UPDATES

കല്ലാക്കുടി വീരറില്‍ നിന്നും കലൈഞ്ജറിലേക്ക്; കരുണാനിധിയുടെ ജീവിതം, തമിഴകത്തിന്റെയും

ഇസൈ വെള്ളാളർ എന്ന സമുദായക്കാരായിരുന്നു മാതാപിതാക്കൾ. ക്ഷേത്രങ്ങളിൽ നാദസ്വരം വായിക്കുന്നതും മറ്റുമായ ജോലികൾ ഇവർ പരമ്പരാഗതമായി ചെയ്തുവന്നു. കരുണാനിധിയും ചെറുപ്പത്തിൽ ആചാരങ്ങളുടെ ഭാഗമായി സംഗീതം അഭ്യസിച്ചിട്ടുണ്ട്.

‘കലൈഞ്ജർ’ക്കും മുമ്പ് കരുണാനിധിക്ക് കിട്ടിയ വിശേഷണമാണ് ‘കല്ലാക്കുടി വീരർ’. കരുണാനിധി എന്ന നേതാവിന്റെ വളർച്ചയിലെ ആദ്യത്തെ പ്രധാനപ്പെട്ട പടവാണ് ഈ പേരുമായി ബന്ധപ്പെട്ട സംഭവമെന്നു പറയാം. തിരുച്ചി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കല്ലാക്കുടി. ഈ പട്ടണത്തിൽ ഡാൽമിയ കമ്പനി ഒരു സിമന്റ് ഫാക്ടറി സ്ഥാപിച്ചു. ബ്രാൻഡ് നിർമിതിക്കു വേണ്ടി ഡാൽമിയ കമ്പനിയുടെ പൊതുജനസമ്പർക്ക വിഭാഗം ചില തരികിടകൾ ചെയ്തു. കമ്പനി സ്ഥിതി ചെയ്യുന്ന നാടിന്റെ കല്ലാക്കുടി എന്ന പേര് അവരങ്ങ് മാറ്റി! ‘ഡാൽമിയാപുരം’ എന്ന് പേരിട്ടു. ഒരു ഉത്തരേന്ത്യൻ കമ്പനി വന്ന് തങ്ങളുടെ നാടിന്റെ പേര് മാറ്റിയതിൽ വലിയ എതിർപ്പ് നാട്ടുകാർക്കുണ്ടായി. ഡിഎംകെ ഈ പ്രശ്നത്തെ ഏറ്റെടുത്തു. കരുണാനിധിയും കവി കണ്ണദാസനുമെല്ലാം അടങ്ങുന്ന നേതാക്കളുടെ പിന്നിൽ അവർ അണിനിരന്നു. ‘ഡാൽമിയാപുരം’ എന്ന് പേരു മാറ്റിയ റെയിൽവേ സ്റ്റേഷനിലേക്കെത്തി. കരുണാനിധിയും മറ്റ് നാലുപേരും ട്രാക്കിൽ ട്രെയിനിനു മുമ്പിൽ കിടന്നു. ഇവർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കണ്ണദാസൻ അടക്കമുള്ള നേതാക്കളുടെ പിന്തുണയോടെ സമരം തുടർന്നു. ഇതിനിടയിലേക്ക് പൊലീസ് വെടിവെപ്പുണ്ടായി. രണ്ടുപേർ കൊല്ലപ്പെട്ടു. കോടതി വിധിച്ച പിഴയടയ്ക്കാതെ ഒരു മാസത്തിലധികം നീണ്ട തടവുശിക്ഷ അനുഭവിച്ചു തീർത്തു കരുണാനിധി. 1953ൽ, തമിഴ് ദേശീയതയ്ക്ക് കൃത്യതയാർന്ന രാഷ്ട്രീയപ്രയോഗരൂപം കൈവന്നു തുടങ്ങിയ കാലത്തു നടന്ന ഈ സംഭവത്തോടെ 29കാരനായ മുത്തുവേൽ കരുണാനിധി തമിഴകത്തെങ്ങും സ്വീകാര്യതയുള്ള നേതാവായി മാറി. ‘കല്ലാക്കുടി വീരർ’ എന്ന പേരും ചാർത്തപ്പെട്ടു.

ഇസൈ വെള്ളാളർ സമുദായം

തമിഴകത്തെ തങ്ങളുടെ സിനിമാപ്രഭ കൊണ്ട് കൈയിലെടുത്ത എംജിആറിൽ നിന്നും ജയലളിതയിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്നു കരുണാനിധി. കരുണാനിധിയെ ജനങ്ങൾ കാണാനെത്തിയത്, ജയലളിതയില്‍ നിന്നും എംജിആറിൽ നിന്നും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടായിരുന്നു. അവയിൽ പ്രധാനമായിരുന്നു കാവ്യം തുളുമ്പുന്ന കരുണാനിധിയുടെ വാക്കുകൾ. താരപ്രഭയില്ലാതെ തന്നെ കരുണാനിധി തന്റെ വാക്കുകൾ കൊണ്ട് തമിഴകത്തെ, അതിന്റെ ദ്രാവിഡരാഷ്ട്രീയ വേരുകളെ തനിക്കൊപ്പം നിറുത്തി.

ഒരു കവിക്ക് മാത്രം സാധ്യമായ വിധത്തിൽ വാക്കുകളെ സന്ദർഭത്തിന്റെ മർമ്മത്തിലേക്ക് പായിക്കാൻ തമിഴകത്ത് കരുണാനിധിക്ക് മുൻപും പിൻപും ഒരാളില്ല. ഇതെക്കുറിച്ച് ചോദിച്ചാൽ‌ ഏതൊരു തമിഴനും ആദ്യം എടുത്തു പറയാനുണ്ടാവുക, ഒരു ഇലക്ഷൻ പ്രചാരണയോഗത്തിൽ തന്നെ പത്തര മണി നേരത്തോളം കാത്തിരുന്നു മുഷിഞ്ഞ കാണികളെ വാക്കുകൾ കൊണ്ട് കൈയിലെടുത്ത കഥയായിരിക്കും. കരുണാനിധി പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്: “മാതമോ ചിത്തിരൈ, നേരമോ പത്തിരൈ, ഉങ്കളൈതി തഴുവുവതോ നിത്തിരൈ.” (മാസം ചുടുകാലമായ ചിത്തിരയാണെന്നും നേരം പത്തരയായെന്നും നിങ്ങളെ നിദ്ര തഴുകിക്കൊണ്ടിരിക്കുകയാണെന്നും.)

നാടകനടിയായ രാജാത്തി അമ്മാളുമായി കരുണാനിധിക്ക് എന്താണ് ബന്ധമെന്ന് നിയമസഭയിൽ ചോദ്യമുയർന്നപ്പോൾ 1969ൽ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി പ്രതിപക്ഷത്തിന്റെ വായടപ്പിച്ചത് തന്റെ മൂർച്ചയേറ്റിയ വാക്കുകൾ കൊണ്ടാണ്. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “എൻ മകൾ കനിമൊഴിയിൻ തായാൾ!” (എന്റെ മകൾ കനിമൊഴിയുടെ അമ്മ).

67ൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി കരുണാനിധി എഴുതിയ നാടകത്തിൽ നായികയായി അഭിനയിച്ചത് രാജാത്തി അമ്മാളായിരുന്നു. നായകൻ കരുണാനിധിയും. ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും ഒരു വർഷത്തിനു ശേഷം കനിമൊഴി ജനിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ‘ചിന്നവീട്’ പ്രതിപക്ഷ ഒളിയമ്പിനുള്ള ആയുധമാക്കിക്കൊണ്ടിരിക്കവെയാണ് കരുണാനിധിക്ക് തന്റെ രണ്ടാംഭാര്യയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള വേദി അവർ തന്നെ ഒരുക്കിക്കൊടുത്തത്. കരുണാനിധിയുടെ ചിന്നവീടിനെക്കുറിച്ചുള്ള ഗോസ്സിപ്പ് നിലവാരത്തിലുള്ള കഥകൾ വളരെപ്പെട്ടെന്ന് മറ്റൊരു വൈകാരികതലത്തിലുള്ള വിവരണങ്ങൾക്ക് വഴിമാറി.

കലയെ ജീവിതോപാധിയാക്കിയ ഒരു സമുദായത്തിലേക്കാണ് കരുണാനിധി പിറന്നുവീണത്. ചെന്നൈയിൽ നിന്നും പത്തുമുന്നൂറ് കിലോമീറ്റർ തെക്കുള്ള തിരുക്കുവാലൈ എന്ന ഗ്രാമത്തിൽ 1924ൽ കരുണാനിധി ജനിച്ചു. ഇസൈ വെള്ളാളർ എന്ന സമുദായക്കാരായിരുന്നു മാതാപിതാക്കൾ. ക്ഷേത്രങ്ങളിൽ നാദസ്വരം വായിക്കുന്നതും മറ്റുമായ ജോലികൾ ഇവർ പരമ്പരാഗതമായി ചെയ്തുവന്നു. കരുണാനിധിയും ചെറുപ്പത്തിൽ ആചാരങ്ങളുടെ ഭാഗമായി സംഗീതം അഭ്യസിച്ചിട്ടുണ്ട്.

ചെറുപ്പകാലത്ത് ജാതീയതയുടെ കെടുതികൾ ഏറെ അനുഭവിക്കേണ്ടി വന്നിരുന്നു കരുണാനിധിക്ക്. ക്ഷേത്രങ്ങളിൽ ജീവനക്കാരായിരുന്നെങ്കിലും ഇസൈ വെള്ളാളർ സമുദായക്കാർ ജാതിയിൽ താഴ്ന്നവരായിരുന്നു. ചെറുപ്പകാലത്ത് അരയ്ക്കു മുകള്‍ഭാഗം മറയുന്ന വസ്ത്രം ധരിക്കാൻ കരുണാനിധിക്ക് കഴിഞ്ഞിരുന്നില്ല.

തൂക്കുമേടൈയും എംആർ രാധയും

കലൈഞ്ജർ എന്ന വിളിപ്പേര് വരുന്നത് വീണ്ടും ഏറെനാൾ കഴിഞ്ഞാണ്. തൂക്കുമേടൈ എന്നൊരു നാടകമെഴുതി കരുണാനിധി. അന്ന്, ദ്രാവിഡരാഷ്ട്രീയത്തിന്റെ സിനിമാവക്താക്കളിൽ ഏറ്റവും ശക്തരിലൊരാളായ എംആർ രാധയാണ് കരുണാനിധിയെ കലൈഞ്ജർ എന്ന് വിശേഷിപ്പിച്ചത്. കരുണാനിധിയും എംആർ രാധയും തമ്മിലുണ്ടായിരുന്നത് തികച്ചും പ്രത്യയശാസ്ത്രപരമായ അടുപ്പമായിരുന്നു. ഇന്നും ദ്രാവിഡരാഷ്ട്രീയത്താൽ ആകൃഷ്ടരാകുന്ന യുവാക്കൾ പോലും എംആർ രാധ തന്റെ സിനിമകളിൽ ദ്രാവിഡരാഷ്ട്രീയത്തിന് നൽകിയ ഡയലോഗ് വ്യാഖ്യാനങ്ങളെ വേദവാക്യങ്ങളായി കൊണ്ടു നടക്കുന്നു. 1979ൽ തന്നെ മുമ്പ് എംആർ രാധ ഇഹലോകം വിട്ടു. കരുണാനിധിക്ക് സംഭവിച്ചുവെന്നാരോപിക്കപ്പെടുന്ന പലതരം പ്രത്യയശാസ്ത്രപരവും ധാർമികവുമായ വ്യതിയാനങ്ങൾ രാധയുടെ കാര്യത്തില്‍ സംഭവിക്കുകയുണ്ടായില്ല. എംജിആറിന്റെ കഴുത്തിന് വെച്ച വെടി ഇന്നും രാധയ്ക്കൊരു ഖ്യാതിയാണ്.

കല്ലാക്കുടി സംഭവത്തിനു ശേഷം, 1957ൽ കരുണാനിധി തമിഴ്നാട് നിയമസഭയിലെത്തി. കുളിത്തലൈ അസംബ്ലി സീറ്റിൽ നിന്നായിരുന്നു മുപ്പത്തിമൂന്നാം വയസ്സിൽ കരുണാനിധി നേടിയ ഈ വിജയം.

ടിഎം നായരും പി ത്യാഗരാജ ചെട്ടിയും സി നടേശ മുതലിയാരും ചേർന്ന് സ്ഥാപിച്ച ജസ്റ്റിസ് പാർട്ടിയിലൂടെയാണ് കരുണാനിധിയുടെ രാഷ്ട്രീയപ്രവേശം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ജാത്യാധിഷ്ഠിത രാഷ്ട്രീയത്തെ ചോദ്യം ചെയ്ത് പുറത്തുവന്നയാളാണ് ടിഎം നായർ. ബ്രാഹ്മണാധിപത്യം പാർട്ടിയിലുണ്ടെന്ന് അദ്ദേഹമാരോപിച്ചു. ഇങ്ങനെ പുറത്തു വന്നതിനു ശേഷമാണ് 1917ൽ സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷൻ അഥവാ ജസ്റ്റിസ് പാർട്ടി രൂപീകരിക്കുന്നത്. പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് രാഷ്ട്രീയ മുഖ്യധാരയിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുക എന്നതായിരുന്നു. ഇത് ഫലത്തിൽ കോൺഗ്രസ്സിലെ ബ്രാഹ്മാണാധിപത്യത്തിനും ഉത്തരേന്ത്യൻ ആധിപത്യത്തിനും എതിരു നിൽക്കുന്ന പാർട്ടിയായി മാറി. സോഷ്യലിസ്റ്റ് കാഴ്ചപ്പാടായിരുന്നു പാർട്ടിയുടെ സൈദ്ധാന്തിക അടിത്തറ.

ജസ്റ്റിസ് പാർട്ടിയുടെ നേതാക്കളാണ് ചെറുപ്പകാലത്ത് കരുണാനിധിയെ ആകർഷിച്ചത്. പാർട്ടിയുടെ ഖ്യാതി നേടിയ പ്രഭാഷകനായിരുന്ന അഴഗിരിസ്വാമിയുടെ കാവ്യാത്മകമായ പ്രഭാഷണങ്ങൾ കരുണാനിധിയെ ഏറെ സ്വാധീനിച്ചു. ജസ്റ്റിസ് പാർട്ടിയുടെ കാർമികത്വത്തിൽ നിലവിൽ വന്ന വിദ്യാർത്ഥി സംഘടനയായ ‘ആൾ സ്റ്റുഡന്റ്സ് ക്ലബ്ബി’ലൂടെയാണ് കരുണാനിധി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുന്നതെന്നു പറയാം. പതിന്നാലു വയസ്സിൽ പാർട്ടിയുടെ പ്രവർത്തകനായി മാറി കരുണാനിധി. പത്താംക്സാസ് പരീക്ഷ തോറ്റതോടെ കരുണാനിധി കോയമ്പത്തൂർക്ക് വണ്ടി കയറി. നാടകപ്രസ്ഥാനത്തിന്റെ ഭാഗമായി. എഴുത്തിലൂടെ ജീവിക്കാമെന്ന് അദ്ദേഹം കണ്ടു. നാടകങ്ങളും കവിതകളും പാട്ടുകളുമെഴുതി കരുണാനിധി അതിജീവിച്ചു.

ജസ്റ്റിസ് പാർട്ടി പെരിയാറിലേക്ക്

ജസ്റ്റിസ് പാർട്ടി അതിന്റെ തുടക്കകാലത്തെ പദ്ധതികള്‍ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയാതെ പ്രതിസന്ധിയിലാവുകയുണ്ടായി. ഈ സന്ദർഭത്തിലാണ് പെരിയാർ ഇവി രാമസ്വാമി നായ്ക്കർ പാർട്ടിയിലെത്തുന്നത്. 1930കളുടെ രണ്ടാംപകുതിയിൽ പെരിയാർ ‘സുയ മരിയാതൈ ഇയക്കം’ (സ്വാഭിമാന പ്രസ്ഥാനം) തുടങ്ങിയപ്പോൾ ജസ്റ്റിസ് പാർട്ടിയാണ് അതിന്റെ രാഷ്ട്രീയപ്രയോഗം സാധിച്ചത്. 35ലാണ് കോൺഗ്രസ്സിൽ നിന്നും പുറത്തുവന്ന് ജസ്റ്റിസ് പാർട്ടിയിൽ പെരിയാർ അംഗമാകുന്നത്. 1944ൽ ജസ്റ്റിസ് പാർട്ടിയെ ദ്രാവിഡർ കഴകം എന്ന സാമൂഹികസംഘടനയായി രാമസ്വാമി നായ്ക്കർ പരിവർത്തിപ്പിച്ചു.

ബ്രാഹ്മണവിരോധം, കോൺഗ്രസ്സ് വിരോധം, ഉത്തരേന്ത്യൻ വിരോധം

ബ്രാഹ്മണാധിപത്യത്തെ ഏതു കോണിലും എതിർക്കുക എന്നതായിരുന്നു പെരിയാറിന്റെ രാഷ്ട്രീയം. രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള ബ്രാഹ്മണാധിപത്യത്തെ എതിര്‍ത്തു. ഇത് കോൺഗ്രസ്സിനോടുള്ള ശക്തമായ എതിർപ്പായി പരിണമിച്ചത് സ്വാഭാവികം. ആനീ ബസന്റിന്റെ ഹോം റൂൾ പ്രസഥാനത്തെ എതിർത്തതിനും, ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനെതിരെ പ്രചാരമം നടത്തിയതും കോൺഗ്രസ്സിന്റെ ബ്രാഹ്മണ പ്രതിച്ഛായയോടുള്ള എതിർപ്പ് ഒന്നുകൊണ്ടു മാത്രമായിരുന്നു. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹിന്ദി പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നതോടെ കോൺ‌ഗ്രസ്സ് ഒരു ഉത്തരേന്ത്യൻ ആഭിമുഖ്യമുള്ള പാർട്ടിയാണെന്ന് തീരുമാനിക്കപ്പെട്ടു.

1949ല്‍ സിഎൻ അണ്ണാദുരൈയുടെ നേതൃത്വത്തിലാണ് ദ്രാവിഡ കഴകം ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പരിണമിക്കുന്നത്. പെരിയാറിന്റെ ശക്തമായ എതിർപ്പുകളെ മറികടന്നായിരുന്നു അണ്ണാദുരൈയുടെ ഈ നീക്കം. ദ്രാവിഡചിന്തയുടെ ഒരു പ്രസ്ഥാനമായി സംഘടനയെ നിലനിര്‍ത്താനായിരുന്നു പെരിയാറിന്റെ ആഗ്രഹം. രാഷ്ട്രീയസംഘടനയാകുന്നതിനോട് അദ്ദേഹം യോജിക്കുകയുണ്ടായില്ല. പെരിയാർ വലിയ പ്രായവ്യത്യാസമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തതും അവരെ തന്റെ പിൻഗാമിയായി വാഴിക്കാൻ ശ്രമിച്ചതുമെല്ലാം അഭിപ്രായവ്യത്യാസങ്ങൾക്കുള്ള അടിയന്തിര കാരണമായിത്തീർന്നു.

ഇത്രയും വിശദീകരിച്ചത് ഡിഎംകെ എന്ന കക്ഷിയിൽ ദ്രാവിഡ രാഷ്ട്രീയം എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നത് വ്യക്തമാകാനാണ്. ഇന്നും ദ്രാവിഡ കക്ഷിയെന്നാൽ തമിഴ്നാട്ടുകാരുടെ നാവിൽ ആദ്യം കയറിവരിക ഡിഎംകെ എന്ന പേരാണ്. ഈ കക്ഷിക്ക് ജനസമ്മതിയുണ്ടാക്കിക്കൊടുത്തതിൽ വലിയ പങ്കു വഹിച്ച എംജിആർ പിൽക്കാലത്ത് വിട്ടുപോയത് കരുണാനിധിക്ക് അദ്ദേഹത്തോടുള്ള അസൂയ മാത്രമായിരുന്നു എന്ന് കരുതുന്നതിൽ അബദ്ധമുണ്ട്. തന്റെ സിനിമകളിൽ ഡിഎംകെയുടെ തീവ്രമായ ദ്രാവിഡപക്ഷത്തെ ചിത്രീകരിക്കാൻ ഒരിക്കലും എംജിആർ തയ്യാറായിരുന്നില്ല. ഒരുതരം പൈങ്കിളിവൽക്കരിക്കപ്പെട്ട നിലയിലായിരുന്നു എംജിആർ സിനിമകളിലെ ദ്രാവിഡ രാഷ്ട്രീയം. എംആർ രാധയുടെ ചിത്രങ്ങളിൽ കാണുന്നത്രയും തീക്ഷ്ണതയിൽ ആ രാഷ്ട്രീയം എംജിആറിൽ കാണുക പ്രയാസമാണ്. തീവ്രമായ ബ്രാഹ്മണവിരോധം എംജിആർ പുലർത്തുകയുണ്ടായില്ല. തന്റെ സിനിമകളിലെ മൃദു ദ്രാവിഡ രാഷ്ട്രീയത്തിന് പ്രായോഗികരൂപം കണ്ടെത്താൻ തുനിഞ്ഞുനിന്ന എംജിആറിനെ ആ വഴിക്ക് ഉൾക്കൊള്ളുക കരുണാനിധി അടക്കമുള്ള ദ്രാവിഡ നേതാക്കൾക്ക് സാധിക്കുമായിരുന്നില്ലെന്നും കാണണം.

1930കളിൽ തന്നെ സിനിമാരംഗത്തെത്തിയ എംജിആർ തന്റെ തനിമയുള്ള ദ്രാവിഡരാഷ്ട്രീയം പറയുന്നതും, താനെന്ന വ്യക്തിയെ രാഷ്ട്രീയ പ്രതിബിംബമായി ഉയർത്തിക്കാട്ടിത്തുടങ്ങുന്നതും 1950കളുടെ തുടക്കം മുതലാണ്. ഇതേ സമയത്തു തന്നെയാണ് സിനിമയിൽ എഴുത്തുകാരനെന്ന നിലയിലുള്ള കരുണാനിധിയുടെ തുടക്കവും. 1952ൽ ശിവജി ഗണേശൻ നായകനായി പുറത്തിറങ്ങിയ പരാശക്തി എന്ന സിനിമ തമിഴ് സിനിമയെ ആകമാനം മാറ്റിമറിച്ചു. ദരിദ്രരുടെ ജീവിതത്തിലേക്ക് സിനിമ ആദ്യമായി ശ്രദ്ധ പായിക്കുകയായിരുന്നു പരാശക്തിയിലൂടെ. ബ്രാഹ്മണരെയും ദൈവവിശ്വാസത്തെയുമെല്ലാം നിശിതമായ വിമർശനത്തിന് വിധേയമാക്കുന്നുണ്ട് ഈ ചിത്രം. ദരിദ്രർ ക്ഷേത്രം സുരക്ഷിതമായ ഇടമല്ലെന്നും അവിടെയവർ അക്രമത്തിനും ബലാൽസംഗത്തിനും ഇരയാകുമെന്നുമെല്ലാം പറയുന്നു ഈ നാടകം ദ്രാവിഡരാഷ്ട്രീയ നിലപാടുകളെ വ്യക്തമായി എടുത്തുകാണിച്ചു. വിവാദങ്ങളെത്തുടർന്ന് ഈ സിനിമ നിരോധിക്കുക വരെ ചെയ്തു തമിഴ്നാട് സർക്കാർ. പിന്നീട് ഈ നിരോധനം നീക്കി തിയറ്ററുകളിലെത്തുകയും വൻ വിജയം നേടുകയും ചെയ്തു.

ജാതീയതയുടെ കെടുതികളും ജന്മിവ്യവസ്ഥയുടെ ക്രൂരതയും മതങ്ങളുടെ കാപട്യവുമെല്ലാം കരുണാനിധിയുടെ ചിത്രങ്ങളിൽ തുറന്നു കാണിക്കപ്പെട്ടു. പല സിനിമകളും ഇക്കാരണങ്ങളാൽ സെൻസറിങ്ങിന് വിധേയമായി. ചില നാടകങ്ങൾ നിരോധിക്കപ്പെടുകയും ചെയ്തു.

1957ലെ ആദ്യ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം രാഷ്ട്രീയത്തിൽ വൻ വളർച്ചയാണ് കരുണാനിധിക്കുണ്ടായത്. 1961ൽ ഡിഎംകെയുടെ ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം തന്നെ (1962ൽ) പ്രതിപക്ഷ ഉപനേതാവായി മാറി. 1967ൽ അണ്ണാദുരൈ മന്ത്രിസഭയിൽ പൊതുമരമാമത്ത് മന്ത്രിയായ കരുണാനിധി അദ്ദേഹത്തിന്റെ മരണശേഷം 1969ൽ മുഖ്യമന്ത്രിപദത്തിലേക്കും എത്തി.

എംജിആറുമായുള്ള അസ്വാരസ്യങ്ങള്‍

അണ്ണാദുരൈയുടെ മരണശേഷം കരുണാനിധി മുഖ്യമന്ത്രിയായപ്പോൾ ട്രഷറർ‌ സ്ഥാനത്തേക്കെത്തിയത് എംജിആറായിരുന്നു. ഈ കാലത്ത് ഇരുവരും തമ്മിലുള്ള അസ്വാരസ്യം കൂടുതൽ കടുത്തതായിത്തീർന്നു. എംജിആറിന്റെ ജനസമ്മതി കരുണാനിധിയെ അസ്വസ്ഥനാക്കിയിരുന്നു. തന്റെ മകൻ എംകെ മുത്തുവിനെ സിനിമയിൽ എംജിആറിന്റെ എതിരാളിയായി അവതരിപ്പിക്കാൻ കരുണാനിധി നടത്തിയ ശ്രമങ്ങൾ ഇതിനു തെളിവാണ്. എംജിആറിന്റെ ഉടുപ്പും നടപ്പും ഹെയർ സ്റ്റൈലുമെല്ലാം അനുകരിച്ച് മുത്തുവിന്റെ നിരവധി സിനിമകൾ പുറത്തിറങ്ങി. ഇതെല്ലാം പക്ഷെ, എംജിആറിന്റെ ജനസമ്മതി കൂട്ടുകയാണ് ചെയ്തത്. 67ൽ എംആർ രാധയിൽ നിന്ന് വെടിയേറ്റതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അമ്പതിനായിരത്തിലധികം ആരാധകരാണ് ആശുപത്രിക്കരിക്കിൽ തടിച്ചുകൂടിയത്. ആശുപത്രിക്കിടക്കയിൽ നിന്നു തന്നെ അസംബ്ലി തെരഞ്ഞെടുപ്പിൽ എംജിആർ മത്സരിച്ച് എതിരാളിയായ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെക്കാൾ രണ്ടിരട്ടി വോട്ടുകൾക്ക് ജയിക്കുകയും ചെയ്തു. ഇതെല്ലാം കരുണാനിധിയെ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ മനോവിഷമത്തിലാക്കിയ സംഭവങ്ങളായിരുന്നു. പാർട്ടിയിൽ തന്നെ മൂലക്കിരുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ എംജിആർ തിരിച്ചടിക്ക് കോപ്പു കൂട്ടി.

കരുണാനിധിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി എംജിആർ രംഗത്തെത്തി. പാർട്ടിയിലെ നേതാക്കളെല്ലാം തങ്ങളുടെ സ്വത്തുവിവരം പരസ്യപ്പെടുത്തണമെന്ന് എംജിആർ ഒരു പൊതുപരിപാടിയിൽ വെച്ച് ആവശ്യപ്പെട്ടു. ഇതെത്തുടർന്ന് എംജിആർ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. കരുണാനിധിയുടെ വഴിക്കാണ് ഇതുവരെയും കാര്യങ്ങൾ നീങ്ങിയത്.

കരുണാനിധി ഇനിയുള്ള കാലത്ത് തനിക്കുള്ള പ്രധാന എതിരാളിയെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എംജിആറുമായുള്ള പിണക്കം വഴി എന്നു വായിക്കുന്നതായിരിക്കും ശരി. അങ്ങനെ 1972ൽ ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപം കൊണ്ടു.

1977ലെ തെരഞ്ഞെടുപ്പ്

രൂപം കൊണ്ടതിനു ശേഷം എഐഎഡിഎംകെ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത് 1977ലാണ്. സിപിഎം, കോൺഗ്രസ്സ് ഇന്ദിര, സിപിഐ, എന്നിവർ അണ്ണാ ഡിഎംകെക്ക് പിന്തുണ നല്‍കി. ഡിഎംകെ അന്ന് ഒറ്റയ്ക്കാണ് മത്സരിച്ചത്. 234ൽ 144 സീറ്റുകൾ നേടി എംജിആർ വിജയിച്ചു. മുഖ്യമന്ത്രിയായി. രാഷ്ട്രീയമായി കരുണാനിധിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. ഈ വിജയം പിന്നീടുവന്ന 1984ലെ അസംബ്ലി തെരഞ്ഞെടുപ്പിലും എംജിആർ ആവർ‍ത്തിച്ചു. 1987ൽ എംജിആർ മരിക്കുന്നതു വരെയും മുഖ്യമന്ത്രിയായി തുടർന്നു. കരുണാനിധിയുടെ വീഴ്ചയുടെ കാലം അവസാനിക്കുകയായിരുന്നു.

എംജിആറിന്റെ മരണശേഷം 1989ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെ വിജയിച്ചു. കരുണാനിധി മുഖ്യമന്ത്രിയായി. ധനമന്ത്രിയുടെ ചുമതലകളും അദ്ദേഹം തന്നെ നിർവ്വഹിച്ചു.

പാർട്ടിയിൽ പ്രതിസന്ധികൾ ഉടലെടുത്തെങ്കിലും കാര്യങ്ങൾ തന്റെ വഴിക്കെത്തിക്കാൻ ഇതിനകം ജയലളിതയ്ക്ക് സാധിച്ചിരുന്നു. എംജിആറിന്റെ ഭാര്യ വിഎൻ ജാനകി 1988ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. 24 ദിവസം മാത്രമേ അവർക്ക് തുടരാനായുള്ളൂ. എഐഎഡിഎംകെ മൂന്നു ഭാഗങ്ങളായി പിരിഞ്ഞു. ഇവയിൽ 30 എംഎൽഎമാരുടെ പിന്തുണയോടെ ജയലളിതയുടെ കക്ഷി നിലകൊണ്ടു. പിന്നീട് ഈ മൂന്ന് കക്ഷികളെയും തനിക്കു പിന്നിൽ അണിനിരത്താനും ഡിഎംകെക്ക് ശക്തമായി എതിരാളിയായി മാറാനും ജയലളിതയ്ക്ക് എളുപ്പം കഴിഞ്ഞു. ഇങ്ങനെ ശക്തയായിത്തീർന്ന ജയലളിത നിയമസഭയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളിലൂടെ കൂടുതൽ ജനപിന്തുണയാർജിച്ചു. 1989ൽ തന്നെയായിരുന്നു ഈ സംഭവം.

കുമാരി ജയലളിതയുടെ ദ്രൗപദീശപഥം

കരിണാനിധി ബജറ്റ് അവതരിപ്പിച്ചു കൊണ്ടിരിക്കെ കോൺഗ്രസ്സ് എംഎൽഎ കുമാരി ആനന്ദൻ ശബ്ദമുയർത്തി. ജയലളിതയുടെ ഫോൺ വിളികൾ കരുണാനിധിയുടെ പൊലീസ് ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണമുന്നയിച്ചു. പ്രതിപക്ഷം ഈ വിഷയം ഏറ്റു പിടിച്ചതോടെ ബജറ്റ് പ്രസംഗം തടസ്സപ്പെട്ടു. ജയലളിത തനിക്കെതിരെ നടത്തുന്ന ഒളിയാക്രമണങ്ങളെ അപലപിച്ച് ബഹളം വെക്കാൻ തുടങ്ങി. ഇതിനിടെ കരുണാനിധി നടത്തിയ ചില പരാമർശങ്ങൾ (അവ പിന്നീട് സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു) ജയലളിതയെ കൂടുതൽ പ്രകോപിപ്പിച്ചു. മുന്നോട്ടാഞ്ഞ അവർ നിലത്തു വീണു.

സ്പീക്കർക്ക് സഭ പിരിച്ചുവിടേണ്ടി വന്നു. പുറത്തേക്ക് നടക്കുകയായിരുന്ന ജയലളിതയെ ഡിഎംകെ മന്ത്രിയായ ദുരൈ മുരുകൻ വഴിയിൽ തടയുകയും സാരിയിൽ പിടിച്ചുവലിക്കുകയും ചെയ്തു. ഒരു സ്ത്രീക്കു നേരെ സഭയിൽ നടന്ന ഈ ആക്രമണം തമിഴകത്തെയാകെ ഞെട്ടിച്ചു. ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത പുരാണകഥയുമായി ഈ സംഭവം സാമ്യപ്പെടുത്തപ്പെട്ടു.

സ്ത്രീയുടെ അന്തസ്സിനെ മാനിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞാലല്ലാതെ സഭയിലേക്ക് താനിനി പ്രവേശിക്കില്ലെന്ന് ജയലളിത ശപഥം ചെയ്തു. തമിഴ്നാടിന്റെ മനസ്സിനെ തന്റെ കൈവെള്ളയിലെടുത്തു തുടങ്ങുകയായിരുന്നു ജയലളിത.

ഈ ശപഥം നിറവേറ്റാൻ തമിഴകം അവരെ സഹായിച്ചു. 1991ലെ തെരഞ്ഞെടുപ്പിൽ 224 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ജയലളിത വിജയിച്ചത്. ഡിഎംകെ വെറും ഏഴു സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു.

1991ൽ രാജീവ് ഗാന്ധിയുടെ മരണശേഷമുണ്ടായ സഹതാപതരംഗം തങ്ങൾക്കനുകൂലമാക്കിയെടുക്കാൻ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിലൂടെ ജയലളിതയ്ക്ക് സാധിച്ചതും ഈ ഞെട്ടിക്കുന്ന വിജയത്തിന് കാരണമായി. കരുണാനിധിക്ക് അതിശക്തയായ ഒരെതിരാളിയെക്കൂടി വളർത്തിവലുതാക്കിയിട്ടാണ് എംജിആർ പോയതെന്ന് ലോകത്തിന് ബോധ്യപ്പെട്ടു. നടനും കവിയും തമ്മിലുള്ള യുദ്ധം നടിയും കവിയും തമ്മിലുള്ളതായി മാറുകയായിരുന്നു.

ജയലളിതയുടെ ഈ മുന്നേറ്റവും കരുണാനിധിയെ തളർത്തിയില്ല. ജയലളിത എന്ന ‘ബ്രാഹ്മണസ്ത്രീ’യെ കരുണാനിധി ആക്രമിച്ചു. ദ്രാവിഡരുടെ ജീവിതത്തെക്കുറിച്ച് യാതൊന്നുമറിയാത്ത ഒരു ബ്രാഹ്മണസ്ത്രീക്ക് ദ്രാവിഡനാടിനെ എങ്ങനെ നയിക്കാനാകും എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. ദ്രാവിഡ പ്രത്യയശാസ്ത്രത്തോടുള്ള ചാഞ്ചല്യമില്ലാത്ത കൂറാണ് ജയലളിതയ്ക്കും എഐഎഡിഎംകെക്കും എതിരായ കരുണാനിധിയുടെ എക്കാലത്തെയും വലിയ ആയുധം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍