UPDATES

നമ്മുടെ മൗനങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ഇന്ത്യ ഇതാണ്

കടന്നു പോകുന്ന ഓരോ ദിവസവും ശ്വസിക്കുന്ന ഓരോ സമയവും എന്താണ് മോദിയും പരിവാരങ്ങളും സങ്കല്‍പ്പിക്കുന്ന ഇന്ത്യ എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്.

അച്ചടക്കമുള്ള ഒരു സായുധ സൈന്യവും ഭീകരവാദികളും തമ്മിലുള്ള വ്യത്യാസമെന്താണ്? നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഒരു സമൂഹവും അക്രമവും അരാജകത്വവും നിറഞ്ഞ ഒരു സമൂഹവും തമ്മിലുള്ള വ്യത്യാസമെന്താണ്? പുരോഗമനാത്മകമായ ഒരു സമൂഹത്തിന്, സമാധാനപൂര്‍വമായ സഹവര്‍ത്തിത്തത്തിന് എഴുതപ്പെട്ട നിയമങ്ങള്‍ മതിയാവുന്നില്ല എന്നുണ്ടോ? ധാര്‍മിതകതയ്ക്ക് എന്തെങ്കിലും സ്ഥാനം നമ്മുടെ സമൂഹത്തിലുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുമ്പോള്‍ തന്നെ, അടിസ്ഥാനപരമായ ഇന്ത്യന്‍ ധാര്‍മികതയെ നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്. കൊലപാതകികളായ ആള്‍ക്കൂട്ടത്തെ നിശബ്ദമായി അംഗീകരിച്ചും ആശയപരമായി അവര്‍ക്ക് പ്രോത്സാഹനം നല്‍കിയും യാതൊരു വിധത്തിലുമുള്ള സെന്‍സിറ്റീവിറ്റിയുമില്ലാതെ കാശ്മീരിലെ സ്വന്തം ജനങ്ങള്‍ക്കു നേരെ തിരിയുമ്പോഴും ഇന്ത്യ എന്ന മഹത്തായ ആശയം അതിഗുരുതരമായ അപകടത്തിലാണെന്ന് തിരിച്ചറിയേണ്ടതുണ്ട്, അതുകൊണ്ടു തന്നെ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴി.

സംഘപരിവാരവും അവരുടെ കൂട്ടാളികളും മാത്രമല്ല ഈ അപകടത്തിലേക്കുള്ള വഴി വെട്ടിത്തുറക്കുന്നത്. ഒട്ടുമിക്ക രാഷ്ട്രീയ ഇടങ്ങളും ഈ നീക്കത്തിന് കൈയയച്ചു പിന്തുണ നല്‍കുന്നുണ്ട്, ലിബറലുകള്‍ എന്നു നമ്മള്‍ കരുതുന്നവരും വിദ്യാര്‍ഥി സംഘടനകളുമൊക്കെയുണ്ട് ഈ കൂട്ടത്തില്‍. നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗമാകട്ടെ, നിശബ്ദ കാഴ്ചക്കാരായി ഇതിനൊക്കെ സാക്ഷ്യം വഹിക്കുന്നു.

കടന്നു പോകുന്ന ഓരോ ദിവസവും ശ്വസിക്കുന്ന ഓരോ സമയവും എന്താണ് മോദിയും പരിവാരങ്ങളും സങ്കല്‍പ്പിക്കുന്ന ഇന്ത്യ എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. ഗാന്ധിയും നെഹ്‌റുവും പട്ടേലും അടങ്ങുന്ന തലമുറ സങ്കല്‍പ്പിച്ച ആധുനിക ഇന്ത്യയെ നേരെ മറിച്ചിട്ടിരിക്കുകയാണ് ഇപ്പോള്‍.

അല്ലെങ്കില്‍ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ നടന്ന കാര്യങ്ങള്‍ തന്നെ നോക്കൂ.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന്, കല്ലേറില്‍ നിന്ന് രക്ഷപെടാനുള്ള കാരണം ചൂണ്ടിക്കാട്ടി ഫാറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ ആര്‍മി ജീപ്പിനു മുന്നില്‍ കെട്ടിവച്ച് സഞ്ചരിച്ച വിവാദ സംഭവത്തിന് ഉത്തരവാദിയായ മേജര്‍ ലീതുള്‍ ഗോഗോയിക്ക് ബഹുമതിപത്രം നല്‍കുകയാണ് ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് ചെയ്തത്. സായുധ കലാപത്തെ നേരിടാനുള്ള മികച്ച ഉപാധി എന്നാണ് ഇതിനെ ഒരുന്നത സൈനികോദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്.

സംഭവത്തില്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറിയും ജമ്മു-കാശ്മീര്‍ പോലീസിന്റെ അന്വേഷണവും നടന്നു കൊണ്ടിരിക്കുന്ന അവസരത്തില്‍ കൂടിയാണ് ഈ ബഹുമതി നല്‍കിയത് എന്നതുമോര്‍ക്കേണ്ടതുണ്ട്. എന്താണ് ഇതുകൊണ്ട് ആര്‍മി തങ്ങളുടെ ജൂനിയര്‍ ഓഫീസര്‍മാരോട് പറയാന്‍ ഉദ്ദേശിക്കുന്നത്? കാശ്മീരിലെ ചെറുപ്പക്കാരെ മനുഷ്യകവചമായി ഉപയോഗിക്കണമെന്നും അതുവഴി നിയമരഹിതമായ ഒരു ഗുണ്ടാസംഘത്തെ പോലെ പെരുമാറണമെന്നുമാണോ?

സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് ഗോഗോയി ഇത്തരമൊരു നടപടി ചെയ്തത് എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ഇവിടെ ചോദിക്കേണ്ട ഒന്നുണ്ട്: ഇതാണോ അച്ചടക്കമുള്ള ഒരു സൈന്യം ചെയ്യേണ്ടത്? ഈ വിധത്തിലാണോ ഒരു സായുധ കലാപത്തെ നേരിടേണ്ടത്? ഈ വിധത്തിലാണോ കാശ്മീരിലേക്ക് നിങ്ങള്‍ സമാധാനം കൊണ്ടുവരുന്നത്? കാശ്മീര്‍ അടക്കമുള്ള അതിര്‍ത്തി മേഖല കാക്കുന്ന നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഏറ്റവും ബഹുമാന്യനായ തലവന്മാരിലൊരാളായിരുന്ന ലഫ്. ജനറല്‍ എച്ച്.എസ് പനാഗ് ഈ സംഭവത്തെ വിശേഷിപ്പിച്ചത് ഒരുപാട് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയെ വേട്ടയാടാന്‍ പോകുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ്.

ഇന്നലെ, തിങ്കളാഴ്ച മറ്റൊരു കാര്യം കൂടി നടന്നു.

ബി.ജെ.പി എം.പിയും ഹിന്ദി സിനിമാ നടനുമായ പരേഷ് റാവല്‍ ട്വീറ്റ് ചെയ്തത്, കല്ലെറിയുന്നവര്‍ക്ക് പകരം എഴുത്തുകാരി അരുന്ധതി റോയിയെ ആര്‍മി ജീപ്പിനു മുന്നില്‍ കെട്ടിവയ്ക്കണമെന്നാണ്. ഈയടുത്ത് കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ അരുന്ധതി റോയി ഇന്ത്യന്‍ സൈന്യത്തിനെതിരെ പ്രതികരിച്ചുവെന്ന് ചില പാക്കിസ്ഥാനി വെബ്‌സൈറ്റുകളില്‍ വന്ന അവകാശവാദത്തോടുള്ള പ്രതികരണമായി അരുന്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവും പരേഷ് റാവല്‍ നടത്തി.

യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങളായി അരുന്ധതി കാശ്മീരില്‍ പോയിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ ഈ പുതിയ ഇന്ത്യയില്‍ വസ്തുതകള്‍ക്ക് സ്ഥാനമില്ല. പ്രധാനമന്ത്രി നിലം വൃത്തിയാക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളിലും മോദിയുടെ സാമ്പത്തിക മാതൃകയെ പിന്തുണയ്ക്കാന്‍ ചൈനീസ് നഗരത്തിന്റെ ചിത്രം ഗുജറാത്തിലെ നഗരം എന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിലുമൊക്കെ പ്രചോദനം കൊള്ളുന്ന ഒരു രാജ്യമായി മാറിയിരിക്കുകയാണ് നാമിന്ന്. എന്തിനേറെ, വെള്ളപ്പൊക്ക കെടുതിക്ക് പകിട്ടു കൂട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഇത്തരത്തിലുള്ള മോര്‍ഫിംഗ് ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. അതുമല്ലെങ്കില്‍ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം: നമ്മുടെ പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരില്‍ എത്ര പേരുണ്ട് മര്യാദകെട്ടവരും അവഹേളനപരമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യാത്തവരായി?

ശരിക്കും പറഞ്ഞാല്‍ ഇന്നലെ നടന്ന കാര്യങ്ങളൊന്നും പരേഷ് റാവലില്‍ നിന്നു മാത്രം തുടങ്ങിയതല്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഝാര്‍ഖണ്ഡില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമായ ഏഴു ചെറുപ്പക്കാരെ ജനക്കൂട്ടം തല്ലിക്കൊന്ന് ഒരു പുതിയ ഇന്ത്യയുടെ വിജയനൃത്തം ചവിട്ടിയ ദിവസങ്ങളുടെയൊക്കെ തുടര്‍ച്ച തന്നെയാണിതൊക്കെയും. ആലോചിച്ചു നോക്കൂ: നമ്മുടെ ഒരാഴ്ച എന്തൊക്കെയാണ്? അല്ലെങ്കില്‍ എന്തൊക്കെയല്ല?

ഇനി മറ്റൊരു കാര്യം കൂടി പറയാം. പുതിയ ഇന്ത്യയെക്കുറിക്കാന്‍ പറ്റുന്ന ഒരു കാര്യം കൂടി കഴിഞ്ഞയാഴ്ച അവസാനം നടന്നിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ചണ്ഡീഗഡില്‍ എത്തിയപ്പോഴായിരുന്നു പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ ഇന്ത്യ എന്താണ് എന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചത്. മോദി ഭരണത്തിന്റെ സ്തുതിഗീതങ്ങള്‍ അവസാനിച്ചപ്പോള്‍ അതിലെ വസ്തുതകളെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് അമിത് ഷാ പറഞ്ഞത് നിങ്ങള്‍ വായടയ്ക്കൂ, ഞങ്ങള്‍ ഇതൊക്കെ ചെയ്യുന്നുണ്ട് എന്നായിരുന്നു.

ഈ പുതിയ ഇന്ത്യയിലേക്ക് സ്വാഗതം, നമ്മള്‍ ഓരോരുത്തരുടേയും മൗനമാണ് ഈ പുതിയ ഇന്ത്യയുടെ പിറവിക്ക് പിന്നിലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍