UPDATES

അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

അനുനിമിഷം

അനശ്വര കൊരട്ടിസ്വരൂപം

ട്രെന്‍ഡിങ്ങ്

പരിചയമുണ്ട് എന്നത് ബലാത്സംഗത്തിനുള്ള ന്യായീകരണമാകുന്നത് എങ്ങനെയാണ് മൈ ലോര്‍ഡ്‌?

ഇന്ത്യയുടെ ഓസ്കാര്‍ നോമിനേറ്റഡ് ചിത്രമായിരുന്ന പീപ്പ്‌ലി ലൈവിന്‍റെ സംവിധായകന്‍ മഹമൂദ് ഫാറൂഖി ബലാത്സംഗക്കേസില്‍ കുറ്റക്കാരനല്ല എന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു

ഫാൻസ്‌ അസോസിയേഷന്‍റെ ഗ്വാ ഗ്വാ വിളികളെ ചർച്ച ചെയ്യുന്ന മലയാളി, കാണാതെ പോയ ഒരു വാർത്തയിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിച്ചു കൊണ്ടാണ് ഇതെഴുതുന്നത്. ഒരു ദിവസം മുമ്പാണ് ഇന്ത്യയുടെ ഓസ്കാര്‍ നോമിനേറ്റഡ് ചിത്രമായിരുന്ന പീപ്പ്‌ലി ലൈവിന്‍റെ സംവിധായകന്‍ മഹമൂദ് ഫാറൂഖി ബലാത്സംഗക്കേസില്‍ കുറ്റക്കാരനല്ല എന്നുള്ള വിധി ഡൽഹി ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന 35-കാരിയായ അമേരിക്കന്‍ യുവതിയെ (അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജ) ഫാറൂഖി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാറൂഖി, മദ്യലഹരിയില്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഈ കേസിൽ ഫാറൂഖി കുറ്റക്കാരൻ ആണെന്ന് ആദ്യം വിധി വന്നിരുന്നു. പിന്നീടുള്ള ഹർജിയിലാണ് ഫീബിൾ നോ (ദുർബലമായ നിരാകരണം) യെസ് (സമ്മതം) ആണ് എന്ന കാരണം ഉന്നയിച്ച് ഫാറൂഖിക്ക് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

കൺസന്റ് (സമ്മതം) എന്ന ഒരൊറ്റ വാക്കിന്‍റെ പേരിൽ ആണ് ഇന്ന് ചർച്ചകൾ നടക്കേണ്ടത് എന്ന് തോന്നുന്നു. ബലാത്സംഗ കേസുകൾ കോടതിമുറികളിലും പുറത്തുള്ള മാധ്യമ വിചാരണകളിലും സജീവമായ കാലം മുതൽ കേൾക്കുന്ന ഒന്നാണ് ബലാത്സംഗ അതിജീവകയുടെ (rape survivor) സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമായിരുന്നു ഇത് എന്നത്. തെളിയിക്കാൻ ഏറ്റവും സങ്കീർണമായ ഒന്നാണ് ഈ സമ്മതം. രണ്ടുപേർ മാത്രമുള്ള മുറിയിൽ എങ്ങനെയാണ് ഒരാൾ മറ്റൊരാൾക്ക് കൊടുത്ത സമ്മതത്തെ തെളിവുകളോടെ കോടതിയിൽ എത്തിക്കുക? എങ്ങനെയാണ് സമ്മതം ഇല്ലായിരുന്നു എന്നും, ലഹരിയുടെ മറവിലോ, വാഗ്ദാനത്തിന്റെ മറവിലോ ആണ് ഈ ലൈംഗിക ബന്ധം നടന്നത് എന്നതും സ്ഥാപിക്കുക ?

ഈ വര്‍ഷം പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രത്തിന്‍റെ പ്രധാന ആശയം തന്നെ ഇതായിരുന്നു. എങ്ങനെയാണ് തനിക്ക് ഈ സമയം ഇന്ന വ്യക്തിയുമായി ലൈംഗിക ബന്ധത്തിന് താല്‍പര്യം ഇല്ല എന്ന് മറ്റേ വ്യക്തിയെ അറിയിച്ചത് എന്ന ചോദ്യത്തിൽ ആണ് കാര്യം എന്നും, അത് പരിഗണിക്കുമ്പോൾ അവർ തമ്മിൽ മുൻപ് ഉണ്ടായിരുന്ന പരിചയമോ, ആ സമയം ധരിച്ചിരുന്ന വസ്ത്രമോ, അവരുടെ ജാതിയോ, മതമോ, സോഷ്യൽ സ്റ്റാറ്റസോ ഒന്നും ബാധകമാകേണ്ടതില്ല എന്നും, നോ എന്നാൽ നോ ആണ് എന്നും ആണ് ആ ചിത്രത്തിൽ പറഞ്ഞു വയ്ക്കുന്നത്.

ഫാറൂഖിയുടെ കേസില്‍ പുറത്തിറങ്ങിയ വിധിയിൽ ആകട്ടെ, നേരത്തെ വിവരിച്ച നിരവധി ഉപാധികൾ ശരിവയ്ക്കുന്ന പരാമർശങ്ങൾ ഉണ്ട് താനും. പ്രതിയും ഗവേഷകയും തമ്മിൽ നേരത്തെ ബന്ധം ഉണ്ടായിരുന്നു എന്നത് കൊണ്ട് തന്നെ സാഹചര്യങ്ങൾ ഇവിടെ വ്യത്യസ്തമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. അതിലെ യുക്തി എന്താണ് എന്നത് ഇതുവരെ മനസിലാക്കാൻ സാധിക്കാത്തതിനാലാണ് ഈ ചോദ്യങ്ങൾ ഉയരുന്നത്. നേരത്തെ പരിചയം ഉണ്ടായിരുന്നു എന്ന അവസ്ഥ എങ്ങനെയാണ് ഒരു സ്ത്രീയുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റത്തിനെ – അതിൽ പരിഗണിക്കുന്ന തെളിവുകളെ സ്വാധീനിക്കുന്ന ഒന്നായി മാറുന്നത്? പരിചയമുള്ളവർ ശരീരത്തിൽ സ്പര്‍ശിക്കുമ്പോൾ ദുർബലമായി കൈ പിടിച്ചുമാറ്റിയാൽ അതിന് മുതിരുന്ന വ്യക്തിക്ക് ഇവർക്കിതിൽ താല്‍പര്യം ഇല്ല എന്ന സാമാന്യബുദ്ധിക്ക് നിരക്കുന്ന വസ്തുത മനസിലാക്കാൻ സാധിക്കുകയില്ല എന്ന വാദം എത്ര ബാലിശമാണ്. വിവാഹബന്ധങ്ങളിലെ റേപ്പ് എന്ന വിഷയത്തിൽ ഇപ്പോഴും ഉയർന്ന് വരുന്ന ഒന്നാണ് ദുർബലമായ നിരാകരണം എന്ന ലൂപ്പ് ഹോൾ.

നിർഭയ റേപ്പ് കേസിന് ശേഷം 2013 ൽ നടന്ന നിയമനിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഭേദഗതിയിലെ ഒരു പ്രധാന ഭാഗം ഇങ്ങനെയാണ്: “The new amendment defines ‘consent’, to mean an unequivocal agreement to engage in a particular sexual act; clarifying further, that the absence of resistance will not imply consent. Non-consent is a key ingredient for commission of the offence of rape. The definition of consent therefore is key to the outcome of a rape trial, and has been interpreted systemically to degrade and discredit victims of rape.”

ഇപ്പോഴത്തെ വിധിയിൽ, ശക്തമായ എതിർപ്പുകൾ ഇല്ലായിരുന്നു എന്നും ശരീരം കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ ഇല്ല എന്നുമാണ് കോടതി നിരീക്ഷിക്കുന്നത്. അതായത് 2013ൽ നടത്തിയ ഭേദഗതികളെ തള്ളിക്കളയുന്ന ഒരു വിധിയാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത് എന്ന് കാണാം. ഇത് കോടതികൾക്കുമേൽ ആണധികാരണങ്ങളുടെ അന്ധത ബാധിക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്. കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പീഡന കേസിൽ, പെൺകുട്ടിയുടെ കൈകൾ പ്രതിയുടെ മുതുകിൽ അമർന്നിരുന്നു എന്നും ഇത് പെൺകുട്ടി ആ ബന്ധം ആസ്വദിച്ചു എന്നതിന്‍റെ തെളിവാണ് എന്നും ഒരിക്കൽ കോടതി നിരീക്ഷിച്ചിരുന്നു എന്നുതും എടുത്തു പറയട്ടെ.

കോടതികൾ ഈ കാലത്തിൽ കൂടുതൽ സ്ത്രീസൗഹാർദ്ദപരമായി മാറേണ്ടതുണ്ട് എന്ന ആവശ്യത്തെ ഒന്നുകൂടി ഉറപ്പിക്കാൻ പോന്ന ഒന്നാണ് ഇപ്പോഴത്തെ വിധി. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന അധികാരഘടകങ്ങളെ വിശകലനം ചെയ്യാതെ, സമ്മതം എന്നതിനെ ഒരു ബൈനറി ആക്കി എടുത്തുകൊണ്ടാണ് നാം ഈ കേസുകളെ പരിഗണിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിൽ, ഏതെല്ലാം വിധത്തിൽ ഈ അധികാര കേന്ദ്രങ്ങൾ സ്ത്രീയുടെ ശരീരത്തിനെ, അവളുടെ ‘സമ്മതങ്ങളെ’ വളച്ചൊടിക്കുന്നു എന്നും ഈ കേസിന്‍റെ വിധി നമുക്ക് കാണിച്ച് തരുന്നു. അതോടൊപ്പം സ്ത്രീ സംഘടനകൾ ഇത്രയും കാലം നടത്തിയ ചർച്ചകൾക്കും സമരങ്ങൾക്കും നേരിട്ട തിരിച്ചടി കൂടിയാണ് ഇത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍