UPDATES

ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2

ആര്‍എസ്എസ് ആദ്യം സംഘടനയിലെടുത്തത് 12നും 15നും ഇടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ്.

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ‘മോദി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍. The Instigator, How MS Golwalkar’s virulent Ideology underpins Modi’s India എന്ന ദീര്‍ഘലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാം. 

വിവര്‍ത്തനം-ശ്രീജിത് ദിവാകരന്‍

‘ആര്‍എസ്എസ് സൃഷ്ടിച്ച ആദ്യത്തെ വിപ്ലവം’ (ഹെഡ്‌ഗേവാറുടെ ജീവചരിത്രത്തില്‍) ദേശ്പാണ്ഡെയും രാമസ്വാമിയും വിശദമായി വിവരിക്കുന്നുണ്ട്. 1927 സെപ്തംബര്‍ നാലിന് ‘ആയിരക്കണക്കിന് മുസ്ലീങ്ങള്‍’ നടത്തിയ ജാഥയോടുള്ള പ്രതികരണമായിരുന്നു അത്. ദേശ്പാണ്ഡയും രാമസ്വാമിയും എഴുതുന്നു: ”(മുസ്ലീം) ജാഥാംഗങ്ങള്‍ കത്തി, ലാത്തി തുടങ്ങിയ മാരകായുധങ്ങളായാണ് പ്രകടനം നടത്തിയത്. അള്ളാഹു അക്ബര്‍, ദിന്‍ ദിന്‍ എന്നീ മുദ്രവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. മുസ്ലീങ്ങളുടെ യുദ്ധത്തിനൊരുങ്ങിയെന്ന പോലുള്ള നില്‍പ്പ് ഹിന്ദുക്കളുടെ ഹൃദയത്തില്‍ നടുക്കമുണ്ടാക്കി. എന്നാല്‍ ഏകദേശം നൂറിലധികം മാത്രമുണ്ടായിരുന്ന ആര്‍എസ്എസ് ചെറുപ്പക്കാര്‍ ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മുസ്ലീം ഗുണ്ടകള്‍ ഹിന്ദുക്കളെ ആക്രമിക്കാനും ആക്ഷേപിക്കാനും ആരംഭിച്ചു. ഹിന്ദുക്കളാകട്ടെ നടുക്കം മാറാതെ നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ജാഗ്രതയോടെ നില്‍ക്കുകയായിരുന്ന സ്വയം സേവകര്‍ ആക്രമങ്ങളെ ക്ഷണമാത്രയില്‍ പ്രതിരോധിച്ചു”. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നുവെന്നും ഹെഡ്‌ഗേവാറിന്റെ ആത്മകഥയില്‍ പറയുന്നു. “ആത്യന്തികമായി ഹിന്ദുക്കള്‍ വിജയിച്ചു. നൂറുകണക്കിന് മുസ്ലീം ഗുണ്ടകള്‍ ആശുപത്രിയിലായി. 10-15 പേര്‍ കൊല്ലപ്പെട്ടു. നാലഞ്ച് ഹിന്ദുക്കളും കൊല്ലപ്പെട്ടു. അതിലൊരാള്‍ ധുന്ദ്രിരാജ ലേഹ്‌ഗോവങ്കര്‍ എന്ന സ്വയം സേവകനായിരുന്നു”.

തങ്ങളുടെ വളര്‍ച്ചയുടെ ഒരു നിര്‍ണ്ണായക ഘട്ടമായാണ് സംഘപരിവാര്‍ ഇതിനെ കാണുന്നത്. ഹെഡ്ഗേവാറിന്റെ ജീവചരിത്രം ഇങ്ങനെ തുടരുന്നു: ”സൈന്യത്തിന്റെ വരവോടെ സമാധാനം പുന:സ്ഥാപിക്കപ്പെട്ടു. ആ ദിവസം, പക്ഷേ, ചരിത്രത്തിലെ വഴിത്തിരിവാണ്. ആക്രമിക്കപ്പെടുക എന്ന അവസ്ഥയില്‍ നിന്ന് ഹിന്ദുക്കള്‍ മോചിതരായി”. 

ഹിന്ദു മഹാസഭ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത് എങ്കില്‍ ഹിന്ദുസമൂഹത്തിനകത്ത് പ്രവര്‍ത്തുന്ന സുസംഘടിതവും അച്ചടക്കബന്ധിതവുമായ ഒരു സമൂഹ്യ സംഘടനയാണ് ആര്‍എസ്എസ് വിഭാവനം ചെയ്തത്. എന്നാല്‍ ആ ആശയം പുത്തനൊന്നുമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തില്‍ മാര്‍ഗരറ്റ് നോബ്ള്‍ (സിസ്റ്റര്‍ നിവേദിത) – വിവേകാനന്ദന്റെ ഐറിഷ് ശിഷ്യ- കോണ്‍ഗ്രസിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ”താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തവിധത്തില്‍ അസംഘടിതമായ ഒരു ആള്‍ക്കൂട്ടത്തിന്റെ ഒരു വശം മാത്രമാണ് (കോണ്‍ഗ്രസ്)’‘. ദേശീയ പ്രസ്ഥാനത്തിന് ‘അരാഷ്ട്രീയ അവയവങ്ങള്‍’ കൂടി വേണമെന്ന് അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ദൗത്യപ്രചാരകരുടെ കര്‍മ്മമേറ്റെടുത്ത് “കയ്യില്‍ മായാദീപവും തപാല്‍ കാര്‍ഡുകളും ഇന്ത്യയുടെ ഭൂപടവുമായി തലയിലും ഹൃദയത്തിലും നാടോടിഗാനങ്ങളും കഥകളും ഭൂവിവരണ രേഖകളുമായി സഞ്ചരിക്കണം”– മാര്‍ഗരറ്റ് നോബ്ള്‍ എഴുതി. ഈ ദൗത്യപ്രചാരകര്‍ ‘ഇന്ത്യയെ കുറിച്ചുള്ള കഥകളും ഗാനങ്ങളും വിവരങ്ങളും’ അവതരിപ്പിക്കുമെന്ന് അവര്‍ ആവേശത്തോടെ ആഗ്രഹിച്ചു. അവരിലൂടെ ‘ഇത്, ഇത് മാത്രമാണ് നമ്മുടെ മാതൃരാജ്യം, നമ്മളെല്ലാം ഇന്ത്യാക്കാരാണ്, എല്ലാവരും‘ എന്ന സന്ദേശം പരക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു. ഇവരുടെ ഈ ആശയത്തിന്റെ പ്രാഥമിക രൂപത്തിലൊരു സംഘം ഉണ്ടായത് 1920-ലാണ്. എല്‍.വി പരാജ്ഞ്‌പേയും ഹെഡ്‌ഗേവാറും ചേര്‍ന്ന് 1000 പേരിലധികം വരുന്ന യൂണിഫോമൊക്കെയിട്ട ഒരു വാളണ്ടിയന്‍ സംഘമുണ്ടാക്കി, ഭാരത് സ്വയംസേവക് മണ്ഡല്‍ എന്ന പേരില്‍. ഇവര്‍ക്കായിരുന്നു കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്ന 15,000 ത്തോളം പോന്ന പ്രതിനിധികളുടെ ഭക്ഷണ-താമസ സൗകര്യങ്ങളുടെ ചുമതല.

ഈ സമ്മേളനത്തിനും ഒരു വര്‍ഷം കഴിഞ്ഞാണ് തന്റെ മുസ്ലീം വിരോധത്തിന് ഒരു ബൗദ്ധിക മറയിടാന്‍ സഹായിക്കുന്ന ഒരു പുസ്തകം ഹെഡ്‌ഗേവാറിന് ലഭിക്കുന്നത്. (ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തില്‍) ദേശ്പാണ്ഡെയും രാമസ്വാമിയും എഴുതുന്നു: ”വീര്‍ സവര്‍ക്കരുടെ പ്രാമാണിക പ്രബന്ധമായ ‘ഹിന്ദുത്വ’ ഡോക്ടര്‍ജിക്ക് ലഭിച്ചു. ആന്‍ഡമാന്‍ ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ ഈ ഗ്രന്ഥം സവര്‍കര്‍ വളരെ ബുദ്ധിമുട്ടിയും എന്നാല്‍ അതീവ ചാരുത്യത്തോടെയും പുറത്തെത്തിച്ചതാണ്. ‘ഹിന്ദുത്വ’ എന്ന ആശയത്തിന്റെ സവര്‍ക്കരുടെ അത്യന്തം പ്രചോദിതവും ഗംഭീരവുമായ വ്യാഖ്യാനവും അതിന്റെ അനിഷേധ്യമായ യുക്തിയും വ്യക്തതയും ഡോക്ടര്‍ജിയുടെ ഹൃദയത്തില്‍ തറച്ചു’.‘ മുസ്ലീങ്ങളെ അന്യരായി കണ്ട സവര്‍കറുടെ പുസ്തകത്തിന്റെ വാദങ്ങളെല്ലാം അവര്‍ക്കെതിരായുള്ള സംശയങ്ങളാല്‍ നിറഞ്ഞതായിരുന്നു. ഉദാഹരണത്തിന്, ഹിന്ദുത്വ എന്ന് സവര്‍കര്‍ വ്യാഖ്യാനിക്കുന്ന, ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാകാന്‍ യഥാര്‍ത്ഥ മുസ്ലീം മതവിശ്വാസികള്‍ക്ക് കഴിയില്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഹെഡ്‌ഗേവാറിന്റെ മുന്‍വിധികള്‍ക്ക് സൈദ്ധാന്തിക അടിത്തറ നല്‍കാനായി ഈ പുസ്തകം സഹായിച്ചു.

ആര്‍എസ്എസ് ആദ്യം സംഘടനയിലെടുത്തത് 12നും 15നും ഇടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. കോളേജ് വിദ്യാഭ്യാസ കാലമാകുമ്പോള്‍ അവരെ നാഗ്പൂരിന് പുറത്തേയ്ക്ക് അയയ്ക്കാന്‍ ഹെഡ്‌ഗേവാര്‍ മുന്‍കൈയ്യെടുക്കുകയും അത് വഴി ആര്‍എസ്എസ് പുറമേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ശാഖയിലൂടെ നല്‍കിയിരുന്ന പരിശീലനത്തില്‍ പ്രതിഫലിച്ച കാര്യം കൂടുതല്‍ ചെറുപ്പക്കാരെ അംഗങ്ങളായി വേണമെന്നുള്ളതാണ്. അതുകൊണ്ട് തന്നെ അംഗത്വത്തിന്റെ പ്രായപരിധിയില്‍ വ്യത്യാസം വരുത്തി, പക്ഷേ പരിശീലന പരിപാടി അതേപടി തുടരുകയും ചെയ്തു. ആദ്യകാലത്തു തന്നെ ആര്‍എസ്എസ് ശാഖകളില്‍ കവാത്തും വ്യായാമങ്ങളുമടക്കമുള്ള കായിക പരിശീലനങ്ങളും ‘ദേശീയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും’ ഉണ്ടായിരുന്നുവെന്ന് ഹെഡ്‌ഗേവാറിന്റെ ജീവചരിത്രാക്കള്‍ സ്ഥിതീകരിക്കുന്നു. ശാഖകള്‍ ‘ഭഗവധ്വജ്-കാവിക്കൊടി- ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുക, പ്രാര്‍ത്ഥനകളോടെ അവസാപ്പിക്കുക’ എന്ന രീതിയും ഹെഡ്‌ഗേവാര്‍ സ്ഥാപിച്ചതാണെന്നും അവര്‍ പറയുന്നു.

ആര്‍എസ്എസിന്റെ സംഘടനാ സംവിധാനം വര്‍ഷങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. സംഘടനയുടെ പേരുപോലും ശാഖകള്‍ ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് സ്ഥിതീകരിക്കുന്നത്. ഭാരത് സ്വയംസേവക് മണ്ഡലിന്റെ പേരിനെ ഓര്‍മ്മിപ്പിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന പേര് ‘ഡോക്ടര്‍ജി നീണ്ട, ആഴമേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ്‘ ഉറപ്പിച്ചതെന്ന് ജീവചരിത്രകാരന്മാര്‍ പറയുന്നു. പ്രത്യേകിച്ചും രാഷ്ട്രീയ’ എന്ന വാക്കിന്റെ തെരഞ്ഞെടുപ്പ് വളരെ പ്രധാനമായിരുന്നു. ഭാരത രാഷ്ട്രത്തിന്റെ നട്ടെല്ല് ഹിന്ദുക്കളാണെന്നും ഹിന്ദുക്കളുടെ സംഘാടനമെന്നത് അതീവ പ്രധാന്യമുള്ള ദേശീയ കര്‍മ്മപരിപാടിയാണെന്നുമുള്ള വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുകയായിരുന്നു ആ വാക്കിന്റെ തിരഞ്ഞെടുപ്പിലൂടെ ചെയ്തത്’‘-ദേശ്പാണ്ഡെയും രാമസ്വാമിയും എഴുതുന്നു. അതിനടുത്ത വര്‍ഷം മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന്റെ ആവശ്യത്തിനായി സന്നദ്ധസേവകര്‍ സംഭാവന ചെയ്യുന്ന പരിപാടി ആരംഭിച്ചു. ‘ഗുരുദക്ഷിണ’ എന്ന പേരില്‍ ഈ രീതി ഇപ്പോഴും ആര്‍എസ്എസ് തുടരുന്നു.

രാജ്യത്തെമ്പാടുമുള്ള കോളേജ് കാമ്പസുകളില്‍ ശാഖകള്‍ ആരംഭിച്ച് ഹെഡ്‌ഗേവാറിന്റെ ആശയങ്ങള്‍ക്ക് വിത്തുപാകുക എന്ന ആശയം മുന്‍ നിര്‍ത്തി, ആര്‍എസ്എസിന്റെ ആദ്യകാല അംഗങ്ങളിലൊരാളായ പ്രഭാകര്‍ ദാനി, ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി പോയി. ഗോള്‍വാള്‍ക്കര്‍ അവിടെ പഠിപ്പിക്കുന്ന കാലമായിരുന്നു അത്. 1928-ല്‍ ദാനി, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍, സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ മദന്‍മോഹന്‍ മാളവ്യയുടെ ആശീര്‍വാദത്തോടെ, ആര്‍എസ്എസ് ശാഖ ആരംഭിച്ചു. ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നുവെങ്കിലും ഗോള്‍വാള്‍ക്കര്‍ അക്കാലങ്ങളില്‍ സുഹൃത്തുക്കളേയും ശിഷ്യരേയും സഹായിക്കാന്‍ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം, ഗണിതം, തത്വചിന്ത എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാറുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നത്. പ്രഭാകര്‍ ദാനി ‘‘അധ്യാപകന്‍ എന്ന നിലയിലുള്ള മാധവറാവു ഗോള്‍വാള്‍ക്കറിന്റെ കഴിവുകളുടെ ഗുണഫലം കഴിയുന്നത്ര ഉപയോഗിക്കാനാണ് ശ്രമിച്ചത്. മാധവറാവുവിനെ ഇടയ്ക്ക് ശാഖകള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. പഠനത്തിന് മാധവറാവുവിന്റെ സഹായം തേടിയത് പുറമേ അവര്‍ ശാഖയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.

ഗോള്‍വാള്‍ക്കറുടെ നേതൃത്വഗുണങ്ങള്‍ ശാഖാംഗങ്ങള്‍ വളരെ പെട്ടന്ന് തിരിച്ചറിഞ്ഞു. ”സര്‍വ്വകലാശാല ശാഖയുടെ മേധാവിയും രക്ഷാധികാരിയുമാണ് മാധവറാവു എന്ന മട്ടിലായിരുന്നു സ്വയം സേവകര്‍ അക്കാലത്ത് പെരുമാറിയിരുന്നത്”- ഗോള്‍വാള്‍ക്കറുടെ ജീവചരിത്രത്തില്‍ ഭിഷികര്‍ എഴുതുന്നു.

1932-ല്‍ ആര്‍എസ്എസിന്റെ വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗോള്‍വാള്‍ക്കറെ ഹെഡ്‌ഗേവാര്‍ നാഗ്പൂരിലേയ്ക്ക് ക്ഷണിച്ചു. ”ആ ദിവസങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം ഡോക്ടര്‍ജി, ശ്രീ ഗുരുജിക്ക് നല്‍കി. അതിന്റെ ഫലമായി ബനാറസില്‍ തിരിച്ചെത്തിയ ശേഷം ആര്‍എസ്എസിന്റെ സര്‍വകലാശാല ശാഖാ പ്രവര്‍ത്തനങ്ങളില്‍ ഗുരുജി കൂടുതല്‍ ഭാഗവാക്കായി.”-ഭിഷികര്‍ എഴുതുന്നു.

1933-ല്‍ ഗോള്‍വാള്‍ക്കര്‍ വീണ്ടും നാഗ്പൂരിലെത്തി. ഗോള്‍വാള്‍ക്കര്‍ക്ക് തിടുക്കത്തില്‍ തന്നെ ആര്‍എസ്എസിന്റെ സുപ്രധാന ചുമതലകള്‍ കൈമാറുന്നതില്‍ ഹെഡ്‌ഗേവാര്‍ ശ്രദ്ധിച്ചു. എല്ലാക്കാലത്തും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന നാഗ്പൂരിലെ ശാഖയുടെ ചുമതല ഹെഡ്‌ഗേവാര്‍ ഗോള്‍വാള്‍ക്കര്‍ക്ക് കൈമാറി; അതോടൊപ്പം ബോംബേയില്‍ ആര്‍എസ്എസ് വളര്‍ത്താനുള്ള ചുമതലയും. ഹെഡ്‌ഗേവാറിന്റെ മറ്റ് സഹപ്രവര്‍ത്തരില്‍ നിന്ന് വിഭിന്നമായി ഗോള്‍വാള്‍ക്കര്‍ക്ക് കോണ്‍ഗ്രസുമായോ മഹാസഭയായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആര്‍എസ്എസിന് വേണ്ടി പൂര്‍ണ്ണമായി അര്‍പ്പിക്കാന്‍ ഗോള്‍വാള്‍ക്കര്‍ക്ക് കഴിയുമെന്ന് ഹെഡ്‌ഗേവാറിന് അറിയാമായിരുന്നു.

എന്നാല്‍ ഗോള്‍വാള്‍ക്കര്‍ ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം നാഗ്പൂരിലെ രാമകൃഷ്ണമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും വലിയ തോതില്‍ സമയം ചെലവഴിച്ചു. പ്രത്യക്ഷത്തില്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ തുടരണമോ ആത്മജ്ഞാന മാര്‍ഗ്ഗത്തിലുള്ള ആത്മീയ പ്രവര്‍ത്തനമായ ആശ്രമ പരിപാടികളില്‍ മുഴുകണമോ എന്ന അവാജ്യമായ ധര്‍മ്മസങ്കടത്തില്‍ അക്കാലത്ത് ഗോള്‍വാള്‍ക്കര്‍ പെട്ടിരുന്നു. 1936-ല്‍ നാഗ്പൂര്‍ വിട്ട് പശ്ചിമബംഗാളിലെ സര്‍ഗാചിയിലുള്ള രാമകൃഷ്ണാശ്രമത്തിലേയ്ക്ക് ഗോള്‍വാള്‍ക്കര്‍ പോയി. രാമകൃഷ്ണപരമഹംസന്റെ നേരിട്ടുള്ള ശിഷ്യന്മാരില്‍ ഒരാളായ അഖടാനന്ദന്റെ ആത്മീയ പാതയില്‍ ചേര്‍ന്ന് ഗോള്‍വാള്‍ക്കര്‍ പ്രവര്‍ത്തിച്ചു. അഖടാനന്ദന്റെ മരണത്തെ തുടര്‍ന്ന്, ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരാനായി നാഗ്പൂരിലേയ്ക്ക് തിരിച്ചെത്തി.

ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള തന്റെ ലേഖനത്തില്‍ നരേന്ദ്ര മോദി, വിഭിന്നമായ ആകര്‍ഷങ്ങളില്‍ പെട്ടുപോയതിനെപ്പറ്റി ഗോള്‍വാള്‍ക്കര്‍ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെട്ടതിനെ കുറിച്ച് പറയുന്നുണ്ട്. മോദി എഴുതുന്നു: ” തരുണ്‍ ഭാരത് എന്ന ദിനപത്രത്തിന്റെ എഡിറ്റര്‍ ഭാവ്‌സാഹേബ് മഡ്‌ഖോല്‍കര്‍ ഒരിക്കല്‍ ഗുരുജിയുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടു. ഡോക്ടര്‍ജിയും സന്നിഹിതനായിരുന്നു. അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു ‘താങ്കള്‍ ആര്‍എസ്എസ് ഇടയ്ക്ക് വച്ച് വിട്ട് ബംഗാളില്‍ രാമകൃഷ്ണാശ്രമത്തിന്റെ പ്രവര്‍ത്തനത്തിന് പോയി എന്നും സ്വാമി വിവേകാനന്ദന്റെ സഹശിഷ്യനായിരുന്നയാളില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചുവെന്നും കേട്ടു. അതിന് ശേഷം ആര്‍എസ്എസിലേക്ക് തിരിച്ചുവന്നതെങ്ങനെയാണ്”?

മോദി എഴുതുന്നത് ഈ ചോദ്യത്തില്‍ ഗോള്‍വാള്‍ക്കാര്‍ അസ്തപ്രജ്ഞനായി എന്നാണ്. ”അദ്ദേഹം അര്‍ദ്ധനിലീമിതനായി ആലോചനയില്‍ മുഴുകി. കുറച്ചേറെ സമയത്തിന് ശേഷം പതുക്കെ അദ്ദേഹം സംസാരം ആരംഭിച്ചു-‘നിങ്ങള്‍ ചോദിച്ചത് അപ്രതീക്ഷിതമായ ഒരു ചോദ്യമാണ്. ആശ്രമത്തിന്റേയും ആര്‍എസ്എസിന്റേയും പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ വ്യത്യസമുണ്ടോ ഇല്ലയോ എന്ന കാര്യത്തിന് കൂടുതല്‍ ആധികാരികമായി ഉത്തരം നല്‍കാന്‍ കഴിയുക ഡോക്ടര്‍ജിക്കാണ്. എനിക്കാകട്ടെ ദേശരാഷ്ട്ര നിര്‍മ്മാണത്തോടൊപ്പം എല്ലാക്കാലത്തും ആത്മീതയോടും ചായ്‌വുണ്ടായിരുന്നു. ബനാറസ്, നാഗ്പൂര്‍, കല്‍ക്കത്ത എന്നിവടങ്ങളില്‍ നിന്ന് ഞാന്‍ ആര്‍ജ്ജിച്ച കാര്യങ്ങള്‍ കൂടുതല്‍ നന്നായി പ്രാവര്‍ത്തികമാക്കാന്‍ കഴിയുക ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്. അതുകൊണ്ട് ഞാനിപ്പോള്‍ ആര്‍എസ്എസിനായി സ്വയം സര്‍പ്പിച്ചിരിക്കുകയാണ്. ഇത് സ്വാമി വിവേകാനന്ദന്റെ സന്ദേശത്തിന്റെ മാര്‍ഗ്ഗത്തിലുള്ളതാണെന്നാണ്. എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് അദ്ദേഹമാണ്. ആര്‍എസ്എസില്‍ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകും എന്നാണ് ഞാന്‍ കരുതുന്നത്.”

[ആദ്യഭാഗം ഇവിടെ: ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍- ഭാഗം- 1]

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(PS: ലേഖനം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതും തലക്കെട്ടും കാരവന്‍ ലേഖനത്തില്‍ നിന്ന് വ്യത്യസ്തമാണ്).

ഹര്‍തോഷ് സിംഗ് ബാല്‍

ഹര്‍തോഷ് സിംഗ് ബാല്‍

പൊളിറ്റിക്കല്‍ എഡിറ്റര്‍, കാരവന്‍ മാഗസിന്‍

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍