UPDATES

ട്രെന്‍ഡിങ്ങ്

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

കാരവന്‍ പ്രസിദ്ധീകരിച്ച The Instigator എന്ന ലേഖനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വായിക്കാം

1940-ല്‍ ഹെഡ്‌ഗേവാറിന്റെ മരണത്തെ തുടര്‍ന്നാണ് ആര്‍എസ്എസിന്റെ സര്‍സംഘചാലക് -മേധാവി- സ്ഥാനം ഗോള്‍വാള്‍ക്കര്‍ ഏറ്റെടുക്കുന്നത്. 1973-ല്‍ മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അദ്ദേഹം മേധാവിയാകുമ്പോള്‍ ആര്‍എസ്എസ് അറിയപ്പെട്ട് വരുന്നതേയുള്ളൂ. മഹാരാഷ്ട്രയുടെ വിദര്‍ഭ മേഖലയിലപ്പുറം അത് കാര്യമായ ഒരു സാന്നിധ്യം പോലുമല്ലായിരുന്നു. പക്ഷേ ഗോള്‍വാള്‍ക്കറിന്റെ നേത്യത്വത്തില്‍ ആര്‍എസ്എസ് സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. ഇന്ത്യ-പാക് വിഭജനകാല അക്രമങ്ങളെ ആളിക്കത്തിക്കുന്നതില്‍ ആര്‍എസ്എസിന്റെ പങ്ക് അതിപ്രധാനമായിരുന്നു. മോഹന്‍ദാസ് ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടു.

എന്നാല്‍ അതേ ഗോള്‍വാള്‍ക്കറിന്റെ കീഴില്‍ ആര്‍എസ്എസിന് എഴുതപ്പെട്ട ഒരു ഭരണഘടനയുണ്ടായി. ശാഖകള്‍ എന്നറിപ്പെടുന്ന പ്രദേശിക ഘടകങ്ങള്‍ക്കപ്പുറത്തേയ്ക്ക് സംഘടന വളര്‍ന്നു. ഗോള്‍വാള്‍ക്കര്‍ മരിക്കുമ്പോഴേയ്ക്ക് ആര്‍എസ്എസ് രാജ്യം മുഴുവന്‍ വ്യാപിച്ചിരുന്നു. ആര്‍എസ്എസും സഹോദര സംഘടനകളും ചേര്‍ന്ന സംഘപരിവാര്‍ എന്ന ശൃംഖല ഇന്ത്യന്‍ സമൂഹത്തിന്റെ ഏതാണ്ട് എല്ലാ ആകാരങ്ങളിലേയ്ക്കും ആഴത്തില്‍ നുഴഞ്ഞു കയറിയിരുന്നു. ഗോള്‍വാള്‍ക്കറുടെ വിശാലമായി പരന്നുകിടക്കുന്ന എഴുത്തുകളുടേയും പ്രസംഗങ്ങളുടേയും ആറ്റിക്കുറുക്കലായ വിചാരധാര (bunch of thoughts) എന്ന പുസ്തകമാണ് ആര്‍എസ്എസിന്റെ ബൈബിള്‍. 

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ബലിറാം ഹെഡ്‌ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ‘മോദി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് The Instigator, How MS Golwalkar’s virulent Ideology underpins Modi’s India എന്ന ദീര്‍ഘലേഖനത്തിലൂടെ വിശദീകരിക്കുകയാണ്കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത് ദിവാകരന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ആ ലേഖനം എട്ടു ഭാഗങ്ങളായി അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ആ എട്ടു ഭാഗങ്ങളും ഒരുമിച്ചു വായിക്കാം. 

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍
സാധാരണയായി സംഘടനകളും കള്‍ട്ടുകളുമെല്ലാം അതിന്റെ സ്ഥാപകരുടെ പാരമ്പര്യവും ചിന്തകളുമാണ് മുന്നോട്ടുകൊണ്ടുപോവുക. സ്ഥാപകന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് നയിക്കാന്‍ നിയക്തരായവരുടെ വേറിട്ട പാരമ്പര്യം, അതേ സംഘടനയെ പിന്നീടുള്ള കാലം മുന്നോട്ടു നയിക്കുന്നത് സാധാരണമല്ല. പക്ഷേ, നമുക്കറിയാം, ആര്‍എസ്എസ് അഥവാ രാഷ്ട്രീയ സ്വയം സേവക് സംഘ് ഒരു സാധാരണ സംഘടനയല്ല, അതുകൊണ്ടു തന്നെ ഇക്കാര്യത്തിലും അവര്‍ വേറിട്ടാണ് നില്‍ക്കുന്നത്. 1925-ല്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സ്ഥാപിച്ച ആര്‍എസ്എസില്‍ ഇന്ന് കാണാവുന്ന വ്യക്തിമുദ്രയേറെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടേതാണ്. ആര്‍എസ്എസിനകത്ത് ഹെഡ്‌ഗേവാര്‍ ഡോക്ടര്‍ജി എന്നറിയപ്പെടുമ്പോള്‍ ഗോള്‍വാള്‍ക്കര്‍ അറിയപ്പെടുന്നത് ഗുരുജി എന്നാണ്.

1940-ല്‍ ഹെഡ്‌ഗേവാറിന്റെ മരണത്തെ തുടര്‍ന്നാണ് ആര്‍എസ്എസിന്റെ സര്‍സംഘചാലക് -മേധാവി- സ്ഥാനം ഗോള്‍വാള്‍ക്കര്‍ ഏറ്റെടുക്കുന്നത്. 1973-ല്‍ മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അദ്ദേഹം മേധാവിയാകുമ്പോള്‍ ആര്‍എസ്എസ് അഥവാ സംഘ് അറിയപ്പെട്ട് വരുന്നതേയുള്ളൂ. മഹാരാഷ്ട്രയുടെ വിദര്‍ഭ മേഖലയിലപ്പുറം അത് കാര്യമായ ഒരു സാന്നിധ്യം പോലുമല്ലായിരുന്നു അക്കാലത്ത്. പക്ഷേ ഗോള്‍വാള്‍ക്കറിന്റെ നേത്യത്വത്തില്‍ ആര്‍എസ്എസ് സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. ഇന്ത്യ-പാക് വിഭജന കാല അക്രമങ്ങളെ ആളിക്കത്തിക്കുന്നതില്‍ ആര്‍എസ്എസിന്റെ പങ്ക് അതിപ്രധാനമായിരുന്നു, മോഹന്‍ദാസ് ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. എന്നാല്‍ അതേ ഗോള്‍വാള്‍ക്കറിന്റെ കീഴില്‍ ആര്‍എസ്.എസിന് എഴുതപ്പെട്ട ഒരു ഭരണഘടനയുണ്ടായി. ശാഖകള്‍ എന്നറിപ്പെടുന്ന പ്രദേശിക ഘടകങ്ങള്‍ക്കപ്പുറത്തേയ്ക്ക് സംഘടന വളര്‍ന്നു. രാഷ്ട്രീയത്തില്‍ ജനസംഘ്, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ്, മതം പ്രത്യേകമായി നോക്കുന്നതിന് വിശ്വഹിന്ദുപരിഷദ്, വ്യവസായ മേഖലതൊഴിലാളികള്‍ക്കിടയില്‍ ഭാരതീയ മസ്ദൂര്‍ സംഘ് എന്നിങ്ങനെ വിവിധ ബഹുജന സംഘടനകളും സൃഷ്ടിക്കപ്പെട്ടു.

ഗോള്‍വാള്‍ക്കര്‍ മരിക്കുമ്പോഴേയ്ക്ക് ആര്‍എസ്എസ് രാജ്യം മുഴുവന്‍ വ്യാപിച്ചിരുന്നു. ആര്‍എസ്എസും സഹോദര സംഘടനകളും ചേര്‍ന്ന സംഘപരിവാര്‍ എന്ന ശൃംഖല ഇന്ത്യന്‍ സമൂഹത്തിന്റെ ഏതാണ്ട് എല്ലാ ആകാരങ്ങളിലേയ്ക്കും ആഴത്തില്‍ നുഴഞ്ഞു കയറിയിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളുടെ സ്വാധീനം ആ മരണത്തോടെ അവസാനിച്ചില്ല. ഗോള്‍വാള്‍ക്കറുടെ വിശാലമായി പരന്നുകിടക്കുന്ന എഴുത്തുകളുടേയും പ്രസംഗങ്ങളുടേയും ആറ്റിക്കുറുക്കലായ വിചാരധാര (bunch of thoughts) എന്ന പുസ്തകമാണ് ആര്‍എസ്എസിന്റെ ബൈബിള്‍.

2014-ല്‍ ആര്‍എസ്എസിന്റെ പ്രമുഖ സൈദ്ധാന്തികരിലൊരാളായ എം.ജി വൈദ്യ, സംഘടന ഔദ്യോഗികമായി ഗോള്‍വാള്‍ക്കറിനെ എങ്ങനെ കാണുന്നുവെന്ന് വിശദീകരിക്കുകയുണ്ടായി. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഇങ്ങനെ പറയുന്നു: ”ഇരുപതാം നൂറ്റാണ്ടില്‍ ഹൈന്ദവ സമൂഹത്തിനുണ്ടായ ഏറ്റവും വലിയ വരദാനമാണ് ശ്രീ ഗുരുജി എന്നാണ്  അദ്ദേഹം (വൈദ്യ) വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും സംഘം വ്യാപിപ്പിക്കാന്‍ തളര്‍ച്ചയില്ലാതെ പണിയെടുത്ത ശ്രീ ഗുരുജിക്കാണ് അന്തരാഷ്ട്ര സമൂഹത്തിന് മുന്നില്‍ സംഘത്തിന് ഇന്നുള്ള അംഗീകാരത്തിനുളള ബഹുമതിയ്ക്ക് അര്‍ഹതയെന്നും അദ്ദേഹം (വൈദ്യ) വിശദമാക്കുന്നു

ഈ ജൂണ്‍ മാസമാദ്യം നാഗ്പൂരില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഞാന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുസ്തക അലമാരകള്‍ നിരത്തിവച്ചിട്ടുള്ള സ്വീകരണമുറിയില്‍ ഏകദേശം ഒരുമണിക്കൂര്‍ അദ്ദേഹം എന്നോടു സംസാരിച്ചു. ഇടക്കിടയ്ക്ക് താന്‍ പറയുന്ന കാര്യത്തിന്റെ വിശദീകരണങ്ങള്‍ക്കായി അലമാരയില്‍ നിന്ന് പുസ്തകങ്ങള്‍ വലിച്ചെടുത്ത് അതിലെ ചില ഭാഗങ്ങള്‍ എന്നോടു വായിക്കാനുംആവശ്യപ്പെട്ടു. 94 വയസിനെ മറച്ചുപിടിക്കുന്ന ഊര്‍ജ്ജമായിരുന്നു അദ്ദേഹത്തിന്. ഞങ്ങളുടെ ചര്‍ച്ച അവസാനിച്ചപ്പോള്‍ ഒരു മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ കയറി ആശുപത്രിയില്‍ കിടക്കുന്ന ഒരു സഹപ്രവര്‍ത്തകനെ കാണാനും പോയി. ”1941-ല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന ഒരു പ്രതിജ്ഞ ഞാനെടുത്തിരുന്നു”-  ഞങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. ”1947-ല്‍ ആ ലക്ഷ്യം നിറവേറിയപ്പോള്‍ ഒരു ആശയക്കുഴപ്പം ഞങ്ങളെ അലട്ടി, നമ്മളെന്താണ് ഇനി ചെയ്യേണ്ടത്? അക്കാലത്ത് ഒരു പുതുമയുള്ള ലക്ഷ്യവുമായി ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിനെ പ്രചോദിപ്പിച്ചു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന സംഘടനയായി, ഒരു വിഭാഗത്തിന്റെ മാത്രമല്ലാതെ നമ്മളെ തന്നെ കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ വിവിധ മേഖലകളുണ്ട്. വിദ്യാഭ്യാസം, വ്യവസായം, കൃഷി, മതം. ഈ മേഖലയിലെല്ലാം ഉള്ള മനുഷ്യരെ പ്രചോദിപ്പിക്കുകയും സംഘടിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു”

രാജ്യത്തിന്നു വരെയുണ്ടായിട്ടുള്ള രണ്ടേ രണ്ട് ബി.ജെ.പി പ്രധാനമന്ത്രിമാര്‍ എങ്ങനെയാണ് ഗോള്‍വാള്‍ക്കാറിനെ കണക്കാക്കുന്നത് എന്നതില്‍ നിന്നും നമുക്ക് അദ്ദേഹത്തിന്റെ തുടരുന്ന സ്വാധീനം മനസിലാക്കാവുന്നതാണ്. 2006-ല്‍ ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി വേളയില്‍ സംസാരിക്കവേ അടല്‍ ബിഹാരി വാജ്‌പേയി, 1940-ല്‍ ആദ്യമായി ഗോള്‍വാള്‍ക്കറെ കണ്ടത് അനുസമരിക്കുകയുണ്ടായി. വാജ്‌പേയി അന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വാജ്‌പേയിയുടെ ആ അനുഭവം പിന്നീട് 2006-ലെ ഒരു ലക്കത്തില്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഒരു ആത്മീയ ആവരണമുണ്ട് ആ വിവരണത്തില്‍. വാജ്‌പേയി എഴുതുന്നു: “ശ്രീ ഗുരുജി ഗ്വാളിയോര്‍ സ്റ്റേഷനില്‍ വരികയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയവരില്‍ ഞാനുമുണ്ടായിരുന്നു. എന്നെ കണ്ട നിമിഷത്തില്‍ തിരിച്ചറിഞ്ഞ മട്ടില്‍ അദ്ദേഹം നോക്കി. എന്നെ തിരിച്ചറിയാന്‍ യഥാര്‍ത്ഥത്തില്‍ ഒരു കാര്യവുമില്ല. പക്ഷേ ആ കൂടിക്കാഴ്ച എന്നെ എല്ലാക്കാലത്തേയ്ക്കും സ്വാധീനിച്ചതാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആദ്യമായി ഞാന്‍ തീരുമാനിക്കുന്നത് അന്നാണ്”.

2008-ല്‍ നരേന്ദ്ര മോദി ജ്യോതിപുഞ്ച് (പ്രകാശ കിരണങ്ങള്‍) എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ജീവിതത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ച 16 ആര്‍എസ്എസ് നേതാക്കളുടെ ലഘു ജീവചരിത്രങ്ങളാണ് അതില്‍. അതിലെ ഏറ്റവും ദീര്‍ഘമേറിയ ലേഖനം ഗോള്‍വാള്‍ക്കറെ പറ്റിയുള്ളതാണ്. പിന്നീട് എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ ആകാര്‍ പട്ടേല്‍ അത് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതില്‍ ഗോള്‍വാള്‍ക്കറെ മോദി താരതമ്യപ്പെുത്തുന്നത് ബുദ്ധന്‍, മറാത്ത രാജാവ് ശിവജി, സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലക് എന്നിവരോടാണ്. ആ ലേഖനം മോദി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”ഗുരുജിയുടെ ജീവിതം വിലയിരുത്തുന്നതിനോ മനസിലാക്കുന്നതിനോ നമ്മളാരും ശേഷിയുള്ളവരല്ല. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മനോഹര കാലങ്ങളെ പുരാഖ്യാനിക്കാനുള്ള വിനീതമായ ശ്രമമാണ്”.

എന്തായാലും ഗോള്‍വാള്‍ക്കറുടെ വിമര്‍ശകര്‍ അദ്ദേഹത്തെ കാണുന്നത് മറ്റൊരുതരത്തിലാണ്. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ അദ്ദേഹത്തെ കുറിച്ച് പറയുന്നത് ‘വെറുപ്പിന്റെ ആചാര്യന്‍’ (guru of hate) എന്നാണ്. ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തങ്ങളെ കുറിച്ചുള്ള തന്റെ പുസ്തകത്തിന് ജ്യോതിര്‍മയ ശര്‍മ്മ നല്‍കിയ തലക്കെട്ട് ‘ഭീതിദമായ കാഴ്ചപ്പാട്’ (Terrifying Vision) എന്നാണ്. കോണ്‍ഗ്രസ് അതിന്റെ ഔന്നിത്യകാലത്ത് ചെയ്തതുപോലെയോ അതിനപ്പുറമോ ആര്‍എസ്എസ് ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും നിയന്ത്രണം ചെലുത്തുന്ന കാലമാണിന്ന്. അത് കൊണ്ടുതന്നെ ഗോള്‍വാള്‍ക്കറെ മനസിലാക്കാതെ ഇന്ത്യന്‍ സമൂഹം- നല്ലതോ ചീത്തയോ ആയി- ഇപ്പോള്‍ എന്തിനെയാണ് നേരിടുന്നത് എന്ന് മനസിലാക്കാനാവില്ല.

1906 ഫിബ്രവരി 19-ന്, മഹാരാഷ്ട്രയിലെ രാംടേക്കിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ഒന്‍പത് മക്കളില്‍ നാലാമനായാണ് ഗോള്‍വാള്‍ക്കര്‍ ജനിച്ചത്. സഹോദരങ്ങള്‍ എട്ടു പേരും കൗമാരം പിന്നിടുന്നതിന് മുമ്പ് മരിച്ചു. ഗോള്‍വാള്‍ക്കര്‍ ജനിച്ച് അധികം കഴിയാതെ ഇന്നത്തെ ഛത്തീസ്ഗഢില്‍ ഉള്‍പ്പെടുന്ന ഒരു ഉള്‍ഗ്രാമത്തിലെ സ്കൂള്‍ അധ്യാപന ജോലി പിതാവിന് ലഭിച്ചു. ചെറുപ്പത്തില്‍ തന്നെ അനായാസേന ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യുന്ന തരത്തില്‍ ഗോള്‍വാള്‍ക്കര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു.

ആര്‍എസ്എസിന്റെ നേതൃത്വവും ആശയലോകവും വളര്‍ന്നുവന്ന തരത്തിലുള്ള സവര്‍ണ്ണ ജാതി ചുറ്റുപാടുകളില്‍ തന്നെയാണ് ഗോള്‍വാള്‍ക്കര്‍ വളര്‍ന്നതെങ്കിലും ആദ്യകാല വിദ്യാഭ്യാസമോ പ്രവര്‍ത്തനവഴികളോ അദ്ദേഹത്തെ നേരിട്ട് ആര്‍എസ്എസിലേക്ക് എത്തിച്ചില്ല. നാഗ്പൂരില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ബനാറസ് ഹിന്ദു സര്‍വ്വകാലാശാലയില്‍ ഉപരിപഠനത്തിന് പോയ ഗോള്‍വാള്‍ക്കര്‍ 1928-ല്‍ എം.എസ്‌സി ബയോളജി പൂര്‍ത്തിയാക്കി.

സംഘപരിവാറിന്റെ സാധുചരിത്രവര്‍ണ്ണനാ അരിപ്പരിയിലൂടെ ലഭിക്കുന്ന വിവരങ്ങളിലൂടെയും വാഴ്ത്തുക്കളിലൂടെയും മാത്രമേ വസ്തുതകള്‍ നമുക്കിപ്പോള്‍ ലഭ്യമുള്ളൂ എന്നതിനാല്‍ ഗോള്‍വാള്‍ക്കറിന്റെ ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ ഒരു ജീവചരിത്രത്തിന്റെ പേര് ‘ശ്രീ ഗുരുജി: ഒരു നവയുഗത്തിന്റെ അഗ്രഗാമി’ എന്നാണ്. സി.പി ഭിഷികര്‍ മറാത്തിയിലെഴുതിയിട്ടുള്ള ഈ പുസ്തകം ആര്‍എസ്എസ് അംഗീകരിച്ചിട്ടുള്ളതാണ്. ഗോള്‍വാള്‍ക്കര്‍ ബനാറസ് സര്‍വ്വകാലയില്‍ ചെലവഴിച്ച നാല് വര്‍ഷങ്ങളെ ഈ ജീവചരിത്രം വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്: ‘‘കഠിനമായി പഠിച്ചുവെച്ചുവെങ്കിലും ആത്മീയ ജീവിതയിലേയ്ക്ക് ചാഞ്ഞ വര്‍ഷങ്ങളായിരുന്നു അത്. അദ്ദേഹം ഉപയോഗിച്ചതു പോലെ ലൈബ്രറി ഉപയോഗിച്ച വിദ്യാര്‍ത്ഥികളാരും അവിടെയുണ്ടാവില്ല. സംസ്‌കൃതം, പാശ്ചാത്യ തത്വചിന്ത, രാമകൃഷ്ണ പരമഹംസന്റേയും സ്വാമിവിവേകാനന്ദന്റേയും പ്രചോദിത ചിന്തകള്‍, വിവിധ മതങ്ങളുടേയും മതശാഖകളുടേയും വിശുദ്ധഗ്രന്ഥങ്ങള്‍, ശാസ്ത്രസംബന്ധിയായ പുസ്തകങ്ങള്‍ എന്നിനെ ആഹ്ളാദജനകവും പരന്നതുമായ വായനയായിരുന്നു അദ്ദേഹത്തിന് അന്നുണ്ടായിരുന്നത്.” മദ്രാസ് അഖ്വേറിയത്തിലെ ഒരു വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം 1930-ല്‍ ലക്ചററായി അദ്ദേഹം ബനാറസ് സര്‍വ്വകലാശാലയില്‍ തിരിച്ചെത്തി. അതിനും അഞ്ചുവര്‍ഷം മുമ്പ് രൂപവത്കരിച്ച് ആര്‍എസ്എസുമായുള്ള ബന്ധം ഗോള്‍വാള്‍ക്കര്‍ക്കുണ്ടാകുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ കാലഘട്ടത്തിലായിരുന്നു.

പതിറ്റാണ്ടുകളായി ദാനപ്രദാനം ചെയ്ത് സഹവര്‍ത്തിച്ചിരുന്ന ചരിത്രപരവും ബൗദ്ധികവുമായ പലവിധ അടിയൊഴുക്കുകളുടേയും സംഗമമാണ് ആര്‍എസ്എസിന്റെ പിറവിയോടെ സംഭവിച്ചത്. കൊളോണിയലിസം വന്നപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയേയും അത് കൂടെ കൊണ്ടുവന്നു. ഭരണ വ്യവസ്ഥയെ കൊണ്ടുവന്നു, വിദ്യാഭ്യാസം കൊണ്ടുവന്നു. പക്ഷേ, ഒരു വിദേശശക്തിയോടുള്ള അടിമത്തത്തെ ഈ ഉപഭൂഖണ്ഡത്തിലെ ജനതയ്ക്ക് വിശദീകരിക്കേണ്ട ഒരു ആവശ്യകതയും അതുണ്ടാക്കിതീര്‍ത്തു. അതെല്ലാം വഴി പലരും ചരിത്രത്തിന് അവരുടെതായ ഭാഷ്യം ചമച്ചു, കൊളോണിയലിസം പ്രാപ്യമാക്കിയ അനുഭവാധിഷ്ഠിതമായ അനുമാനം തുടങ്ങിയ ബൗദ്ധിക രീതിശാസ്ത്രങ്ങളുപയോഗിച്ചായിരുന്നു ഈ ചരിത്രമെഴുത്തുകള്‍.

വിവേകാനന്ദന്‍ മുതല്‍ ദയാനന്ദസരസ്വതി വരെയുള്ള അതികായന്മാര്‍ വരെ മുന്നോട്ടുവച്ചിട്ടുള്ള, പ്രചുരപ്രചാരമാര്‍ജ്ജിച്ച വിശദീകരണമനുസരിച്ച് ഇന്ത്യന്‍ ചരിത്രം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് മഹത്തായ ഹിന്ദു ഭൂതകാലത്തിന്റെ സ്ഥിരതയാര്‍ന്ന അധ:പതനമാണ്. ഹൈന്ദവ ഭൂതകാലവുമായുള്ള ബന്ധം മുറിഞ്ഞതോടെ ഹിന്ദുക്കള്‍ എളുപ്പത്തില്‍ വൈദേശിക കടന്നുകയറ്റക്കാരുടെ, അത് മുസ്ലീങ്ങളായാലും ബ്രിട്ടീഷുകാരായാലും, ഇരകളായി മാറുകയായിരുന്നു. ആ ചരിത്രത്തില്‍ വിശ്വസിച്ചിരുന്ന മിക്കവരും കരുതിയിരുന്നത് പ്രാക്തന ഭൂതകാലത്തെ തിരിച്ചുപിടിക്കുന്നത് വഴി ആ അധ:പതനത്തില്‍ നിന്ന് രക്ഷനേടാമെന്നാണ്. ഈ ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങളും ഇതേ വാദത്തിന്റെ സമാനമായ ഭാഷ്യം ആവേശത്തോടെ മുന്നോട്ട് വയ്ക്കാറുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചതിന്റെ ഫലമായാണ് ഇവിടത്തെ അവരുടെ ഭരണം ജീര്‍ണ്ണിച്ചുപോയത് എന്നാണത്. രണ്ടാമത്തെ കൂട്ടരുടെ കാര്യത്തില്‍ അടിസ്ഥാനതത്വങ്ങളിലേയ്ക്ക് തിരിച്ചുപോകാന്‍ അവര്‍ക്കൊരു കൃതിയുടെ- ഖുറാന്‍- ആവശ്യമേയുള്ളൂ. പക്ഷേ മഹത്തായ ഇന്ത്യന്‍ ഭൂതകാലത്തേയ്ക്ക് തിരിച്ചുപോകാനായി ഭൂതകാലത്തെ വീണ്ടും കണ്ടെത്തേണ്ടതായി വരും.

ഈ സമീപനം സ്വീകരിച്ചിരുന്ന ഹിന്ദു സമൂഹങ്ങളില്‍ ഏറ്റവും പ്രമുഖമായത് 1915-ല്‍ സ്ഥാപിതമായ അഖിലേന്ത്യ ഹിന്ദു സഭയായിരുന്നു. 1921-ല്‍ അതിന്റെ പേര് ഹിന്ദുമഹാസഭ എന്നാക്കി മാറ്റി. 2002-ല്‍ പുറത്തിറങ്ങിയ ‘ആര്‍എസ്എസിന്റെ വിധിയുമായുള്ള സമാഗമം’ എന്ന പുസ്തകത്തില്‍ രാഷ്ട്രീയ വൈജ്ഞാനികനായ പ്രാലയ് കനുന്‍ഗോ, 1923-ലെ ഹിന്ദുമഹാസഭയുടെ വാരണാസി സമ്മേളനം ‘പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള വിവിധ ഹിന്ദുസമൂഹത്തിലെ നേതൃത്വത്തെ ഒന്നാകെ’ ഒറ്റ വേദിയില്‍ അണിനിരത്തിയെന്നാണ് പറയുന്നത്. ആ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞത്, ‘മുഹമ്മദീയരുടെ ഇടയിലെ തെമ്മാടിക്കൂട്ടങ്ങള്‍ക്ക് സൗകര്യമായി ഹിന്ദുക്കളെ കൊള്ളയടിക്കാനും അപമാനിക്കാനും കഴിയുമെന്നുള്ള വിചാരം ഇല്ലാതാക്കാന്‍ ഹിന്ദുക്കള്‍ സ്വയം ശാക്തീകരിക്കണം’ എന്നാണ്. ‘ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കുക, അഖാഡകള്‍ സ്ഥാപിക്കുക, ഹിന്ദുമഹാസഭയുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങാനായി ജനങ്ങളെ പ്രേരിപ്പിക്കുന്നതായി വോളണ്ടിയര്‍ സംഘങ്ങളെ സൃഷ്ടിക്കുക‘ എന്നിവയായിരുന്നു മാളവ്യയുടെ ലക്ഷ്യങ്ങള്‍ എന്ന് കനുന്‍ഗോ എഴുതുന്നു.

ഇതേ വര്‍ഷം വി.ഡി സവര്‍ക്കര്‍ – ബ്രിട്ടീഷുകാര്‍ ജയിലിലടയ്ക്കുകയും പല മാപ്പപേക്ഷകള്‍ക്ക് ശേഷം മോചിതനാവുകയും ചെയ്ത പഴയ വിപ്ലവകാരി- ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. വര്‍ഷങ്ങളായി പലരും ആശയപരമായി മല്ലിട്ടുകൊണ്ടിരുന്ന വലിയ ചോദ്യമായിരുന്നു ഹിന്ദുവാരാണെന്നതിന്റെ നിര്‍വ്വചനം. സവര്‍ക്കറുടെ പുസ്തകം, ഹിന്ദുത്വ-ആരാണൊരു ഹിന്ദു?, ഈ ചോദ്യത്തിന് ഒരു ഉത്തരം നല്‍കി. തുടര്‍ന്ന് നടന്ന എല്ലാ ഹിന്ദു ഏകീകരണ ശ്രമങ്ങള്‍ക്കുമുള്ള സൈദ്ധാന്തിക അടിത്തറ ആ പുസ്തകമായിരുന്നു.

ഈ ബൗദ്ധിക ആരവങ്ങള്‍ക്കിടയിലാണ് ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിക്കുന്നത്. മുകള്‍ ഭരണത്തെ എതിര്‍ത്തിരുന്ന ഭോസ്‌ലേ രാജാക്കന്മാര്‍ക്ക് കീഴില്‍ അഭിവൃദ്ധി പ്രാപിച്ച നാഗ്പൂര്‍ ബ്രാഹ്മണ സമൂഹത്തില്‍ നിന്നാണ് ഹെഡ്‌ഗേവാര്‍ വരുന്നത്. ബ്രിട്ടീഷ് ഭരണം അടിച്ചേല്‍പ്പിക്കപ്പെട്ടതാണ് എന്നൊക്കെയാണ് കരുതിയിരുന്നത് എങ്കിലും കൊളോണിയലിസം കൊണ്ടുവന്ന വിദ്യാഭ്യാസ അവസരങ്ങളുടെ ഗുണഫലം ലഭിച്ചവരായിരുന്നു അവരുടെ സമൂഹം.  നാഗ്പൂരിലെ മിഷനറി സ്കൂളിലാണ് ഹെഡ്‌ഗേവാര്‍ പഠനം ആരംഭിച്ചതെങ്കിലും കല്‍ക്കത്തയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിന്നീട് ഹിന്ദുമഹാസഭയിലെ പ്രധാനിയുമായി മാറിയ ബി.എസ് മൂഞ്ചേയെന്ന ഹെഡ്‌ഗേവാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശന്റെ ശ്രമഫലമായായിരുന്നു അത്. കല്‍ക്കത്ത പഠനകാലത്ത് അക്കാലത്ത് ബംഗാളില്‍ പുരോഗമിച്ചുകൊണ്ടിരുന്ന വിപ്ലവപ്രവര്‍ത്തപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെഡ്‌ഗേവാര്‍ മാറി. ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ എഴുത്തുകളുടെ സ്വാധീനഫലമായി രൂപം കൊണ്ട അനുശീലന്‍ സമിതി എന്ന സംഘടനയിലാണ് അദ്ദേഹം ചേര്‍ന്നത്.

ബങ്കിം ചാറ്റര്‍ജിയുടെ മിക്കവാറും രചനകള്‍, പ്രത്യേകിച്ചും ‘വന്ദേമാതര’ത്തിന്റെ ഉറവിടമായ ആനന്ദമഠം, വിഷം ചീറ്റുന്ന മുസ്ലീം വിരുദ്ധത നിറഞ്ഞതാണ്. ഹൈന്ദവ അനുഷ്ഠാന പ്രകാരമുള്ള ചടങ്ങുകളോടെയാണ് സംഘടനയില്‍ പ്രവേശിക്കേണ്ടത്. മുസ്ലീങ്ങള്‍ സംഘടനയില്‍ ഒരിക്കലും അംഗങ്ങളാവില്ല എന്ന് ഉറപ്പിക്കല്‍ കൂടിയായിരുന്നു അത്. എച്ച്.വി ശേഷാദ്രി എഡിറ്റ് ചെയ്ത, ബി.വി.ദേശ്പാണ്ഡെയും എസ്.ആര്‍ രാമസ്വാമിയും ചേര്‍ന്നെഴുതിയ ഹെഡ്‌വേറുടെ ജീവചരിത്രം-‘ഡോ. ഹെഡ്‌ഗേവാര്‍: യുഗസൃഷ്ടാവ്’ എന്ന പുസ്തകം പറയുന്നു: ‘ഒരോ അംഗവും സംഘടനയില്‍ ചേരുന്നതിനായി, കാളിക്ഷേത്രത്തിലോ ശവപ്പറമ്പിലോ നിന്ന് പത്തോ പന്ത്രണ്ടോ പേരുടെ സാന്നിധ്യത്തില്‍ മതപ്രതിജ്ഞയെടുക്കേണ്ടത് അനിവാര്യമായിരുന്നു.

കല്‍ക്കത്തയില്‍ നിന്ന് നാഗ്പൂരില്‍ തിരിച്ചെത്തിയ ശേഷം ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസിലും മഹാസഭയിലും സജീവപ്രവര്‍ത്തകനായി. രണ്ട് സംഘടനകളും തമ്മിലുള്ള ഭിന്നത അപ്പോഴും പ്രകടമായിരുന്നില്ല. രണ്ട് വട്ടം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മാളവ്യയെ പോലുള്ള നേതാക്കള്‍ ഹിന്ദു മഹാസഭയുടെ രണ്ട് വാര്‍ഷിക സമ്മേളനങ്ങളുടെ അധ്യക്ഷന്‍ കൂടിയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാല്‍ ഗംഗാധര്‍ തിലകിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന മൂഞ്ചേയുടെ ബൗദ്ധിക-പ്രാവര്‍ത്തിക പിന്തുണ എല്ലായ്പ്പോഴും ഹിന്ദു മഹാസഭയ്ക്കുണ്ടായിരുന്നു.

പരസ്പര സഹായത്തോടെയുള്ള ഈ രണ്ടു സംഘടകളുടേയും നിലനില്‍പ്പ് ഗാന്ധി കോണ്‍ഗ്രസില്‍ പിടിമുറുക്കാന്‍ തുടങ്ങിയതോടെ സുഖകരമല്ലാതായി മാറി. വിവിധ രാജ്യങ്ങളിലായി പരന്നുകിടന്നിരുന്ന ഖാലിഫ പ്രവിശ്യകള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ഖിലാഫത്ത് മുന്നേറ്റകാലത്ത് മുസ്ലിം നേതാക്കളുമായി ഗാന്ധി സന്ധിസംഭാഷണത്തില്‍ ഏര്‍പ്പെട്ടതിനെ ഹെഡ്‌ഗേവാര്‍ വെറുപ്പോടെ നിരാകരിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പങ്കെടുക്കുന്നത് അവര്‍ക്ക് മാതൃരാജ്യത്തേക്കാള്‍ വിധേയത്വം മതത്തോടാണെന്നതിനുള്ള തെളിവാണെന്ന് ചൂണ്ടിക്കാണിച്ച് പല ഹിന്ദുനേതാക്കളും വിമര്‍ശിച്ചിരുന്നു.

ഖിലാഫത്ത് കാലത്ത് ‘മുസ്ലീങ്ങള്‍ ആദ്യം, ഇന്ത്യക്കാര്‍ രണ്ടാമത് മാത്രം’ എന്ന് ഇന്ത്യന്‍ മുസ്ലീങ്ങള്‍ തെളിയിച്ചുവെന്ന് ഹെഡ്‌ഗേവാര്‍ പൊട്ടിത്തെറിച്ചതായി ദേശ്പാണ്ഡെയും രാമസ്വാമിയും (ജീവചരിത്രകാരന്മാര്‍) ചൂണ്ടിക്കാണിക്കുന്നു. “ഹിന്ദു-മുസ്ലീം ഭായ് ഭായ് എന്ന മുദ്രവാക്യം അന്തരീക്ഷത്തില്‍ അലയടിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അതിനുള്ള സാധ്യത ദിനം പ്രതി കുറയുകയായിരുന്നു”- അവര്‍ ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തില്‍ എഴുതുന്നു. ”ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ നിമഗ്നനായിരിക്കുകയായിരുന്നു ഡോക്ടര്‍ജി. എത്രയോ കാലം നീണ്ട നമ്മുടെ സാഹോദര്യസ്ഥാപനത്തിന് ശേഷവും ഇന്ത്യന്‍ മുസ്ലീങ്ങള്‍ നമ്മുടെ അഭിപ്രായ പ്രകാശനങ്ങളോട് എപ്പോഴെങ്കിലും ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടോ? സഹിഷ്ണുത, ‘ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്നീ ഹൈന്ദവ പാരമ്പര്യങ്ങളോട് അവര്‍ ഒരിക്കലെങ്കിലും അതുപോലെ പ്രതികരിച്ചിട്ടുണ്ടോ? ഭാരതാംബയ്ക്ക് ആദരവ് അര്‍പ്പിക്കുന്നതില്‍ പങ്കുചേരാന്‍ ഒരിക്കലെങ്കിലും അവര്‍ ചെറിയ താത്പര്യങ്കിലും പ്രകടിപ്പിച്ചിട്ടുണ്ടോ?” ഭിഷികര്‍ എഴുതിയ മറ്റൊരു ജീവചരിത്രത്തില്‍ പറയുന്നത് ഹെഡ്‌ഗേവാര്‍ മുസ്ലിങ്ങളെ വിശേഷിപ്പിച്ചിരുന്നത് ‘യവന സര്‍പ്പങ്ങള്‍’ എന്നാണെന്നാണ്. വിദേശികള്‍ എന്നര്‍ത്ഥത്തില്‍ അക്കാലത്ത് ഉപയോഗിച്ചിരുന്നത് ഗ്രീക്കുകാര്‍ അഥവാ യവനര്‍ എന്നാണ്. മുസ്ലീങ്ങള്‍ ‘ദേശവിരുദ്ധരാണ്’ എന്നും ഹെഡ്‌ഗേവര്‍ വാദിച്ചിരുന്നതായി ഭിഷികര്‍ പറയുന്നു.

1923-ല്‍ നാഗ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന ഹിന്ദു-മുസ്ലീം കലാപം ആര്‍എസ്എസ് രൂപവത്‌രിക്കാനുള്ള ഹെഡ്‌ഗേവാറിന്റെ തീരുമാനത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് പ്രാലയ് കനുന്‍ഗോ എഴുതുന്നു. പള്ളികളുടെ മുന്നിലൂടെ മതഘോഷയാത്രകള്‍ നടത്താനുള്ള ഹിന്ദുക്കളുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കലാപത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. 1923 ഒക്‌ടോബര്‍ 30-ന് നാഗ്പൂര്‍ കളക്ടര്‍ ഹിന്ദുക്കളുടെ ഒരു ജാഥ നിരോധിച്ചതോടെ സ്ഥിതിവിശേഷം വഷളായി. കനുന്‍ഗോ എഴുതുന്നു: ”നിരോധനത്തെ തള്ളിക്കൊണ്ട് ജാഥ നടത്താന്‍ മുതിര്‍ന്ന ഹൈന്ദവ നേതാക്കള്‍ ആഹ്വാനം ചെയ്യുകയും അതില്‍ 20,000-ത്തോളം ഹിന്ദുക്കള്‍ പങ്കെടുക്കുകയും ചെയ്തു. ഇത്രയും വലിയ സംഘടിത ജനക്കൂട്ടത്തിന്റെ ശക്തിയെ ഉപയോഗിക്കാന്‍ ഹെഡ്‌ഗേവാറും മറ്റ് ഹിന്ദുനേതാക്കളും തിടുക്കത്തില്‍ തീരുമാനിച്ചു.

ഇതേ തുടര്‍ന്ന് ദേശീയ ഹിന്ദു മഹാസഭയുടെ ശാഖയായ ഹിന്ദു സഭ നാഗ്പൂരില്‍ ആരംഭിച്ചതായി കനുന്‍ഗോ എഴുതുന്നു. മൂഞ്ചേ വൈസ് പ്രസിഡന്റും ഹെഡ്‌ഗേവാര്‍ സെക്രട്ടറിയുമായി. മുസ്ലിം വിരുദ്ധ വിജയാഘോഷങ്ങളുടെ ഉയര്‍ച്ചയാണ് ഇതേ തുടര്‍ന്ന് കണ്ടത്. ‘‘അത്യുത്സാഹത്തോടെ പരസ്യമായി നടത്തുന്ന ഭജനാലാപനം പ്രചാരമാര്‍ജ്ജിച്ചു‘- ദേശ്പാണ്ഡെയും രാമസ്വാമിയും എഴുതുന്നു. ‘ജയ് വിത്തല്‍, ജയ് ജയ് വിത്തല്‍’ എന്നീ അത്യുച്ചത്തിലുള്ള മന്ത്രണത്താല്‍ നഗരം മുഴുവന്‍ വിറകൊള്ളുകയായിരുന്നു. ജനങ്ങളുടെ മനോഭാവം മനസിലാക്കിയ സര്‍ക്കാര്‍ അഞ്ചുനേരമുള്ള നമസ്‌കാരത്തിന്റെ സമയമൊഴിച്ചുള്ള സമയങ്ങളില്‍ പള്ളികള്‍ക്ക് മുന്നിലൂടെ ഭജനപാടി ഘോഷയാത്ര നടത്താന്‍ ഹിന്ദുക്കളെ അനുവദിച്ചു,”.

ഈ ‘പരാജയ’ത്താല്‍ മുസ്ലീങ്ങള്‍ ‘അസ്വസ്ഥരായി’ എന്നാണ് ഹെഡ്‌ഗേവാറിന്റെ ജീവചരിത്ര രചയിതാക്കള്‍ പറയുന്നത്. ഹെഡ്‌ഗേവാറിനും മൂഞ്ചേക്കും ഏതാനും ഭീഷണിക്കത്തുകള്‍ ലഭിച്ചതായും പറയുന്നു. ”പക്ഷേ അവര്‍ ജനങ്ങളുടെ ആത്മവീര്യം നിലനിര്‍ത്തുന്നതിനായി പട്ടണത്തിലൂടെ ഭയപ്പാടേതുമില്ലാതെ സഞ്ചരിച്ചു. മുസ്ലീങ്ങളെ കുറിച്ചുള്ള ജന്മനായുള്ള ഭീതി നിമിത്തം ചിലപ്പോള്‍ മസ്ജിദിന്റെ മുന്നിലെത്തുമ്പോള്‍ ബാന്‍ഡ് മേളക്കാള്‍ സംഗീതം നിര്‍ത്തും. അത്തരം അവസരങ്ങളില്‍ ഡോക്ടര്‍ജി തന്നെ വാദ്യം മുഴക്കുകയും ഹിന്ദുക്കളിലെ ഉറങ്ങിക്കിടക്കുന്ന പൗരുഷത്തെ ഉത്തേജിപ്പിക്കുകയും ചെയ്തുപോന്നു”– അവര്‍ എഴുതുന്നു.

ഈ അക്രമാസക്തമായ പടയൊരുക്കത്തിന്റെ ബലത്തിലാണ്, ആ വര്‍ഷത്തെ ദുര്‍ഗാപൂജയുടെ അന്ന്, 1925 സെപ്തംബര്‍ 27ന് നാഗ്പൂരില്‍ ആര്‍എസ്എസ് സ്ഥാപിക്കപ്പെടുന്നത്. അഞ്ചുപേരാണ് ഉദ്ഘാടനയോഗത്തില്‍ പങ്കെടുത്തത്. ഹെഡ്‌ഗേവാര്‍, മൂഞ്ചേ, വി.ഡി സവര്‍കറുടെ സഹോദരന്‍ ഗണേഷ് ദാമോദര്‍ സവര്‍കര്‍, എല്‍.വി പരാജ്ഞ്‌പേ, ബി.ബി ഥോല്‍ക്കര്‍. ഈ അഞ്ചുപേരും ചേര്‍ന്നാണ് ആര്‍എസ്എസ് ആരംഭിച്ചതെങ്കിലും, മൂഞ്ചേയും ജി.ഡി സവര്‍കറും അത് സ്ഥാപനവത്കരിക്കുന്നതില്‍ മുഖ്യറോളു വഹിച്ചിട്ടുണ്ടെങ്കിലും ആര്‍എസ്എസ് എല്ലാക്കാലത്തും അവരുടെ പങ്കാളിത്തത്തെ കണ്ടില്ലെന്ന് നടിച്ച് ഹെഡ്‌ഗേവാറില്‍ കേന്ദ്രീകരിക്കുകയാണ് പതിവ്.

ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്
‘ആര്‍എസ്എസ് സൃഷ്ടിച്ച ആദ്യത്തെ വിപ്ലവം’ (ഹെഡ്‌ഗേവാറുടെ ജീവചരിത്രത്തില്‍) ദേശ്പാണ്ഡെയും രാമസ്വാമിയും വിശദമായി വിവരിക്കുന്നുണ്ട്. 1927 സെപ്തംബര്‍ നാലിന് ‘ആയിരക്കണക്കിന് മുസ്ലീങ്ങള്‍’ നടത്തിയ ജാഥയോടുള്ള പ്രതികരണമായിരുന്നു അത്. ദേശ്പാണ്ഡയും രാമസ്വാമിയും എഴുതുന്നു: ”(മുസ്ലീം) ജാഥാംഗങ്ങള്‍ കത്തി, ലാത്തി തുടങ്ങിയ മാരകായുധങ്ങളായാണ് പ്രകടനം നടത്തിയത്. അള്ളാഹു അക്ബര്‍, ദിന്‍ ദിന്‍ എന്നീ മുദ്രവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. മുസ്ലീങ്ങളുടെ യുദ്ധത്തിനൊരുങ്ങിയെന്ന പോലുള്ള നില്‍പ്പ് ഹിന്ദുക്കളുടെ ഹൃദയത്തില്‍ നടുക്കമുണ്ടാക്കി. എന്നാല്‍ ഏകദേശം നൂറിലധികം മാത്രമുണ്ടായിരുന്ന ആര്‍എസ്എസ് ചെറുപ്പക്കാര്‍ ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മുസ്ലീം ഗുണ്ടകള്‍ ഹിന്ദുക്കളെ ആക്രമിക്കാനും ആക്ഷേപിക്കാനും ആരംഭിച്ചു. ഹിന്ദുക്കളാകട്ടെ നടുക്കം മാറാതെ നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ജാഗ്രതയോടെ നില്‍ക്കുകയായിരുന്ന സ്വയം സേവകര്‍ ആക്രമങ്ങളെ ക്ഷണമാത്രയില്‍ പ്രതിരോധിച്ചു”. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നുവെന്നും ഹെഡ്‌ഗേവാറിന്റെ ആത്മകഥയില്‍ പറയുന്നു. “ആത്യന്തികമായി ഹിന്ദുക്കള്‍ വിജയിച്ചു. നൂറുകണക്കിന് മുസ്ലീം ഗുണ്ടകള്‍ ആശുപത്രിയിലായി. 10-15 പേര്‍ കൊല്ലപ്പെട്ടു. നാലഞ്ച് ഹിന്ദുക്കളും കൊല്ലപ്പെട്ടു. അതിലൊരാള്‍ ധുന്ദ്രിരാജ ലേഹ്‌ഗോവങ്കര്‍ എന്ന സ്വയം സേവകനായിരുന്നു”.

തങ്ങളുടെ വളര്‍ച്ചയുടെ ഒരു നിര്‍ണ്ണായക ഘട്ടമായാണ് സംഘപരിവാര്‍ ഇതിനെ കാണുന്നത്. ഹെഡ്ഗേവാറിന്റെ ജീവചരിത്രം ഇങ്ങനെ തുടരുന്നു: ”സൈന്യത്തിന്റെ വരവോടെ സമാധാനം പുന:സ്ഥാപിക്കപ്പെട്ടു. ആ ദിവസം, പക്ഷേ, ചരിത്രത്തിലെ വഴിത്തിരിവാണ്. ആക്രമിക്കപ്പെടുക എന്ന അവസ്ഥയില്‍ നിന്ന് ഹിന്ദുക്കള്‍ മോചിതരായി”. 

ഹിന്ദു മഹാസഭ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത് എങ്കില്‍ ഹിന്ദുസമൂഹത്തിനകത്ത് പ്രവര്‍ത്തുന്ന സുസംഘടിതവും അച്ചടക്കബന്ധിതവുമായ ഒരു സമൂഹ്യ സംഘടനയാണ് ആര്‍എസ്എസ് വിഭാവനം ചെയ്തത്. എന്നാല്‍ ആ ആശയം പുത്തനൊന്നുമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തില്‍ മാര്‍ഗരറ്റ് നോബ്ള്‍ (സിസ്റ്റര്‍ നിവേദിത) – വിവേകാനന്ദന്റെ ഐറിഷ് ശിഷ്യ- കോണ്‍ഗ്രസിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ”താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തവിധത്തില്‍ അസംഘടിതമായ ഒരു ആള്‍ക്കൂട്ടത്തിന്റെ ഒരു വശം മാത്രമാണ് (കോണ്‍ഗ്രസ്)’‘. ദേശീയ പ്രസ്ഥാനത്തിന് ‘അരാഷ്ട്രീയ അവയവങ്ങള്‍’ കൂടി വേണമെന്ന് അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ദൗത്യപ്രചാരകരുടെ കര്‍മ്മമേറ്റെടുത്ത് “കയ്യില്‍ മായാദീപവും തപാല്‍ കാര്‍ഡുകളും ഇന്ത്യയുടെ ഭൂപടവുമായി തലയിലും ഹൃദയത്തിലും നാടോടിഗാനങ്ങളും കഥകളും ഭൂവിവരണ രേഖകളുമായി സഞ്ചരിക്കണം”– മാര്‍ഗരറ്റ് നോബ്ള്‍ എഴുതി. ഈ ദൗത്യപ്രചാരകര്‍ ‘ഇന്ത്യയെ കുറിച്ചുള്ള കഥകളും ഗാനങ്ങളും വിവരങ്ങളും’അവതരിപ്പിക്കുമെന്ന് അവര്‍ ആവേശത്തോടെ ആഗ്രഹിച്ചു. അവരിലൂടെ ‘ഇത്, ഇത് മാത്രമാണ് നമ്മുടെ മാതൃരാജ്യം, നമ്മളെല്ലാം ഇന്ത്യാക്കാരാണ്, എല്ലാവരും‘ എന്ന സന്ദേശം പരക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു. ഇവരുടെ ഈ ആശയത്തിന്റെ പ്രാഥമിക രൂപത്തിലൊരു സംഘം ഉണ്ടായത് 1920-ലാണ്. എല്‍.വി പരാജ്ഞ്‌പേയും ഹെഡ്‌ഗേവാറും ചേര്‍ന്ന് 1000 പേരിലധികം വരുന്ന യൂണിഫോമൊക്കെയിട്ട ഒരു വാളണ്ടിയന്‍ സംഘമുണ്ടാക്കി, ഭാരത് സ്വയംസേവക് മണ്ഡല്‍ എന്ന പേരില്‍. ഇവര്‍ക്കായിരുന്നു കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്ന 15,000 ത്തോളം പോന്ന പ്രതിനിധികളുടെ ഭക്ഷണ-താമസ സൗകര്യങ്ങളുടെ ചുമതല.

ഈ സമ്മേളനത്തിനും ഒരു വര്‍ഷം കഴിഞ്ഞാണ് തന്റെ മുസ്ലീം വിരോധത്തിന് ഒരു ബൗദ്ധിക മറയിടാന്‍ സഹായിക്കുന്ന ഒരു പുസ്തകം ഹെഡ്‌ഗേവാറിന് ലഭിക്കുന്നത്. (ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തില്‍) ദേശ്പാണ്ഡെയും രാമസ്വാമിയും എഴുതുന്നു: ”വീര്‍ സവര്‍ക്കരുടെ പ്രാമാണിക പ്രബന്ധമായ ‘ഹിന്ദുത്വ’ ഡോക്ടര്‍ജിക്ക് ലഭിച്ചു. ആന്‍ഡമാന്‍ ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ ഈ ഗ്രന്ഥം സവര്‍കര്‍ വളരെ ബുദ്ധിമുട്ടിയും എന്നാല്‍ അതീവ ചാരുത്യത്തോടെയും പുറത്തെത്തിച്ചതാണ്. ‘ഹിന്ദുത്വ’ എന്ന ആശയത്തിന്റെ സവര്‍ക്കരുടെ അത്യന്തം പ്രചോദിതവും ഗംഭീരവുമായ വ്യാഖ്യാനവും അതിന്റെ അനിഷേധ്യമായ യുക്തിയും വ്യക്തതയും ഡോക്ടര്‍ജിയുടെ ഹൃദയത്തില്‍ തറച്ചു’.‘ മുസ്ലീങ്ങളെ അന്യരായി കണ്ട സവര്‍കറുടെ പുസ്തകത്തിന്റെ വാദങ്ങളെല്ലാം അവര്‍ക്കെതിരായുള്ള സംശയങ്ങളാല്‍ നിറഞ്ഞതായിരുന്നു. ഉദാഹരണത്തിന്, ഹിന്ദുത്വ എന്ന് സവര്‍കര്‍ വ്യാഖ്യാനിക്കുന്ന, ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാകാന്‍ യഥാര്‍ത്ഥ മുസ്ലീം മതവിശ്വാസികള്‍ക്ക് കഴിയില്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഹെഡ്‌ഗേവാറിന്റെ മുന്‍വിധികള്‍ക്ക് സൈദ്ധാന്തിക അടിത്തറ നല്‍കാനായി ഈ പുസ്തകം സഹായിച്ചു.

ആര്‍എസ്എസ് ആദ്യം സംഘടനയിലെടുത്തത് 12നും 15നും ഇടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. കോളേജ് വിദ്യാഭ്യാസ കാലമാകുമ്പോള്‍ അവരെ നാഗ്പൂരിന് പുറത്തേയ്ക്ക് അയയ്ക്കാന്‍ ഹെഡ്‌ഗേവാര്‍ മുന്‍കൈയ്യെടുക്കുകയും അത് വഴി ആര്‍എസ്എസ് പുറമേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ശാഖയിലൂടെ നല്‍കിയിരുന്ന പരിശീലനത്തില്‍ പ്രതിഫലിച്ച കാര്യം കൂടുതല്‍ ചെറുപ്പക്കാരെ അംഗങ്ങളായി വേണമെന്നുള്ളതാണ്. അതുകൊണ്ട് തന്നെ അംഗത്വത്തിന്റെ പ്രായപരിധിയില്‍ വ്യത്യാസം വരുത്തി, പക്ഷേ പരിശീലന പരിപാടി അതേപടി തുടരുകയും ചെയ്തു. ആദ്യകാലത്തു തന്നെ ആര്‍എസ്എസ് ശാഖകളില്‍ കവാത്തും വ്യായാമങ്ങളുമടക്കമുള്ള കായിക പരിശീലനങ്ങളും ‘ദേശീയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും’ ഉണ്ടായിരുന്നുവെന്ന് ഹെഡ്‌ഗേവാറിന്റെ ജീവചരിത്രാക്കള്‍ സ്ഥിതീകരിക്കുന്നു. ശാഖകള്‍ ‘ഭഗവധ്വജ്-കാവിക്കൊടി- ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുക, പ്രാര്‍ത്ഥനകളോടെ അവസാപ്പിക്കുക’ എന്ന രീതിയും ഹെഡ്‌ഗേവാര്‍ സ്ഥാപിച്ചതാണെന്നും അവര്‍ പറയുന്നു.

ആര്‍എസ്എസിന്റെ സംഘടനാ സംവിധാനം വര്‍ഷങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. സംഘടനയുടെ പേരുപോലും ശാഖകള്‍ ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് സ്ഥിതീകരിക്കുന്നത്. ഭാരത് സ്വയംസേവക് മണ്ഡലിന്റെ പേരിനെ ഓര്‍മ്മിപ്പിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന പേര് ‘ഡോക്ടര്‍ജി നീണ്ട, ആഴമേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ്‘ ഉറപ്പിച്ചതെന്ന് ജീവചരിത്രകാരന്മാര്‍ പറയുന്നു. പ്രത്യേകിച്ചും രാഷ്ട്രീയ’ എന്ന വാക്കിന്റെ തെരഞ്ഞെടുപ്പ് വളരെ പ്രധാനമായിരുന്നു. ഭാരത രാഷ്ട്രത്തിന്റെ നട്ടെല്ല് ഹിന്ദുക്കളാണെന്നും ഹിന്ദുക്കളുടെ സംഘാടനമെന്നത് അതീവ പ്രധാന്യമുള്ള ദേശീയ കര്‍മ്മപരിപാടിയാണെന്നുമുള്ള വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുകയായിരുന്നു ആ വാക്കിന്റെ തിരഞ്ഞെടുപ്പിലൂടെ ചെയ്തത്’‘-ദേശ്പാണ്ഡെയും രാമസ്വാമിയും എഴുതുന്നു. അതിനടുത്ത വര്‍ഷം മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന്റെ ആവശ്യത്തിനായി സന്നദ്ധസേവകര്‍ സംഭാവന ചെയ്യുന്ന പരിപാടി ആരംഭിച്ചു. ‘ഗുരുദക്ഷിണ’ എന്ന പേരില്‍ ഈ രീതി ഇപ്പോഴും ആര്‍എസ്എസ് തുടരുന്നു.

രാജ്യത്തെമ്പാടുമുള്ള കോളേജ് കാമ്പസുകളില്‍ ശാഖകള്‍ ആരംഭിച്ച് ഹെഡ്‌ഗേവാറിന്റെ ആശയങ്ങള്‍ക്ക് വിത്തുപാകുക എന്ന ആശയം മുന്‍ നിര്‍ത്തി, ആര്‍എസ്എസിന്റെ ആദ്യകാല അംഗങ്ങളിലൊരാളായ പ്രഭാകര്‍ ദാനി, ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി പോയി. ഗോള്‍വാള്‍ക്കര്‍ അവിടെ പഠിപ്പിക്കുന്ന കാലമായിരുന്നു അത്. 1928-ല്‍ ദാനി, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍, സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ മദന്‍മോഹന്‍ മാളവ്യയുടെ ആശീര്‍വാദത്തോടെ, ആര്‍എസ്എസ് ശാഖ ആരംഭിച്ചു. ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നുവെങ്കിലും ഗോള്‍വാള്‍ക്കര്‍ അക്കാലങ്ങളില്‍ സുഹൃത്തുക്കളേയും ശിഷ്യരേയും സഹായിക്കാന്‍ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം, ഗണിതം, തത്വചിന്ത എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാറുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നത്. പ്രഭാകര്‍ ദാനി ‘‘അധ്യാപകന്‍ എന്ന നിലയിലുള്ള മാധവറാവു ഗോള്‍വാള്‍ക്കറിന്റെ കഴിവുകളുടെ ഗുണഫലം കഴിയുന്നത്ര ഉപയോഗിക്കാനാണ് ശ്രമിച്ചത്. മാധവറാവുവിനെ ഇടയ്ക്ക് ശാഖകള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. പഠനത്തിന് മാധവറാവുവിന്റെ സഹായം തേടിയത് പുറമേ അവര്‍ ശാഖയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.

ഗോള്‍വാള്‍ക്കറുടെ നേതൃത്വഗുണങ്ങള്‍ ശാഖാംഗങ്ങള്‍ വളരെ പെട്ടന്ന് തിരിച്ചറിഞ്ഞു. ”സര്‍വ്വകലാശാല ശാഖയുടെ മേധാവിയും രക്ഷാധികാരിയുമാണ് മാധവറാവു എന്ന മട്ടിലായിരുന്നു സ്വയം സേവകര്‍ അക്കാലത്ത് പെരുമാറിയിരുന്നത്”- ഗോള്‍വാള്‍ക്കറുടെ ജീവചരിത്രത്തില്‍ ഭിഷികര്‍ എഴുതുന്നു.

1932-ല്‍ ആര്‍എസ്എസിന്റെ വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗോള്‍വാള്‍ക്കറെ ഹെഡ്‌ഗേവാര്‍ നാഗ്പൂരിലേയ്ക്ക് ക്ഷണിച്ചു. ”ആ ദിവസങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം ഡോക്ടര്‍ജി, ശ്രീ ഗുരുജിക്ക് നല്‍കി. അതിന്റെ ഫലമായി ബനാറസില്‍ തിരിച്ചെത്തിയ ശേഷം ആര്‍എസ്എസിന്റെ സര്‍വകലാശാല ശാഖാ പ്രവര്‍ത്തനങ്ങളില്‍ ഗുരുജി കൂടുതല്‍ ഭാഗവാക്കായി.”-ഭിഷികര്‍ എഴുതുന്നു.

1933-ല്‍ ഗോള്‍വാള്‍ക്കര്‍ വീണ്ടും നാഗ്പൂരിലെത്തി. ഗോള്‍വാള്‍ക്കര്‍ക്ക് തിടുക്കത്തില്‍ തന്നെ ആര്‍എസ്എസിന്റെ സുപ്രധാന ചുമതലകള്‍ കൈമാറുന്നതില്‍ ഹെഡ്‌ഗേവാര്‍ ശ്രദ്ധിച്ചു. എല്ലാക്കാലത്തും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന നാഗ്പൂരിലെ ശാഖയുടെ ചുമതല ഹെഡ്‌ഗേവാര്‍ ഗോള്‍വാള്‍ക്കര്‍ക്ക് കൈമാറി; അതോടൊപ്പം ബോംബേയില്‍ ആര്‍എസ്എസ് വളര്‍ത്താനുള്ള ചുമതലയും. ഹെഡ്‌ഗേവാറിന്റെ മറ്റ് സഹപ്രവര്‍ത്തരില്‍ നിന്ന് വിഭിന്നമായി ഗോള്‍വാള്‍ക്കര്‍ക്ക് കോണ്‍ഗ്രസുമായോ മഹാസഭയായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആര്‍എസ്എസിന് വേണ്ടി പൂര്‍ണ്ണമായി അര്‍പ്പിക്കാന്‍ ഗോള്‍വാള്‍ക്കര്‍ക്ക് കഴിയുമെന്ന് ഹെഡ്‌ഗേവാറിന് അറിയാമായിരുന്നു.

എന്നാല്‍ ഗോള്‍വാള്‍ക്കര്‍ ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം നാഗ്പൂരിലെ രാമകൃഷ്ണമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും വലിയ തോതില്‍ സമയം ചെലവഴിച്ചു. പ്രത്യക്ഷത്തില്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ തുടരണമോ ആത്മജ്ഞാന മാര്‍ഗ്ഗത്തിലുള്ള ആത്മീയ പ്രവര്‍ത്തനമായ ആശ്രമ പരിപാടികളില്‍ മുഴുകണമോ എന്ന അവാജ്യമായ ധര്‍മ്മസങ്കടത്തില്‍ അക്കാലത്ത് ഗോള്‍വാള്‍ക്കര്‍ പെട്ടിരുന്നു. 1936-ല്‍ നാഗ്പൂര്‍ വിട്ട് പശ്ചിമബംഗാളിലെ സര്‍ഗാചിയിലുള്ള രാമകൃഷ്ണാശ്രമത്തിലേയ്ക്ക് ഗോള്‍വാള്‍ക്കര്‍ പോയി. രാമകൃഷ്ണപരമഹംസന്റെ നേരിട്ടുള്ള ശിഷ്യന്മാരില്‍ ഒരാളായ അഖടാനന്ദന്റെ ആത്മീയ പാതയില്‍ ചേര്‍ന്ന് ഗോള്‍വാള്‍ക്കര്‍ പ്രവര്‍ത്തിച്ചു. അഖടാനന്ദന്റെ മരണത്തെ തുടര്‍ന്ന്, ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരാനായി നാഗ്പൂരിലേയ്ക്ക് തിരിച്ചെത്തി.

ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള തന്റെ ലേഖനത്തില്‍ നരേന്ദ്ര മോദി, വിഭിന്നമായ ആകര്‍ഷങ്ങളില്‍ പെട്ടുപോയതിനെപ്പറ്റി ഗോള്‍വാള്‍ക്കര്‍ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെട്ടതിനെ കുറിച്ച് പറയുന്നുണ്ട്. മോദി എഴുതുന്നു: ” തരുണ്‍ ഭാരത് എന്ന ദിനപത്രത്തിന്റെ എഡിറ്റര്‍ ഭാവ്‌സാഹേബ് മഡ്‌ഖോല്‍കര്‍ ഒരിക്കല്‍ ഗുരുജിയുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടു. ഡോക്ടര്‍ജിയും സന്നിഹിതനായിരുന്നു. അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു ‘താങ്കള്‍ ആര്‍എസ്എസ് ഇടയ്ക്ക് വച്ച് വിട്ട് ബംഗാളില്‍ രാമകൃഷ്ണാശ്രമത്തിന്റെ പ്രവര്‍ത്തനത്തിന് പോയി എന്നും സ്വാമി വിവേകാനന്ദന്റെ സഹശിഷ്യനായിരുന്നയാളില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചുവെന്നും കേട്ടു. അതിന് ശേഷം ആര്‍എസ്എസിലേക്ക് തിരിച്ചുവന്നതെങ്ങനെയാണ്”?

മോദി എഴുതുന്നത് ഈ ചോദ്യത്തില്‍ ഗോള്‍വാള്‍ക്കാര്‍ അസ്തപ്രജ്ഞനായി എന്നാണ്. ”അദ്ദേഹം അര്‍ദ്ധനിലീമിതനായി ആലോചനയില്‍ മുഴുകി. കുറച്ചേറെ സമയത്തിന് ശേഷം പതുക്കെ അദ്ദേഹം സംസാരം ആരംഭിച്ചു-‘നിങ്ങള്‍ ചോദിച്ചത് അപ്രതീക്ഷിതമായ ഒരു ചോദ്യമാണ്. ആശ്രമത്തിന്റേയും ആര്‍എസ്എസിന്റേയും പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ വ്യത്യസമുണ്ടോ ഇല്ലയോ എന്ന കാര്യത്തിന് കൂടുതല്‍ ആധികാരികമായി ഉത്തരം നല്‍കാന്‍ കഴിയുക ഡോക്ടര്‍ജിക്കാണ്. എനിക്കാകട്ടെ ദേശരാഷ്ട്ര നിര്‍മ്മാണത്തോടൊപ്പം എല്ലാക്കാലത്തും ആത്മീതയോടും ചായ്‌വുണ്ടായിരുന്നു. ബനാറസ്, നാഗ്പൂര്‍, കല്‍ക്കത്ത എന്നിവടങ്ങളില്‍ നിന്ന് ഞാന്‍ ആര്‍ജ്ജിച്ച കാര്യങ്ങള്‍ കൂടുതല്‍ നന്നായി പ്രാവര്‍ത്തികമാക്കാന്‍ കഴിയുക ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്. അതുകൊണ്ട് ഞാനിപ്പോള്‍ ആര്‍എസ്എസിനായി സ്വയം സര്‍പ്പിച്ചിരിക്കുകയാണ്. ഇത് സ്വാമി വിവേകാനന്ദന്റെ സന്ദേശത്തിന്റെ മാര്‍ഗ്ഗത്തിലുള്ളതാണെന്നാണ്. എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് അദ്ദേഹമാണ്. ആര്‍എസ്എസില്‍ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകും എന്നാണ് ഞാന്‍ കരുതുന്നത്.”

ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍
ബൗദ്ധികശേഷിയുടെ കാര്യത്തില്‍ ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും തമ്മിലുള്ള വ്യത്യാസം വ്യക്തമായും പ്രകടമായിരുന്നു. ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ഖണ്ഡിക ഇങ്ങനെ പറയുന്നു: ”ഹിന്ദുത്വ’ എന്ന ആശയത്തിന്റെ സവര്‍ക്കരുടെ അത്യന്തം പ്രചോദിതവും ഗംഭീരവുമായ വ്യാഖ്യാനവും അതിന്റെ അനിഷേധ്യമായ യുക്തിയും വ്യക്തതയും ഡോക്ടര്‍ജിയുടെ ഹൃദയത്തില്‍ തറച്ചു”. ഹെഡ്‌ഗേവാറും ‘അദ്ദേഹത്തിന്റെ ചരിത്രപരമായ ഉള്‍ക്കാഴ്ചയില്‍ നിന്നും പ്രയോഗികാനുഭവത്തില്‍ നിന്നും ഹിന്ദു ദേശത്തെ അതേ സത്യത്തില്‍ എത്തിച്ചേര്‍ന്നിരുന്നു’ എന്നാണ് ജീവചരിത്രം അവകാശപ്പെടുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഗോള്‍വാള്‍ക്കറുടെ മരണശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ എഴുത്തുകളുടെയും പ്രഭാഷണങ്ങളുടെയും സമാഹരം 12 ഭാഗമായാണ് പുറത്തിറങ്ങിയത്.

ഹിന്ദുത്വയെ കുറിച്ചുള്ള സവര്‍കരുടെ പുസ്തകം എപ്പോഴും ശ്രദ്ധാകേന്ദ്രമായിരുന്നുവെങ്കിലും സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ സാധാരണ സ്വയം സേവകരുടെ ഉത്തരത്തിന്റെ വേരുകള്‍ ഗോള്‍വാള്‍ക്കറുടെ 1966-ല്‍ പുറത്തിറങ്ങിയ ‘വിചാരധാര’ (Bunch of Thoughts) എന്ന പുസ്തകത്തിലായിരിക്കും. ഈ പുസ്തകം നേരിട്ട് വായിക്കാത്ത സ്വയംസേവകരും ശാഖാപരിശീലനത്തിന്റെ ഭാഗമായ സൈദ്ധാന്തിക ചര്‍ച്ചകളിലൂടെ വിചാരധാരയുടെ ഉള്ളടക്കം ആവര്‍ത്തിച്ച് കേട്ട് മനസിലാക്കിയിരിക്കും.

ഗോള്‍വാള്‍ക്കവരുടെ മറ്റൊരു പുസ്തകത്തോട് ആര്‍എസ്എസ് ഔദ്യോഗികമായി അല്‍പ്പം അകലം പാലിക്കുന്നുണ്ട്. 1939-ല്‍, ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസ് മേധാവിയാകുന്നിന്റെ ഒരു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ‘നാം, നമ്മുടെ രാഷ്ട്രസ്വത്വ നിര്‍വ്വചനം’ എന്ന പുസ്തകമാണത്. അക്കാലത്ത് ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു ഗോള്‍വാള്‍ക്കറെന്നതില്‍ തര്‍ക്കമില്ല.

ഗോള്‍വാള്‍ക്കറുടെ പുസ്തകവും ആര്‍എസ്എസിന്റെ വികാസവും പരസ്പര പൂരിതമായിരുന്നുവെന്നുതന്നെയാണ് ഇക്കാലയളിവിലെ സംഭവങ്ങളെ നോക്കിക്കാണുമ്പോള്‍ മനസിലാവുക. 1939 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ സിന്ധിയില്‍ നടന്ന മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടെ പ്രധാനപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ ഗോള്‍വാള്‍ക്കറായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നതനുസരിച്ച് ആ യോഗം വിളിച്ചുചേര്‍ത്തത്, ‘ശാഖയില്‍ ഉപയോഗിക്കേണ്ട ശാസനകള്‍, പ്രാര്‍ത്ഥന തുടങ്ങിയ സംവിധാനങ്ങളടക്കമുള്ള വിവിധ വിഷയങ്ങളെ കുറിച്ച്’ ചര്‍ച്ച ചെയ്യുന്നതിനാണ്. ഗോള്‍വാള്‍ക്കര്‍ ഈ യോഗത്തില്‍ പങ്കെടുത്തത്, ‘പുതിയ സഹപ്രവര്‍ത്തകന്‍’ എന്ന രീതിയാണെങ്കിലും അടുത്ത ആര്‍എസ്എസ് മേധാവിയായി ഗോള്‍വാള്‍ക്കറെ നിയമിക്കുക എന്ന ആശയം ഹെഡ്‌ഗേവാര്‍ ആദ്യമായി മുന്നോട്ട് വച്ചത് ഈ യോഗത്തിനിടയിലാണെന്നുള്ളത് വളരെ പ്രധാനമാണ്.

ഹെഡ്‌ഗേവാറിന്റെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന, അക്കാലത്ത് ഹെഡ്‌ഗേവാന് ശേഷം സംഘമേധാവിയാകും എന്ന് കരുതിയിരുന്ന അപ്പാജി ജോഷിയുമായുള്ള ഒരു കൂടിക്കാഴ്ച ഗോള്‍വാള്‍ക്കറുടെ ജീവചരിത്രത്തിലുണ്ട്. ‘അടുത്ത സര്‍സംഘചാലക് ആയി ശ്രീ ഗുരുജി വരുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്’ എന്ന് ഹെഡ്‌ഗേവാര്‍ തന്നോട് ചോദിച്ചതായി അപ്പാജി ജോഷി പറയുന്നു. ”ആ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ നിരീക്ഷിച്ചയാളെന്ന നിലയില്‍ ഞാന്‍ ഒരു മടിയുമില്ലാതെ മറുപടി പറഞ്ഞ്, ‘വളരെ നല്ലത്, ഏറ്റവും ഉചിതമായ തീരുമാനം’‘ എന്നാണ്- ജോഷി കൂട്ടിച്ചേര്‍ക്കുന്നു. ഹെഡ്‌ഗേവാറുടെ മരണശേഷം ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തെ കുറിച്ച് ആര്‍എസ്എസിനിടയില്‍ ആശങ്ക നിലനിന്നിരുന്നതായും ജീവചരിത്രം സൂചിപ്പിക്കുന്നു. അപ്പാജി ജോഷി ഏറെ ബഹുമാനിച്ചിരുന്ന ഒരു അഭിഭാഷകന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചുവത്രേ, ‘അപ്പാജി, നിങ്ങളായിരുന്നു ഡോക്ടര്‍ജിയുടെ വലതുകൈ. നിങ്ങളാണ് ആര്‍എസ്എസിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിറവേറ്റേണ്ടത്. ശ്രീ ഗുരുജിയെ കൊണ്ട് അത് കൈകാര്യം ചെയ്യാനാവില്ല’. ഇതിന് ജോഷി കൊടുത്ത മറുപടി ഇതായിരുന്നുവെന്നാണ് ഗോള്‍വാള്‍ക്കറുടെ ജീവചരിത്രം പറയുന്നത്: ”ഞാന്‍ ഡോക്ടര്‍ജിയുടെ വലതുകൈയ്യായിരുന്നുവെങ്കില്‍ ഗുരുജി അദ്ദേഹത്തിന്റെ ഹൃദയമായിരുന്നു.

രാഷ്ട്രസ്വത്വ നിര്‍വ്വചനം സംബന്ധിച്ച ഗോള്‍വാള്‍ക്കറുടെ പുസ്തകം സിന്ധിയിലെ യോഗം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങി. ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആര്‍എസ്എസിലേതെങ്കിലും തരത്തിലുള്ള ആശയസംഘര്‍ഷത്തിന് വഴിതെളിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നുവെങ്കില്‍ ആ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുമായിന്നുവെന്നുവേണം കരുതാന്‍. എന്നാല്‍ അടുത്ത വര്‍ഷം ആര്‍എസ്എസിന്റെ സര്‍സംഘ്ചാലക് ആയി ഗോള്‍വാള്‍ക്കര്‍ തിരഞ്ഞെടുക്കപ്പെടുകയാണ് ഉണ്ടായത്. അദ്ദേഹം ഉയര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ ആര്‍എസ്എസിന്റേതില്‍ നിന്ന് വ്യതിചലിക്കുന്നതാണെങ്കില്‍ ആ പദവിയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ അവരോഹണം തടയപ്പെടുമായിരുന്നുവെന്നതിലും തര്‍ക്കമില്ല. അതില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനം ഇതാണ്; ഹെഡ്‌ഗേവാറിനോ ആര്‍എസ്എസിനോ ഗോള്‍വാള്‍ക്കര്‍ ആ പുസ്തകത്തില്‍ ഉന്നയിച്ച കാഴ്ചപ്പാടുകളോട് യാതൊരു വിയോജിപ്പും ഉണ്ടായിരുന്നില്ല.

പിന്നീടാണ് ആര്‍എസ്എസിന് ആ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന് സ്വയം അകലം പാലിക്കേണ്ടതായി വന്നത്. 1948-ല്‍ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടം ആര്‍എസ്എസ് നിരോധിച്ചതിന് ശേഷം അവര്‍ പൊതുവേദിയില്‍ ഉപയോഗിക്കുന്ന ഭാഷയിലും അവര്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രതിച്ഛായയിലും സംഘടന കൂടുതല്‍ ശ്രദ്ധിക്കാനാരംഭിച്ചു. എന്നാല്‍ 1938, ’39-ലുമൊന്നും, എഴുതുമ്പോള്‍ അത്തരം ജാഗ്രതകള്‍ പാലിക്കേണ്ട ആവശ്യമുണ്ടെന്ന് ഗോള്‍വാള്‍ക്കര്‍ക്ക് തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ ‘രാഷ്ട്രസ്വത്വം’ ആണ് ഗോള്‍വാള്‍ക്കറുടെ മുറിച്ചുമാറ്റലുകളോ നിയന്ത്രണങ്ങളോ ഇല്ലാത്ത വിശ്വാസങ്ങളുടെ ഏറ്റവും വ്യക്തമായ പ്രകാശനം. ആര്‍എസ്എസ് പിന്നീടതിനെ തള്ളിപ്പറഞ്ഞുവെങ്കിലും പുസ്തകമിറങ്ങി ഒരു വര്‍ഷത്തിനകം ഗോള്‍വാള്‍ക്കറെ സര്‍സംഘ്ചാലക് ആക്കാനുള്ള ഹെഡ്ഗാവാറിന്റെ തീരുമാനം പുസ്തകത്തെ ആര്‍എസ്എസ് വ്യവസ്ഥ അംഗീകരിക്കുന്നു എന്നുള്ളതിന്റെ പ്രഖ്യാപനമാണ്.

രാഷ്ട്രസ്വത്വത്തില്‍, ഗോള്‍വാള്‍ക്കര്‍ സംശയലേശമന്യേ ഹിന്ദു സംസ്‌കാരത്തെ വളര്‍ത്തുന്ന പദ്ധതിയെ ജര്‍മ്മനിയിലെ സെമിറ്റിക് മതവിരുദ്ധതയുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ‘വംശത്തിന്റേയും സംസ്‌കാരത്തിന്റേയും സംശുദ്ധി നിലനിര്‍ത്തുന്നതിന് സെമിറ്റിക് മതക്കാരായ ജൂതരെ ഉന്മൂലനം ചെയ്തുകൊണ്ട് ജര്‍മ്മനി ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനമാണ് അതിന്റെ ഔന്നിത്യത്തില്‍ ഇവിടെ തെളിഞ്ഞു കാണുന്നത്. വേരോളം ആഴത്തില്‍ വൈജാത്യങ്ങളുള്ള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒരു ഏകീകൃത ലോകത്ത് അലിഞ്ഞു ചേരുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണെന്നും ജര്‍മ്മനി ലോകത്തിന് കാണിച്ചു തന്നു, ഇതാകട്ടെ, ഇന്ത്യയ്ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രയോജനമുണ്ടാക്കാനുമുള്ള കാര്യമാണ്”-ഗോള്‍വാള്‍ക്കള്‍ ‘രാഷ്ട്രസ്വത്വ’ത്തില്‍ എഴുതുന്നു.

ഈ കാഴ്പ്പാടിനെ യുക്തിസഹമായി ഗോള്‍വാള്‍ക്കര്‍ ഉപസംഹരിക്കുന്നത് ഈ വാദമുയര്‍ത്തിയാണ്: ‘‘ഹിന്ദുസ്ഥാനിലെ വിദേശ മതങ്ങള്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിച്ച് ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണം. ഹൈന്ദവ ദേശത്തെ ഹിന്ദു വംശം, സംസ്‌കാരം എന്നിവയല്ലാത്ത ഒരു ആശയത്തേയും വാഴ്ത്താന്‍ പാടില്ല. അല്ലെങ്കില്‍ ഒരു അവകാശവാദവും ഉന്നയിക്കാതെ, ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലാതെ, പൗരത്വ അവകാശമടക്കം ഒരു പരിഗണനയും ലഭിക്കാതെ ഹിന്ദു രാജ്യത്തിന് കിഴ്‌പ്പെട്ട് കഴിയണം’‘. ഇക്കാലത്തെന്തായാലും രാജ്യത്തെ ചെറു ഹൈന്ദവസംഘടനകള്‍ക്കു പോലും – ഇപ്പോഴും മാര്‍ഗ്ഗദീപം ഗോള്‍വാള്‍ക്കാറായ ആര്‍എസ്എസ് അടക്കമുള്ളവര്‍ക്ക് – ഈ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാനാവില്ല.

പ്രമുഖ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ഷംസുള്‍ ഇസ്ലാം ‘രാഷ്ട്രസ്വത്വ’ത്തെ കുറിച്ചുള്ള തന്റെ മികച്ച നിരൂപണത്തില്‍ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിന്റെ മുഴുവന്‍ പാഠവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരമൊരു വിഷലിപ്തമായ ആശയത്തില്‍ നിന്നാണ് ആര്‍എസ്എസ് ഉണ്ടായി വന്നതെന്നതെന്ന് മറച്ചുവയ്ക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അവരുടെ അനുയായികളെ വിചിത്രമായ ആശയക്കുഴപ്പങ്ങളില്‍ ചെന്നെത്തിച്ചിട്ടുണ്ടെന്നും ഷംസുള്‍ ഇസ്ലാം ചൂണ്ടിക്കാണിക്കുന്നു. ‘രാഷ്ട്ര സ്വത്വ’ത്തെ കുറിച്ചുള്ള ആര്‍എസ്എസിന്റെ ഔദ്യോഗിക നിലപാട് ആര്‍എസ്എസ് സൈദ്ധാന്തികന്‍ രാകേശ് സിന്‍ഹ തന്റെ, ‘ശ്രീ ഗുരുജിയും ഇന്ത്യന്‍ മുസ്ലീങ്ങളും’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ”1939-ല്‍ പ്രസിദ്ധീകൃതമായ ഗോള്‍വാള്‍ക്കറുടെ ‘നാം, നമ്മുടെ രാഷ്ട്രസ്വത്വ നിര്‍വ്വചനം’ എന്ന പ്രബന്ധത്തില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയിട്ടുള്ളതുമായ, അദ്ദേഹത്തിന്റെ (ഗോള്‍വാള്‍ക്കറുടെ) കാഴ്ചപ്പാടുകളുമായി സാമ്യമേതുമില്ലാത്ത, ഉദ്ധരണികളാണ് ഇന്ത്യന്‍ ഗവേഷകര്‍ പ്രചരിപ്പിക്കുന്നത്. എളുപ്പത്തില്‍ പിടി തരാത്തരും കുഴയ്ക്കുന്നതുമായ ഒട്ടേറെ ആഭ്യന്തര-അന്താരാഷ്ട്ര രാഷ്ട്രീയം തീര്‍ച്ചയായും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ സ്വാധീനിച്ചിട്ടുണ്ട്’‘- രാകേഷ് സിന്‍ഹ എഴുതുന്നു. ”എന്നാലീ പുസ്‌തകത്തിന്റെ കാഴ്ചപ്പാടുകള്‍ പില്‍ക്കാല ഗുരുജിയുടെയോ ആര്‍എസ്എസിന്റേയോ കാഴ്ചപ്പാടുകളെ ഒരിക്കലും പ്രതിനിധീകരിക്കുന്നില്ല. തന്റെ സ്വന്തം കാഴ്ചപ്പാടുകളല്ല, ജി.ഡി സവര്‍കറുടെ രാഷ്ട്രമീംമാസ എന്ന രചനയുടെ സംക്ഷിപ്തരൂപമാണ് ഈ പുസ്തകത്തിലുള്ളതെന്ന് വെളിപ്പെടുത്തുക വഴി അദ്ദേഹം (ഗോള്‍വാള്‍ക്കര്‍) ഇക്കാര്യം അംഗീകരിച്ചിട്ടുമുണ്ട്’‘- സിന്‍ഹ പറയുന്നു.

വി.ഡി സവര്‍കറുടെ മൂത്ത സഹോദരനാണ് ആര്‍എസ്എസിന്റെ അഞ്ച് സ്ഥാപകരിലൊരാളായ ജി.ഡി സവര്‍കര്‍. ബാബാറാവു സവര്‍കര്‍ അഥവാ ബി.എസ് സവര്‍കര്‍ എന്നും അദ്ദേഹം അറിയപ്പെടാറുണ്ട്. ഗോള്‍വാള്‍ക്കര്‍ ‘രാഷ്ട്രസ്വത്വ’ത്തിന്റെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നു: ”ഈ പുസ്തകത്തിന്റെ പൂര്‍ത്തീകരണത്തിന് എനിക്ക് പലഭാഗത്തു നിന്നും ഒട്ടേറെ സഹായം ലഭ്യമായിട്ടുണ്ട്, പറഞ്ഞാല്‍ തീരാത്തത്രയും പേരുടെ പക്കല്‍ നിന്ന്. ഞാന്‍ അവര്‍ക്കെല്ലാം നിറഞ്ഞ മനസോടെ നന്ദിപറയുന്നു. എന്നാല്‍ ഒരാളെ പ്രത്യേകമായി പരാമര്‍ശിക്കേണ്ടതും എന്റെ അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്- ദേശഭക്ത ജി.ഡി സവര്‍ക്കറോട്. അദ്ദേഹത്തിന്റെ, മറാത്തിയില്‍ എഴുതപ്പെട്ട രാഷ്ട്രമീമാംസ എന്ന ഗ്രന്ഥം എന്റെ പ്രധാനപ്പെട്ട പ്രചോദനകേന്ദ്രമായിരുന്നു. ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഉടനെ പുറത്തിറങ്ങും. ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള വായനയ്ക്ക് വായനക്കാര്‍ക്ക് ഞാനാ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നു.” ഗോള്‍വാള്‍ക്കര്‍ക്ക് ആ പുസ്തകത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും അതിനെ അംഗീകരിച്ചുവെന്നും ഇതില്‍ നിന്ന് വ്യക്തമാണ്. അതോടൊപ്പം ‘രാഷ്ട്രസ്വത്വം’ ആ പുസ്തകത്തിന്റെ വിവര്‍ത്തനമല്ല, അദ്ദേഹത്തിന്റെ സ്വന്തം കൃതിയാണ് എന്നും.

‘രാഷ്ട്രസ്വത്വ’ത്തിന്റെ ആമുഖത്തില്‍ ഗോള്‍വാള്‍ക്കര്‍ എഴുതുന്നു:”വായനക്കാരുടെ കൈകളിലേയ്ക്ക് വലിയ ആശ്വാസത്തോടെയാണ് ഈ ചെറിയ കൃതി നല്‍കുന്നത്. വരും പേജുകളിലുള്ളതെല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ ഇത്രയേറെ എന്തെഴുതുന്നതും നിരര്‍ത്ഥകമായി എനിക്ക് തോന്നി. എന്തായാലും ഈ കൃതിയുടെ രചനാവേളയില്‍ ഞാന്‍ എനിക്ക് തന്നെ കല്‍പ്പിച്ചിരുന്ന ചില നിയന്ത്രണങ്ങളെ കൂടി വ്യക്തമാക്കാന്‍ ഞാനീ ആമുഖം ഉപയോഗിക്കുന്നു.’‘ ഈ പുസ്തകത്തിന്റെ രചയിതാവ് ഗോള്‍വാള്‍ക്കര്‍ തന്നെയാണെന്ന അര്‍ദ്ധശങ്കയ്ക്കിടയില്ലാത്ത ഉറപ്പുകളാണ് ഈ വരികളില്‍ നിന്ന് വ്യക്തമാകുന്നത്. തന്റെ പുസ്തകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിന്റെ സ്ഥാപകരിലൊരാളുടെ പേരിലേയ്ക്ക് മാറ്റാന്‍ ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചുവെന്ന സിന്‍ഹയുടെ അവകാശവാദം തെറ്റാണെന്ന് ഉറപ്പിക്കാവുന്നതാണ് ഗോള്‍വാള്‍ക്കറുടെ ഈ വാചകങ്ങള്‍. മാത്രമല്ല, ആര്‍എസ്എസ് സ്ഥാപകന്റെ എഴുത്താണ് അതെന്ന് ഗോള്‍വാള്‍ക്കാര്‍ പറഞ്ഞാല്‍ ആ പുസ്തകത്തിന്റെ ഉള്ളടക്കത്തെ അദ്ദേഹം പൂര്‍ണ്ണമായി അംഗീകരിക്കുന്നു എന്നു തന്നെയാണ് അര്‍ത്ഥം.

എം.ജി വൈദ്യയോട് ഈ പുസ്തകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരിക്കലുമത് വായിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. മാത്രമല്ല, ഗോള്‍വാള്‍ക്കര്‍ സര്‍സംഘചാലക് ആകുന്നതിന് മുമ്പുള്ള പുസ്തകമാണല്ലോ അത് എന്ന് സൂചിപ്പിക്കുകയും ചെയ്തു. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം കേന്ദ്ര ബിന്ദുവായ പുസ്തകം ‘വിചാരധാര’യാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. എന്തായാലും ‘രാഷ്ട്രസ്വത്വ’ത്തിലെ ആശയങ്ങളെ പരസ്യമായി ഗോള്‍വാള്‍ക്കര്‍ സ്വീകരിച്ചിരുന്നത് ആര്‍എസ്എസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരായിരുന്നപ്പോഴാണ് എന്നത് വസ്തുതയാണ്.

ആര്‍എസ്എസിനകത്ത്, സ്വയം സേവര്‍ക്കിടയില്‍ ഈ പുസ്തകം ആരാണ് എഴുതിയത് എന്നതിനെ കുറിച്ച് ഒരു സംശയവുമില്ല. നാഗ്പൂരില്‍ നിന്ന് അമ്പത് കിലോമീറ്ററോളം ദൂരെയുള്ള രാംടേക് പട്ടണത്തിലുള്ള ഗോള്‍വാള്‍ക്കറുടെ കുടുംബവീട് ഇപ്പോള്‍ നവീകരിച്ച് അദ്ദേഹത്തിന്റെ സ്മാരകമായി സൂക്ഷിക്കുകയാണ്. ആര്‍എസ്എസിന്റെ ജില്ലാ ആസ്ഥാനം കൂടിയാണത്. അദ്ദേഹത്തിന്റെ കുടുംബ ദേവതയുടെ ഒരു ചെറിയ പൂജാസ്ഥാനമുണ്ട് വാതിലിനരികെ തന്നെ. താഴെ നിലയിലുള്ള വിശാലമുറിയില്‍ ഒരു സ്റ്റൂളില്‍ ആര്‍എസ്എസിന്റെ ഭാവനയിലുള്ള ഇന്ത്യയുടെ- ഭാരത് മാതാ മാപ്പ് ചില്ലിട്ട് വച്ചിട്ടുണ്ട്. അതിന് പുറകിലുള്ള ചുമരില്‍ ഹെഡ്‌ഗേവാര്‍, ഗോള്‍വാള്‍ക്കര്‍, ഗോള്‍വാള്‍ക്കറുടെ മാതാപിതാക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍ തൂങ്ങിക്കിടക്കുന്നു. ആ വീട് നടന്ന് കാണിച്ചു തന്നെ സ്വയംസേവകന്‍, രാഹുല്‍ വാങ്കഡേ, ഒന്നാം നിലയില്‍ വിവിധ കാലങ്ങളിലെ ഗോള്‍വാള്‍ക്കര്‍ ഫോട്ടോകള്‍ നിരന്ന ചുമരുകളുള്ള മുറി ചൂണ്ടിപ്പറഞ്ഞു: ”ഇവിടെ ഇരുന്നാണ് ഗുരുജി ‘രാഷ്ട്രസ്വത്വം’ എഴുതിയത് എന്നാണ് കേട്ടിട്ടുള്ളത്. ഒരൊറ്റ രാത്രി കൊണ്ട്, ഒരൊറ്റ ഇരുപ്പില്‍ ഇരുന്നാണത്രേ അദ്ദേഹം അതെഴുതിയത്.’

സ്വാതന്ത്ര്യസമരം, ഗാന്ധിവധം, വിഭജനാനന്തര കലാപം: ആര്‍എസ്എസിന് എന്തുപങ്ക്?
1940-ല്‍ ആര്‍എസ്എസിന്റെ നേതൃത്വം ഏറ്റെടുത്തിന് ശേഷം ഗോള്‍വാള്‍ക്കര്‍ സംഘടനയുടെ വികാസമാണ് ആദ്യം ലക്ഷ്യം വച്ചത്, പ്രത്യേകിച്ചും അവസാന മൂന്ന് വര്‍ഷങ്ങളില്‍ ഹെഡ്‌ഗേവാര്‍ മേല്‍നോട്ടം വഹിച്ചിരുന്ന വിദര്‍ഭ, സെന്‍ട്രല്‍ പ്രവശ്യകളിലിലേത്. എന്തായാലും അക്കാലത്ത് വളര്‍ന്നു കൊണ്ടിരുന്ന സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കുചേരണമോ എന്ന കാര്യത്തില്‍ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഗോള്‍വാള്‍ക്കറുടെ കീഴില്‍ ആര്‍എസ്എസ് കൈക്കൊണ്ടത്.

ഹെഡ്‌ഗേവാര്‍ വിശാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചയാളാണ്. മുപ്പതുകളില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണസ്വരാജ് പ്രഖ്യാപിച്ചപ്പോള്‍ ‘ആ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയോടും സഹകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’എന്നായിരുന്നു ഹെഡ്‌ഗേവാറിന്റെ നിലപാട്. അതേ വര്‍ഷം ഗാന്ധി ഉപ്പുസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോള്‍ ആര്‍എസ്എസ് ഒരു സംഘടനയെന്ന നിലയില്‍ ഇതിനെ പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഹെഡ്‌ഗേവാര്‍, ‘വ്യക്തിപരമായി ഈ സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വയംസേവകര്‍ക്ക് അതത് സംഘചാലകരുടെ അനുമതിയോടെ പങ്കെടുക്കാം’ എന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് ‘ഹിന്ദു ധര്‍മ്മവും ഹിന്ദു സംസ്‌കാരവും’ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ല എന്ന് വിമര്‍ശിച്ചപ്പോഴും ‘ദേശീയ സംസ്‌കാരത്തെ സംരക്ഷിക്കുന്നതില്‍ വിലങ്ങുതടയാകാതെ, സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന ഏതൊരു പോരാട്ടത്തിലും കോണ്‍ഗ്രസുമായി സഹകരിക്കുക’ എന്ന നിലപാടാണ് ഹെഡ്‌ഗേവാര്‍ കൈക്കൊണ്ടത്. ഈ തീരുമാനം ആത്മാര്‍ത്ഥമായിരുന്നുവെന്നതിന് തെളിവുണ്ട്. അതേ വര്‍ഷം സര്‍സംഘ്ചാലക് സ്ഥാനം രാജിവച്ച് ഹെഡ്‌ഗേവാര്‍ സത്യാഗ്രഹസമരത്തില്‍ പങ്കുചേര്‍ന്നു, കേന്ദ്രഭരണപ്രവിശ്യകളിലെ വനനിയമം ലംഘിച്ച് സമരം ചെയ്തതിന്റെ ഫലമായി അറസ്റ്റ് ചെയ്യപ്പെട്ട ഹെഡ്‌ഗേവാര്‍ ഒന്‍പത് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

നേരേമറിച്ച്, ഗോള്‍വാള്‍ക്കറിന് രാഷ്ട്രീയ പ്രവര്‍ത്തനവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലായിരുന്നു. 1942-ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ ഗോള്‍വാള്‍ക്കറുടെ പ്രതികരണം ഇതായിരുന്നു: ”ചില കാര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തുടക്കം മുതല്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നു. പ്രക്ഷാഭത്തിന് ആഹ്വാനം നല്‍കുമ്പോള്‍ വേണ്ടെത്ര തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടു.”. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ ന്യായീകരണം തയ്യാറെടുപ്പിലുണ്ടായി എന്ന് പറയപ്പെടുന്ന അപാകമാണ്. ‘‘കൂലങ്കഷമായ ആലോചനയ്ക്ക് ശേഷം എനിക്ക് മനസിലായത്, മുഴുവന്‍ ആര്‍ജ്ജവത്തോടെയും ഞങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താല്‍ പോലും ഞങ്ങളുടെ ലക്ഷ്യം നിറവേറില്ല എന്നതാണ്”-ഗോള്‍വാള്‍ക്കര്‍ പറയുന്നു. ”അത്തരമൊരു സാഹചര്യത്തില്‍ സ്വാതന്ത്ര്യസമരത്തിലുള്ള ആര്‍എസ്എസിന്റെ പങ്കാളിത്തം ഒരു പ്രയോജനവും ഉണ്ടാക്കില്ല”- ഗോള്‍വാള്‍ക്കര്‍ എഴുതി.

ഹെഡ്‌ഗേവാറില്‍ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുക്കാനുള്ള വ്യക്തിപരമായ താത്പര്യവും ഗോള്‍വാള്‍ക്കര്‍ പ്രകടിപ്പിച്ചില്ല. എന്തായാലും ആ തീരുമാനം കൊണ്ട് ആര്‍എസ്എസിന് ഗുണമേ ഉണ്ടായിട്ടുള്ളൂ. അക്കാലത്ത് നേതൃത്വത്തിന് ഇളക്കമില്ലാതിരുന്ന അപൂര്‍വ്വം സംഘടനകളിലൊന്നായിരുന്നു ആര്‍എസ്എസ്. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ആര്‍എസ്എസിന്റെ തീരുമാനം അണികളിലൊരു വിഭാഗത്തിന് മോഹഭംഗമുണ്ടാക്കിയെങ്കിലും സംഘടനയ്ക്ക് ഇക്കാലയളവില്‍ വലിയ തോതില്‍ വികസിക്കാനുള്ള സാഹചര്യമുണ്ടായി. ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം അക്കാലത്ത് – ബ്രിട്ടീഷ് ഇന്ത്യയില്‍ – 76,000 പേര്‍ ദിനംപ്രതി ശാഖകളില്‍ പങ്കെടുക്കാറുണ്ട് എന്നാണ് ആര്‍എസ്എസിന്റെ ആദ്യകാലത്തെ കുറിച്ച് വാള്‍ട്ടര്‍ കെ. ആന്‍ഡേഴ്‌സണും ശ്രീധര്‍ ഡി. ഡാംലെയും ചേര്‍ന്ന് രചിച്ച പുസ്തകം ചൂണ്ടിക്കാണിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റേയും വിഭജനത്തിന്റേയും തുടര്‍ച്ചയായുണ്ടായ ദുരിതകാലത്ത് അഭയാര്‍ത്ഥികളെ സഹായിക്കുക തുടങ്ങിയ ഒട്ടേറെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് ഭാഗവാക്കായിരുന്നുവെന്ന് അവര്‍ അഭിമാനത്തോടെ അവകാശപ്പെടാറുള്ള കാര്യമാണ്. എന്നാല്‍ ആ ദുരിതകാല ബഹളം, ‘രാഷ്ട്രസ്വത്വം’ എന്ന പുസ്തകത്തില്‍ പ്രകടിച്ചിട്ടുള്ളതും ഹെഡ്‌ഗേവാര്‍ തന്ത്രപരമായി അനുമതി നല്‍കിയിട്ടുള്ളതുമായ, വിഷം വമിപ്പിക്കുന്ന ആശയങ്ങള്‍ സമൂഹത്തില്‍ ചീറ്റുന്നതിനുള്ള അവസരമായി ഗോള്‍വാള്‍ക്കര്‍ മുതലെടുത്തുവെന്ന വസ്തുത ആര്‍എസ്എസ് ശ്രദ്ധാപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. ഇത്തരത്തിലുള്ള രണ്ട് സന്ദര്‍ഭങ്ങളെങ്കിലും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ രണ്ടും ചൂണ്ടിക്കാണിക്കുന്നത് പഴുതുകളില്ലാത്ത ഒരു വസ്തുതയാണ്: വന്‍തോതിലുള്ള വര്‍ഗ്ഗീയകലാപങ്ങള്‍ ഉണ്ടാക്കാനും അത് ആളിക്കത്തിക്കാനുമുള്ള പദ്ധതികള്‍ ഗോള്‍വാള്‍ക്കര്‍ തയ്യാറാക്കിയിരുന്നു.

വിഭജനകാലത്ത് കേന്ദ്രഭരണപ്രവശ്യകളിലെ ആഭ്യന്തര സെക്രട്ടറിയായിരുന്ന, പിന്നീടുള്ള കാലത്ത് ഇന്ത്യയുടെ യുഗോസ്ലാവിയന്‍ അംബാസിഡര്‍ ആയി ജോലിചെയ്തിട്ടുള്ള, പത്മഭൂഷന്‍ ബഹുമതി നല്‍കി ഇന്ത്യ ആദരിച്ചിട്ടുള്ള, ഇ രാജേശ്വര്‍ ദയാലാണ് ആദ്യ സന്ദര്‍ഭം രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ‘ഞങ്ങളുടെ കാലത്തെ ജീവിതം’ എന്ന ആത്മകഥയില്‍ ഇന്ത്യ സ്വതന്ത്രമായതിന് തൊട്ടുശേഷമുള്ള കാലത്തെ കുറിച്ച് ഇങ്ങനെയെഴുതുന്നു: ”വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉച്ചസ്ഥായില്‍ തന്നെ നില്‍ക്കുന്ന ആ ദിവസങ്ങളിലൊന്നില്‍ പശ്ചിമമേഖല ഡി.ഐ.ജിയും വളരെ പക്വമതിയായ, കഴിവുള്ള ഓഫീസറുമായ ബി.ബി.എല്‍ ജെയ്റ്റ്‌ലി പരമരഹസ്യമായി എന്നെ കാണാനെത്തി. അദ്ദേഹത്തിനൊപ്പം സുരക്ഷിതമായി മുദ്രവച്ചിട്ടുള്ള രണ്ട് വലിയ സ്റ്റീല്‍ പെട്ടികളും ചുമന്ന് മറ്റ് രണ്ട് ഓഫീസര്‍മാരുമുണ്ട്. ആ പെട്ടികള്‍ തുറന്നപ്പോള്‍ കണ്ടത് കേന്ദ്രപ്രവശ്യയുടെ പടിഞ്ഞാറന്‍ ജില്ലകളിലാകമാനം വര്‍ഗ്ഗീയ കൂട്ടക്കൊലകള്‍ നടത്തുന്നതിനുള്ള പദ്ധതിയുടെ തര്‍ക്കമറ്റ തെളിവുകളാണ്.’

ആ മേഖലയിലെ എല്ലാ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും അതിസൂക്ഷ്മമായ രൂപരേഖകള്‍ ആ പെട്ടികളിലുണ്ടായിരുന്നുവെന്ന് രാജേശ്വര്‍ ദയാല്‍ പറയുന്നു. അതില്‍ മുസ്ലീങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങള്‍, അവിടെയ്ക്കുള്ള വഴികള്‍ എല്ലാം പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. ‘‘പിന്നെ അവരുടെ കുടില തന്ത്രങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന മറ്റ് സാമഗ്രികളും.” അദ്ദേഹം ഏകീകൃത പ്രവശ്യകളുടെ അക്കാലത്തെ പ്രസിഡന്റ് – മുഖ്യമന്ത്രിക്ക് തുല്യമായി അക്കാലത്തുണ്ടായിരുന്ന പദവി – ജി.ബി പന്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തി. ”അതേ തുടര്‍ന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ വന്‍ തോതിലുള്ള റെയ്ഡുകള്‍ നടത്തുകയും ബൃഹത്തായ ഒരു ഗൂഢാലോചന വെളിയില്‍ കൊണ്ടുവരികയും ചെയ്തു. ഈ മുഴുവന്‍ പദ്ധതിയും ഒരുക്കിയത് അക്കാലത്തെ ആര്‍എസ്എസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിന്‍ കീഴിലാണ്. ഞാനും ജെയ്റ്റ്‌ലിയും, ആ പരിസരങ്ങളില്‍ തന്നെയുണ്ടായിരുന്ന, പ്രധാന പ്രതി ശ്രീ ഗോള്‍വാള്‍ക്കറെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു”-രാജേശ്വര്‍ ദയാല്‍ വിശദീകരിക്കുന്നു.

എന്നാല്‍ ജെ.ബി പന്ത് വാക്കുമാറി ഇക്കാര്യം സ്വന്തം മന്ത്രിസഭയുടെ മുമ്പാകെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയമായി വളരെ ലോലമായ വിഷയമായിരുന്നു അതെന്ന് ദയാല്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്എസിന്റെ വേരുകള്‍ ആഴത്തിലുള്ളതായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു- ”കോണ്‍ഗ്രസ് പാര്‍ട്ടിയിലും എന്തിന്, മന്ത്രിസഭയില്‍ പോലും അക്കാലത്ത് ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നവരുണ്ടായിരുന്നു. ‘‘ഈ തെളിവുകള്‍ ഒക്കെ ചൂണ്ടിക്കാണിച്ച് ജെ.ബി പന്ത് ഗോള്‍വാള്‍ക്കര്‍ക്ക് വിശദീകരണം ചോദിച്ച് ഒരു കത്തെഴുതണം എന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. എന്നാല്‍ അപ്പോഴേയ്ക്കും ഗോള്‍വാള്‍ക്കറിന് സൂചനകള്‍ ലഭിക്കുകയും അദ്ദേഹം ഒളിവില്‍ പോവുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ പോലീസ് ദക്ഷിണേന്ത്യയില്‍ നിന്ന് കണ്ടെത്തിയെങ്കിലും പിടികൊടുക്കാതെ ഗോള്‍വാള്‍ക്കര്‍ രക്ഷപ്പെട്ടു.”

രാജേശ്വര്‍ ദയാല്‍

1947 ഡിസംബറില്‍ ഡല്‍ഹിയിലുണ്ടായ ചില സംഭവങ്ങളുടെ ചുരുളഴിയുമ്പോഴാണ് രണ്ടാം സന്ദര്‍ഭം വെളിപ്പെടുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ നെഹ്രു മെമ്മോറിയല്‍ ലൈബ്രറിയിലെ ആര്‍ക്കൈവ്‌സ് വിഭാഗത്തില്‍ നിന്ന് കണ്ടെത്താനാവും. അവിടെ സ്വാതന്ത്ര്യവര്‍ഷത്തില്‍ ദേശീയ തലസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഡല്‍ഹി പോലീസ് രേഖകളുടെ മഞ്ഞ നിറത്തിലുള്ള പേജുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ വലിയൊരു വിഭാഗം റിപ്പോര്‍ട്ടുകളും കുറ്റാന്വേഷണ വിഭാഗം ഇന്‍സ്‌പെക്ടര്‍ കര്‍താര്‍ സിങ്ങിന്റേതാണ്. വലത്തേക്ക് ലേശം ചരിഞ്ഞ, വൃത്തിയുള്ള കയ്യക്ഷരത്തില്‍, അതിമനോഹരമായ ഇംഗ്ലീഷില്‍ ആര്‍എസ്എസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കര്‍താര്‍ സിങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗോള്‍വാള്‍ക്കര്‍ പരസ്യമായി പറഞ്ഞിരുന്നതും ആര്‍എസ്എസ് രഹസ്യമായി ചെയ്തുകൊണ്ടിരുന്നതും തമ്മിലുള്ള വന്‍ അന്തരം അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

1947 ഡിസംബര്‍ ഏഴിന്റെ റിപ്പോര്‍ട്ടില്‍ കര്‍താര്‍ സിങ്ങ് എഴുതുന്നു: ”ഇന്ന് മൂന്ന് വൈകിട്ട് മൂന്ന് മുതല്‍ 6.30 വരെ ആര്‍എസ്എസ് ഡല്‍ഹി ശാഖയുടെ വാര്‍ഷിക പരിപാടി രാംലീല മൈതാനത്ത് ആഘോഷിച്ചു. ഏതാണ്ട് 50,000 പ്രവര്‍ത്തകരും അത്രത്തോളം തന്നെ കാണികളും പങ്കെടുത്തിരുന്നു. മൂന്ന് മണികഴിഞ്ഞപ്പോഴേയ്ക്കും എം.എസ് ഗോള്‍വാള്‍ക്കര്‍ – ആര്‍എസ്എസിന്റെ ഗുരു – എത്തിച്ചേര്‍ന്നു”. കര്‍താര്‍ സിങ്ങ് റിപ്പോര്‍ട്ടിലെഴുതുന്നത് അനുസരിച്ച് ഗോള്‍വാള്‍ക്കര്‍ 90 മിനുട്ട് സംസാരിച്ചു. പ്രധാനമായും ആര്‍എസ്എസിനെ കുറിച്ചും അതിന് നേരെയുയരുന്ന വിമര്‍ശനങ്ങളെ കുറിച്ചുമാണത്. പ്രസംഗങ്ങളില്‍ ഗോള്‍വാള്‍ക്കര്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത് കര്‍താര്‍ സിങ്ങ് കുറിക്കുന്നു- ”ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. പല സംഘടനകളും അഭ്യര്‍ത്ഥിച്ചുവെങ്കിലും ഒന്നിലും ലയിക്കാനോ ആരുമായി സഹകരിക്കാനോ ഞങ്ങള്‍ ഒരുക്കമല്ല.’‘ ആര്‍എസ്എസിന് നേരേ ഉയരുന്ന വിമര്‍ശനങ്ങളെ ഗോള്‍വാള്‍ക്കര്‍ അന്ന് ഇങ്ങനെയായാണ് നേരിട്ടത്- ”സര്‍ക്കാരിന്റെ രഹസ്യാന്വേഷങ്ങളിലൊന്നും ഒരു കഴമ്പുമില്ല. ആര്‍എസ്എസ് യുദ്ധസന്നദ്ധമായ ഒരു സംഘടനയാണെന്നാണ് വിമര്‍ശിക്കുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥവൃന്ദം കാണിച്ച അതേ തെറ്റുകള്‍ നിലവിലുള്ള സര്‍ക്കാരും ആവര്‍ത്തിക്കുന്നത് ദയനീയമാണ്.” ഹൈന്ദവ രാഷ്ട്രത്തിനായി ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന ആരോപണത്തേയും സമ്മേളനത്തില്‍ ഗോള്‍വാള്‍ക്കര്‍ നിഷേധിച്ചു. ”പല മേഖലകളില്‍ നിന്നും ആവര്‍ത്തിച്ചു കേള്‍ക്കുന്ന കാര്യമാണ് ഞങ്ങള്‍ ഹിന്ദുരാജ് ആവശ്യപ്പെട്ടുവെന്ന്. ഹെഡ്‌ഗേവാര്‍ ഒരിക്കലും അത് ആവശ്യപ്പെട്ടിട്ടില്ല, ഞാന്‍ കേട്ടിടത്തോളം ആര്‍എസ്എസിനകത്ത് അങ്ങനെയൊരു ആവശ്യം ഒരിക്കലും ഉയര്‍ന്നിട്ടില്ല’‘- കര്‍താര്‍ സിങ്ങ് റിപ്പോര്‍ട്ടില്‍ ഗോള്‍വാള്‍ക്കറെ ഉദ്ധരിച്ച് എഴുതുന്നു.

അടുത്ത ദിവസം വൈകുന്നേരം കര്‍താര്‍ സിങ്ങ് മറ്റൊരു യോഗത്തിന്റെ റിപ്പോര്‍ട്ടും ഫയലില്‍ എഴുതിയിട്ടുണ്ട്. റോഥക് റോഡിലായിരുന്നു ആ യോഗം. പുറത്തുനിന്നുള്ള ഒരാളെയും യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. ഏതാണ്ട് 2,500 പ്രവര്‍ത്തകര്‍ പങ്കെടുത്ത ആ യോഗത്തിലെ ഗോള്‍വാള്‍ക്കറിന്റെ പ്രസംഗം മറ്റൊരു ശബ്ദത്തിലായിരുന്നുവെന്ന് കര്‍താര്‍ സിങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”ശിവജിയുടെയുടെ തന്ത്രങ്ങളും രീതികളും പിന്‍തുടര്‍ന്ന് ഒരു ഒളിപ്പോര്‍ നടത്താന്‍ നമ്മള്‍ തയ്യാറെടുക്കണം. പാകിസ്താനെ ഇല്ലാതാക്കുന്നത് വരെ ആര്‍എസ്എസ് സമാധാനമായി വിശ്രമിക്കില്ല. നമ്മുടെ മാര്‍ഗ്ഗത്തില്‍ തടസമായി നില്‍ക്കുന്നത് ആരായാലും നമ്മളവരെ ഇല്ലാതാക്കും, അതിപ്പോള്‍ നെഹ്രു സര്‍ക്കാരായാലും മറ്റേത് സര്‍ക്കാരായാലും. ആര്‍എസ്എസിനെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ അവരുടെ പണി തുടരട്ടെ” ഗോള്‍വാള്‍ക്കറെ കര്‍താര്‍ സിങ്ങ് ഉദ്ധരിക്കുന്നു. മുസ്ലീങ്ങളെ കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും കര്‍താര്‍ സിങ്ങ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ”ഈ ഭൂമിയിലുള്ള ഒരു ശക്തിക്കും അവരെ ഹിന്ദുസ്ഥാനില്‍ നിര്‍ത്താന്‍ ആവില്ല. അവര്‍ രാജ്യം വിടണം. ഗാന്ധി മുസ്ലിങ്ങളെ ഇന്ത്യയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവരുടെ വോട്ടുകൊണ്ട് കോണ്‍ഗ്രസിന് ജയിക്കാമെന്നാകും കണക്കുകൂട്ടല്‍. പക്ഷേ അപ്പോഴേയ്ക്കും ഇന്ത്യയിലൊരു മുസ്ലീം പോലും ബാക്കിയുണ്ടാകില്ല. അവരെ ഇവിടെ നിര്‍ത്താന്‍ ശ്രമിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരാകും ഉത്തരവാദികള്‍. ഹിന്ദു സമൂഹത്തിന് അക്കാര്യത്തിലൊരു ഉത്തരവാദിത്തവുമുണ്ടാകില്ല.” അതോടൊപ്പം വിപത്‌സൂചനകള്‍ ഉള്‍ക്കൊള്ളിച്ച ഭീഷണികള്‍ ഗോള്‍വാള്‍ക്കര്‍ മുഴക്കിയെന്ന് കര്‍താര്‍ സിങ്ങിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ‘‘ഗാന്ധിക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇനി അധികകാലം കഴിയില്ല. ഇത്തരം ആളുകളെ ഉടനടി നിശബ്ദരാക്കാനുള്ള വഴികള്‍ നമുക്കറിയാം. ഹിന്ദുക്കളെ ഉപദ്രവിക്കില്ല എന്നത് നമ്മുടെ പാരമ്പര്യം. പക്ഷേ നമ്മള്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ചെയ്യേണ്ട കാര്യം നമുക്ക് ചെയ്യേണ്ടതായി വരും”

1947-ഡിസംബറിലെ അടുപ്പിച്ചുള്ള രണ്ട് ദിവസങ്ങളില്‍ ഗോള്‍വാള്‍ക്കറുടെ പ്രവര്‍ത്തികളെ ഇങ്ങനെ സംഗ്രഹിക്കാം. ആര്‍എസ്എസ് യുദ്ധസന്നദ്ധരായ ഒരു സംഘടനയല്ല എന്ന് പരസ്യമായി പറഞ്ഞതിന്റെ അടുത്ത ദിവസം രഹസ്യയോഗത്തില്‍ ഒളിപ്പോരിന് തയ്യാറാകാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ഹിന്ദുരാജ് വേണമെന്ന് ആര്‍എസ്എസ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം രഹസ്യയോഗത്തില്‍ ഒരൊറ്റ മുസ്ലീമിനെ പോലും ഇന്ത്യയില്‍ ജീവിക്കാന്‍ ആര്‍എസ്എസ് അനുവദിക്കില്ലെന്ന് വെല്ലുവിളിക്കുന്നു. അടച്ചിട്ട ഹാളിലെ യോഗത്തില്‍ സംസാരിക്കുമ്പോള്‍ -പരസ്യമായല്ല- ഗോള്‍വാള്‍ക്കര്‍ ഗാന്ധിയെ പേരെടുത്ത് ഭീഷണിപ്പെടുത്തുന്നു- ആര്‍എസ്എസിന്റെ പദ്ധതികള്‍ക്ക് തടസമായി നിന്നാല്‍ നിശബ്ദനാക്കിക്കളയുമെന്ന്.

ഒരുമാസത്തിന് ശേഷം 1948 ജനവരി 30-ന് ഡല്‍ഹിയില്‍ വച്ച് തന്നെ നാഥുറാം വിനായക് ഗോഡ്‌സേ, ഗാന്ധിയെ വെടിവെച്ചു കൊന്നു.

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു
1948 ഫെബ്രുവരി മൂന്നിന്, ഗാന്ധിവധത്തിന് നാലു ദിവസം കഴിഞ്ഞ്, ഗോള്‍വാള്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു ദിവസത്തിന് ശേഷം ആര്‍എസ്എസ് നിരോധിക്കുകയും ചെയ്തു. നിരോധന ഉത്തരവ് സര്‍ക്കാരിന്റെ തീരുമാനത്തെ ഇപ്രകാരത്തില്‍ വിശദീകരിക്കുന്നു: ‘ആര്‍എസ്എസ് പ്രവര്‍ത്തര്‍ അനഭികാമ്യവും ആത്പകരവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തര്‍ തീവെപ്പ്, കൊള്ള, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത ആയുധങ്ങളും പടക്കോപ്പുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനും വെടിക്കോപ്പുകള്‍ ശേഖരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതും സര്‍ക്കാരിനെതിരെ വിരോധം സൃഷ്ടിക്കുന്നതും പോലീസിനേയും പട്ടാളത്തേയും എതിരെ വ്യാജപ്രചരണം നടത്തുന്നതുമായ ലഘുലേഖകള്‍ ഇവര്‍ വിതരണം ചെയ്യുന്നതായും കണ്ടെത്തി.

ആര്‍എസ്എസിന്റെ നിലനില്‍പ്പിനെ തന്നെ വെല്ലുവിളിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നടപടികള്‍. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലുടെയും ആര്‍എസ്എസിനെ മുന്നോട്ട് നയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആത്യന്തികമായി പഴയ പ്രാമാണ്യത്തിലേയ്ക്ക് തിരികെയെത്തിക്കാനും ഗോള്‍വാള്‍ക്കര്‍ക്ക് കഴിഞ്ഞു. ഇതിനായി ഗോള്‍വാള്‍ക്കര്‍ മൂന്ന് വഴികള്‍ കണ്ടെത്തി. ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തക ഏകോപനം, പൊതുപ്രസ്താവനകളും വാദപ്രതിവാദങ്ങളും, രാഷ്ട്രീയനേതാക്കളെ ഉപയോഗിച്ച് തന്ത്രപരമായി അനുകൂല അഭിപ്രായസ്വരൂപണം നടത്തല്‍. ആര്‍എസ്എസിനെ തിരിച്ചെത്തിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ചത് ഉപപ്രധാനമന്ത്രി വല്ലഭ്ഭായ് പട്ടേലാണ്.

ആദ്യം മുതല്‍ അതീവ സൂക്ഷ്മതയോടെയാണ് ഗോള്‍വാള്‍ക്കര്‍ കരുനീക്കങ്ങള്‍ നടത്തിയത്. നിരോധനത്തിന്റെ അടുത്ത ദിവസം ഗോള്‍വാള്‍ക്കര്‍, അതിശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത വാക്കുകളിലൂടെ, ഏതാണ്ടൊരു നയതന്ത്ര പ്രഖ്യാപനം പോലെ ആവിഷ്‌കരിച്ച, ഒരു പ്രസ്താവനയിറക്കി. ‘‘നിയമ വിധേയമായിരിക്കുക, നിയമാര്‍തിര്‍ത്തികള്‍ ലംഘിക്കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് എല്ലാക്കാലത്തും ആര്‍എസ്എസിന്റെ നയം. അതുകൊണ്ട്, സര്‍ക്കാര്‍ ആര്‍എസ്എസിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരോധനം നിലനില്‍ക്കുന്നിടത്തോളം കാലത്തേക്ക് ആര്‍എസ്എസ് പിരിടുകയായിരിക്കും അഭികാര്യമെന്ന് കരുതുന്നു, അതേസമയം സംഘടനയ്‌ക്കെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളേയും നിഷേധിക്കുകയും ചെയ്യുന്നു.

ആര്‍എസ്എസിന്റെ ആദ്യവര്‍ഷങ്ങളെ കുറിച്ചുള്ള പുസ്തകത്തില്‍ ആന്‍ഡേഴ്‌സണും ഡാല്‍മയും ഇപ്രകാരം പറയുന്നു: ഗോള്‍വാള്‍ക്കറിന്റെ ഈ ”നിര്‍ദ്ദേശത്തിനും സംഘടനയുടെ നിരോധനത്തിനും ശേഷവും ധാരാളം സ്വയംസേവകര്‍ സംഘടിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. സംഘടനയുടെ എല്ലാത്തലത്തിലുമുള്ള ഭാരവാഹികള്‍ അറസ്റ്റിലായിക്കൊണ്ടിരിക്കുമ്പോഴും ചെറുപ്പക്കാരായ അംഗങ്ങള്‍ ഗൂഢമായ ഒരു സംഘടനാസംവിധാനം സൃഷ്ടിക്കുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്തു.

ഗാന്ധിവധത്തിന്റെ പ്രാഥമികമായ ഗൂഢാലോചനക്കുറ്റം ഹിന്ദുമഹാസഭയുടെ ഒരു വിഭാഗത്തില്‍ ആരോപിതമായെങ്കിലും ആ കൊലപാതകത്തിനുവേണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ആര്‍എസ്എസിന് നിര്‍ണ്ണായക പങ്കുണ്ടെന്ന കാര്യം അടുത്തദിവസങ്ങളില്‍ തന്നെ വ്യക്തമായി വന്നു. ആഭ്യന്തരമന്ത്രി കൂടിയായ വല്ലഭ്ഭായ് പട്ടേല്‍ 1948 ജൂലായ് 18ന് ഹിന്ദുമഹാസഭയുടെ മുന്‍ അധ്യക്ഷന്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തില്‍ ഗാന്ധി വധത്തില്‍ ആര്‍എസ്എസിനും ഹിന്ദുമഹാസഭയ്ക്കുമുള്ള പങ്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ഈ രണ്ട് സംഘടനകളുടെയും, പ്രത്യേകിച്ചും ആദ്യത്തേതിന്റെ (ആര്‍എസ്എസ്), പ്രവര്‍ത്തങ്ങളാണ് ഇത്തരത്തിലൊരു ദുരന്തം സാധ്യമാക്കാനിടയായ അന്തരീക്ഷം ഈ രാജ്യത്ത് സൃഷ്ടിച്ചത്. ഹിന്ദുമഹാസഭയുടെ തീവ്രവാദ വിഭാഗം ഇതിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണ് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. സര്‍ക്കാരിന്റേയും ഭരണകൂടത്തിന്റെയും നിലനില്‍പ്പിന് വ്യക്തമായ വെല്ലുവിളിയുയര്‍ത്തുന്നതാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍. നിരോധനത്തിന് ശേഷം അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല എന്നാണ് ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.” അക്രമങ്ങള്‍ ഉത്തേജിപ്പിക്കുന്നതിലുള്ള ആര്‍എസ്എസിന്റെ പങ്കിനെ ഈ രീതിയില്‍ വ്യക്തമായും രേഖപ്പെടുത്തിയിട്ടും ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ അംഗങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരെല്ലാം മോചിപ്പിക്കപ്പെട്ടു.

ആ ഓഗസ്ത് മാസത്തില്‍ തന്നെ പൊതുപരിപാടികളില്‍ പ്രസംഗിക്കരുത്, രചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി തേടണം എന്നിവയടക്കമുള്ള ഉപാധികളില്‍ ഗോള്‍വാള്‍ക്കറിനെ വിട്ടയച്ചു. പിന്നീട് അതേവര്‍ഷം, വല്ലഭ്ഭായ് പട്ടേല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ഗോള്‍വാള്‍ക്കറിന് കത്തെഴുതുകയുണ്ടായി. ”ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും അവരെ സഹായിക്കുന്നതും ഒരു കാര്യം. പക്ഷേ അവരുടെ ദുരന്തത്തിന് പ്രതികാരം നിസഹായരായ സ്ത്രീപുരുഷന്മാരുടേയും കുഞ്ഞുങ്ങളുടെയും മേല്‍ നിര്‍വ്വഹിക്കുന്നത് മറ്റൊരു കാര്യമാണ്. ആര്‍എസ്എസിന്റെ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് വിഷം വമിപ്പിക്കുന്നതും എല്ലാത്തരത്തിലുള്ള വ്യക്തിത്വവും മാന്യതയും പെരുമാറ്റമര്യാദകളേയും ലംഘിക്കുന്നതുമാണ്’‘-പട്ടേല്‍ എഴുതി.

ആര്‍എസ്എസ് നേതാക്കളുടെ പ്രസംഗങ്ങള്‍ “മുഴുവനായും വര്‍ഗ്ഗീയ വിഷം നിറഞ്ഞതാണ്. ഹിന്ദുക്കളെ ഉത്സാഹഭരിതരാക്കുന്നതിനും അവരെ അവരുടെ സുരക്ഷക്കായി സംഘടിപ്പിക്കുന്നതിനും ഇത്തരത്തില്‍ വിഷം പടര്‍ത്തേണ്ട ആവശ്യമില്ല. അവരുടെ വിഷപ്രയോഗത്തിന്റെ അവസാന ഫലമായാണ്, ഗാന്ധിജിയുടെ അമൂല്യമായ ജീവിതത്തിന്റെ ബലി ഈ രാജ്യത്തിന് അനുഭവിക്കേണ്ടിവന്നത്”-കത്തില്‍ പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ സര്‍ക്കാരും ജനങ്ങളും ആര്‍എസ്എസിനെ എതിര്‍ക്കുകയാണെന്നും പട്ടേല്‍ പറയുന്നു. ‘‘ഗാന്ധിജിയുടെ കൊലപാതകത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തതോടെ പ്രതിപക്ഷവും കൂടുതല്‍ രൂക്ഷമായ നിലപാടുകളിലേയ്ക്ക് നീങ്ങി. ഇത്തരം സാഹചര്യത്തിലാണ് സര്‍ക്കാരിന് ആര്‍എസ്എസിനെതിരെ നടപടികള്‍ കൈക്കൊള്ളേണ്ടിവന്നത്”.ആര്‍എസ്എസ് അതിന്റെ മാര്‍ഗ്ഗങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും നിരോധനത്തിന് ആറുമാസത്തിന് ശേഷവും തനിക്ക് ലഭിക്കുന്ന “റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘടനയ്ക്ക് പുതുജീവന്‍ നല്‍കാനും പഴയ അതേ പ്രവര്‍ത്തനങ്ങള്‍ തുടരാനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്”എന്നും കത്തില്‍ വല്ലഭ്ഭായ് പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു.

ഒക്‌ടോബറില്‍ ഗോള്‍വാള്‍ക്കറുടെ യാത്രനിരോധനം നീക്കി. അദ്ദേഹം സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലേയ്ക്ക് എത്തി. പക്ഷേ ആ ചര്‍ച്ചകള്‍ ഫലം കാണാതെ അവസാനിച്ചു. ഗോള്‍വാള്‍ക്കര്‍ വീണ്ടും അറസ്റ്റിലാവുകയും നാഗ്പൂര്‍ക്ക് കൊണ്ടുപോവുകയും ചെയ്തു.

ഈ അനശ്ചിതാവസ്ഥയുടെയും ആശയക്കുഴപ്പത്തിന്റേയും കാലഘട്ടത്തില്‍ ആര്‍എസ്എസിന്റെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ ഒരു കാഴ്ചപ്പാട് ഗോള്‍വാള്‍ക്കര്‍ ഉണ്ടാക്കിയെടുത്തു. ആര്‍എസ്എസിനകത്തുനിന്നുള്ള അഭ്യര്‍ത്ഥനകളോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് : ”ആര്‍എസ്എസ് ഒരു രാഷ്ട്രീയപാര്‍ട്ടിയായി മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട് – രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ മറ്റൊന്നിനും, ധര്‍മ്മനിഷ്ഠയിലടിസ്ഥാനമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പോലും, നിലനില്‍ക്കാന്‍ അവകാശമില്ലെന്നാണ്. ഈ നിലപാട് അസഹനീയമാണ്, ഈ നിലപാട് കൈക്കൊള്ളുന്നവരെ അംഗീകരിക്കാനാവില്ല. അധികാരത്തിനായുള്ള രാഷ്ട്രീയ പിടിവലികളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായിരിക്കണം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍. അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്‍പറ്റാനുമാകില്ല.അതുകൊണ്ട് ഈ നിര്‍ദ്ദേശം ജനങ്ങളുടെ ഏറ്റവും മികച്ച താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നാണ് ഞാന്‍ കരുതുന്നത്.

ആര്‍എസ്എസിന്റെ നിരോധനത്തെ സത്യാഗ്രഹത്തിലൂടെ വെല്ലുവിളിക്കാനും ഗോള്‍വാള്‍ക്കര്‍ തീരുമാനിച്ചു. അതേവര്‍ഷം ഡിസംബറില്‍ ഡല്‍ഹിയില്‍ സത്യഗ്രഹ സമരം ആരംഭിച്ചു. സമരം തുടങ്ങുമ്പോള്‍ ആര്‍എസ്എസ് മേധാവി അറസ്റ്റിലായിരുന്നുവെങ്കിലും ഏതാണ്ട് 60,000 ത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നത്.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരസ്യമായി സംശയങ്ങള്‍ പ്രകടിപ്പിച്ചുവെങ്കിലും അതുമായി വളരെ അടുത്ത ബന്ധമാണ് വല്ലഭ്ഭായ് പാട്ടേലിനുണ്ടായിരുന്നതെന്നാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. സര്‍ക്കാരുമായി രഹസ്യസമവായങ്ങളിലെത്താനായി പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം ഏക്‌നാത് റനാഡെയോട് പട്ടേല്‍ സ്വയം സേവകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ആന്‍ഡേഴ്‌സനും ഡാല്‍മയും അവരുടെ പുസ്തകത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ സംഘടനസംവിധാനം മെച്ചപ്പെടുത്താനാണ് ആര്‍എസ്എസിനെ വല്ലഭ്ഭായ് പട്ടേല്‍ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചതെങ്കിലും നെഹ്രുവിന്റെ പല നയങ്ങളേയും എതിര്‍ക്കാനും ആര്‍എസ്എസ് സംഘടന സംവിധാനം ഉപയോഗിക്കാന്‍ പാട്ടേല്‍ ആഗ്രഹിച്ചിരുന്നുവെന്നും ഈ സമവായ പരിപാടികളില്‍ ഭാഗവാക്കായിരുന്ന ആര്‍എസ്എസ് നേതാക്കളില്‍ പലരും അവകാശപ്പെടുന്നു.

ഈ ആരോപണങ്ങളില്‍ സത്യമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആര്‍എസ്എസിനെതിരെ വല്ലഭ്ഭായ് പട്ടേല്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ തെളിവുകള്‍ വച്ച് സമര്‍ത്ഥിക്കാനാവശ്യപ്പെട്ട് ഗോള്‍വാള്‍ക്കര്‍ പല വട്ടം അദ്ദേഹത്തിന് കത്തെഴുതിയിരുന്നു. ജെ.ബി പന്തിന് മുന്നാകെ ജെയ്റ്റ്‌ലി നല്‍കിയ തെളിവുകളും ഡല്‍ഹി പോലീസ് റിക്കോര്‍ഡുകളിലെ വിവരങ്ങളും ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ വല്ലഭ്ഭായ് പട്ടേലിന് അറിയേണ്ടതാണ്. പക്ഷേ ആ തെളിവുകള്‍ വച്ച് ഗോള്‍വാള്‍ക്കറെ ഖണ്ഡിക്കാനോ ആ തെളിവുകള്‍ പരസ്യപ്പെടുത്താനോ പട്ടേല്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.

അതേ വര്‍ഷമവസാനം ആര്‍.എസ്.എസിന് മേലുള്ള നിരോധനം പിന്‍വലിച്ചുകൊണ്ട് ആ സംഘടനയോടുള്ള ചായ്‌വ് വല്ലഭ്ഭായ് പട്ടേല്‍ വ്യക്തമായും പ്രകടിപ്പിച്ചു. നെഹ്രു വിദേശപര്യടനത്തിന് പോയ തക്കത്തില്‍ ആര്‍എസ്എസ് അംഗങ്ങളെ പാര്‍ട്ടിയില്‍ ചേരാന്‍ അനുവദിക്കാമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് വോട്ടിനിട്ട് പാസാക്കി. വല്ലഭ്ഭായ് പട്ടേലിന്റെ അനുയായികളുടെ പിന്തുണയോടെയും നെഹ്രു അനുയായികളുടെ എതിര്‍പ്പോടെയും അംഗീകരിക്കപ്പെട്ട ആ നിര്‍ദ്ദേശം എന്തായാലും നെഹ്രു വിദേശത്തു നിന്ന തിരികെയെത്തി ഒരു മാസത്തിനുള്ളില്‍ ഭേദഗതി ചെയ്തു. ആര്‍എസ്എസ് അംഗത്വം ഉപേക്ഷിച്ചാല്‍ മാത്രമേ കോണ്‍ഗ്രസില്‍ ചേരാനാവുകയുള്ളൂ എന്നതായിരുന്നു ഭേദഗതി.

ആര്‍എസ്എസിന്റെ രേഖാമൂലമുള്ള ഭരണഘടന സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതായിരുന്നു നിരോധനം നീക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്ന്. ഈ ഭരണഘടന രേഖ ഗോള്‍വാള്‍ക്കര്‍ സൗമ്യമായ ഒരു മുഖത്തേയാണ് അവതരിപ്പിച്ചത്. ”ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയും സമൂഹ്യ-സാംസ്‌കാരിക മേഖലയ്ക്ക് വേണ്ടി അര്‍പ്പിതമായി പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ സ്വയം സേവകര്‍ക്ക് രാഷ്ട്രീയപരമോ അല്ലാത്തതോ ആയ ഏതു പാര്‍ട്ടിയിലും സ്ഥാപനങ്ങളിലും മുന്നണിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം. പക്ഷേ, ഈ പാര്‍ട്ടികളും സ്ഥാപനങ്ങളും ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ നിലപാടുകളില്‍ വിശ്വാസങ്ങളോ താത്പര്യമോ ഉള്ളവരാകരുത്, അവരുടെ താത്പര്യങ്ങള്‍ നടപ്പാക്കാനായി ഏതെങ്കിലും തരത്തിലുള്ള അക്രമമോ രഹസ്യാത്മക പ്രവര്‍ത്തനമോ നടത്തുന്നവ ആകരുത്, മറ്റ് സമുദായങ്ങള്‍ക്കോ മതവിശ്വാസങ്ങള്‍ക്കോ മതശാഖകള്‍ക്കോ നേരെ ശത്രുതയോ വെറുപ്പോ പ്രോത്സാഹിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയോ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമോ ഉള്ളവ ആകരുത്. മേല്‍പ്പറഞ്ഞ അനഭിമതമായ തത്ത്വങ്ങളിലും രീതികളിലുമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്ക് ആര്‍എസ്എസില്‍ സ്ഥാനമുണ്ടാകുന്നതല്ല.”-ഭരണഘടനയില്‍ ഗോള്‍വാള്‍ക്കര്‍ എഴുതി.

ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു
ആര്‍എസ്എസ് അംഗങ്ങളെ വിലക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് തീരുമാനം ആര്‍എസ്എസില്‍ ചില ഉള്‍ചലനങ്ങള്‍ സൃഷ്ടിച്ചു, കാരണം പല ആര്‍എസ്എസ് നേതാക്കള്‍ക്കും കാര്യമായ രാഷ്ട്രീയമോഹങ്ങളുണ്ടായിരുന്നു. ഡാല്‍മയും ആന്‍ഡേഴ്‌സണും പറയുന്നത് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആന്തരികമായ വിഭജനം സൃഷ്ടിക്കുന്ന വാദപ്രതിവാദങ്ങള്‍ സൃഷ്ടിച്ചു എന്നാണ്. ”ഇതില്‍ നിന്ന് സംഘടനയുടെ ലക്ഷ്യത്തെ കുറിച്ചും മാര്‍ഗ്ഗത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞുവന്നു. അന്തിമമായ ഫലം, ഗോള്‍വാള്‍ക്കര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലായി രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള തീരുമാനമായിരുന്നു.” ഈ ചര്‍ച്ചയില്‍ നിന്നാണ് ആര്‍എസ്എസിനെ ചുറ്റി അനുബന്ധ സംഘടനകള്‍ സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായി വന്നത്.

ഇക്കൂട്ടത്തിലുള്ള ആദ്യത്തെ അനുബന്ധ സംഘടന ‘അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ്’ അഥവാ എബിവിപി എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. ആന്‍ഡേഴ്‌സണും ഡാല്‍മയും ചൂണ്ടിക്കാണിക്കുന്നത് ആര്‍എസ്എസ് നിരോധനം വന്ന കാലത്ത് ഡല്‍ഹിയിലും മറ്റുമായി ഒരു തരത്തില്‍ സ്വയംഭരണ സ്വഭാവത്തോടെ പ്രവര്‍ത്തിച്ചിരുന്ന ചില ചിതറിയ ഗ്രൂപ്പുകളെ 1948 ജൂലായില്‍ അഖിലേന്ത്യ തലത്തില്‍ ഒരു ഭരണഘടനയ്ക്ക് കീഴില്‍ കൊണ്ടുവരികയാണ് ചെയ്തത്. ഈ സംഘടന എത്രയും വേഗത്തില്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തു.

അനുബന്ധ സംഘടനകളെ കുറിച്ചുള്ള ഗോള്‍വാള്‍ക്കറുടെ കാഴ്ചപ്പാട് വളരെ വ്യക്തമായിരുന്നു: ”ഇത്തരത്തിലുള്ള എല്ലാ സംഘടനകളും അവരവരുടെ മേഖലകളിലുള്ള നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സൈദ്ധാന്തികമായ കാഴ്ചപ്പാടോടെ ആര്‍എസ്എസിലേയ്ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും”-ഗോള്‍വാള്‍ക്കര്‍ പറഞ്ഞതായി ജീവചരിത്രകാരന്‍ ഉദ്ധരിക്കുന്നു. ”ഉദാഹരണത്തിന് വിദ്യാര്‍ത്ഥി പരിഷദില്‍ പ്രര്‍ത്തിക്കുന്നവര്‍, പുതിയ വിദ്യാര്‍ത്ഥികളെ സമര്‍പ്പിത മനസ്‌കരായ സ്വയം സേവകരാക്കി മാറ്റാനായി പ്രവര്‍ത്തണം.” മറ്റ് സംഘടകള്‍ക്കെല്ലാം അവരവരുടേതായ മേഖലകളില്‍ കേന്ദ്രീകരിക്കാനുണ്ടെങ്കിലും ഗോള്‍വള്‍ക്കറുടെ താത്പര്യമനുസരിച്ച്,”അതിലെ അംഗങ്ങള്‍ ആ മേഖലകള്‍ സൈദ്ധാന്തികമായി പിടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ആ മേഖലകള്‍ നമ്മെ പിടിച്ചെടുക്കാന്‍ അവസരം നല്‍കരുത്”. 

ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രവേശത്തിനെതിരായാണ് ആദ്യം ഗോള്‍വാള്‍ക്കര്‍ വാദിച്ചിരുന്നത്. പക്ഷേ ആര്‍എസ്എസിന്റെ നിരോധം പിന്‍വലിച്ചതിന് ശേഷം അവരുടെ മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ ഈ നീക്കത്തിന് അനുകൂലമായി തുടര്‍ച്ചയായ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗോള്‍വാള്‍ക്കറുടെ അനുമതിയില്ലാതെ ഇത് സംഭവിക്കില്ല. എന്നാല്‍ ആര്‍എസ്എസ് അംഗമായിരുന്നിട്ടില്ലാത്ത, നെഹ്രു മന്ത്രിസഭാംഗമായിരുന്ന ഹിന്ദുമഹാസഭയുടെ മുന്‍ അംഗം ശ്യാമപ്രസാദ് മുഖര്‍ജി രൂപവത്കരിച്ച ഒരു സംഘടനയാണ് പിന്നീട് ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗമായി മാറിയത്.

നെഹ്രു മന്ത്രിസഭയില്‍ അംഗമായിരിക്കേ രാജിവച്ച് പുറത്തിറങ്ങിയാണ് ശ്യാമപ്രസാദ് മുഖര്‍ജി പുതിയ പാര്‍ട്ടിക്ക് ആഹ്വാനം നടത്തിയത്. ഇതേകുറിച്ച്, പഞ്ചാബില്‍ നിന്നുള്ള ആര്‍എസ്എസ് പ്രചാരകനും എബിവിപിയുടെ രൂപവത്കരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളുമായ ബല്‍രാജ് മധോക്ക് 2008-ല്‍ എഴുതിയിട്ടുണ്ട്. ശ്യാമപ്രസാദ് മുഖര്‍ജി, ”അദ്ദേഹം രൂപവത്കരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എല്ലാ വിധ പിന്തുണയും നല്‍കണമെന്ന് മുഴുവന്‍ ഹൈന്ദവ സമൂഹത്തോടും -പ്രത്യേകിച്ച് ആര്‍എസ്എസിനോടും ആര്യസമാജത്തോടും- അഭ്യര്‍ത്ഥിച്ചു. ആര്യസമാജത്തില്‍ നിന്നുള്ള പ്രതികരണം തികച്ചും ആശാവഹമായിരുന്നു. പക്ഷേ ആര്‍എസ്എസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.’‘-മധോക് പറയുന്നു. എന്തായാലും തന്റെ പാര്‍ട്ടി രൂപവത്കരണ പരിപാടികളുമായി ശ്യാമപ്രസാദ് മുഖര്‍ജി മുന്നോട്ട് പോയി.

ആദ്യം അവരുടെ ഭാഗത്തു നിന്ന് അലസമായ പ്രതികരണമാണ് ഉണ്ടായിരുന്നതെങ്കിലും, “പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ആര്‍എസ്എസിനുള്ളില്‍ വലിയ ചലനമുണ്ടാക്കി. ഗാന്ധി വധത്തിന് ശേഷം കോണ്‍ഗ്രസ്, ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ മുതല്‍ ഒരു രാഷ്ട്രീയ പിന്തുണ ആവശ്യമാണെന്ന തോന്നല്‍ നേതൃത്വത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് പിന്തുണ നല്‍കാനായി ആര്‍എസ്എസ് തയ്യാറാണെന്ന് ഡോ. മുഖര്‍ജിയെ അറിയിക്കാന്‍ നേതൃത്വം എന്നെ ചുമതലപ്പെടുത്തി.’

പുതിയ സംഘടനയുടെ തന്ത്രപരമായ മേഖലകളിലെല്ലാം നിയന്ത്രണം സ്ഥാപിക്കാന്‍ ആര്‍എസ്എസ് വേഗം തന്നെ ശ്രമിച്ചു. “കാവി പതാകയും ഹിന്ദി പേരുമാണ് സംഘടനയ്ക്ക് വേണ്ടതെന്ന താത്പര്യമാണ് ഉള്ളതെന്നും ആര്‍എസ്എസ് നേതൃത്വം അറിയിച്ചു. ഭാരതീയ ലോക് സംഘ്, ഭാരതീയ ജന്‍ സംഘ് എന്നീ പേരുകളാണ് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്.’‘ -മധോക് എഴുതുന്നു. ശ്യാമപ്രസാദ് മുഖര്‍ജി തിരഞ്ഞെടുത്തത് രണ്ടാമത്തെ പേരാണ്. ”ലോക് എന്ന വാക്കിന് ജനക്കൂട്ടമെന്നാണ് അര്‍ത്ഥം വരിക. ജന്‍ എന്നതിന് മനുഷ്യരെന്നും. അതിന് മാതൃഭൂമിയുമായി കുറച്ചു കൂടി ബന്ധവുമുണ്ട്. അങ്ങനെ ഭാരതീയ ജന്‍ സംഘ് എന്ന ദേശീയ പാര്‍ട്ടിയുടെ ആരംഭം കുറിച്ചു.”- മധോക് വിശദീകരിക്കുന്നു.

ആര്‍എസ്എസും രാഷ്ട്രീയപാര്‍ട്ടിയും തമ്മിലുള്ള സുഗമമായ ഒരു ബന്ധം രൂപപ്പെടുത്താന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുമായുള്ള ചര്‍ച്ചകളിലൂടെ സാധിച്ചുവെന്നാണ് ജീവചരിത്രത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നത്. ആത്യന്തികമായി ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന് വിധേയമായി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കാമെന്ന് ശ്യാമപ്രസാദ് മുഖര്‍ജി വഴങ്ങി. ”ആര്‍എസ്എസിനെ കുറിച്ചുള്ള ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതീക്ഷകള്‍ക്ക് എനിക്ക് സ്വഭാവികമായും മുന്നറിയിപ്പുകള്‍ നല്‍കേണ്ടിവന്നു. ആര്‍എസ്എസിനെ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴക്കാനാവില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നിയന്ത്രണത്തിലും ആര്‍എസ്എസിന് പ്രവര്‍ത്തിക്കാവില്ല. കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉപകരണമായി നിന്നുകൊണ്ട് ഒരു സംഘടനയ്ക്ക് ദേശീയ പുനരുദ്ധാനമെന്ന ലക്ഷ്യം നേടാനാവില്ല”. അന്തിമമായി ഈ നിര്‍ദ്ദേശങ്ങള്‍ക്ക് അവര്‍ വഴങ്ങി. ഗോള്‍വാള്‍ക്കര്‍ തുടരുന്നു. ‘ആര്‍എസ്എസ് സ്വയം സേവകരുടെ സഹകരണം പുതിയ പാര്‍ട്ടിക്ക് വേണം എന്നുണ്ടെങ്കില്‍ ആര്‍എസ്എസിന്റെ അതേ പ്രത്യയശാസത്രം പാര്‍ട്ടിക്കും വേണമെന്ന് നിര്‍ദ്ദേശം അവര്‍ അവസാനം അംഗീകരിച്ചു’.’

തുടക്കം മുതലേ തന്നെ ജനസംഘത്തിന്റെ – അതില്‍ നിന്നുണ്ടായ ബിജെപിയുടേയും- പ്രത്യയശാസ്ത്രം ആര്‍എസ്എസിന്റേതു തന്നെയാകുമെന്നത് വ്യക്തമായിരുന്നു. പ്രാവര്‍ത്തികമായി പാര്‍ട്ടിക്ക് മീതെയുള്ള ആര്‍എസ്എസിന്റെ സംഘടനപരമായ നിയന്ത്രണം പരിപൂര്‍ണ്ണമായിരുന്നു. ആന്‍ഡേഴ്‌സണും ഡാംലേയും എഴുതുന്നു: ‘‘പുതിയ പാര്‍ട്ടിയുടെ സംഘടന ചട്ടക്കൂട് ആര്‍എസ്എസിന്റേതുമായി ധാരാളം സാദൃശ്യങ്ങളുള്ളതായിരുന്നു. പ്രദേശിക ഘടകങ്ങളില്‍ ആര്‍എസ്എസ് പശ്ചാത്തലം ഇല്ലാത്ത, നാട്ടില്‍ അറിയപ്പെടുന്ന ഒരാളെ, പ്രസിഡന്റായി തിരഞ്ഞെടുക്കും. മിക്കവാറും സെക്രട്ടറിമാര്‍ സ്വയംസേവകരാകും, സാധാരണയായി പ്രചാരകര്‍. ഈ സെക്രട്ടറിമാര്‍ക്കാണ് ജില്ലാ, സിറ്റി, വാര്‍ഡ് തല പാര്‍ട്ടി ഘടകങ്ങള്‍ രൂപവത്‌രിക്കുന്നതിനും നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചുമതല.” ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് ശാഖകള്‍ ശക്തമായ ഇടങ്ങളില്‍ പാര്‍ട്ടി ശരിയായ രൂപത്തില്‍ സംഘടിക്കപ്പെട്ടു.

വിശ്വഹിന്ദു പരിഷദ് സ്ഥാപിച്ചതാണ് ഗോള്‍വാള്‍ക്കറുടെ അവസാനത്തെ പ്രധാനപ്പെട്ട സ്ഥാപന സംരംഭം. 1966-ല്‍ ആയിരുന്നു അത്. അപ്പോഴേക്കും ആര്‍എസ്എസിന്റെ തൊഴിലാളി ഘടകം, ഭാരതീയ മസ്ദൂര്‍ സംഘ്, രൂപവത്കരിച്ചിരുന്നു. ആര്‍എസ്എസ് ആകട്ടെ 1948-ല്‍ ഒന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ബഹുമാന്യതയും ആര്‍ജ്ജിച്ചിരുന്നു. ചൈന യുദ്ധകാലത്ത് പ്രദേശിക ഭരണകൂടങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ചെയ്തതോടെ നെഹ്രു പോലും ആര്‍എസ്എസിനെതിരായ വിദ്വേഷം ഉപേക്ഷിച്ചു. 1965-ലെ റിപ്പബ്ലിക് ദിന പരേഡ് മാര്‍ച്ച് പാസ്റ്റില്‍ ആര്‍എസ്എസിന്റെ ഒരു സേനാവിഭാഗം പങ്കെടുത്തു. 1965-ല്‍ ഇന്ത്യ-പാക് യുദ്ധസമയത്ത് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി കൂടിയാലോചനകള്‍ നടത്തിയ ഇന്ത്യന്‍ നേതാക്കളിലൊരാള്‍ ഗോള്‍വാള്‍ക്കറായിരുന്നു.

എബിവിപി, ജനസംഘ്, ബിഎംഎസ് എന്നിവ രൂപവത്‌രിക്കുകയും അംഗീകൃതമാവുകയും ചെയ്തതോടെ ഗോള്‍വാള്‍ക്കര്‍ തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലീകരിക്കാനുള്ള ഒരുക്കത്തിലായി; ഹൈന്ദവ മതനേതാക്കളുടെ പിന്തുണയോടെ മതപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന ഒരു സംഘടനയുടെ രൂപവത്കരണം. ഭിഷികര്‍ തയ്യാറാക്കിയ ഗോള്‍വാള്‍ക്കറുടെ ജീവിചരിത്രമനുസരിച്ച്, 1966-ലെ അലഹബാദ് കുംഭമേളയിലാണ് ഇത് ഔദ്യോഗികമായി രൂപം കൊള്ളുന്നത്. അന്നത്തെ യോഗത്തിലും തുടര്‍ന്നുള്ള കൂടിയാലോചനകളിലും നടന്ന ഗോള്‍വാള്‍ക്കറുടെ പ്രസംഗങ്ങളായിരുന്നു വരുന്ന പതിറ്റാണ്ടുകളിലേയ്ക്കുള്ള വിശ്വഹിന്ദു പരിഷദിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഏറിയ പങ്കും നിര്‍ണ്ണയിച്ചത്. ആദിവാസി സമൂഹത്തിലേയ്ക്ക് ഹിന്ദുമതത്തെ എത്തിക്കുക, മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് എന്ന ഭീതി, പ്രവാസി ഹൈന്ദവ സമൂഹത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നിവയായിരുന്നു അതില്‍ പ്രധാനം. ഈ പ്രവര്‍ത്തന ലക്ഷ്യങ്ങളുടെ വീര്യം ജനസംഘത്തിന്റേയും തുടര്‍ന്നുള്ള ബിജെപിയുടെയും വളര്‍ച്ചയില്‍ നിര്‍ണ്ണായകമായിരുന്നു.

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്
1973-ല്‍ ഗോള്‍വാള്‍ക്കര്‍ മരിക്കുമ്പോഴേക്കും നമ്മളിപ്പോഴറിയുന്ന സംഘപരിവാര്‍ അടിസ്ഥാനപരമായി രൂപപ്പെട്ടിരുന്നു. ആര്‍എസ്എസിന്റെ സംഘടനകള്‍ക്ക് അതിവേഗം വളരുന്നതിനായി പുതിയ അംഗങ്ങളെ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട കാര്യമേ ഇല്ലായിരുന്നു, ആര്‍എസ്എസ് ശാഖകളിലെ വിശാലമായ ജനസഞ്ചയത്തില്‍ നിന്ന് വേണ്ടവരെ തിരഞ്ഞെടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു.

ഇൗ പ്രക്രിയയുടെ ഫലമായി ആര്‍എസ്എസിന്റെ സംഘടന തത്ത്വങ്ങളും അച്ചടക്കരീതികളും സ്വാഭാവികമായും ഈ സംഘടനകളിലും എത്തിച്ചേര്‍ന്നു, അതുപോലെ തന്നെ ആര്‍എസ്എസ് പ്രത്യയശാസ്ത്രവും. ആ പ്രത്യയശാസ്ത്രത്തിന്റെ വേരുകള്‍ സവര്‍കറുടെ കൃതികളിലാണ്. പക്ഷേ അതിന്റെ തത്ത്വങ്ങളെ വികസിപ്പിച്ചെടുത്ത് സംഘടനയില്‍ അത് കുതിര്‍ത്തിയത് ഗോള്‍വാള്‍ക്കറാണ്. ഈ തത്ത്വങ്ങളെ പരിശോധിച്ചാല്‍ ആര്‍എസ്എസിന്റെ ലോകവീക്ഷണത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നമുക്ക് ലഭ്യമാകും, ആര്‍എസ്എസ് മുറുകെ പിടിക്കുന്നതും ഇന്ന് വര്‍ദ്ധിത ക്രൗര്യത്തോടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം.

ആര്‍എസ്എസ് സ്ഥാപകര്‍ക്ക് മല്ലിടേണ്ടി വന്നിട്ടുള്ള ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം ‘ഹിന്ദു’ എന്നതിന്റെ നിര്‍വ്വചനമാണ്. സവര്‍കര്‍ – അദ്ദേഹത്തിന്റെ വ്യാഖ്യാനം ഹെഡ്‌ഗേവാറിനും സ്വീകാര്യമായിരുന്നു – ‘ഹിന്ദുത്വ’യില്‍ എഴുതി. ‘സിന്ധു മുതല്‍ സിന്ധു വരെയുള്ള ഭൂപ്രദേശങ്ങളോട്, പ്രപിതാക്കളുടെ ഭൂമി എന്ന നിലയിലുള്ള, പിതൃഭൂമി എന്ന നിലയിലുള്ള, ആത്മബന്ധം തോന്നുന്നവനാണ് ഹിന്ദു‘. സിന്ധു നദി മുതല്‍ സമുദ്രം എന്നതിന്റെ ഹിന്ദി വാക്കായ സിന്ധു വരെ എന്നാണ് അതിന്റെ വിശദീകരണം.

ഹിന്ദുവിനെ വീണ്ടും വിശദീകരിക്കുന്നത് ഇങ്ങനെ. ‘‘സപ്തസൈന്ധവ നാഗരിക കാലത്തെ ഹിമാലയന്‍ പര്‍വ്വതോന്നതികള്‍ ആദ്യം ഉദിച്ചതും എന്തിനേയും ഉള്‍ച്ചേര്‍ക്കുകയും ഔന്നത്യത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്ത, എല്ലാത്തിനേയും സാംശീകരിച്ച് വളര്‍ന്ന് ഹൈന്ദവര്‍ എന്ന് പിന്നീടുള്ള കാലത്തറിയപ്പെട്ട, മഹത്തായ ഒരു വംശത്തിന്റെ രക്തം പരമ്പരാഗതമായി ലഭിച്ചവര്‍. മേല്‍പ്പറഞ്ഞ ഗുണഗണങ്ങളുടെ പരിണിത ഫലമായി സ്വന്തമായ ഹിന്ദു സംസ്‌കൃതിയും ഹൈന്ദവ നാഗരികതയും അവകാശപ്പെടാന്‍ വംശഗുണമുള്ളവര്‍, ചരിത്രവും നായകസങ്കല്പങ്ങളും കലയും സാഹിത്യവും നിയമശാസ്ത്രവും ഉത്സവങ്ങളും ആഘോഷങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും വിശുദ്ധകര്‍മ്മങ്ങളും പൊതുവായുള്ളവര്‍’‘. മതിപ്പുളവാക്കത്തക്ക രീതിയില്‍ വിപുലമാണെങ്കിലും ഇതൊരു വര്‍ത്തുളമായ വിശദീകരണമാണ്. ഹിന്ദുവിനെ വിശദീകരിക്കുന്നതിനായി സവര്‍കര്‍ ഹൈന്ദവ നാഗരികതയില്‍ വരെ പിന്‍പറ്റുന്നുണ്ട്. പക്ഷേ ആത്യന്തികമായി ഹൈന്ദവമല്ലാത്തതൊന്നും ഹിന്ദുവല്ല എന്ന വിശദീകരണമാണ് സവര്‍കര്‍ നല്‍കുന്നത്.

ഒടുവില്‍ സവര്‍കറിന് ആരാണ് ഹിന്ദുവെന്ന് വിശദീകരിക്കാന്‍, ആരല്ല ഹിന്ദുവെന്ന് ചിത്രീകരിക്കേണ്ടതായി വന്നു. അദ്ദേഹം എഴുതി: “നമ്മുടെ രാജ്യത്തെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളയും ഹിന്ദുക്കളായി വിലയിരുത്താനാവില്ല.’‘. സവര്‍കറിന്റെ വാദമനുസരിച്ച് ഇന്ത്യ, ‘‘അവര്‍ക്കൊരു വിശുദ്ധനാടല്ല. അവരുടെ വിശുദ്ധനാട് ദൂരെയുള്ള അറേബ്യയും പലസ്തീനുമാണ്. അവരുടെ പുരാവൃത്തവും ദൈവങ്ങളും ആശയങ്ങളും നായകസങ്കല്പങ്ങളും ഈ മണ്ണില്‍ നിന്നുദിച്ചതല്ല. തത്ഫലമായി അവരുടെ പേരുകളും രൂപവും വിദേശജന്യത ചുവയ്ക്കുന്നതാണ്. അവരുടെ സ്‌നേഹമാകട്ടെ വിഭജിക്കപ്പെട്ടതാണ്.”ഹൈന്ദവരല്ലാത്തവരുടെ വിശ്വാസങ്ങള്‍ സ്വഭാവികമായും അവരെ രാജ്യത്തോടുള്ള കൂറില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്ന് സവര്‍കര്‍ വാദിക്കുന്നു. സവര്‍കര്‍ എഴുതി: ”മതവിശ്വാസം ചെയ്യേണ്ടത്, ചെയ്യണം എന്ന് വിശ്വസിക്കുന്നവര്‍ക്ക് മറ്റൊരു നിവൃത്തിയില്ല. അവരുടെ കൂറും സ്‌നേഹവുമുള്ള പിതൃഭൂമിക്ക് മുകളിലാകും അവര്‍ വിശുദ്ധഭൂമിക സൃഷ്ടിക്കുക. അത് തികച്ചും സ്വാഭാവികമാണ്. അതിനെ നമ്മള്‍ അപലപിക്കുകയോ അതില്‍ വിലപിക്കുകയോ ചെയ്യുകയല്ല, നിലനില്‍ക്കുന്ന വസ്തുതകള്‍ പറയുക മാത്രമാണ് ചെയ്യുന്നത്.’

ഗോള്‍വാള്‍ക്കറെ സംബന്ധിച്ചടത്തോളമാകട്ടെ, ഹിന്ദുവെന്നതിനെ നിര്‍വ്വഹിക്കുന്നത് തികഞ്ഞ വെല്ലുവിളിയാണെന്ന് തിരിച്ചറിയാന്‍ മാത്രം തന്ത്രശാലിയായിരുന്നു അദ്ദേഹം. “ഹിന്ദുവെന്ന  കെട്ടിനകത്തുള്ള എല്ലാ വിഭാഗങ്ങളേയും വിവിധ ജാതികളേയും നിര്‍വ്വചിക്കാം. പക്ഷേ ‘ഹിന്ദു’വെന്ന വാക്കിനെ നിര്‍വ്വചിക്കാനാവില്ല, കാരണം അത് സര്‍വ്വവും ഉള്‍ക്കൊള്ളുന്നു.’‘- വിചാരധാരയില്‍ ഗോള്‍വാള്‍ക്കറെഴുതുന്നു. നിര്‍വ്വചനത്തിലെത്തിച്ചേരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍വാള്‍ക്കര്‍ അദ്ദേഹത്തിന്റെ ഉത്തരം ഒരു പ്രധാന ആശയത്തിലേക്ക് കേന്ദ്രീകരിച്ചു. ”മാനവരാശിയുടെ അസംഖ്യം സമൂഹങ്ങളില്‍, പരമമായ ഉണ്‍മയാണ് മനുഷ്യാത്മാവിന്റെ ഏറ്റവും വലിയ പ്രതീക്ഷയെന്നുള്ള അറിവോടുകൂടി നമ്മുടെ ഏകത്വം തിരിച്ചറിഞ്ഞ് പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ ഹിന്ദുക്കള്‍ മാത്രമാണ്.” – അദ്ദേഹം എഴുതി. ഇത്, തീര്‍ച്ചയായും, പൂര്‍ണ്ണമായും പരിമിതമായ നിര്‍വ്വചനമാണ്. ഏത് ഇന്ത്യന്‍ ചിന്താധാരയിലേയും ഭൗതികവാദികളെ – ചാര്‍വാകന്‍ മുതല്‍ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രജ്ഞാനം വരെയുള്ള ആധുനിക ഇന്ത്യാക്കര്‍ വരെയുള്ളവരെയെല്ലാം- ഒഴിവാക്കുകയാണ്.

ആത്യന്തികമായി ഗോള്‍വാള്‍ക്കര്‍ക്കും പുറന്തള്ളലിനെ ആശ്രയിക്കേണ്ടതായി വന്നു. ഭാരതീയന്‍ എന്ന വാക്കിന് ‘അതിപുരാതനകാലം മുതല്‍ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നന്നയാള്‍’ എന്ന് അദ്ദേഹം അര്‍ത്ഥം കല്‍പ്പിച്ചു. അതോടൊപ്പം തന്നെ, ഈ നാട്ടില്‍ ജീവിക്കുന്ന മുസ്ലീം, ഹിന്ദു, പാഴ്‌സി തുടങ്ങിയ എല്ലാ സമുദായങ്ങളിലും പെട്ടയാളുകള്‍ക്കൊക്കെ ബാധകമായ വാക്കായ ‘ഇന്ത്യന്‍’ എന്നതിന്റെ തര്‍ജ്ജമ കൂടിയാണ് ‘ഭാരതീയന്‍’ എന്നുള്ളത് കൊണ്ട് അത് ഹിന്ദുസമൂഹത്തെ വിശേഷിപ്പിക്കാന്‍ അപര്യാപ്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ആ വാക്ക് ”നമ്മുടെ പ്രത്യേകമായ സമൂഹത്തെ ദ്യോതിപ്പിക്കാനായി ഉപയോഗിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ക്ക് വഴി വയ്ക്കും. ‘ഹിന്ദു’വെന്ന വാക്കിന് മാത്രമേ നമ്മള്‍ പറയാന്‍ ശ്രമിക്കുന്ന അര്‍ത്ഥം പൂര്‍ണ്ണമായും ശരിയായും വ്യഞ്ജിപ്പിക്കാനാവൂ.”- ഗോള്‍വാള്‍ക്കര്‍ പറയുന്നു.

സ്ത്രീകള്‍, ജാതി, സംവരണം, അഹിന്ദുക്കള്‍: സമകാലിക ഇന്ത്യയിലെ ഗോള്‍വാള്‍ക്കര്‍
ഹൈന്ദവ പാഠങ്ങളില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള സംസ്‌കാരത്തിന്റെ വിവിധ ദര്‍ശനങ്ങളെ, അത് ജാതിവ്യവസ്ഥയുടെ അസമത്വമായിക്കൊള്ളട്ടെ, ആധുനിക സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കുമേലുള്ള അധീശത്വമാകട്ടെ, തന്റെ രചനകളിലൂടെ ന്യായീകരിക്കാന്‍ ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നും ഗോള്‍വാള്‍ക്കറെ പൂജിക്കുന്ന ആര്‍എസ്എസ് അദ്ദേഹത്തിന്റെ ഇത്തരം ആധികാരിക ദര്‍ശനങ്ങളെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടുമില്ല.

തൊട്ടുകൂടായ്മക്കെതിരെ ഗോള്‍വാള്‍ക്കര്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ആ നിലപാടിലെത്രമാത്രം സ്ഥൈര്യതയുണ്ടെന്ന് ബോധിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. വൈദേശിക സ്വാധീനങ്ങളെ ചെറുക്കുന്നതിനുള്ള അന്തര്‍ലീനമായ ഒരു ധൈര്യം ഇന്ത്യന്‍ സമൂഹത്തിന് ലഭിച്ചത് ജാതി വ്യവസ്ഥകൊണ്ടാണെന്ന് ഗോള്‍വാള്‍ക്കര്‍ വാദിച്ചു. അതേസമയം ജാതിയുടെ പേരില്‍ വോട്ട് അപേക്ഷിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. ”ഈ വിഭജനങ്ങളെയൊക്കെ വീണ്ടും വലുതാക്കുന്നതിനായി ഭരണകൂട പ്രവര്‍ത്തന സംവിധാനങ്ങള്‍ വരെ വ്യഭിചരിക്കപ്പെടുകയാണ്.’‘-ഗോള്‍വാള്‍ക്കര്‍ തുടരുന്നു- ‘‘ചില വിഭാഗം മനുഷ്യരെ ഹരിജന്‍, പട്ടികജാതി, പട്ടികവര്‍ഗം തുടങ്ങിയ പലതും വിളിക്കുന്നതും പണത്തിന്‍െ വശ്യത കാണിച്ച് അവരെ അടിമകളായി വയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി പ്രത്യേക ആനുകൂല്യങ്ങളെന്ന പേരില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും വഴി അസൂയയും സംഘര്‍ഷവും വളര്‍ത്തുന്ന ഭിന്നബോധമാണ് സമൂഹത്തില്‍ സൃഷ്ടിക്കുക.”

ഇതിനായുള്ള ഗോള്‍വാള്‍ക്കറുടെ പ്രശ്‌നപരിഹാരം തന്നെയാണ് ആര്‍എസ്എസ് ഇപ്പോഴും പ്രമാണമായി കരുതുന്നത്. പക്ഷേ, തിരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ അവരതിനെ പ്രധാന്യം കുറിച്ചാണ് പ്രദര്‍ശിപ്പിക്കുക. ഗോള്‍വാള്‍ക്കര്‍ എഴുതുന്നു:”ജാതിയുടെ പേരില്‍ മാത്രം പ്രത്യേക ആനുകൂല്യം നല്‍കുന്നത് അവരില്‍ സ്ഥാപിതതാത്പര്യങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തില്‍ പ്രത്യേക അസ്തിത്വമായി അവര്‍ നിലകൊള്ളാനും കാരണമാകും. ഇത് സമൂഹത്തിലെ മറ്റുള്ളവരുമായുള്ള അവരുടെ ഏകീകരണത്തിന് തടസമാവുകയും ചെയ്യും.” എല്ലാ ജാതിക്കാരിലും ദരിദ്രരും അഗതികളും അശരണരും ഉണ്ടാകുമെന്നും അദ്ദേഹം വാദിക്കുന്നു. ‘‘എല്ലാ അവകാശങ്ങളും ജനങ്ങളുടെ സാമ്പത്തികാവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കണം.” ഇത്തരമൊരു പരിഹാരം ”കാര്യങ്ങളെ സുഗമമാക്കുകയും ഹരിജന്‍ എന്ന് വിളിക്കപ്പെടുന്നവര്‍ മാത്രമാണ് മുഴുവന്‍ ആനുകൂല്യങ്ങളും പറ്റുന്നതെന്ന മറ്റ് സമൂഹങ്ങളുടെ ഹൃദയവേദന മാറ്റുകയും ചെയ്യും.’

ജാതിയുടെ പേരിലുള്ള നിഷ്ഠുരതകളെ കുറിച്ചുള്ള ഗോള്‍വാള്‍ക്കറുടെ വിശകലനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുള്ള വലതുപക്ഷക്കാരുടെ വാദങ്ങളുമായി ബീഭത്സമെന്ന് തോന്നിക്കും വിധം സാമ്യതയുള്ളതാണ്. സൃഷ്ടിച്ചെടുത്തതോ അതിശയോക്തികലര്‍ത്തിയതോ ആയ പ്രശ്‌നങ്ങളാണ് അതെല്ലാമെന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ വാദം. ”കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു കുതിച്ചു ചാട്ടം പോലെ ‘ഹരിജന’ങ്ങളെ ജാതി ഹിന്ദുക്കള്‍ ആക്രമിക്കുന്നു എന്ന വാര്‍ത്ത പെട്ടെന്നൊരു ദിവസം മുതല്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തരം റിപ്പോര്‍ട്ടിങ് എന്തോ പ്രേരണ കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മിക്കവാറും വാര്‍ത്തകള്‍ പോലും തെറ്റാണ്. വ്യവസ്ഥാപരവും നിഗൂഢവുമായ ഈ പ്രചാരവേലയ്ക്ക് പിന്നില്‍ വിദേശകരങ്ങളുണ്ടോ എന്ന് ഞാന്‍ സംശയിക്കുകയാണ്. അതെല്ലെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഇത്ര പ്രാധാന്യത്തോടു കൂടി പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല.”- ഗോള്‍വാള്‍ക്കര്‍ പറയുന്നു.

സത്രീകളുടെ കാര്യമെടുത്താല്‍, ആധുനികത അവരെ വഴിതെറ്റിക്കുകയാണ് എന്നതാണ് ഗോള്‍വാള്‍ക്കറുടെ അഭിപ്രായം. ഇതു സംബന്ധിച്ച ഒരു ഈരടി പാടിക്കൊണ്ട് അദ്ദേഹം വിലപിക്കുന്നു-: ‘‘ധര്‍മ്മ നിഷ്ഠരായ വനിതകള്‍ അവരുടെ ശരീരം മറയ്ക്കും, പൊതുവിടങ്ങളില്‍ ശരീരപ്രദര്‍ശനം നടത്തുന്നതിലാണ് ‘ആധുനികത’ നിലകൊള്ളുന്നത് എന്നാണ് ആധുനിക സ്ത്രീകള്‍ കരുതുന്നത്. എന്തൊരു അധ:പതനം!”(മറ്റൊരു അതിവിചിത്ര വാദമുന്നയിച്ച് ആധുനിക ഇന്ത്യക്കാരെ ഗോള്‍വാള്‍ക്കര്‍ പരിഹസിക്കുന്നുണ്ട്; മമ്മി എന്ന പശ്ചാത്യ പ്രയോഗത്തെ അനുകരിക്കുന്നതിനാണിത്. അദ്ദേഹം എഴുതുന്നു: ”ആ വാക്കിന്റെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥമെന്തെന്ന് അറിയുമോ? ഈജിപ്തില്‍ അവരുടെ പഴയ രാജാക്കന്മാരെ അടക്കിയിട്ടുള്ള വലിയ ശവക്കല്ലറകളുണ്ട്. പിരിമിഡുകളെന്നാണ് അവ അറിയപ്പെടുന്നത്. അവയ്ക്കുള്ളിലുള്ള ശവശരീരങ്ങളെയാണ് മമ്മി എന്നുവിളിക്കുന്നത്. ഇവരെ നമ്മള്‍ നമ്മുടെ ജീവനോടെയുള്ള, നമ്മളെ സ്‌നേഹിക്കുന്ന അമ്മമാരെ മമ്മി എന്നുവിളിക്കുന്നു”).

‘പരിഷ്‌കൃത ക്ലബ്ബുകളില്‍ പരദൂഷണം പറഞ്ഞ്, വിദ്യാസമ്പന്നരായ, സമയവും ഊര്‍ജ്ജവും പാഴാക്കുന്ന വിദ്യാസമ്പന്നരായ’ അമ്മമാരെ അധിക്ഷേപിക്കുന്നുമുണ്ട് ഗോള്‍വാള്‍ക്കര്‍. പരിരക്ഷക ഭാവത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു-”അവര്‍ ഉപകാരപ്പെടുന്ന ഒരു ഉപായം ഇതാ. അവരുടെ അയല്‍വക്കങ്ങളില്‍ സ്‌ക്കൂളുകളില്‍ പോകാത്ത ഒരുപാട് കുട്ടികളുണ്ടാകും. ഈ സ്ത്രീകള്‍ക്ക് അവരുടെ വീട്ടിലോ മറ്റേതെങ്കിലും സൗകര്യമുള്ള ഇടത്തോ ഈ കുട്ടികളെ വിളിച്ചുകൂട്ടി അവരെ കളികളിലും കഥകളിലും പാട്ടുകളിലും വ്യാപൃതരാക്കുക.’

സമത്വത്തിനുവേണ്ടിയുള്ള വാദം എന്തായാലും പരിഹാസ്യമായ എന്തോ പോലെയാണ് ഗോള്‍വാള്‍ക്കര്‍ക്ക് തോന്നിയിരുന്നത്. ”സത്രീ സമത്വത്തിനായും ‘പുരുഷാധിപത്യത്തില്‍ നിന്നുള്ള വിമോചന’ത്തിനുമായി ഇപ്പോള്‍ ഒരു നിലവിളി ഉയര്‍ന്നിട്ടുണ്ട്. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ പ്രത്യേക ലിംഗപദവിക്കനുസരിച്ച് സംവരണം കൊണ്ടുവരണമെന്നാണ് ആവശ്യം. ഇതോടെ പുതിയൊരു ‘ഇസം’ കൂടി വന്നു- കമ്മ്യൂണലിസം (വര്‍ഗ്ഗീയത), കാസ്റ്റിസം (ജാതീയത) തുടങ്ങിയവരുടെ കൂട്ടത്തില്‍ ഒന്നു കൂടി- സെക്‌സിസം’‘- ഗോള്‍വാള്‍ക്കര്‍ എഴുതുന്നു.

ഇന്ത്യയില്‍ ജീവിക്കുന്ന ഹൈന്ദവേതരരെ സംബന്ധിച്ച് സവര്‍കറുടെ കാഴചപ്പാടാണ് ഫലപ്രദമായി ഗോള്‍വാള്‍ക്കറും പങ്കുവച്ചിരുന്നത്- രാജ്യത്തോടുള്ള കൂറില്‍ നിന്ന് അവരുടെ മതം അവരെ അകറ്റിനിര്‍ത്തുമെന്നത്. ”പ്രധാനപ്പെട്ട ചോദ്യം അവര്‍ ഈ മണ്ണിന്റെ മക്കളാണ് എന്നുള്ളത് അവര്‍ ഓര്‍മ്മിക്കാറുണ്ടോ എന്നതാണ്. നമ്മള്‍ മാത്രം ഇക്കാര്യം  ഓര്‍ത്തിട്ടെന്തു കാര്യം? ആ വികാരം, ആ ഓര്‍മ്മ അതവര്‍ താലോലിക്കണം. ദൈവാരാധനയുടെ വൈവിധ്യം കൊണ്ട് മാത്രം ഒരു വ്യക്തി മണ്ണിന്റെ മകനല്ലാതാകുമെന്ന് പറയാന്‍ മാത്രം നികൃഷ്ടരല്ല ഞങ്ങള്‍. ദൈവത്തെ എന്തുപേര് വിളിക്കുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.” ഇതു പറഞ്ഞതിന് ശേഷം ഗോള്‍വാര്‍ക്കര്‍ ചോദിക്കുന്നു. ‘‘ഇസ്ലാമിലേക്കും ക്രിസ്തീയതയിലേക്കും മതം മാറ്റം നടത്തിയവരുടെ മനോഭാവം എന്താണ്? അവരീ മണ്ണില്‍ ജനിച്ചവരാണ്, സംശയമില്ല. പക്ഷേ അവര്‍ ഈ നാടിനോട് വിശ്വാസ്യത പുലര്‍ത്തുന്നുണ്ടോ? അവരെ വളര്‍ത്തി വലുതാക്കിയ നാടിനോട് അവര്‍ക്ക് കടപ്പാടുണ്ടോ? ഈ നാടിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും മക്കളാണ് എന്നുള്ള വിചാരം അവര്‍ക്കുണ്ടോ? ഈ നാടിന്റെ നല്ല ഭാവിക്കായി സേവനം ചെയ്യണമെന്നവര്‍ക്കുണ്ടോ? നാടിന് വേണ്ടി സേവനം ചെയ്യേണ്ടത് കര്‍ത്തവ്യമാണെന്ന് അവര്‍ക്ക് തോന്നുന്നുണ്ടോ? ഇല്ല! വിശ്വാസമാറ്റത്തോടെ രാജ്യസ്‌നേഹത്തിന്റേയും ഭക്തിയുടേയും ഉത്സാഹവുമവര്‍ക്ക് നഷ്ടപ്പെട്ടു.’

അഹിന്ദുക്കളുടെ രാജ്യത്തോടുള്ള കൂറിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് അവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നതിലേയ്ക്ക് ഒരു ചെറു ചുവടുവയ്‌പേ ആവശ്യമുള്ളൂ. ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുന്നു:”രാജ്യത്തിനകത്ത് മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്, അഥവാ ചെറു പാകിസ്താനുകളുണ്ട്. അവിടങ്ങളിലൊക്കെ രാജ്യത്തിന്റെ പൊതു നിയമങ്ങള്‍ ചെറിയ മാറ്റങ്ങളോടെയേ നടപ്പാകൂ, തെമ്മാടികളുടെ തോന്ന്യവാസങ്ങളാകും അവസാന വാക്ക്.” യാതൊരു തരത്തിലുള്ള തെളിവുകളും ഹാജറാക്കാതെ ഗോള്‍വാള്‍ക്കര്‍ തുടര്‍ന്ന് ആരോപിക്കുന്നു:”ഈ പ്രദേശങ്ങളൊക്കെ യഥാര്‍ത്ഥത്തില്‍, ഈ നാട്ടിലെ പാകിസ്താന്‍ അനുകൂല ശക്തികളുടെ സര്‍വവ്യാപകമായ ശൃംഖലയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.” 

മഹാരാഷ്ട്രയിലെ മലേഗാവില്‍, 1963-ല്‍ നടന്നതായി അവകാശപ്പെടുന്ന ഒരു കലാപം അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. രാത്രി ഒന്‍പത് മണിക്കാണ് സംഭവം നടന്നതെന്നും ”അടുത്ത ദിവസം അതിരാവിലെ തന്നെ പാകിസ്താന്‍ റേഡിയോ ഈ പട്ടണത്തില്‍ വലിയ മുസ്ലീം വംശഹത്യ നടന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഈ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്താന്‍ ഈ സംഭവം അറിഞ്ഞതെങ്ങനെ? നിരന്തരം പാകിസ്താനുമായി ബന്ധപ്പെടുന്ന പാകിസ്താന്‍ അനുകൂലികളായ ഒരു മാന്യന്‍ അവിടെ ട്രാന്‍സ്മിറ്ററുമായി ഉണ്ടായിരുന്നിരിക്കണം”– ഗോള്‍വാള്‍ക്കര്‍ എഴുതുന്നു. ‘ഒരേയൊരു സാധ്യത’യെന്ന് അദ്ദേഹം കണക്കാക്കുന്ന വിചിത്രമായ അനുമാനം ഈ നിര്‍ണ്ണയത്തിലേയ്ക്കും അദ്ദേഹത്തെ നയിച്ചു- “സാധാരണ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് പുറമേ അവര്‍ ‘ന്യൂനപക്ഷങ്ങള്‍’ ആയതിനാല്‍ ലഭിക്കുന്ന അധിക അവകാശങ്ങളും അധിക ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ കോണിലും പാകിസ്താനുമായി ട്രാന്‍സ്മിറ്ററിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ട് മുസ്ലിങ്ങള്‍ കഴിയുകയാണ്.

ഹെഡ്‌ഗേവാര്‍ രൂപം കൊടുത്ത സംഘടന ചട്ടക്കൂട് പടുത്തുയര്‍ത്തുകയും പരിഷ്‌ക്കരിക്കുകയും ചെയ്തയാളുടെ വാദങ്ങളും അപഗ്രഥനങ്ങളുമാണിവ. ആര്‍എസ്എസിനകത്ത് നിലനില്‍ക്കുന്ന ഗോള്‍വാള്‍ക്കറോടുള്ള ഭക്തിയുടെ പരിവേഷത്തെ മാറ്റി അരിച്ചെടുത്ത് നോക്കിയാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ ജനിച്ച ഒരു മറാത്തി ഉപരി-മധ്യവര്‍ഗ്ഗ ബ്രാഹ്മണന്റെ ക്ഷുദ്രമായ മുന്‍വിധികളും മതഭ്രാന്തും മാത്രമായേ നമുക്കീ പ്രസ്താവനകളെ വായിക്കാനാവൂ. എന്തായാലും ഈ മുന്‍വിധികള്‍ ദേശീയതയുടേയും ഫാഷിസത്തിന്റേയും ഭാഷയില്‍ പൊതിഞ്ഞവയാണ്. ഈ സിദ്ധാന്തങ്ങള്‍ പരിഹാസ്യമാണ്, പക്ഷേ നമ്മെ ഭയവിഹ്വലാക്കുന്ന വിധത്തില്‍, അവ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും സംസ്‌കാരത്തിന്റെയും അരങ്ങിന്‍ മധ്യത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹര്‍തോഷ് സിംഗ് ബാല്‍

ഹര്‍തോഷ് സിംഗ് ബാല്‍

പൊളിറ്റിക്കല്‍ എഡിറ്റര്‍, കാരവന്‍ മാഗസിന്‍

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍