UPDATES

അമര്‍നാഥ്; ആക്രമിക്കപ്പെട്ട ബസിന്റെ യാത്ര അനുമതിയില്ലാതെയും സുരക്ഷാചട്ടങ്ങള്‍ മറികടന്നും

അമര്‍നാഥ് യാത്ര ടാര്‍ജറ്റ് ചെയ്യപ്പെട്ടേക്കാം എന്ന് ഇന്റലീജന്‍സ് ഏജന്‍സികള്‍ക്ക് വിവരം കിട്ടിയിരുന്നു.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ തിങ്കളാഴ്ചയുണ്ടായ തീവ്രവാദി ആക്രമണം കാശ്മീര്‍ വിദഗ്ധരെ സംബന്ധിച്ചിടത്തോളം അത്ര അത്ഭുതമുണ്ടാക്കുന്ന ഒന്നല്ല. എന്നാല്‍ സുരക്ഷാ വിദഗ്ധരെ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. എങ്ങനെയാണ് ക്ഷേത്ര ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാതെ ഗുജറാത്തില്‍ നിന്നുള്ള ബസ് അമര്‍നാഥിലെത്തിയത് എന്നതും സുരക്ഷാ ചട്ടങ്ങള്‍ മറികടന്ന് രാത്രി അതിന് സഞ്ചരിക്കാന്‍ സാധിച്ചതും എന്നതാണത്.

ആക്രമണം പ്രതീക്ഷിച്ചിരുന്നു
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കാശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്ര പോലും ടാര്‍ജറ്റ് ചെയ്യപ്പെട്ടേക്കാം എന്ന് ഇന്റലീജന്‍സ് ഏജന്‍സികള്‍ക്ക് വിവരം കിട്ടിയിരുന്നു.

ഇതില്‍ ഏറ്റവും സൂക്ഷ്മമായ വിവരം വന്നത് ജമ്മു-കാശ്മീര്‍ പോലീസില്‍ നിന്നാണ്. യാത്ര തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് അനന്ത്‌നാഗ് പോലീസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാശ്മീര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ ഖാന്‍, തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം എല്ലാ സുരക്ഷാ ഏജന്‍സികളേയും അറിയിച്ചിരുന്നു. ജൂണ്‍ 27-നുള്ള തന്റെ കത്തില്‍ ഖാന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: “അനന്ത്‌നാഗ് എസ്.എസ്.പിയില്‍ നിന്നു ലഭിച്ച ഇന്റലീജന്‍സ് വിവരങ്ങള്‍ അനുസരിച്ച് 100 മുതല്‍ 150 തീര്‍ത്ഥാടകരേയും 100 പോലീസ് ഉദ്യോഗസ്ഥരേയും വകവരുത്താന്‍ ഭീകരവാദികള്‍ക്ക് നിര്‍ദേശം കിട്ടിയിട്ടുണ്ട്.”

ഇന്റലീജന്‍സിന് വിവരങ്ങള്‍ തരുന്ന ചില വ്യക്തികളില്‍ നിന്നു ലഭിച്ചതാണ് ഇക്കാര്യമെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ആക്രമണം ഏതു വിധത്തിലായിരിക്കും എന്നതിനെ കുറിച്ച് അദ്ദേഹം മുന്‍കൂര്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. അതിനു സമാനമായ വിധത്തിലായിരുന്നു തിങ്കളാഴ്ച ആക്രമണമുണ്ടായതും: “യാത്രക്കാരുടെ വാഹനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന രീതിയിലായിരിക്കും ആക്രമണം. ഇതുവഴി രാജ്യമൊട്ടാകെ സാമുദായിക സംഘര്‍ഷം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്.”

നിരവധി ചോദ്യങ്ങള്‍
ആക്രമണത്തെക്കുറിച്ചുള്ള നിരവധി സംശയങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങള്‍ പ്രധാനമാണ്. യാത്രക്കാരുമായുള്ള ബസ് എങ്ങനെയാണ് നേരം ഇരുട്ടിയ ശേഷം കാശ്മീരില്‍ നിന്ന് ജമ്മുവിലേക്ക് യാത്ര തിരിച്ചത് എന്നതാണ് ഇതില്‍ പ്രധാനം. വൈകിട്ട് ഏഴു മണിക്ക് ശേഷം ശ്രീനഗര്‍-ജമ്മു ഹൈവേയിലൂടെ യാത്രാ വാഹനങ്ങള്‍ അനുവദിക്കാറില്ല. ഈ സമയത്തിനു ശേഷം ഇവിടുത്തെ സുരക്ഷാ ഏര്‍പ്പാടുകള്‍ പിന്‍വലിക്കാറുണ്ട്- ഒരുദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈവേയിലൂടെ സഞ്ചരിക്കാന്‍ എങ്ങനെയാണ് ബാക്കിയുണ്ടായിരുന്ന സുരക്ഷാ സേന ബസിനെ അനുവദിച്ചതെന്ന് മറ്റൊരുദ്യോഗസ്ഥനും സംശയം പ്രകടിപ്പിക്കുന്നു.

ഇവയാണ് ചില പ്രധാന ചോദ്യങ്ങള്‍:
– ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ തീര്‍ത്ഥാടകരും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നുമുണ്ട്. എന്നാല്‍ ഗുജറാത്ത് നമ്പര്‍ പ്ലേറ്റുള്ള (GJ09Z 9976) ഒരു ബസ് എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യാതെ യാത്ര ചെയ്യാന്‍ സമ്മതിച്ചത്? വാഹനത്തിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള കാര്യങ്ങളും വ്യക്തമല്ല. പുതിയ ഉടമസ്ഥന് വാഹനം വിറ്റതുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണമല്ല.

– രജിസ്റ്റര്‍ ചെയ്യാത്ത 60-ഓളം തീര്‍ത്ഥാടകര്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടും അതാരുടേയും ശ്രദ്ധയില്‍ പെട്ടില്ല? രണ്ടു ദിവസം മുമ്പ് ക്ഷേത്ര സന്ദര്‍ശനം നടത്തിയ ശേഷം സ്ഥലങ്ങള്‍ കാണാനായി പോയ തീര്‍ത്ഥാടകരാണ് മടക്കയാത്രയില്‍ തിങ്കളാഴ്ച ആക്രമിക്കപ്പെട്ടത്. കനത്ത സുരക്ഷയുള്ള ബാല്‍താല്‍ ബേസ് ക്യാമ്പില്‍ നിന്ന് ബസ് പുറപ്പെടുകയും ശക്തമായ സുരക്ഷയുള്ള ദേശീയ പാതയിലേക്ക് കയറിയിട്ടും ഒരിക്കല്‍ പോലും ബസ് പരിശോധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

– പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജമ്മു-കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ്, എന്തുകൊണ്ടാണ് അഞ്ചു മണിക്ക് ശേഷം ബസ് യാത്ര ചെയ്യാന്‍ അനുവദിച്ച കാര്യം അന്വേഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ഷിക തീര്‍ത്ഥയാത്രയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അനുസരിച്ച് സന്ധ്യക്ക് ശേഷം യാത്രാ വാഹനങ്ങള്‍ അനുവദിക്കാറില്ല.

– രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ സുരക്ഷ നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഇവര്‍ക്കൊപ്പം ഒരു പോലീസ് വാന്‍ സഞ്ചരിച്ചു എന്നതും ഇതും ആക്രമിക്കപ്പെട്ടു എന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ബസിന് സുരക്ഷ നല്‍കുകയായിരുന്നോ അതോ യാദൃശ്ചികമായി ബസിനു മുമ്പേ സഞ്ചരിക്കുകയായിരുന്നോ ഈ പോലീസ് വാന്‍ എന്ന കാര്യമാണ് വ്യക്തമാകേണ്ടത്.

– അമര്‍നാഥ് യാത്ര ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പ് കാശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എഴുതിയ കത്തില്‍ തീര്‍ത്ഥാടക സംഘത്തിനു നേര്‍ക്ക് ആക്രമണം നടത്താന്‍ ഭീകരവാദികള്‍ ശ്രമിക്കുമെന്നും അത് രാജ്യത്ത് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും വ്യക്തമാക്കിയിരുന്നു. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കു നേരെ നിറയൊഴിക്കാനാണ് ഭീകരരുടെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ തന്നെയായിരുന്നു ബോട്ടെംഗു ഗ്രാമത്തില്‍ തിങ്കളാഴ്ച സംഭവിച്ചതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍