UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍: അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അജിത്ത് ഡോവലിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍, ശേഖരിച്ചുവെച്ചിരിക്കുന്നത് 3 മാസത്തേയ്ക്കുള്ള അവശ്യവസ്തുക്കള്‍

പതിവിലും കൂടുതല്‍ സൈനിക വിന്യാസത്തില്‍ കാശ്മീര്‍ വാലിയിലെ ജനങ്ങള്‍ യുദ്ധ ആശങ്കയിലാണ്

ജമ്മു കാശ്മീരിന് നല്‍കി വന്നിരുന്ന പ്രത്യേകപദവി ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനയുടെ 370, 35A അനുച്ഛേദങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പ്രമേയം രാജ്യസഭ പാസാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും, ജനങ്ങളുടെ അവശ്യ സേവനങ്ങള്‍ക്ക് മുടക്കം വന്നിട്ടില്ലെന്നുമാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്ലാനിംഗ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചിരിക്കുന്നത്, ‘ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ അവിടെ സമാഹരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമില്ല. അടുത്ത 3 മാസത്തേയ്ക്ക് വേണ്ടത്ര അവശ്യവസ്തുക്കള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. അരി, ഗോതമ്പ്, മട്ടണ്‍, മുട്ട എന്നീ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ പെട്രോളും ഡീസലും വേണ്ടത്ര ശേഖരിച്ചിട്ടുണ്ട്.’ എന്നാണ്.

നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്ത പ്രമേയം പാസാക്കിയിട്ടും പ്രതിഷേധപ്രകടനങ്ങളൊന്നും സംസ്ഥാനത്ത് നടന്നതായിട്ടുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാകാതിരിക്കാന്‍ സുരക്ഷാ സേനകള്‍ കനത്ത ജാഗ്രതയിലാണ്. ജനങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും ജോലിയ്ക്ക് പോകുന്നവര്‍ അടക്കമുള്ളവര്‍ മാത്രമാണ് പുറത്തു പോകുന്നതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ടം കൂടുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. പാകിസ്ഥാന്‍ അധീന കാശ്മീരില്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നെങ്കിലും, താഴ്‌വരയില്‍ സുരക്ഷ കര്‍ശനമാക്കിയതിനാല്‍ പ്രതിഷേധങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ടെലഫോണ്‍ സര്‍വീസുകളും മൊബൈല്‍ ഫോണ്‍ ആശയവിനിമയത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയെന്നാണ് വിവരങ്ങള്‍. അഴിമുഖം പ്രതിനിധി ജമ്മു-കാശ്മീരിലെ രജൗരി മേഖലയിലും ശ്രീനഗറിലുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ജമ്മു നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ സാജന്‍ ശര്‍മ്മയുടെ (24) പ്രതികരണത്തില്‍ നിന്ന് മനസിലാവുന്നത്, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും എന്താണ് തങ്ങളുടെ പ്രദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് അറിയില്ലെന്നാണ്.

നിലവില്‍ ജമ്മുകാശ്മീരിന് പുറത്താണ് സാജനും സഹോദരന്‍ രാജന്‍ ശര്‍മ്മയും (20) ഉള്ളത്. ഇദ്ദേഹത്തിന്റെ മാതാവ് പ്രിയ ശര്‍മ്മ (42) ജമ്മുവില്‍ തന്നെയാണ്. കാര്യമായ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത സാജനും സഹോദരനും ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കുറിച്ച് ഒരു ധാരണയുമില്ല. ജമ്മുവില്‍ ഇടയ്ക്കിടെ സുരക്ഷ വര്‍ധിപ്പിക്കുന്നതും നെറ്റും മറ്റും താല്‍കാലികമായി നിര്‍ത്തുന്നതും മുമ്പും അനുഭവിച്ചിട്ടുള്ളത് കൊണ്ടാവാം സാജന്റെ പ്രതികരണത്തില്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ ഉത്കണ്ഠയോ ആശങ്കയോ നിഴലിക്കാതിരുന്നത്. ‘പ്രശ്‌നമൊന്നുമില്ല.. കുറച്ച് കൂടുതല്‍ പട്ടാളക്കാരും പോലീസുകാരെയുമൊക്കെ കുറച്ചുദിവസമായിട്ട് ഉണ്ട്. ജമ്മു മുഴുവന്‍ ബന്ദാണ്. കുറച്ച് ദിവസമുണ്ടാവും.. നെറ്റും ഫോണും ഒന്നും കിട്ടില്ല. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നമുണ്ടായി. പാക്കിസ്ഥാനില്‍ നിന്ന് കാശ്മീരിലേക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്.’ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് സാജന് അറിയാന്‍ കഴിഞ്ഞ ജമ്മുവിലെ സ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

Read: പ്രത്യേക പദവി ഇല്ലാതായതോടെ ജമ്മു – കാശ്മീരില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ? അറിയേണ്ടതെല്ലാം

അതേസമയം കാശ്മീര്‍ വാലിയിലെ പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. പതിവിലും കൂടുതല്‍ സൈനിക വിന്യാസത്തില്‍ യുദ്ധ ആശങ്കയിലാണ് ജനങ്ങള്‍. ആ പ്രദേശത്തെ സ്ഥിതിഗതികള്‍ പുറത്ത് ലഭിക്കുന്നില്ല. കശ്മീരിലെ സ്ഥിതിഗതികള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടാണ് നിരീക്ഷിക്കുന്നത്. രണ്ടാഴ്ച കൊണ്ട് ഏതാണ്ട് 300 കമ്പനി (മുപ്പതിനായിരത്തോളം പേര്‍) അര്‍ധസൈനികരെയാണ് താഴ്‌വരയില്‍ വിന്യസിച്ചത്. നേരത്തേ അമര്‍നാഥ് യാത്രയ്ക്ക് വേണ്ടി വിന്യസിച്ച പതിനയ്യായിരത്തിന് പുറമേയാണിത്. ഇപ്പോള്‍ 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികര്‍ ഇപ്പോള്‍ സുരക്ഷാ ചുമതലയ്ക്കായി സംസ്ഥാനത്തുണ്ട്.

ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. മുന്‍മുഖ്യമന്ത്രിമാരായ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വീട്ടു തടങ്കലിലായിരുന്നു. മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും തിങ്കളാഴ്ചയോടെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.

EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍