UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

1923-ല്‍ നാഗ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന ഹിന്ദു-മുസ്ലീം കലാപം ആര്‍എസ്എസ് രൂപവത്‌രിക്കാനുള്ള ഹെഡ്‌ഗേവാറിന്റെ തീരുമാനത്തില്‍ പ്രധാന പങ്കുവഹിച്ചു

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ‘മോദി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍. The Instigator, How MS Golwalkar’s virulent Ideology underpins Modi’s India എന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യഭാഗം വായിക്കാം.

വിവര്‍ത്തനം-ശ്രീജിത് ദിവാകരന്‍

സാധാരണയായി സംഘടനകളും കള്‍ട്ടുകളുമെല്ലാം അതിന്റെ സ്ഥാപകരുടെ പാരമ്പര്യവും ചിന്തകളുമാണ് മുന്നോട്ടുകൊണ്ടുപോവുക. സ്ഥാപകന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് നയിക്കാന്‍ നിയക്തരായവരുടെ വേറിട്ട പാരമ്പര്യം, അതേ സംഘടനയെ പിന്നീടുള്ള കാലം മുന്നോട്ടു നയിക്കുന്നത് സാധാരണമല്ല. പക്ഷേ, നമുക്കറിയാം, ആര്‍എസ്എസ് അഥവാ രാഷ്ട്രീയ സ്വയം സേവക് സംഘ് ഒരു സാധാരണ സംഘടനയല്ല, അതുകൊണ്ടു തന്നെ ഇക്കാര്യത്തിലും അവര്‍ വേറിട്ടാണ് നില്‍ക്കുന്നത്. 1925-ല്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സ്ഥാപിച്ച ആര്‍എസ്എസില്‍ ഇന്ന് കാണാവുന്ന വ്യക്തിമുദ്രയേറെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടേതാണ്. ആര്‍എസ്എസിനകത്ത് ഹെഡ്‌ഗേവാര്‍ ഡോക്ടര്‍ജി എന്നറിയപ്പെടുമ്പോള്‍ ഗോള്‍വാള്‍ക്കര്‍ അറിയപ്പെടുന്നത് ഗുരുജി എന്നാണ്.

1940-ല്‍ ഹെഡ്‌ഗേവാറിന്റെ മരണത്തെ തുടര്‍ന്നാണ് ആര്‍എസ്എസിന്റെ സര്‍സംഘചാലക് -മേധാവി- സ്ഥാനം ഗോള്‍വാള്‍ക്കര്‍ ഏറ്റെടുക്കുന്നത്. 1973-ല്‍ മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അദ്ദേഹം മേധാവിയാകുമ്പോള്‍ ആര്‍എസ്എസ് അഥവാ സംഘ് അറിയപ്പെട്ട് വരുന്നതേയുള്ളൂ. മഹാരാഷ്ട്രയുടെ വിദര്‍ഭ മേഖലയിലപ്പുറം അത് കാര്യമായ ഒരു സാന്നിധ്യം പോലുമല്ലായിരുന്നു അക്കാലത്ത്. പക്ഷേ ഗോള്‍വാള്‍ക്കറിന്റെ നേത്യത്വത്തില്‍ ആര്‍എസ്എസ് സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. ഇന്ത്യ-പാക് വിഭജന കാല അക്രമങ്ങളെ ആളിക്കത്തിക്കുന്നതില്‍ ആര്‍എസ്എസിന്റെ പങ്ക് അതിപ്രധാനമായിരുന്നു, മോഹന്‍ദാസ് ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. എന്നാല്‍ അതേ ഗോള്‍വാള്‍ക്കറിന്റെ കീഴില്‍ ആര്‍എസ്.എസിന് എഴുതപ്പെട്ട ഒരു ഭരണഘടനയുണ്ടായി. ശാഖകള്‍ എന്നറിപ്പെടുന്ന പ്രദേശിക ഘടകങ്ങള്‍ക്കപ്പുറത്തേയ്ക്ക് സംഘടന വളര്‍ന്നു. രാഷ്ട്രീയത്തില്‍ ജനസംഘ്, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ്, മതം പ്രത്യേകമായി നോക്കുന്നതിന് വിശ്വഹിന്ദുപരിഷദ്, വ്യവസായ മേഖലതൊഴിലാളികള്‍ക്കിടയില്‍ ഭാരതീയ മസ്ദൂര്‍ സംഘ് എന്നിങ്ങനെ വിവിധ ബഹുജന സംഘടനകളും സൃഷ്ടിക്കപ്പെട്ടു.

ഗോള്‍വാള്‍ക്കര്‍ മരിക്കുമ്പോഴേയ്ക്ക് ആര്‍എസ്എസ് രാജ്യം മുഴുവന്‍ വ്യാപിച്ചിരുന്നു. ആര്‍എസ്എസും സഹോദര സംഘടനകളും ചേര്‍ന്ന സംഘപരിവാര്‍ എന്ന ശൃംഖല ഇന്ത്യന്‍ സമൂഹത്തിന്റെ ഏതാണ്ട് എല്ലാ ആകാരങ്ങളിലേയ്ക്കും ആഴത്തില്‍ നുഴഞ്ഞു കയറിയിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളുടെ സ്വാധീനം ആ മരണത്തോടെ അവസാനിച്ചില്ല. ഗോള്‍വാള്‍ക്കറുടെ വിശാലമായി പരന്നുകിടക്കുന്ന എഴുത്തുകളുടേയും പ്രസംഗങ്ങളുടേയും ആറ്റിക്കുറുക്കലായ വിചാരധാര (bunch of thoughts) എന്ന പുസ്തകമാണ് ആര്‍എസ്എസിന്റെ ബൈബിള്‍.

2014-ല്‍ ആര്‍എസ്എസിന്റെ പ്രമുഖ സൈദ്ധാന്തികരിലൊരാളായ എം.ജി വൈദ്യ, സംഘടന ഔദ്യോഗികമായി ഗോള്‍വാള്‍ക്കറിനെ എങ്ങനെ കാണുന്നുവെന്ന് വിശദീകരിക്കുകയുണ്ടായി. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഇങ്ങനെ പറയുന്നു: ”ഇരുപതാം നൂറ്റാണ്ടില്‍ ഹൈന്ദവ സമൂഹത്തിനുണ്ടായ ഏറ്റവും വലിയ വരദാനമാണ് ശ്രീ ഗുരുജി എന്നാണ്  അദ്ദേഹം (വൈദ്യ) വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും സംഘം വ്യാപിപ്പിക്കാന്‍ തളര്‍ച്ചയില്ലാതെ പണിയെടുത്ത ശ്രീ ഗുരുജിക്കാണ് അന്തരാഷ്ട്ര സമൂഹത്തിന് മുന്നില്‍ സംഘത്തിന് ഇന്നുള്ള അംഗീകാരത്തിനുളള ബഹുമതിയ്ക്ക് അര്‍ഹതയെന്നും അദ്ദേഹം (വൈദ്യ) വിശദമാക്കുന്നു

ഈ ജൂണ്‍ മാസമാദ്യം നാഗ്പൂരില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഞാന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുസ്തക അലമാരകള്‍ നിരത്തിവച്ചിട്ടുള്ള സ്വീകരണമുറിയില്‍ ഏകദേശം ഒരുമണിക്കൂര്‍ അദ്ദേഹം എന്നോടു സംസാരിച്ചു. ഇടക്കിടയ്ക്ക് താന്‍ പറയുന്ന കാര്യത്തിന്റെ വിശദീകരണങ്ങള്‍ക്കായി അലമാരയില്‍ നിന്ന് പുസ്തകങ്ങള്‍ വലിച്ചെടുത്ത് അതിലെ ചില ഭാഗങ്ങള്‍ എന്നോടു വായിക്കാനുംആവശ്യപ്പെട്ടു. 94 വയസിനെ മറച്ചുപിടിക്കുന്ന ഊര്‍ജ്ജമായിരുന്നു അദ്ദേഹത്തിന്. ഞങ്ങളുടെ ചര്‍ച്ച അവസാനിച്ചപ്പോള്‍ ഒരു മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ കയറി ആശുപത്രിയില്‍ കിടക്കുന്ന ഒരു സഹപ്രവര്‍ത്തകനെ കാണാനും പോയി. ”1941-ല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന ഒരു പ്രതിജ്ഞ ഞാനെടുത്തിരുന്നു”-  ഞങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. ”1947-ല്‍ ആ ലക്ഷ്യം നിറവേറിയപ്പോള്‍ ഒരു ആശയക്കുഴപ്പം ഞങ്ങളെ അലട്ടി, നമ്മളെന്താണ് ഇനി ചെയ്യേണ്ടത്? അക്കാലത്ത് ഒരു പുതുമയുള്ള ലക്ഷ്യവുമായി ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിനെ പ്രചോദിപ്പിച്ചു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന സംഘടനയായി, ഒരു വിഭാഗത്തിന്റെ മാത്രമല്ലാതെ നമ്മളെ തന്നെ കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ വിവിധ മേഖലകളുണ്ട്. വിദ്യാഭ്യാസം, വ്യവസായം, കൃഷി, മതം. ഈ മേഖലയിലെല്ലാം ഉള്ള മനുഷ്യരെ പ്രചോദിപ്പിക്കുകയും സംഘടിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു”

രാജ്യത്തിന്നു വരെയുണ്ടായിട്ടുള്ള രണ്ടേ രണ്ട് ബി.ജെ.പി പ്രധാനമന്ത്രിമാര്‍ എങ്ങനെയാണ് ഗോള്‍വാള്‍ക്കാറിനെ കണക്കാക്കുന്നത് എന്നതില്‍ നിന്നും നമുക്ക് അദ്ദേഹത്തിന്റെ തുടരുന്ന സ്വാധീനം മനസിലാക്കാവുന്നതാണ്. 2006-ല്‍ ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി വേളയില്‍ സംസാരിക്കവേ അടല്‍ ബിഹാരി വാജ്‌പേയി, 1940-ല്‍ ആദ്യമായി ഗോള്‍വാള്‍ക്കറെ കണ്ടത് അനുസമരിക്കുകയുണ്ടായി. വാജ്‌പേയി അന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വാജ്‌പേയിയുടെ ആ അനുഭവം പിന്നീട് 2006-ലെ ഒരു ലക്കത്തില്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഒരു ആത്മീയ ആവരണമുണ്ട് ആ വിവരണത്തില്‍. വാജ്‌പേയി എഴുതുന്നു: “ശ്രീ ഗുരുജി ഗ്വാളിയോര്‍ സ്റ്റേഷനില്‍ വരികയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയവരില്‍ ഞാനുമുണ്ടായിരുന്നു. എന്നെ കണ്ട നിമിഷത്തില്‍ തിരിച്ചറിഞ്ഞ മട്ടില്‍ അദ്ദേഹം നോക്കി. എന്നെ തിരിച്ചറിയാന്‍ യഥാര്‍ത്ഥത്തില്‍ ഒരു കാര്യവുമില്ല. പക്ഷേ ആ കൂടിക്കാഴ്ച എന്നെ എല്ലാക്കാലത്തേയ്ക്കും സ്വാധീനിച്ചതാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആദ്യമായി ഞാന്‍ തീരുമാനിക്കുന്നത് അന്നാണ്”.

2008-ല്‍ നരേന്ദ്ര മോദി ജ്യോതിപുഞ്ച് (പ്രകാശ കിരണങ്ങള്‍) എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ജീവിതത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ച 16 ആര്‍എസ്എസ് നേതാക്കളുടെ ലഘു ജീവചരിത്രങ്ങളാണ് അതില്‍. അതിലെ ഏറ്റവും ദീര്‍ഘമേറിയ ലേഖനം ഗോള്‍വാള്‍ക്കറെ പറ്റിയുള്ളതാണ്. പിന്നീട് എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ ആകാര്‍ പട്ടേല്‍ അത് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതില്‍ ഗോള്‍വാള്‍ക്കറെ മോദി താരതമ്യപ്പെുത്തുന്നത് ബുദ്ധന്‍, മറാത്ത രാജാവ് ശിവജി, സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലക് എന്നിവരോടാണ്. ആ ലേഖനം മോദി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”ഗുരുജിയുടെ ജീവിതം വിലയിരുത്തുന്നതിനോ മനസിലാക്കുന്നതിനോ നമ്മളാരും ശേഷിയുള്ളവരല്ല. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മനോഹര കാലങ്ങളെ പുരാഖ്യാനിക്കാനുള്ള വിനീതമായ ശ്രമമാണ്”.

എന്തായാലും ഗോള്‍വാള്‍ക്കറുടെ വിമര്‍ശകര്‍ അദ്ദേഹത്തെ കാണുന്നത് മറ്റൊരുതരത്തിലാണ്. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ അദ്ദേഹത്തെ കുറിച്ച് പറയുന്നത് ‘വെറുപ്പിന്റെ ആചാര്യന്‍’ (guru of hate) എന്നാണ്. ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തങ്ങളെ കുറിച്ചുള്ള തന്റെ പുസ്തകത്തിന് ജ്യോതിര്‍മയ ശര്‍മ്മ നല്‍കിയ തലക്കെട്ട് ‘ഭീതിദമായ കാഴ്ചപ്പാട്’ (Terrifying Vision) എന്നാണ്. കോണ്‍ഗ്രസ് അതിന്റെ ഔന്നിത്യകാലത്ത് ചെയ്തതുപോലെയോ അതിനപ്പുറമോ ആര്‍എസ്എസ് ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും നിയന്ത്രണം ചെലുത്തുന്ന കാലമാണിന്ന്. അത് കൊണ്ടുതന്നെ ഗോള്‍വാള്‍ക്കറെ മനസിലാക്കാതെ ഇന്ത്യന്‍ സമൂഹം- നല്ലതോ ചീത്തയോ ആയി- ഇപ്പോള്‍ എന്തിനെയാണ് നേരിടുന്നത് എന്ന് മനസിലാക്കാനാവില്ല.

1906 ഫിബ്രവരി 19-ന്, മഹാരാഷ്ട്രയിലെ രാംടേക്കിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ഒന്‍പത് മക്കളില്‍ നാലാമനായാണ് ഗോള്‍വാള്‍ക്കര്‍ ജനിച്ചത്. സഹോദരങ്ങള്‍ എട്ടു പേരും കൗമാരം പിന്നിടുന്നതിന് മുമ്പ് മരിച്ചു. ഗോള്‍വാള്‍ക്കര്‍ ജനിച്ച് അധികം കഴിയാതെ ഇന്നത്തെ ഛത്തീസ്ഗഢില്‍ ഉള്‍പ്പെടുന്ന ഒരു ഉള്‍ഗ്രാമത്തിലെ സ്കൂള്‍ അധ്യാപന ജോലി പിതാവിന് ലഭിച്ചു. ചെറുപ്പത്തില്‍ തന്നെ അനായാസേന ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യുന്ന തരത്തില്‍ ഗോള്‍വാള്‍ക്കര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു.

ആര്‍എസ്എസിന്റെ നേതൃത്വവും ആശയലോകവും വളര്‍ന്നുവന്ന തരത്തിലുള്ള സവര്‍ണ്ണ ജാതി ചുറ്റുപാടുകളില്‍ തന്നെയാണ് ഗോള്‍വാള്‍ക്കര്‍ വളര്‍ന്നതെങ്കിലും ആദ്യകാല വിദ്യാഭ്യാസമോ പ്രവര്‍ത്തനവഴികളോ അദ്ദേഹത്തെ നേരിട്ട് ആര്‍എസ്എസിലേക്ക് എത്തിച്ചില്ല. നാഗ്പൂരില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ബനാറസ് ഹിന്ദു സര്‍വ്വകാലാശാലയില്‍ ഉപരിപഠനത്തിന് പോയ ഗോള്‍വാള്‍ക്കര്‍ 1928-ല്‍ എം.എസ്‌സി ബയോളജി പൂര്‍ത്തിയാക്കി.

സംഘപരിവാറിന്റെ സാധുചരിത്രവര്‍ണ്ണനാ അരിപ്പരിയിലൂടെ ലഭിക്കുന്ന വിവരങ്ങളിലൂടെയും വാഴ്ത്തുക്കളിലൂടെയും മാത്രമേ വസ്തുതകള്‍ നമുക്കിപ്പോള്‍ ലഭ്യമുള്ളൂ എന്നതിനാല്‍ ഗോള്‍വാള്‍ക്കറിന്റെ ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ ഒരു ജീവചരിത്രത്തിന്റെ പേര് ‘ശ്രീ ഗുരുജി: ഒരു നവയുഗത്തിന്റെ അഗ്രഗാമി’ എന്നാണ്. സി.പി ഭിഷികര്‍ മറാത്തിയിലെഴുതിയിട്ടുള്ള ഈ പുസ്തകം ആര്‍എസ്എസ് അംഗീകരിച്ചിട്ടുള്ളതാണ്. ഗോള്‍വാള്‍ക്കര്‍ ബനാറസ് സര്‍വ്വകാലയില്‍ ചെലവഴിച്ച നാല് വര്‍ഷങ്ങളെ ഈ ജീവചരിത്രം വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്: ‘‘കഠിനമായി പഠിച്ചുവെച്ചുവെങ്കിലും ആത്മീയ ജീവിതയിലേയ്ക്ക് ചാഞ്ഞ വര്‍ഷങ്ങളായിരുന്നു അത്. അദ്ദേഹം ഉപയോഗിച്ചതു പോലെ ലൈബ്രറി ഉപയോഗിച്ച വിദ്യാര്‍ത്ഥികളാരും അവിടെയുണ്ടാവില്ല. സംസ്‌കൃതം, പാശ്ചാത്യ തത്വചിന്ത, രാമകൃഷ്ണ പരമഹംസന്റേയും സ്വാമിവിവേകാനന്ദന്റേയും പ്രചോദിത ചിന്തകള്‍, വിവിധ മതങ്ങളുടേയും മതശാഖകളുടേയും വിശുദ്ധഗ്രന്ഥങ്ങള്‍, ശാസ്ത്രസംബന്ധിയായ പുസ്തകങ്ങള്‍ എന്നിനെ ആഹ്ളാദജനകവും പരന്നതുമായ വായനയായിരുന്നു അദ്ദേഹത്തിന് അന്നുണ്ടായിരുന്നത്.” മദ്രാസ് അഖ്വേറിയത്തിലെ ഒരു വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം 1930-ല്‍ ലക്ചററായി അദ്ദേഹം ബനാറസ് സര്‍വ്വകലാശാലയില്‍ തിരിച്ചെത്തി. അതിനും അഞ്ചുവര്‍ഷം മുമ്പ് രൂപവത്കരിച്ച് ആര്‍എസ്എസുമായുള്ള ബന്ധം ഗോള്‍വാള്‍ക്കര്‍ക്കുണ്ടാകുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ കാലഘട്ടത്തിലായിരുന്നു.

പതിറ്റാണ്ടുകളായി ദാനപ്രദാനം ചെയ്ത് സഹവര്‍ത്തിച്ചിരുന്ന ചരിത്രപരവും ബൗദ്ധികവുമായ പലവിധ അടിയൊഴുക്കുകളുടേയും സംഗമമാണ് ആര്‍എസ്എസിന്റെ പിറവിയോടെ സംഭവിച്ചത്. കൊളോണിയലിസം വന്നപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയേയും അത് കൂടെ കൊണ്ടുവന്നു. ഭരണ വ്യവസ്ഥയെ കൊണ്ടുവന്നു, വിദ്യാഭ്യാസം കൊണ്ടുവന്നു. പക്ഷേ, ഒരു വിദേശശക്തിയോടുള്ള അടിമത്തത്തെ ഈ ഉപഭൂഖണ്ഡത്തിലെ ജനതയ്ക്ക് വിശദീകരിക്കേണ്ട ഒരു ആവശ്യകതയും അതുണ്ടാക്കിതീര്‍ത്തു. അതെല്ലാം വഴി പലരും ചരിത്രത്തിന് അവരുടെതായ ഭാഷ്യം ചമച്ചു, കൊളോണിയലിസം പ്രാപ്യമാക്കിയ അനുഭവാധിഷ്ഠിതമായ അനുമാനം തുടങ്ങിയ ബൗദ്ധിക രീതിശാസ്ത്രങ്ങളുപയോഗിച്ചായിരുന്നു ഈ ചരിത്രമെഴുത്തുകള്‍.

വിവേകാനന്ദന്‍ മുതല്‍ ദയാനന്ദസരസ്വതി വരെയുള്ള അതികായന്മാര്‍ വരെ മുന്നോട്ടുവച്ചിട്ടുള്ള, പ്രചുരപ്രചാരമാര്‍ജ്ജിച്ച വിശദീകരണമനുസരിച്ച് ഇന്ത്യന്‍ ചരിത്രം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് മഹത്തായ ഹിന്ദു ഭൂതകാലത്തിന്റെ സ്ഥിരതയാര്‍ന്ന അധ:പതനമാണ്. ഹൈന്ദവ ഭൂതകാലവുമായുള്ള ബന്ധം മുറിഞ്ഞതോടെ ഹിന്ദുക്കള്‍ എളുപ്പത്തില്‍ വൈദേശിക കടന്നുകയറ്റക്കാരുടെ, അത് മുസ്ലീങ്ങളായാലും ബ്രിട്ടീഷുകാരായാലും, ഇരകളായി മാറുകയായിരുന്നു. ആ ചരിത്രത്തില്‍ വിശ്വസിച്ചിരുന്ന മിക്കവരും കരുതിയിരുന്നത് പ്രാക്തന ഭൂതകാലത്തെ തിരിച്ചുപിടിക്കുന്നത് വഴി ആ അധ:പതനത്തില്‍ നിന്ന് രക്ഷനേടാമെന്നാണ്. ഈ ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങളും ഇതേ വാദത്തിന്റെ സമാനമായ ഭാഷ്യം ആവേശത്തോടെ മുന്നോട്ട് വയ്ക്കാറുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചതിന്റെ ഫലമായാണ് ഇവിടത്തെ അവരുടെ ഭരണം ജീര്‍ണ്ണിച്ചുപോയത് എന്നാണത്. രണ്ടാമത്തെ കൂട്ടരുടെ കാര്യത്തില്‍ അടിസ്ഥാനതത്വങ്ങളിലേയ്ക്ക് തിരിച്ചുപോകാന്‍ അവര്‍ക്കൊരു കൃതിയുടെ- ഖുറാന്‍- ആവശ്യമേയുള്ളൂ. പക്ഷേ മഹത്തായ ഇന്ത്യന്‍ ഭൂതകാലത്തേയ്ക്ക് തിരിച്ചുപോകാനായി ഭൂതകാലത്തെ വീണ്ടും കണ്ടെത്തേണ്ടതായി വരും.

ഈ സമീപനം സ്വീകരിച്ചിരുന്ന ഹിന്ദു സമൂഹങ്ങളില്‍ ഏറ്റവും പ്രമുഖമായത് 1915-ല്‍ സ്ഥാപിതമായ അഖിലേന്ത്യ ഹിന്ദു സഭയായിരുന്നു. 1921-ല്‍ അതിന്റെ പേര് ഹിന്ദുമഹാസഭ എന്നാക്കി മാറ്റി. 2002-ല്‍ പുറത്തിറങ്ങിയ ‘ആര്‍എസ്എസിന്റെ വിധിയുമായുള്ള സമാഗമം’ എന്ന പുസ്തകത്തില്‍ രാഷ്ട്രീയ വൈജ്ഞാനികനായ പ്രാലയ് കനുന്‍ഗോ, 1923-ലെ ഹിന്ദുമഹാസഭയുടെ വാരണാസി സമ്മേളനം ‘പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള വിവിധ ഹിന്ദുസമൂഹത്തിലെ നേതൃത്വത്തെ ഒന്നാകെ’ ഒറ്റ വേദിയില്‍ അണിനിരത്തിയെന്നാണ് പറയുന്നത്. ആ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞത്, ‘മുഹമ്മദീയരുടെ ഇടയിലെ തെമ്മാടിക്കൂട്ടങ്ങള്‍ക്ക് സൗകര്യമായി ഹിന്ദുക്കളെ കൊള്ളയടിക്കാനും അപമാനിക്കാനും കഴിയുമെന്നുള്ള വിചാരം ഇല്ലാതാക്കാന്‍ ഹിന്ദുക്കള്‍ സ്വയം ശാക്തീകരിക്കണം’ എന്നാണ്. ‘ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കുക, അഖാഡകള്‍ സ്ഥാപിക്കുക, ഹിന്ദുമഹാസഭയുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങാനായി ജനങ്ങളെ പ്രേരിപ്പിക്കുന്നതായി വോളണ്ടിയര്‍ സംഘങ്ങളെ സൃഷ്ടിക്കുക‘ എന്നിവയായിരുന്നു മാളവ്യയുടെ ലക്ഷ്യങ്ങള്‍ എന്ന് കനുന്‍ഗോ എഴുതുന്നു.

ഇതേ വര്‍ഷം വി.ഡി സവര്‍ക്കര്‍ – ബ്രിട്ടീഷുകാര്‍ ജയിലിലടയ്ക്കുകയും പല മാപ്പപേക്ഷകള്‍ക്ക് ശേഷം മോചിതനാവുകയും ചെയ്ത പഴയ വിപ്ലവകാരി- ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. വര്‍ഷങ്ങളായി പലരും ആശയപരമായി മല്ലിട്ടുകൊണ്ടിരുന്ന വലിയ ചോദ്യമായിരുന്നു ഹിന്ദുവാരാണെന്നതിന്റെ നിര്‍വ്വചനം. സവര്‍ക്കറുടെ പുസ്തകം, ഹിന്ദുത്വ-ആരാണൊരു ഹിന്ദു?, ഈ ചോദ്യത്തിന് ഒരു ഉത്തരം നല്‍കി. തുടര്‍ന്ന് നടന്ന എല്ലാ ഹിന്ദു ഏകീകരണ ശ്രമങ്ങള്‍ക്കുമുള്ള സൈദ്ധാന്തിക അടിത്തറ ആ പുസ്തകമായിരുന്നു.

ഈ ബൗദ്ധിക ആരവങ്ങള്‍ക്കിടയിലാണ് ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിക്കുന്നത്. മുകള്‍ ഭരണത്തെ എതിര്‍ത്തിരുന്ന ഭോസ്‌ലേ രാജാക്കന്മാര്‍ക്ക് കീഴില്‍ അഭിവൃദ്ധി പ്രാപിച്ച നാഗ്പൂര്‍ ബ്രാഹ്മണ സമൂഹത്തില്‍ നിന്നാണ് ഹെഡ്‌ഗേവാര്‍ വരുന്നത്. ബ്രിട്ടീഷ് ഭരണം അടിച്ചേല്‍പ്പിക്കപ്പെട്ടതാണ് എന്നൊക്കെയാണ് കരുതിയിരുന്നത് എങ്കിലും കൊളോണിയലിസം കൊണ്ടുവന്ന വിദ്യാഭ്യാസ അവസരങ്ങളുടെ ഗുണഫലം ലഭിച്ചവരായിരുന്നു അവരുടെ സമൂഹം.  നാഗ്പൂരിലെ മിഷനറി സ്കൂളിലാണ് ഹെഡ്‌ഗേവാര്‍ പഠനം ആരംഭിച്ചതെങ്കിലും കല്‍ക്കത്തയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിന്നീട് ഹിന്ദുമഹാസഭയിലെ പ്രധാനിയുമായി മാറിയ ബി.എസ് മൂഞ്ചേയെന്ന ഹെഡ്‌ഗേവാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശന്റെ ശ്രമഫലമായായിരുന്നു അത്. കല്‍ക്കത്ത പഠനകാലത്ത് അക്കാലത്ത് ബംഗാളില്‍ പുരോഗമിച്ചുകൊണ്ടിരുന്ന വിപ്ലവപ്രവര്‍ത്തപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെഡ്‌ഗേവാര്‍ മാറി. ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ എഴുത്തുകളുടെ സ്വാധീനഫലമായി രൂപം കൊണ്ട അനുശീലന്‍ സമിതി എന്ന സംഘടനയിലാണ് അദ്ദേഹം ചേര്‍ന്നത്.

ബങ്കിം ചാറ്റര്‍ജിയുടെ മിക്കവാറും രചനകള്‍, പ്രത്യേകിച്ചും ‘വന്ദേമാതര’ത്തിന്റെ ഉറവിടമായ ആനന്ദമഠം, വിഷം ചീറ്റുന്ന മുസ്ലീം വിരുദ്ധത നിറഞ്ഞതാണ്. ഹൈന്ദവ അനുഷ്ഠാന പ്രകാരമുള്ള ചടങ്ങുകളോടെയാണ് സംഘടനയില്‍ പ്രവേശിക്കേണ്ടത്. മുസ്ലീങ്ങള്‍ സംഘടനയില്‍ ഒരിക്കലും അംഗങ്ങളാവില്ല എന്ന് ഉറപ്പിക്കല്‍ കൂടിയായിരുന്നു അത്. എച്ച്.വി ശേഷാദ്രി എഡിറ്റ് ചെയ്ത, ബി.വി.ദേശ്പാണ്ഡെയും എസ്.ആര്‍ രാമസ്വാമിയും ചേര്‍ന്നെഴുതിയ ഹെഡ്‌വേറുടെ ജീവചരിത്രം-‘ഡോ. ഹെഡ്‌ഗേവാര്‍: യുഗസൃഷ്ടാവ്’ എന്ന പുസ്തകം പറയുന്നു: ‘ഒരോ അംഗവും സംഘടനയില്‍ ചേരുന്നതിനായി, കാളിക്ഷേത്രത്തിലോ ശവപ്പറമ്പിലോ നിന്ന് പത്തോ പന്ത്രണ്ടോ പേരുടെ സാന്നിധ്യത്തില്‍ മതപ്രതിജ്ഞയെടുക്കേണ്ടത് അനിവാര്യമായിരുന്നു.

കല്‍ക്കത്തയില്‍ നിന്ന് നാഗ്പൂരില്‍ തിരിച്ചെത്തിയ ശേഷം ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസിലും മഹാസഭയിലും സജീവപ്രവര്‍ത്തകനായി. രണ്ട് സംഘടനകളും തമ്മിലുള്ള ഭിന്നത അപ്പോഴും പ്രകടമായിരുന്നില്ല. രണ്ട് വട്ടം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മാളവ്യയെ പോലുള്ള നേതാക്കള്‍ ഹിന്ദു മഹാസഭയുടെ രണ്ട് വാര്‍ഷിക സമ്മേളനങ്ങളുടെ അധ്യക്ഷന്‍ കൂടിയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാല്‍ ഗംഗാധര്‍ തിലകിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന മൂഞ്ചേയുടെ ബൗദ്ധിക-പ്രാവര്‍ത്തിക പിന്തുണ എല്ലായ്പ്പോഴും ഹിന്ദു മഹാസഭയ്ക്കുണ്ടായിരുന്നു.

പരസ്പര സഹായത്തോടെയുള്ള ഈ രണ്ടു സംഘടകളുടേയും നിലനില്‍പ്പ് ഗാന്ധി കോണ്‍ഗ്രസില്‍ പിടിമുറുക്കാന്‍ തുടങ്ങിയതോടെ സുഖകരമല്ലാതായി മാറി. വിവിധ രാജ്യങ്ങളിലായി പരന്നുകിടന്നിരുന്ന ഖാലിഫ പ്രവിശ്യകള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ഖിലാഫത്ത് മുന്നേറ്റകാലത്ത് മുസ്ലിം നേതാക്കളുമായി ഗാന്ധി സന്ധിസംഭാഷണത്തില്‍ ഏര്‍പ്പെട്ടതിനെ ഹെഡ്‌ഗേവാര്‍ വെറുപ്പോടെ നിരാകരിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പങ്കെടുക്കുന്നത് അവര്‍ക്ക് മാതൃരാജ്യത്തേക്കാള്‍ വിധേയത്വം മതത്തോടാണെന്നതിനുള്ള തെളിവാണെന്ന് ചൂണ്ടിക്കാണിച്ച് പല ഹിന്ദുനേതാക്കളും വിമര്‍ശിച്ചിരുന്നു.

ഖിലാഫത്ത് കാലത്ത് ‘മുസ്ലീങ്ങള്‍ ആദ്യം, ഇന്ത്യക്കാര്‍ രണ്ടാമത് മാത്രം’ എന്ന് ഇന്ത്യന്‍ മുസ്ലീങ്ങള്‍ തെളിയിച്ചുവെന്ന് ഹെഡ്‌ഗേവാര്‍ പൊട്ടിത്തെറിച്ചതായി ദേശ്പാണ്ഡെയും രാമസ്വാമിയും (ജീവചരിത്രകാരന്മാര്‍) ചൂണ്ടിക്കാണിക്കുന്നു. “ഹിന്ദു-മുസ്ലീം ഭായ് ഭായ് എന്ന മുദ്രവാക്യം അന്തരീക്ഷത്തില്‍ അലയടിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അതിനുള്ള സാധ്യത ദിനം പ്രതി കുറയുകയായിരുന്നു”- അവര്‍ ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തില്‍ എഴുതുന്നു. ”ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ നിമഗ്നനായിരിക്കുകയായിരുന്നു ഡോക്ടര്‍ജി. എത്രയോ കാലം നീണ്ട നമ്മുടെ സാഹോദര്യസ്ഥാപനത്തിന് ശേഷവും ഇന്ത്യന്‍ മുസ്ലീങ്ങള്‍ നമ്മുടെ അഭിപ്രായ പ്രകാശനങ്ങളോട് എപ്പോഴെങ്കിലും ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടോ? സഹിഷ്ണുത, ‘ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്നീ ഹൈന്ദവ പാരമ്പര്യങ്ങളോട് അവര്‍ ഒരിക്കലെങ്കിലും അതുപോലെ പ്രതികരിച്ചിട്ടുണ്ടോ? ഭാരതാംബയ്ക്ക് ആദരവ് അര്‍പ്പിക്കുന്നതില്‍ പങ്കുചേരാന്‍ ഒരിക്കലെങ്കിലും അവര്‍ ചെറിയ താത്പര്യങ്കിലും പ്രകടിപ്പിച്ചിട്ടുണ്ടോ?” ഭിഷികര്‍ എഴുതിയ മറ്റൊരു ജീവചരിത്രത്തില്‍ പറയുന്നത് ഹെഡ്‌ഗേവാര്‍ മുസ്ലിങ്ങളെ വിശേഷിപ്പിച്ചിരുന്നത് ‘യവന സര്‍പ്പങ്ങള്‍’ എന്നാണെന്നാണ്. വിദേശികള്‍ എന്നര്‍ത്ഥത്തില്‍ അക്കാലത്ത് ഉപയോഗിച്ചിരുന്നത് ഗ്രീക്കുകാര്‍ അഥവാ യവനര്‍ എന്നാണ്. മുസ്ലീങ്ങള്‍ ‘ദേശവിരുദ്ധരാണ്’ എന്നും ഹെഡ്‌ഗേവര്‍ വാദിച്ചിരുന്നതായി ഭിഷികര്‍ പറയുന്നു.

1923-ല്‍ നാഗ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന ഹിന്ദു-മുസ്ലീം കലാപം ആര്‍എസ്എസ് രൂപവത്‌രിക്കാനുള്ള ഹെഡ്‌ഗേവാറിന്റെ തീരുമാനത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് പ്രാലയ് കനുന്‍ഗോ എഴുതുന്നു. പള്ളികളുടെ മുന്നിലൂടെ മതഘോഷയാത്രകള്‍ നടത്താനുള്ള ഹിന്ദുക്കളുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കലാപത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. 1923 ഒക്‌ടോബര്‍ 30-ന് നാഗ്പൂര്‍ കളക്ടര്‍ ഹിന്ദുക്കളുടെ ഒരു ജാഥ നിരോധിച്ചതോടെ സ്ഥിതിവിശേഷം വഷളായി. കനുന്‍ഗോ എഴുതുന്നു: ”നിരോധനത്തെ തള്ളിക്കൊണ്ട് ജാഥ നടത്താന്‍ മുതിര്‍ന്ന ഹൈന്ദവ നേതാക്കള്‍ ആഹ്വാനം ചെയ്യുകയും അതില്‍ 20,000-ത്തോളം ഹിന്ദുക്കള്‍ പങ്കെടുക്കുകയും ചെയ്തു. ഇത്രയും വലിയ സംഘടിത ജനക്കൂട്ടത്തിന്റെ ശക്തിയെ ഉപയോഗിക്കാന്‍ ഹെഡ്‌ഗേവാറും മറ്റ് ഹിന്ദുനേതാക്കളും തിടുക്കത്തില്‍ തീരുമാനിച്ചു.

ഇതേ തുടര്‍ന്ന് ദേശീയ ഹിന്ദു മഹാസഭയുടെ ശാഖയായ ഹിന്ദു സഭ നാഗ്പൂരില്‍ ആരംഭിച്ചതായി കനുന്‍ഗോ എഴുതുന്നു. മൂഞ്ചേ വൈസ് പ്രസിഡന്റും ഹെഡ്‌ഗേവാര്‍ സെക്രട്ടറിയുമായി. മുസ്ലിം വിരുദ്ധ വിജയാഘോഷങ്ങളുടെ ഉയര്‍ച്ചയാണ് ഇതേ തുടര്‍ന്ന് കണ്ടത്. ‘‘അത്യുത്സാഹത്തോടെ പരസ്യമായി നടത്തുന്ന ഭജനാലാപനം പ്രചാരമാര്‍ജ്ജിച്ചു‘- ദേശ്പാണ്ഡെയും രാമസ്വാമിയും എഴുതുന്നു. ‘ജയ് വിത്തല്‍, ജയ് ജയ് വിത്തല്‍’ എന്നീ അത്യുച്ചത്തിലുള്ള മന്ത്രണത്താല്‍ നഗരം മുഴുവന്‍ വിറകൊള്ളുകയായിരുന്നു. ജനങ്ങളുടെ മനോഭാവം മനസിലാക്കിയ സര്‍ക്കാര്‍ അഞ്ചുനേരമുള്ള നമസ്‌കാരത്തിന്റെ സമയമൊഴിച്ചുള്ള സമയങ്ങളില്‍ പള്ളികള്‍ക്ക് മുന്നിലൂടെ ഭജനപാടി ഘോഷയാത്ര നടത്താന്‍ ഹിന്ദുക്കളെ അനുവദിച്ചു,”.

ഈ ‘പരാജയ’ത്താല്‍ മുസ്ലീങ്ങള്‍ ‘അസ്വസ്ഥരായി’ എന്നാണ് ഹെഡ്‌ഗേവാറിന്റെ ജീവചരിത്ര രചയിതാക്കള്‍ പറയുന്നത്. ഹെഡ്‌ഗേവാറിനും മൂഞ്ചേക്കും ഏതാനും ഭീഷണിക്കത്തുകള്‍ ലഭിച്ചതായും പറയുന്നു. ”പക്ഷേ അവര്‍ ജനങ്ങളുടെ ആത്മവീര്യം നിലനിര്‍ത്തുന്നതിനായി പട്ടണത്തിലൂടെ ഭയപ്പാടേതുമില്ലാതെ സഞ്ചരിച്ചു. മുസ്ലീങ്ങളെ കുറിച്ചുള്ള ജന്മനായുള്ള ഭീതി നിമിത്തം ചിലപ്പോള്‍ മസ്ജിദിന്റെ മുന്നിലെത്തുമ്പോള്‍ ബാന്‍ഡ് മേളക്കാള്‍ സംഗീതം നിര്‍ത്തും. അത്തരം അവസരങ്ങളില്‍ ഡോക്ടര്‍ജി തന്നെ വാദ്യം മുഴക്കുകയും ഹിന്ദുക്കളിലെ ഉറങ്ങിക്കിടക്കുന്ന പൗരുഷത്തെ ഉത്തേജിപ്പിക്കുകയും ചെയ്തുപോന്നു”– അവര്‍ എഴുതുന്നു.

ഈ അക്രമാസക്തമായ പടയൊരുക്കത്തിന്റെ ബലത്തിലാണ്, ആ വര്‍ഷത്തെ ദുര്‍ഗാപൂജയുടെ അന്ന്, 1925 സെപ്തംബര്‍ 27ന് നാഗ്പൂരില്‍ ആര്‍എസ്എസ് സ്ഥാപിക്കപ്പെടുന്നത്. അഞ്ചുപേരാണ് ഉദ്ഘാടനയോഗത്തില്‍ പങ്കെടുത്തത്. ഹെഡ്‌ഗേവാര്‍, മൂഞ്ചേ, വി.ഡി സവര്‍കറുടെ സഹോദരന്‍ ഗണേഷ് ദാമോദര്‍ സവര്‍കര്‍, എല്‍.വി പരാജ്ഞ്‌പേ, ബി.ബി ഥോല്‍ക്കര്‍. ഈ അഞ്ചുപേരും ചേര്‍ന്നാണ് ആര്‍എസ്എസ് ആരംഭിച്ചതെങ്കിലും, മൂഞ്ചേയും ജി.ഡി സവര്‍കറും അത് സ്ഥാപനവത്കരിക്കുന്നതില്‍ മുഖ്യറോളു വഹിച്ചിട്ടുണ്ടെങ്കിലും ആര്‍എസ്എസ് എല്ലാക്കാലത്തും അവരുടെ പങ്കാളിത്തത്തെ കണ്ടില്ലെന്ന് നടിച്ച് ഹെഡ്‌ഗേവാറില്‍ കേന്ദ്രീകരിക്കുകയാണ് പതിവ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(Edit: ലേഖനം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതും തലക്കെട്ടും കാരവന്‍ ലേഖനത്തില്‍ നിന്ന് വ്യത്യസ്തമാണ്).

ഹര്‍തോഷ് സിംഗ് ബാല്‍

ഹര്‍തോഷ് സിംഗ് ബാല്‍

പൊളിറ്റിക്കല്‍ എഡിറ്റര്‍, കാരവന്‍ മാഗസിന്‍

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍