UPDATES

വായിച്ചോ‌

“കേരളം മനോഹരം; ഞങ്ങൾ ജീവിതത്തിലൊരിക്കലും ഇത്രയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല” -ഇതര സംസ്ഥാനത്തൊഴിലാളികളുടെ ജീവിതം

രവിയുടെ വീടിനടുത്തുള്ള നഴ്സറിയിലെ കുട്ടികളിൽ പകുതിയോളം പേരും കുടിയേറ്റക്കാരുടെ മക്കളാണ്.

“വിക്കിയെ ഞാൻ ശരിക്കും മിസ് ചെയ്യുന്നു!” -രവി തന്റെ കുപ്പായക്കൈ തെറുത്തു കയറ്റവെ പറഞ്ഞു. ഒരു സമരപരിപാടിക്കു ശേഷം -ഇത് ഏതൊരു മലയാളിയുടെയും ജീവിതത്തിലെ ഒഴിവാക്കാനാകാത്ത പ്രവർത്തനമാണ്- വീട്ടിലേക്ക് തിരിക്കുകയാണ് രവി. കൊച്ചിയുടെ വ്യാവസായിക കേന്ദ്രമായ ഏരൂരിലെ രൂക്ഷഗന്ധമുള്ള കെമിക്കൽവായു ശ്വസിച്ചു നടക്കവെ അദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായ തന്റെ കുട്ടികളെപ്പറ്റി സംസാരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും വീട്ടിലില്ല. “വിക്കി സ്ഥലത്തുണ്ടായിരുന്നെങ്കിൽ എനിക്കൊരു ബേജാറുമില്ല. എന്റെ കുട്ടികളെ അവൻ നോക്കിക്കോളും. അവന്റെ ഭാര്യയാണ് എന്റെ മോൾ സ്കൂളിൽ പോകുമ്പോൾ മുടി പിന്നിക്കൊടുക്കുന്നത്. അവർ വേഗത്തിൽ വരണമേയെന്നാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം.”

വായനക്കാരുടെ അറിവിലേക്ക് പറയട്ടെ, വിക്കി രവിയുടെ വിശ്വസ്തനായ അയൽവാസിയാണ്.

വിക്കി ബിഹാറുകാരനാണ്. കേരളത്തിൽ നിന്ന് ഏതാണ്ട് 2600 കിലോമീറ്റർ അകലെ നിന്ന് വരുന്നയാൾ. നഷ്ടത്തിലായ തന്റെ കൃഷിയിടം വിട്ടാണ് വിക്കി കേരളത്തിലേക്ക് പോന്നത്. ഇപ്പോൾ ഒറു ഫാക്ടറിയിൽ ജോലി ചെയ്യുന്നു. എന്നിരിക്കിലും തന്റെ നാട് പ്രവാസിയെ തിരികെ വിളിച്ചു കൊണ്ടിരിക്കും. എത്ര ദൂരെയാണെങ്കിലും അയാൾ ഓടിയെത്തും. എല്ലാ ഛാഠ് പൂജാ സീസണിലും വിക്കി നാട്ടിലെത്തുന്നു. വിക്കി മാത്രമല്ല. ആയിരക്കണക്കായ ഇതര സംസ്ഥാനത്തൊഴിലാളികളും കേരളത്തിൽ നിന്നും നാട്ടിലേക്ക് പോകുന്ന ദിനങ്ങളാണിവ. വിക്കി ഒരു മാസമെങ്കിലും കഴിഞ്ഞേ തിരികെയെത്തൂ.

നഗരത്തിന്റെ മറ്റൊരു കോണിൽ ഛാഠ് ഉത്സവ സീസൺ വലിയ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. കൊച്ചി മെട്രോയുടെ പണികൾ ഏതാണ്ട് സ്തംഭിച്ച മട്ടാണ്. മെട്രോയുടെ പണി പൂർത്തീകരിക്കേണ്ട തിയ്യതി അടുത്തു കഴിഞ്ഞിട്ടുണ്ട്.

“ഛാഠ് ഉത്സവകാലത്തും മറ്റും ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിൽ പോകുന്നത് പതിവാണ്. ഉത്തരേന്ത്യൻ ഉത്സവനാളുകൾ മുൻകൂട്ടി അറിഞ്ഞു വെക്കാനുള്ള പരിപാടിയിലാണ് ഇപ്പോൾ ഞങ്ങൾ. ജോലികൾ ആ രീതിയിൽ പ്ലാൻ ചെയ്യുകയല്ലാതെ മാർഗ്ഗമില്ല” -ഒരു കരാറുകാരൻ പറയുന്നു.

ഉത്തരേന്ത്യൻ നാടുകളിൽ നിന്നുള്ള ഗതാഗത സംവിധാനങ്ങള്‍ കൂടുതൽ ശക്തമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഉയർന്ന ഡിമാൻഡ് മൂലം കൊച്ചിയിൽ നിന്നും കൊൽക്കത്തയിലേക്ക് നേരിട്ട് പുതിയ വിമാന സർവ്വീസുകൾ തുടങ്ങാൻ രണ്ട് വിമാനക്കമ്പനികൾ തീരുമാനിച്ചത് ഈയിടെയാണ്. ഒരു ദശകം മുൻപുവരെ ആളില്ലാവണ്ടിയായിരുന്നു ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്സ്. ഇപ്പോൾ ഈ ട്രെയിനിൽ കാലുകുത്താനിടം കിട്ടില്ല. രാജ്യത്തെ ഏറ്റവും തിരക്കേറിയ പത്ത് ട്രെയിനുകളിലൊന്നാണ് ഇത്. ട്രെയിനുകളും ബസ്സുകളുമെല്ലാം നിറഞ്ഞോടുകയാണ്.

രവിയുടെ വീടിനടുത്തുള്ള നഴ്സറിയിലെ കുട്ടികളിൽ പകുതിയോളം പേരും കുടിയേറ്റക്കാരുടെ മക്കളാണ്. അടുത്തുള്ള സ്കൂളിലാകട്ടെ അമ്പതോളം ഉത്തരേന്ത്യൻ കുട്ടികൾ പഠിക്കുന്നു. ഇവരിൽ ഉയർന്ന മാർക്കോടെ പത്താംതരം പാസ്സായവരുമുണ്ട്. പലർക്കും മലയാളം നന്നായി സംസാരിക്കാനറിയാം.

“കേരളം മനോഹരമായ സ്ഥലമാണ്. ഞങ്ങൾ ജീവിതത്തിലൊരിക്കലും ഇത്രയും സ്വതന്ത്രമായി കഴിഞ്ഞിട്ടില്ല.” -കുടിയേറ്റത്തൊഴിലാളികളിലൊരാളായ അബ്ദ ഖുതാവ്ന പറയുന്നു. ബിഹാറിലാണ് ഇവരുടെ വീട്. തന്റെ നാട്ടിലെ കടുത്ത നിയന്ത്രണങ്ങളുള്ള ജീവിതസാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് കേരളമെന്നും അബ്ദ ചൂണ്ടിക്കാട്ടുന്നു. തന്റെ ഗ്രാമത്തിൽ എന്തു ചെയ്യാനും മുൻകൂട്ടി അനുമതി വാങ്ങണം. ഇവിടെ അത്തരം പ്രശ്നങ്ങളില്ല.

കൂടുതല്‍ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍