UPDATES

സ്ത്രീകള്‍, ജാതി, സംവരണം, അഹിന്ദുക്കള്‍: സമകാലിക ഇന്ത്യയിലെ ഗോള്‍വാള്‍ക്കര്‍- ഭാഗം 8

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ ജനിച്ച ഒരു മറാത്തി ഉപരി-മധ്യവര്‍ഗ്ഗ ബ്രാഹ്മണന്റെ ക്ഷുദ്രമായ മുന്‍വിധികളും മതഭ്രാന്തും മാത്രമായേ ഗോള്‍വാള്‍ക്കറുടെ പ്രസ്താവനകളെ കാണാന്‍ കഴിയൂ

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ‘മോദി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍. The Instigator, How MS Golwalkar’s virulent Ideology underpins Modi’s India എന്ന ദീര്‍ഘലേഖനത്തിന്റെ എട്ടാം ഭാഗം വായിക്കാം. 

വിവര്‍ത്തനം- ശ്രീജിത് ദിവാകരന്‍

ഹൈന്ദവ പാഠങ്ങളില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള സംസ്‌കാരത്തിന്റെ വിവിധ ദര്‍ശനങ്ങളെ, അത് ജാതിവ്യവസ്ഥയുടെ അസമത്വമായിക്കൊള്ളട്ടെ, ആധുനിക സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കുമേലുള്ള അധീശത്വമാകട്ടെ, തന്റെ രചനകളിലൂടെ ന്യായീകരിക്കാന്‍ ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നും ഗോള്‍വാള്‍ക്കറെ പൂജിക്കുന്ന ആര്‍എസ്എസ് അദ്ദേഹത്തിന്റെ ഇത്തരം ആധികാരിക ദര്‍ശനങ്ങളെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടുമില്ല.

തൊട്ടുകൂടായ്മക്കെതിരെ ഗോള്‍വാള്‍ക്കര്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ആ നിലപാടിലെത്രമാത്രം സ്ഥൈര്യതയുണ്ടെന്ന് ബോധിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. വൈദേശിക സ്വാധീനങ്ങളെ ചെറുക്കുന്നതിനുള്ള അന്തര്‍ലീനമായ ഒരു ധൈര്യം ഇന്ത്യന്‍ സമൂഹത്തിന് ലഭിച്ചത് ജാതി വ്യവസ്ഥകൊണ്ടാണെന്ന് ഗോള്‍വാള്‍ക്കര്‍ വാദിച്ചു. അതേസമയം ജാതിയുടെ പേരില്‍ വോട്ട് അപേക്ഷിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. ”ഈ വിഭജനങ്ങളെയൊക്കെ വീണ്ടും വലുതാക്കുന്നതിനായി ഭരണകൂട പ്രവര്‍ത്തന സംവിധാനങ്ങള്‍ വരെ വ്യഭിചരിക്കപ്പെടുകയാണ്.’‘-ഗോള്‍വാള്‍ക്കര്‍ തുടരുന്നു- ‘‘ചില വിഭാഗം മനുഷ്യരെ ഹരിജന്‍, പട്ടികജാതി, പട്ടികവര്‍ഗം തുടങ്ങിയ പലതും വിളിക്കുന്നതും പണത്തിന്‍െ വശ്യത കാണിച്ച് അവരെ അടിമകളായി വയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി പ്രത്യേക ആനുകൂല്യങ്ങളെന്ന പേരില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും വഴി അസൂയയും സംഘര്‍ഷവും വളര്‍ത്തുന്ന ഭിന്നബോധമാണ് സമൂഹത്തില്‍ സൃഷ്ടിക്കുക.”

ഇതിനായുള്ള ഗോള്‍വാള്‍ക്കറുടെ പ്രശ്‌നപരിഹാരം തന്നെയാണ് ആര്‍എസ്എസ് ഇപ്പോഴും പ്രമാണമായി കരുതുന്നത്. പക്ഷേ, തിരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ അവരതിനെ പ്രധാന്യം കുറിച്ചാണ് പ്രദര്‍ശിപ്പിക്കുക. ഗോള്‍വാള്‍ക്കര്‍ എഴുതുന്നു: ”ജാതിയുടെ പേരില്‍ മാത്രം പ്രത്യേക ആനുകൂല്യം നല്‍കുന്നത് അവരില്‍ സ്ഥാപിതതാത്പര്യങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തില്‍ പ്രത്യേക അസ്തിത്വമായി അവര്‍ നിലകൊള്ളാനും കാരണമാകും. ഇത് സമൂഹത്തിലെ മറ്റുള്ളവരുമായുള്ള അവരുടെ ഏകീകരണത്തിന് തടസമാവുകയും ചെയ്യും.” എല്ലാ ജാതിക്കാരിലും ദരിദ്രരും അഗതികളും അശരണരും ഉണ്ടാകുമെന്നും അദ്ദേഹം വാദിക്കുന്നു. ‘‘എല്ലാ അവകാശങ്ങളും ജനങ്ങളുടെ സാമ്പത്തികാവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കണം.” ഇത്തരമൊരു പരിഹാരം ”കാര്യങ്ങളെ സുഗമമാക്കുകയും ഹരിജന്‍ എന്ന് വിളിക്കപ്പെടുന്നവര്‍ മാത്രമാണ് മുഴുവന്‍ ആനുകൂല്യങ്ങളും പറ്റുന്നതെന്ന മറ്റ് സമൂഹങ്ങളുടെ ഹൃദയവേദന മാറ്റുകയും ചെയ്യും.’

ജാതിയുടെ പേരിലുള്ള നിഷ്ഠുരതകളെ കുറിച്ചുള്ള ഗോള്‍വാള്‍ക്കറുടെ വിശകലനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുള്ള വലതുപക്ഷക്കാരുടെ വാദങ്ങളുമായി ബീഭത്സമെന്ന് തോന്നിക്കും വിധം സാമ്യതയുള്ളതാണ്. സൃഷ്ടിച്ചെടുത്തതോ അതിശയോക്തികലര്‍ത്തിയതോ ആയ പ്രശ്‌നങ്ങളാണ് അതെല്ലാമെന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ വാദം. ”കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു കുതിച്ചു ചാട്ടം പോലെ ‘ഹരിജന’ങ്ങളെ ജാതി ഹിന്ദുക്കള്‍ ആക്രമിക്കുന്നു എന്ന വാര്‍ത്ത പെട്ടെന്നൊരു ദിവസം മുതല്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തരം റിപ്പോര്‍ട്ടിങ് എന്തോ പ്രേരണ കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മിക്കവാറും വാര്‍ത്തകള്‍ പോലും തെറ്റാണ്. വ്യവസ്ഥാപരവും നിഗൂഢവുമായ ഈ പ്രചാരവേലയ്ക്ക് പിന്നില്‍ വിദേശകരങ്ങളുണ്ടോ എന്ന് ഞാന്‍ സംശയിക്കുകയാണ്. അതെല്ലെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഇത്ര പ്രാധാന്യത്തോടു കൂടി പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല.”- ഗോള്‍വാള്‍ക്കര്‍ പറയുന്നു.

സത്രീകളുടെ കാര്യമെടുത്താല്‍, ആധുനികത അവരെ വഴിതെറ്റിക്കുകയാണ് എന്നതാണ് ഗോള്‍വാള്‍ക്കറുടെ അഭിപ്രായം. ഇതു സംബന്ധിച്ച ഒരു ഈരടി പാടിക്കൊണ്ട് അദ്ദേഹം വിലപിക്കുന്നു-: ‘‘ധര്‍മ്മ നിഷ്ഠരായ വനിതകള്‍ അവരുടെ ശരീരം മറയ്ക്കും, പൊതുവിടങ്ങളില്‍ ശരീരപ്രദര്‍ശനം നടത്തുന്നതിലാണ് ‘ആധുനികത’ നിലകൊള്ളുന്നത് എന്നാണ് ആധുനിക സ്ത്രീകള്‍ കരുതുന്നത്. എന്തൊരു അധ:പതനം!” (മറ്റൊരു അതിവിചിത്ര വാദമുന്നയിച്ച് ആധുനിക ഇന്ത്യക്കാരെ ഗോള്‍വാള്‍ക്കര്‍ പരിഹസിക്കുന്നുണ്ട്; മമ്മി എന്ന പശ്ചാത്യ പ്രയോഗത്തെ അനുകരിക്കുന്നതിനാണിത്. അദ്ദേഹം എഴുതുന്നു: ”ആ വാക്കിന്റെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥമെന്തെന്ന് അറിയുമോ? ഈജിപ്തില്‍ അവരുടെ പഴയ രാജാക്കന്മാരെ അടക്കിയിട്ടുള്ള വലിയ ശവക്കല്ലറകളുണ്ട്. പിരിമിഡുകളെന്നാണ് അവ അറിയപ്പെടുന്നത്. അവയ്ക്കുള്ളിലുള്ള ശവശരീരങ്ങളെയാണ് മമ്മി എന്നുവിളിക്കുന്നത്. ഇവരെ നമ്മള്‍ നമ്മുടെ ജീവനോടെയുള്ള, നമ്മളെ സ്‌നേഹിക്കുന്ന അമ്മമാരെ മമ്മി എന്നുവിളിക്കുന്നു”).

‘പരിഷ്‌കൃത ക്ലബ്ബുകളില്‍ പരദൂഷണം പറഞ്ഞ്, വിദ്യാസമ്പന്നരായ, സമയവും ഊര്‍ജ്ജവും പാഴാക്കുന്ന വിദ്യാസമ്പന്നരായ’ അമ്മമാരെ അധിക്ഷേപിക്കുന്നുമുണ്ട് ഗോള്‍വാള്‍ക്കര്‍. പരിരക്ഷക ഭാവത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു-”അവര്‍ ഉപകാരപ്പെടുന്ന ഒരു ഉപായം ഇതാ. അവരുടെ അയല്‍വക്കങ്ങളില്‍ സ്‌ക്കൂളുകളില്‍ പോകാത്ത ഒരുപാട് കുട്ടികളുണ്ടാകും. ഈ സ്ത്രീകള്‍ക്ക് അവരുടെ വീട്ടിലോ മറ്റേതെങ്കിലും സൗകര്യമുള്ള ഇടത്തോ ഈ കുട്ടികളെ വിളിച്ചുകൂട്ടി അവരെ കളികളിലും കഥകളിലും പാട്ടുകളിലും വ്യാപൃതരാക്കുക.’

സമത്വത്തിനുവേണ്ടിയുള്ള വാദം എന്തായാലും പരിഹാസ്യമായ എന്തോ പോലെയാണ് ഗോള്‍വാള്‍ക്കര്‍ക്ക് തോന്നിയിരുന്നത്. ”സത്രീ സമത്വത്തിനായും ‘പുരുഷാധിപത്യത്തില്‍ നിന്നുള്ള വിമോചന’ത്തിനുമായി ഇപ്പോള്‍ ഒരു നിലവിളി ഉയര്‍ന്നിട്ടുണ്ട്. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ പ്രത്യേക ലിംഗപദവിക്കനുസരിച്ച് സംവരണം കൊണ്ടുവരണമെന്നാണ് ആവശ്യം. ഇതോടെ പുതിയൊരു ‘ഇസം’ കൂടി വന്നു- കമ്മ്യൂണലിസം (വര്‍ഗ്ഗീയത), കാസ്റ്റിസം (ജാതീയത) തുടങ്ങിയവരുടെ കൂട്ടത്തില്‍ ഒന്നു കൂടി- സെക്‌സിസം’‘- ഗോള്‍വാള്‍ക്കര്‍ എഴുതുന്നു.

ഇന്ത്യയില്‍ ജീവിക്കുന്ന ഹൈന്ദവേതരരെ സംബന്ധിച്ച് സവര്‍കറുടെ കാഴചപ്പാടാണ് ഫലപ്രദമായി ഗോള്‍വാള്‍ക്കറും പങ്കുവച്ചിരുന്നത്- രാജ്യത്തോടുള്ള കൂറില്‍ നിന്ന് അവരുടെ മതം അവരെ അകറ്റിനിര്‍ത്തുമെന്നത്. ”പ്രധാനപ്പെട്ട ചോദ്യം അവര്‍ ഈ മണ്ണിന്റെ മക്കളാണ് എന്നുള്ളത് അവര്‍ ഓര്‍മ്മിക്കാറുണ്ടോ എന്നതാണ്. നമ്മള്‍ മാത്രം ഇക്കാര്യം  ഓര്‍ത്തിട്ടെന്തു കാര്യം? ആ വികാരം, ആ ഓര്‍മ്മ അതവര്‍ താലോലിക്കണം. ദൈവാരാധനയുടെ വൈവിധ്യം കൊണ്ട് മാത്രം ഒരു വ്യക്തി മണ്ണിന്റെ മകനല്ലാതാകുമെന്ന് പറയാന്‍ മാത്രം നികൃഷ്ടരല്ല ഞങ്ങള്‍. ദൈവത്തെ എന്തുപേര് വിളിക്കുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.” ഇതു പറഞ്ഞതിന് ശേഷം ഗോള്‍വാര്‍ക്കര്‍ ചോദിക്കുന്നു. ‘‘ഇസ്ലാമിലേക്കും ക്രിസ്തീയതയിലേക്കും മതം മാറ്റം നടത്തിയവരുടെ മനോഭാവം എന്താണ്? അവരീ മണ്ണില്‍ ജനിച്ചവരാണ്, സംശയമില്ല. പക്ഷേ അവര്‍ ഈ നാടിനോട് വിശ്വാസ്യത പുലര്‍ത്തുന്നുണ്ടോ? അവരെ വളര്‍ത്തി വലുതാക്കിയ നാടിനോട് അവര്‍ക്ക് കടപ്പാടുണ്ടോ? ഈ നാടിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും മക്കളാണ് എന്നുള്ള വിചാരം അവര്‍ക്കുണ്ടോ? ഈ നാടിന്റെ നല്ല ഭാവിക്കായി സേവനം ചെയ്യണമെന്നവര്‍ക്കുണ്ടോ? നാടിന് വേണ്ടി സേവനം ചെയ്യേണ്ടത് കര്‍ത്തവ്യമാണെന്ന് അവര്‍ക്ക് തോന്നുന്നുണ്ടോ? ഇല്ല! വിശ്വാസമാറ്റത്തോടെ രാജ്യസ്‌നേഹത്തിന്റേയും ഭക്തിയുടേയും ഉത്സാഹവുമവര്‍ക്ക് നഷ്ടപ്പെട്ടു.’

അഹിന്ദുക്കളുടെ രാജ്യത്തോടുള്ള കൂറിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് അവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നതിലേയ്ക്ക് ഒരു ചെറു ചുവടുവയ്‌പേ ആവശ്യമുള്ളൂ. ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുന്നു: ”രാജ്യത്തിനകത്ത് മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്, അഥവാ ചെറു പാകിസ്താനുകളുണ്ട്. അവിടങ്ങളിലൊക്കെ രാജ്യത്തിന്റെ പൊതു നിയമങ്ങള്‍ ചെറിയ മാറ്റങ്ങളോടെയേ നടപ്പാകൂ, തെമ്മാടികളുടെ തോന്ന്യവാസങ്ങളാകും അവസാന വാക്ക്.” യാതൊരു തരത്തിലുള്ള തെളിവുകളും ഹാജറാക്കാതെ ഗോള്‍വാള്‍ക്കര്‍ തുടര്‍ന്ന് ആരോപിക്കുന്നു: ”ഈ പ്രദേശങ്ങളൊക്കെ യഥാര്‍ത്ഥത്തില്‍, ഈ നാട്ടിലെ പാകിസ്താന്‍ അനുകൂല ശക്തികളുടെ സര്‍വവ്യാപകമായ ശൃംഖലയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.” 

മഹാരാഷ്ട്രയിലെ മലേഗാവില്‍, 1963-ല്‍ നടന്നതായി അവകാശപ്പെടുന്ന ഒരു കലാപം അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. രാത്രി ഒന്‍പത് മണിക്കാണ് സംഭവം നടന്നതെന്നും ”അടുത്ത ദിവസം അതിരാവിലെ തന്നെ പാകിസ്താന്‍ റേഡിയോ ഈ പട്ടണത്തില്‍ വലിയ മുസ്ലീം വംശഹത്യ നടന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഈ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്താന്‍ ഈ സംഭവം അറിഞ്ഞതെങ്ങനെ? നിരന്തരം പാകിസ്താനുമായി ബന്ധപ്പെടുന്ന പാകിസ്താന്‍ അനുകൂലികളായ ഒരു മാന്യന്‍ അവിടെ ട്രാന്‍സ്മിറ്ററുമായി ഉണ്ടായിരുന്നിരിക്കണം”– ഗോള്‍വാള്‍ക്കര്‍ എഴുതുന്നു. ‘ഒരേയൊരു സാധ്യത’യെന്ന് അദ്ദേഹം കണക്കാക്കുന്ന വിചിത്രമായ അനുമാനം ഈ നിര്‍ണ്ണയത്തിലേയ്ക്കും അദ്ദേഹത്തെ നയിച്ചു- “സാധാരണ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് പുറമേ അവര്‍ ‘ന്യൂനപക്ഷങ്ങള്‍’ ആയതിനാല്‍ ലഭിക്കുന്ന അധിക അവകാശങ്ങളും അധിക ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ കോണിലും പാകിസ്താനുമായി ട്രാന്‍സ്മിറ്ററിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ട് മുസ്ലിങ്ങള്‍ കഴിയുകയാണ്.

ഹെഡ്‌ഗേവാര്‍ രൂപം കൊടുത്ത സംഘടന ചട്ടക്കൂട് പടുത്തുയര്‍ത്തുകയും പരിഷ്‌ക്കരിക്കുകയും ചെയ്തയാളുടെ വാദങ്ങളും അപഗ്രഥനങ്ങളുമാണിവ. ആര്‍എസ്എസിനകത്ത് നിലനില്‍ക്കുന്ന ഗോള്‍വാള്‍ക്കറോടുള്ള ഭക്തിയുടെ പരിവേഷത്തെ മാറ്റി അരിച്ചെടുത്ത് നോക്കിയാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ ജനിച്ച ഒരു മറാത്തി ഉപരി-മധ്യവര്‍ഗ്ഗ ബ്രാഹ്മണന്റെ ക്ഷുദ്രമായ മുന്‍വിധികളും മതഭ്രാന്തും മാത്രമായേ നമുക്കീ പ്രസ്താവനകളെ വായിക്കാനാവൂ. എന്തായാലും ഈ മുന്‍വിധികള്‍ ദേശീയതയുടേയും ഫാഷിസത്തിന്റേയും ഭാഷയില്‍ പൊതിഞ്ഞവയാണ്. ഈ സിദ്ധാന്തങ്ങള്‍ പരിഹാസ്യമാണ്, പക്ഷേ നമ്മെ ഭയവിഹ്വലാക്കുന്ന വിധത്തില്‍, അവ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും സംസ്‌കാരത്തിന്റെയും അരങ്ങിന്‍ മധ്യത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ന്.

(അവസാനിച്ചു)

ആദ്യ ഏഴു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7

ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു- ഭാഗം 6

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

സ്വാതന്ത്ര്യസമരം, ഗാന്ധിവധം, വിഭജനാനന്തര കലാപം: ആര്‍എസ്എസിന് എന്തുപങ്ക്? ഭാഗം-4

ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍ – ഭാഗം 3

ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2 

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍- ഭാഗം 1

(PS: ലേഖനം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതും തലക്കെട്ടും കാരവന്‍ ലേഖനത്തില്‍ നിന്ന് വ്യത്യസ്തമാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹര്‍തോഷ് സിംഗ് ബാല്‍

ഹര്‍തോഷ് സിംഗ് ബാല്‍

പൊളിറ്റിക്കല്‍ എഡിറ്റര്‍, കാരവന്‍ മാഗസിന്‍

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍