗര്‍ബല്യവും.

ഭരണനിര്‍വാഹകരില്‍ നിന്നും സ്വതന്ത്രമായതും അതിന്റെ നിയന്ത്രണത്തിന് വെളിയിലുള്ളതുമായ ജീവനക്കാര്‍ അടങ്ങുന്ന സെക്രട്ടേറിയേറ്റ് പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും ഉണ്ടാവണമെന്ന് ഭരണഘടനയുടെ 98-ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ കാരണം സുവ്യക്തമാണ്. നിയമനിര്‍മ്മാണസഭകളുടെ കണ്ണും കാതും കൈയുമാണ് ഈ സെക്രട്ടേറിയേറ്റ്. ഇതേ സെക്രട്ടേറിയേറ്റ് ഭരണനിര്‍വാഹകരുടെ നിയന്ത്രണത്തിലാവുമ്പോള്‍, ഭരണനിര്‍വാഹകരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക എന്ന അടിസ്ഥാന ചുമതല നിര്‍വഹിക്കുന്നതില്‍ നിയമനിര്‍മ്മാണസഭകള്‍ മിക്കവാറും പരാജയപ്പെടും. മറ്റൊരു പട്ടേലിന്റെ പൈതൃകം വിത്തല്‍ഭായ് പട്ടേല്‍ എന്ന മനുഷ്യനെ പുതിയ തലമുറയിലെ പാര്‍ലമെന്റേറിയന്‍മാര്‍ കേട്ടിട്ടുണ്ടാവില്ല. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ ദേശത്തിന്റെ മനഃസാക്ഷിയില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു കല്ലും നിലവിലെ സര്‍ക്കാര്‍ വിട്ടുകളഞ്ഞിട്ടില്ല. എന്നാല്‍ വല്ലഭായ് പട്ടേലിന്റെ മൂത്തസഹോദരനും 1925ല്‍ കേന്ദ്ര നിയമനിര്‍മ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായ സ്പീക്കറുമായ (പ്രസിഡന്റ്) വിത്തല്‍ഭായ് പട്ടേലിന്റെ പങ്കും സംഭാവനയും എല്ലാവരും വിസ്മരിച്ചു.

ഇന്ത്യയിലെ നിയമനിര്‍മ്മാണസഭകളുടെയും അതിന്റെ സെക്രട്ടേറിയേറ്റിന്റെയും സ്വാതന്ത്ര്യത്തിന് വേണ്ട അടിസ്ഥാന നിയമങ്ങള്‍ നിര്‍മ്മിച്ചത് വിത്തല്‍ഭായ് പട്ടേലായിരുന്നു. കേന്ദ്ര നിയമനിര്‍മ്മാണസഭയ്ക്ക് ഒരു സ്വതന്ത്ര സെക്രട്ടേറിയേറ്റ് എന്ന ആശയത്തിന് വേണ്ടി അദ്ദേഹം കോളനി സര്‍ക്കാരുമായി ദീര്‍ഘകാലം ഏറ്റുമുട്ടി. കാരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും പൂര്‍ണമായും മുക്തമായ ഒരു സെക്രട്ടേറിയേറ്റിന്റെ സഹായത്തോടെ മാത്രമേ നിയമനിര്‍മ്മാണസഭയ്ക്ക് അതിന്റെ അടിസ്ഥാന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നു എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍ തന്റെ പോരാട്ടത്തില്‍ വിത്തല്‍ഭായ് പട്ടേല്‍ ജയിക്കുകയും, 1929 ജനുവരി പത്തിന് ഒരു സ്വതന്ത്ര സെക്രട്ടേറിയേറ്റ് രൂപീകരിക്കപ്പെടുകയും ചെയ്തു. ധീരനും സ്വതന്ത്രനും നിഷ്പക്ഷനുമായിരുന്ന വിത്തല്‍ഭായ് കോളനി സര്‍ക്കാരിനെതിരെ നിരവധി റൂളിംഗുകള്‍ പുറപ്പെടുവിച്ചു. ഇത്തരത്തിലുള്ള പല റൂളിംഗുകളും സര്‍ക്കാരിന് ഇഷ്ടമായിരുന്നില്ലെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്ററി സംവിധാനത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്നിരുന്ന കോളനി സര്‍ക്കാര്‍ സ്പീക്കറെ അനുസരിക്കാനാണ് തീരുമാനിച്ചത്. ഇതൊക്കെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളാണ്. നിയമനിര്‍മ്മാണസഭകള്‍ക്ക് മേല്‍ ഭരണനിര്‍വാഹകരുടെ നിയന്ത്രണം അമ്പരപ്പിക്കുന്ന രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ വസ്തുതകളെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്.

നിയമനിര്‍മ്മാണസഭകളെ നിലംപരിശാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, അവന്‍/അവള്‍ ചെയ്യുന്ന ആദ്യ പ്രവര്‍ത്തി നിയമനിര്‍മ്മാണസഭയുടെ സ്വതന്ത്ര സെക്രട്ടേറിയേറ്റിനെ ഇല്ലായ്മ ചെയ്യുക എന്നതായിരിക്കും. നിയമനിര്‍മ്മാണസഭയുടെ സെക്രട്ടേറിയേറ്റിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഇത് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും. ഭരണനിര്‍വാഹകരെ സേവിച്ച് ചരിത്രമുള്ള അവര്‍ക്ക്, നിയമനിര്‍മ്മാണസഭ സെക്രട്ടേറിയേറ്റിന്റെ സ്വാതന്ത്ര്യം എന്ന സങ്കല്‍പം തന്നെ അന്യമായിരിക്കും. പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ അനുവദിക്കുക, കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക, സര്‍ക്കാരിന്‍മേല്‍ നിയമനിര്‍മ്മാണസഭകള്‍ക്കുള്ള അവലോകന അധികാരങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുക തുടങ്ങി സെക്രട്ടേറിയേറ്റിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ മേല്‍ നിയന്ത്രണം നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇന്ത്യയിലെ നിയമനിര്‍മ്മാണസഭകളുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി നടക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. നിയമനിര്‍മ്മാണസഭകളുടെ സെക്രട്ടേറിയേറ്റിനെ സംരക്ഷിച്ച് നിര്‍ത്താനുള്ള ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ കൃത്യമായ ലംഘനമാണിത്.

എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യന്‍ നിയമനിര്‍മ്മാണസഭകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. പാര്‍ലമെന്ററി സംവിധാനം നേരിടുന്ന ഈ വെല്ലുവിളിയെ കുറിച്ച് പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെന്ന് വേണം അനുമാനിക്കാന്‍. ചില നിര്‍ണായക ചോദ്യങ്ങള്‍ അനുവദിക്കപ്പെടാതിരിക്കുമ്പോള്‍ അല്ലെങ്കില്‍ വിവിധ സഭാ കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങളോ നിരീക്ഷണങ്ങളോ ‘ശുദ്ധീകരിക്കപ്പെടുകയോ’ അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്യുമ്പോള്‍, നിയമനിര്‍മ്മാണസഭകളില്‍ നിന്നും ഭരണനിര്‍വാഹകര്‍ കൃത്യമായി ആഗ്രഹിക്കുന്നത് ഇതാണെന്ന വസ്തുത അംഗങ്ങള്‍ തിരിച്ചറിയുന്നില്ലെന്ന് വേണം മനസിലാക്കാന്‍. പൊതുതാല്‍പര്യങ്ങളുടെ കാവലാളുകളെന്ന നിലയില്‍ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും അതിജീവിക്കണമെങ്കില്‍, പാര്‍ലമെന്ററി ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അഗാധ ജ്ഞാനം ആവശ്യമാണ്. സര്‍വോപരി, ഇന്ത്യന്‍ ജനപ്രാതിനിധ്യസഭകളുടെ ഭരണഘടനാപരമായ പങ്കിനെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള തിരിച്ചറിവും ആവശ്യമാണ്. പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കുന്നതിലുള്ള അമാന്ത്യത്തെ കുറിച്ചുള്ള നമ്മുടെ ആശങ്ക ന്യായീകരിക്കപ്പെടുമ്പോഴും, ഭരണനിര്‍വാഹകര്‍, നിയമനിര്‍മ്മാണസഭകളെ സാവധാനത്തില്‍ അട്ടിമറിക്കുന്ന പ്രക്രിയയിലും നമ്മുടെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

അടുത്ത വേനലിലെങ്കിലും ശൈത്യകാല സമ്മേളനം നടക്കുമോ? പ്രകാശ് രാജ്

പിഡിടി ആചാരി

പിഡിടി ആചാരി

മുന്‍ ലോകസഭാ സെക്രട്ടറി ജനറല്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍