UPDATES

ട്രെന്‍ഡിങ്ങ്

ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍ – ഭാഗം 3

ബൗദ്ധികശേഷിയുടെ കാര്യത്തില്‍ ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും തമ്മിലുള്ള വ്യത്യാസം വ്യക്തമായും പ്രകടമായിരുന്നു.

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ‘മോദി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍. The Instigator, How MS Golwalkar’s virulent Ideology underpins Modi’s India എന്ന ദീര്‍ഘലേഖനത്തിന്റെ മൂന്നാം ഭാഗം വായിക്കാം. 

വിവര്‍ത്തനം- ശ്രീജിത് ദിവാകരന്‍

ബൗദ്ധികശേഷിയുടെ കാര്യത്തില്‍ ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും തമ്മിലുള്ള വ്യത്യാസം വ്യക്തമായും പ്രകടമായിരുന്നു. ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ഖണ്ഡിക ഇങ്ങനെ പറയുന്നു: ”ഹിന്ദുത്വ’ എന്ന ആശയത്തിന്റെ സവര്‍ക്കരുടെ അത്യന്തം പ്രചോദിതവും ഗംഭീരവുമായ വ്യാഖ്യാനവും അതിന്റെ അനിഷേധ്യമായ യുക്തിയും വ്യക്തതയും ഡോക്ടര്‍ജിയുടെ ഹൃദയത്തില്‍ തറച്ചു”. ഹെഡ്‌ഗേവാറും ‘അദ്ദേഹത്തിന്റെ ചരിത്രപരമായ ഉള്‍ക്കാഴ്ചയില്‍ നിന്നും പ്രയോഗികാനുഭവത്തില്‍ നിന്നും ഹിന്ദു ദേശത്തെ അതേ സത്യത്തില്‍ എത്തിച്ചേര്‍ന്നിരുന്നു’ എന്നാണ് ജീവചരിത്രം അവകാശപ്പെടുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഗോള്‍വാള്‍ക്കറുടെ മരണശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ എഴുത്തുകളുടെയും പ്രഭാഷണങ്ങളുടെയും സമാഹരം 12 ഭാഗമായാണ് പുറത്തിറങ്ങിയത്.

ഹിന്ദുത്വയെ കുറിച്ചുള്ള സവര്‍കരുടെ പുസ്തകം എപ്പോഴും ശ്രദ്ധാകേന്ദ്രമായിരുന്നുവെങ്കിലും സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ സാധാരണ സ്വയം സേവകരുടെ ഉത്തരത്തിന്റെ വേരുകള്‍ ഗോള്‍വാള്‍ക്കറുടെ 1966-ല്‍ പുറത്തിറങ്ങിയ ‘വിചാരധാര’ (Bunch of Thoughts) എന്ന പുസ്തകത്തിലായിരിക്കും. ഈ പുസ്തകം നേരിട്ട് വായിക്കാത്ത സ്വയംസേവകരും ശാഖാപരിശീലനത്തിന്റെ ഭാഗമായ സൈദ്ധാന്തിക ചര്‍ച്ചകളിലൂടെ വിചാരധാരയുടെ ഉള്ളടക്കം ആവര്‍ത്തിച്ച് കേട്ട് മനസിലാക്കിയിരിക്കും.

ഗോള്‍വാള്‍ക്കവരുടെ മറ്റൊരു പുസ്തകത്തോട് ആര്‍എസ്എസ് ഔദ്യോഗികമായി അല്‍പ്പം അകലം പാലിക്കുന്നുണ്ട്. 1939-ല്‍, ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസ് മേധാവിയാകുന്നിന്റെ ഒരു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ‘നാം, നമ്മുടെ രാഷ്ട്രസ്വത്വ നിര്‍വ്വചനം’ എന്ന പുസ്തകമാണത്. അക്കാലത്ത് ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു ഗോള്‍വാള്‍ക്കറെന്നതില്‍ തര്‍ക്കമില്ല.

ഗോള്‍വാള്‍ക്കറുടെ പുസ്തകവും ആര്‍എസ്എസിന്റെ വികാസവും പരസ്പര പൂരിതമായിരുന്നുവെന്നുതന്നെയാണ് ഇക്കാലയളിവിലെ സംഭവങ്ങളെ നോക്കിക്കാണുമ്പോള്‍ മനസിലാവുക. 1939 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ സിന്ധിയില്‍ നടന്ന മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടെ പ്രധാനപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ ഗോള്‍വാള്‍ക്കറായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നതനുസരിച്ച് ആ യോഗം വിളിച്ചുചേര്‍ത്തത്, ‘ശാഖയില്‍ ഉപയോഗിക്കേണ്ട ശാസനകള്‍, പ്രാര്‍ത്ഥന തുടങ്ങിയ സംവിധാനങ്ങളടക്കമുള്ള വിവിധ വിഷയങ്ങളെ കുറിച്ച്’ ചര്‍ച്ച ചെയ്യുന്നതിനാണ്. ഗോള്‍വാള്‍ക്കര്‍ ഈ യോഗത്തില്‍ പങ്കെടുത്തത്, ‘പുതിയ സഹപ്രവര്‍ത്തകന്‍’ എന്ന രീതിയാണെങ്കിലും അടുത്ത ആര്‍എസ്എസ് മേധാവിയായി ഗോള്‍വാള്‍ക്കറെ നിയമിക്കുക എന്ന ആശയം ഹെഡ്‌ഗേവാര്‍ ആദ്യമായി മുന്നോട്ട് വച്ചത് ഈ യോഗത്തിനിടയിലാണെന്നുള്ളത് വളരെ പ്രധാനമാണ്.

ഹെഡ്‌ഗേവാറിന്റെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന, അക്കാലത്ത് ഹെഡ്‌ഗേവാന് ശേഷം സംഘമേധാവിയാകും എന്ന് കരുതിയിരുന്ന അപ്പാജി ജോഷിയുമായുള്ള ഒരു കൂടിക്കാഴ്ച ഗോള്‍വാള്‍ക്കറുടെ ജീവചരിത്രത്തിലുണ്ട്. ‘അടുത്ത സര്‍സംഘചാലക് ആയി ശ്രീ ഗുരുജി വരുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്’ എന്ന് ഹെഡ്‌ഗേവാര്‍ തന്നോട് ചോദിച്ചതായി അപ്പാജി ജോഷി പറയുന്നു. ”ആ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ നിരീക്ഷിച്ചയാളെന്ന നിലയില്‍ ഞാന്‍ ഒരു മടിയുമില്ലാതെ മറുപടി പറഞ്ഞ്, ‘വളരെ നല്ലത്, ഏറ്റവും ഉചിതമായ തീരുമാനം’‘ എന്നാണ്- ജോഷി കൂട്ടിച്ചേര്‍ക്കുന്നു. ഹെഡ്‌ഗേവാറുടെ മരണശേഷം ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തെ കുറിച്ച് ആര്‍എസ്എസിനിടയില്‍ ആശങ്ക നിലനിന്നിരുന്നതായും ജീവചരിത്രം സൂചിപ്പിക്കുന്നു. അപ്പാജി ജോഷി ഏറെ ബഹുമാനിച്ചിരുന്ന ഒരു അഭിഭാഷകന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചുവത്രേ, ‘അപ്പാജി, നിങ്ങളായിരുന്നു ഡോക്ടര്‍ജിയുടെ വലതുകൈ. നിങ്ങളാണ് ആര്‍എസ്എസിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിറവേറ്റേണ്ടത്. ശ്രീ ഗുരുജിയെ കൊണ്ട് അത് കൈകാര്യം ചെയ്യാനാവില്ല’. ഇതിന് ജോഷി കൊടുത്ത മറുപടി ഇതായിരുന്നുവെന്നാണ് ഗോള്‍വാള്‍ക്കറുടെ ജീവചരിത്രം പറയുന്നത്: ”ഞാന്‍ ഡോക്ടര്‍ജിയുടെ വലതുകൈയ്യായിരുന്നുവെങ്കില്‍ ഗുരുജി അദ്ദേഹത്തിന്റെ ഹൃദയമായിരുന്നു.

രാഷ്ട്രസ്വത്വ നിര്‍വ്വചനം സംബന്ധിച്ച ഗോള്‍വാള്‍ക്കറുടെ പുസ്തകം സിന്ധിയിലെ യോഗം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങി. ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആര്‍എസ്എസിലേതെങ്കിലും തരത്തിലുള്ള ആശയസംഘര്‍ഷത്തിന് വഴിതെളിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നുവെങ്കില്‍ ആ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുമായിന്നുവെന്നുവേണം കരുതാന്‍. എന്നാല്‍ അടുത്ത വര്‍ഷം ആര്‍എസ്എസിന്റെ സര്‍സംഘ്ചാലക് ആയി ഗോള്‍വാള്‍ക്കര്‍ തിരഞ്ഞെടുക്കപ്പെടുകയാണ് ഉണ്ടായത്. അദ്ദേഹം ഉയര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ ആര്‍എസ്എസിന്റേതില്‍ നിന്ന് വ്യതിചലിക്കുന്നതാണെങ്കില്‍ ആ പദവിയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ അവരോഹണം തടയപ്പെടുമായിരുന്നുവെന്നതിലും തര്‍ക്കമില്ല. അതില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനം ഇതാണ്; ഹെഡ്‌ഗേവാറിനോ ആര്‍എസ്എസിനോ ഗോള്‍വാള്‍ക്കര്‍ ആ പുസ്തകത്തില്‍ ഉന്നയിച്ച കാഴ്ചപ്പാടുകളോട് യാതൊരു വിയോജിപ്പും ഉണ്ടായിരുന്നില്ല.

പിന്നീടാണ് ആര്‍എസ്എസിന് ആ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന് സ്വയം അകലം പാലിക്കേണ്ടതായി വന്നത്. 1948-ല്‍ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടം ആര്‍എസ്എസ് നിരോധിച്ചതിന് ശേഷം അവര്‍ പൊതുവേദിയില്‍ ഉപയോഗിക്കുന്ന ഭാഷയിലും അവര്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രതിച്ഛായയിലും സംഘടന കൂടുതല്‍ ശ്രദ്ധിക്കാനാരംഭിച്ചു. എന്നാല്‍ 1938, ’39-ലുമൊന്നും, എഴുതുമ്പോള്‍ അത്തരം ജാഗ്രതകള്‍ പാലിക്കേണ്ട ആവശ്യമുണ്ടെന്ന് ഗോള്‍വാള്‍ക്കര്‍ക്ക് തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ ‘രാഷ്ട്രസ്വത്വം’ ആണ് ഗോള്‍വാള്‍ക്കറുടെ മുറിച്ചുമാറ്റലുകളോ നിയന്ത്രണങ്ങളോ ഇല്ലാത്ത വിശ്വാസങ്ങളുടെ ഏറ്റവും വ്യക്തമായ പ്രകാശനം. ആര്‍എസ്എസ് പിന്നീടതിനെ തള്ളിപ്പറഞ്ഞുവെങ്കിലും പുസ്തകമിറങ്ങി ഒരു വര്‍ഷത്തിനകം ഗോള്‍വാള്‍ക്കറെ സര്‍സംഘ്ചാലക് ആക്കാനുള്ള ഹെഡ്ഗാവാറിന്റെ തീരുമാനം പുസ്തകത്തെ ആര്‍എസ്എസ് വ്യവസ്ഥ അംഗീകരിക്കുന്നു എന്നുള്ളതിന്റെ പ്രഖ്യാപനമാണ്.

രാഷ്ട്രസ്വത്വത്തില്‍, ഗോള്‍വാള്‍ക്കര്‍ സംശയലേശമന്യേ ഹിന്ദു സംസ്‌കാരത്തെ വളര്‍ത്തുന്ന പദ്ധതിയെ ജര്‍മ്മനിയിലെ സെമിറ്റിക് മതവിരുദ്ധതയുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ‘വംശത്തിന്റേയും സംസ്‌കാരത്തിന്റേയും സംശുദ്ധി നിലനിര്‍ത്തുന്നതിന് സെമിറ്റിക് മതക്കാരായ ജൂതരെ ഉന്മൂലനം ചെയ്തുകൊണ്ട് ജര്‍മ്മനി ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനമാണ് അതിന്റെ ഔന്നിത്യത്തില്‍ ഇവിടെ തെളിഞ്ഞു കാണുന്നത്. വേരോളം ആഴത്തില്‍ വൈജാത്യങ്ങളുള്ള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒരു ഏകീകൃത ലോകത്ത് അലിഞ്ഞു ചേരുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണെന്നും ജര്‍മ്മനി ലോകത്തിന് കാണിച്ചു തന്നു, ഇതാകട്ടെ, ഇന്ത്യയ്ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രയോജനമുണ്ടാക്കാനുമുള്ള കാര്യമാണ്”-ഗോള്‍വാള്‍ക്കള്‍ ‘രാഷ്ട്രസ്വത്വ’ത്തില്‍ എഴുതുന്നു.

ഈ കാഴ്പ്പാടിനെ യുക്തിസഹമായി ഗോള്‍വാള്‍ക്കര്‍ ഉപസംഹരിക്കുന്നത് ഈ വാദമുയര്‍ത്തിയാണ്: ‘‘ഹിന്ദുസ്ഥാനിലെ വിദേശ മതങ്ങള്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിച്ച് ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണം. ഹൈന്ദവ ദേശത്തെ ഹിന്ദു വംശം, സംസ്‌കാരം എന്നിവയല്ലാത്ത ഒരു ആശയത്തേയും വാഴ്ത്താന്‍ പാടില്ല. അല്ലെങ്കില്‍ ഒരു അവകാശവാദവും ഉന്നയിക്കാതെ, ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലാതെ, പൗരത്വ അവകാശമടക്കം ഒരു പരിഗണനയും ലഭിക്കാതെ ഹിന്ദു രാജ്യത്തിന് കിഴ്‌പ്പെട്ട് കഴിയണം’‘. ഇക്കാലത്തെന്തായാലും രാജ്യത്തെ ചെറു ഹൈന്ദവസംഘടനകള്‍ക്കു പോലും – ഇപ്പോഴും മാര്‍ഗ്ഗദീപം ഗോള്‍വാള്‍ക്കാറായ ആര്‍എസ്എസ് അടക്കമുള്ളവര്‍ക്ക് – ഈ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാനാവില്ല.

പ്രമുഖ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ഷംസുള്‍ ഇസ്ലാം ‘രാഷ്ട്രസ്വത്വ’ത്തെ കുറിച്ചുള്ള തന്റെ മികച്ച നിരൂപണത്തില്‍ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിന്റെ മുഴുവന്‍ പാഠവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരമൊരു വിഷലിപ്തമായ ആശയത്തില്‍ നിന്നാണ് ആര്‍എസ്എസ് ഉണ്ടായി വന്നതെന്നതെന്ന് മറച്ചുവയ്ക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അവരുടെ അനുയായികളെ വിചിത്രമായ ആശയക്കുഴപ്പങ്ങളില്‍ ചെന്നെത്തിച്ചിട്ടുണ്ടെന്നും ഷംസുള്‍ ഇസ്ലാം ചൂണ്ടിക്കാണിക്കുന്നു. ‘രാഷ്ട്ര സ്വത്വ’ത്തെ കുറിച്ചുള്ള ആര്‍എസ്എസിന്റെ ഔദ്യോഗിക നിലപാട് ആര്‍എസ്എസ് സൈദ്ധാന്തികന്‍ രാകേശ് സിന്‍ഹ തന്റെ, ‘ശ്രീ ഗുരുജിയും ഇന്ത്യന്‍ മുസ്ലീങ്ങളും’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ”1939-ല്‍ പ്രസിദ്ധീകൃതമായ ഗോള്‍വാള്‍ക്കറുടെ ‘നാം, നമ്മുടെ രാഷ്ട്രസ്വത്വ നിര്‍വ്വചനം’ എന്ന പ്രബന്ധത്തില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയിട്ടുള്ളതുമായ, അദ്ദേഹത്തിന്റെ (ഗോള്‍വാള്‍ക്കറുടെ) കാഴ്ചപ്പാടുകളുമായി സാമ്യമേതുമില്ലാത്ത, ഉദ്ധരണികളാണ് ഇന്ത്യന്‍ ഗവേഷകര്‍ പ്രചരിപ്പിക്കുന്നത്. എളുപ്പത്തില്‍ പിടി തരാത്തരും കുഴയ്ക്കുന്നതുമായ ഒട്ടേറെ ആഭ്യന്തര-അന്താരാഷ്ട്ര രാഷ്ട്രീയം തീര്‍ച്ചയായും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ സ്വാധീനിച്ചിട്ടുണ്ട്’‘- രാകേഷ് സിന്‍ഹ എഴുതുന്നു. ”എന്നാലീ പുസ്‌തകത്തിന്റെ കാഴ്ചപ്പാടുകള്‍ പില്‍ക്കാല ഗുരുജിയുടെയോ ആര്‍എസ്എസിന്റേയോ കാഴ്ചപ്പാടുകളെ ഒരിക്കലും പ്രതിനിധീകരിക്കുന്നില്ല. തന്റെ സ്വന്തം കാഴ്ചപ്പാടുകളല്ല, ജി.ഡി സവര്‍കറുടെ രാഷ്ട്രമീംമാസ എന്ന രചനയുടെ സംക്ഷിപ്തരൂപമാണ് ഈ പുസ്തകത്തിലുള്ളതെന്ന് വെളിപ്പെടുത്തുക വഴി അദ്ദേഹം (ഗോള്‍വാള്‍ക്കര്‍) ഇക്കാര്യം അംഗീകരിച്ചിട്ടുമുണ്ട്’‘- സിന്‍ഹ പറയുന്നു.

വി.ഡി സവര്‍കറുടെ മൂത്ത സഹോദരനാണ് ആര്‍എസ്എസിന്റെ അഞ്ച് സ്ഥാപകരിലൊരാളായ ജി.ഡി സവര്‍കര്‍. ബാബാറാവു സവര്‍കര്‍ അഥവാ ബി.എസ് സവര്‍കര്‍ എന്നും അദ്ദേഹം അറിയപ്പെടാറുണ്ട്. ഗോള്‍വാള്‍ക്കര്‍ ‘രാഷ്ട്രസ്വത്വ’ത്തിന്റെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നു: ”ഈ പുസ്തകത്തിന്റെ പൂര്‍ത്തീകരണത്തിന് എനിക്ക് പലഭാഗത്തു നിന്നും ഒട്ടേറെ സഹായം ലഭ്യമായിട്ടുണ്ട്, പറഞ്ഞാല്‍ തീരാത്തത്രയും പേരുടെ പക്കല്‍ നിന്ന്. ഞാന്‍ അവര്‍ക്കെല്ലാം നിറഞ്ഞ മനസോടെ നന്ദിപറയുന്നു. എന്നാല്‍ ഒരാളെ പ്രത്യേകമായി പരാമര്‍ശിക്കേണ്ടതും എന്റെ അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്- ദേശഭക്ത ജി.ഡി സവര്‍ക്കറോട്. അദ്ദേഹത്തിന്റെ, മറാത്തിയില്‍ എഴുതപ്പെട്ട രാഷ്ട്രമീമാംസ എന്ന ഗ്രന്ഥം എന്റെ പ്രധാനപ്പെട്ട പ്രചോദനകേന്ദ്രമായിരുന്നു. ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഉടനെ പുറത്തിറങ്ങും. ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള വായനയ്ക്ക് വായനക്കാര്‍ക്ക് ഞാനാ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നു.” ഗോള്‍വാള്‍ക്കര്‍ക്ക് ആ പുസ്തകത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും അതിനെ അംഗീകരിച്ചുവെന്നും ഇതില്‍ നിന്ന് വ്യക്തമാണ്. അതോടൊപ്പം ‘രാഷ്ട്രസ്വത്വം’ ആ പുസ്തകത്തിന്റെ വിവര്‍ത്തനമല്ല, അദ്ദേഹത്തിന്റെ സ്വന്തം കൃതിയാണ് എന്നും.

‘രാഷ്ട്രസ്വത്വ’ത്തിന്റെ ആമുഖത്തില്‍ ഗോള്‍വാള്‍ക്കര്‍ എഴുതുന്നു: ”വായനക്കാരുടെ കൈകളിലേയ്ക്ക് വലിയ ആശ്വാസത്തോടെയാണ് ഈ ചെറിയ കൃതി നല്‍കുന്നത്. വരും പേജുകളിലുള്ളതെല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ ഇത്രയേറെ എന്തെഴുതുന്നതും നിരര്‍ത്ഥകമായി എനിക്ക് തോന്നി. എന്തായാലും ഈ കൃതിയുടെ രചനാവേളയില്‍ ഞാന്‍ എനിക്ക് തന്നെ കല്‍പ്പിച്ചിരുന്ന ചില നിയന്ത്രണങ്ങളെ കൂടി വ്യക്തമാക്കാന്‍ ഞാനീ ആമുഖം ഉപയോഗിക്കുന്നു.’‘ ഈ പുസ്തകത്തിന്റെ രചയിതാവ് ഗോള്‍വാള്‍ക്കര്‍ തന്നെയാണെന്ന അര്‍ദ്ധശങ്കയ്ക്കിടയില്ലാത്ത ഉറപ്പുകളാണ് ഈ വരികളില്‍ നിന്ന് വ്യക്തമാകുന്നത്. തന്റെ പുസ്തകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിന്റെ സ്ഥാപകരിലൊരാളുടെ പേരിലേയ്ക്ക് മാറ്റാന്‍ ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചുവെന്ന സിന്‍ഹയുടെ അവകാശവാദം തെറ്റാണെന്ന് ഉറപ്പിക്കാവുന്നതാണ് ഗോള്‍വാള്‍ക്കറുടെ ഈ വാചകങ്ങള്‍. മാത്രമല്ല, ആര്‍എസ്എസ് സ്ഥാപകന്റെ എഴുത്താണ് അതെന്ന് ഗോള്‍വാള്‍ക്കാര്‍ പറഞ്ഞാല്‍ ആ പുസ്തകത്തിന്റെ ഉള്ളടക്കത്തെ അദ്ദേഹം പൂര്‍ണ്ണമായി അംഗീകരിക്കുന്നു എന്നു തന്നെയാണ് അര്‍ത്ഥം.

എം.ജി വൈദ്യയോട് ഈ പുസ്തകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരിക്കലുമത് വായിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. മാത്രമല്ല, ഗോള്‍വാള്‍ക്കര്‍ സര്‍സംഘചാലക് ആകുന്നതിന് മുമ്പുള്ള പുസ്തകമാണല്ലോ അത് എന്ന് സൂചിപ്പിക്കുകയും ചെയ്തു. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം കേന്ദ്ര ബിന്ദുവായ പുസ്തകം ‘വിചാരധാര’യാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. എന്തായാലും ‘രാഷ്ട്രസ്വത്വ’ത്തിലെ ആശയങ്ങളെ പരസ്യമായി ഗോള്‍വാള്‍ക്കര്‍ സ്വീകരിച്ചിരുന്നത് ആര്‍എസ്എസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരായിരുന്നപ്പോഴാണ് എന്നത് വസ്തുതയാണ്.

ആര്‍എസ്എസിനകത്ത്, സ്വയം സേവര്‍ക്കിടയില്‍ ഈ പുസ്തകം ആരാണ് എഴുതിയത് എന്നതിനെ കുറിച്ച് ഒരു സംശയവുമില്ല. നാഗ്പൂരില്‍ നിന്ന് അമ്പത് കിലോമീറ്ററോളം ദൂരെയുള്ള രാംടേക് പട്ടണത്തിലുള്ള ഗോള്‍വാള്‍ക്കറുടെ കുടുംബവീട് ഇപ്പോള്‍ നവീകരിച്ച് അദ്ദേഹത്തിന്റെ സ്മാരകമായി സൂക്ഷിക്കുകയാണ്. ആര്‍എസ്എസിന്റെ ജില്ലാ ആസ്ഥാനം കൂടിയാണത്. അദ്ദേഹത്തിന്റെ കുടുംബ ദേവതയുടെ ഒരു ചെറിയ പൂജാസ്ഥാനമുണ്ട് വാതിലിനരികെ തന്നെ. താഴെ നിലയിലുള്ള വിശാലമുറിയില്‍ ഒരു സ്റ്റൂളില്‍ ആര്‍എസ്എസിന്റെ ഭാവനയിലുള്ള ഇന്ത്യയുടെ- ഭാരത് മാതാ മാപ്പ് ചില്ലിട്ട് വച്ചിട്ടുണ്ട്. അതിന് പുറകിലുള്ള ചുമരില്‍ ഹെഡ്‌ഗേവാര്‍, ഗോള്‍വാള്‍ക്കര്‍, ഗോള്‍വാള്‍ക്കറുടെ മാതാപിതാക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍ തൂങ്ങിക്കിടക്കുന്നു. ആ വീട് നടന്ന് കാണിച്ചു തന്നെ സ്വയംസേവകന്‍, രാഹുല്‍ വാങ്കഡേ, ഒന്നാം നിലയില്‍ വിവിധ കാലങ്ങളിലെ ഗോള്‍വാള്‍ക്കര്‍ ഫോട്ടോകള്‍ നിരന്ന ചുമരുകളുള്ള മുറി ചൂണ്ടിപ്പറഞ്ഞു: ”ഇവിടെ ഇരുന്നാണ് ഗുരുജി ‘രാഷ്ട്രസ്വത്വം’ എഴുതിയത് എന്നാണ് കേട്ടിട്ടുള്ളത്. ഒരൊറ്റ രാത്രി കൊണ്ട്, ഒരൊറ്റ ഇരുപ്പില്‍ ഇരുന്നാണത്രേ അദ്ദേഹം അതെഴുതിയത്.’

ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2 

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(PS: ലേഖനം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതും തലക്കെട്ടും കാരവന്‍ ലേഖനത്തില്‍ നിന്ന് വ്യത്യസ്തമാണ്).

ഹര്‍തോഷ് സിംഗ് ബാല്‍

ഹര്‍തോഷ് സിംഗ് ബാല്‍

പൊളിറ്റിക്കല്‍ എഡിറ്റര്‍, കാരവന്‍ മാഗസിന്‍

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍