UPDATES

ട്രെന്‍ഡിങ്ങ്

ഒരുങ്ങിപ്പുറപ്പെട്ട് സിദ്ധരാമയ്യ: സംസ്ഥാനങ്ങള്‍ക്ക് ‘സ്വയംഭരണം’ വേണം

സാമ്പത്തിക നയരൂപീകരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണം ലഭിച്ചാലേ ഇന്ത്യയ്ക്ക് ശക്തമായി വളരാന്‍ സാധിക്കൂ

കര്‍ണാടകയ്ക്ക് സ്വന്തം പതാക എന്ന ആവശ്യത്തിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക നയരൂപീകരണത്തില്‍ സ്വയംഭരണം വേണമെന്ന ആവശ്യവും ഉന്നയിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാര്‍ച്ച് എട്ടിന് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തിന് സ്വന്തമായി പതാക പുറത്തിറക്കിയ സിദ്ധരാമയ്യ ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. നിയമസാധുത കിട്ടാന്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പതാക തയ്യാറാക്കിയത്. മഞ്ഞയും വെള്ളയും ചുവപ്പും നിറങ്ങള്‍ ചേര്‍ന്നതാണ് പുതിയ പതാക.

ഇതിന് പിന്നാലെയാണ് സാമ്പത്തിക നയരൂപീകരണത്തിലും സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണം വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ദി ന്യൂസ് മിനുറ്റില്‍ എഴുതിയ ലേഖനത്തില്‍ രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളും പ്രാധാന്യങ്ങളും അദ്ദേഹം വിശദമാക്കുന്നുണ്ട്. ഇത്തരത്തില്‍ സ്വയംപര്യാപ്തത ലഭിക്കുമ്പോള്‍ വായ്പാദാതാക്കള്‍ക്ക് സംസ്ഥാനങ്ങളുടെ കടംതിരിച്ചടിവിലുള്ള വിശ്വാസം വര്‍ദ്ധിക്കുമെന്നാണ് അദ്ദേഹം മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ കേന്ദ്രത്തെ കാര്യമായി ആശ്രയിക്കാതെ തന്നെ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. അതുപോലെ തങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ പദ്ധതികള്‍ രൂപീകരിക്കാനും അവര്‍ക്ക് സാധിക്കും.

നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്രവിഹിതം ആനുപാതികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നികുതിയായി അടയ്ക്കുന്ന ഒരു രൂപയ്ക്ക് ഉത്തര്‍പ്രദേശിന് ലഭിക്കുന്നത് 1.75 രൂപയും കര്‍ണാടയ്ക്ക് 0.45 രൂപയുമാണ്. കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന് ഏറ്റവുമധികം നികുതി നല്‍കുന്ന സംസ്ഥാനങ്ങള്‍. എന്നാല്‍ ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം ലഭിക്കുന്ന കേന്ദ്രവിഹിതം കുറവാണ്. നികുതി നല്‍കുന്നതിന്റെ വലിയൊരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് തന്നെ ലഭ്യമാക്കുന്ന സംവിധാനമാണ് ആവശ്യം. കേന്ദ്രനിയന്ത്രണത്തിലുള്ള പദ്ധതികള്‍ കുറയ്ക്കുകയും വേണമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. കേന്ദ്രവിഹിതത്തിന്റെ വിതരണത്തിന്റെ മുഖ്യമാനദണ്ഡം നിലവില്‍ ജനസംഖ്യയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ വളര്‍ച്ചയിലാണ്. അതിനാല്‍ തന്നെ എത്രകാലം നമുക്ക് ഇത് തുടരാനാകും?

ഇന്ത്യയുടെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര നയങ്ങളും സംസ്ഥാനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗത്ത് ഏഷ്യ ഫ്രീ ട്രേഡ് എഗ്രീമെന്റിലൂടെ വിയറ്റ്‌നാമില്‍ നിന്നും ശ്രീലങ്ക വഴി ഇവിടേക്ക് വിലക്കുറഞ്ഞ കുരുമുളക് എത്തിച്ചേരുന്നു. ഇത് കേരളത്തിലെയും കര്‍ണടാകത്തിലെയും കുരുമുളക് കര്‍ഷകരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതും കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജിഎസ്ടി കൗണ്‍സില്‍ പോലെ വ്യാപാര നയങ്ങളും കാര്‍ഷിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനും നമുക്കൊരു സംവിധാനം ആവശ്യമാണ്. നിതി ആയോഗ് ദേശീയ വികസന കൗണ്‍സിലിനെ(എന്‍ഡിസി) ഫലപ്രദാമായി തന്നെ പൊളിച്ചടുക്കിയിരിക്കുന്നു. എന്‍ഡിസി ഒരു ചര്‍ച്ചാ വേദി മാത്രമായിരുന്നെങ്കിലും അതിന് പകരം ഫലപ്രദമായ ഒരു സംവിധാനം സ്ഥാപിക്കപ്പെട്ടിട്ടുമില്ല. ദേശീയ നയ രൂപീകരണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനുള്ള ഒരു സംവിധാനമാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

കര്‍ണാടകയും മറ്റ് പല സംസ്ഥാനങ്ങളും യൂറോപ്പിലെ പല രാജ്യങ്ങളേക്കാളും വലുതാണ്. ഇന്ത്യയ്ക്ക് ശക്തമായി വളരാന്‍ സംസ്ഥാനങ്ങളും വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യേണ്ടതുണ്ട്. അതിനാല്‍ ഓരോ സംസ്ഥാനങ്ങളെയും അവരവരുടെ ശേഷിയ്ക്കും പ്രതിഭയ്ക്കും അനുസരിച്ച് സ്വതന്ത്രമായ സ്ഥാനം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇതിന് സാമ്പത്തിക നയരൂപീകരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണം ആവശ്യമാണ്.

നാം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ സംഘടിക്കപ്പെട്ട ഒരു രാജ്യമാണ്. ഇന്ത്യയുടെ സ്വത്വത്തിനും ഏറെ മുമ്പേ രൂപംകൊണ്ടതാണ് പല സംസ്ഥാനങ്ങളിലെയും ഭാഷയും സംസ്‌കാരവും. എന്നാല്‍ നാം ഇന്ത്യക്കാരെല്ലാം പൊതുവായ ഒരു ചരിത്രത്തിലും സംസ്‌കാരത്തിലും സങ്കല്‍പ്പത്തിലും കെട്ടപ്പെട്ടിരിക്കുന്നു. കന്നഡിക എന്ന എന്റെ വ്യക്തിത്വവും ഇന്ത്യന്‍ എന്ന വ്യക്തിത്വം ഒരിക്കലും ചേര്‍ച്ചയില്ലാത്തതല്ല. കര്‍ണാടകയില്‍ ഞങ്ങള്‍ കന്നഡ ഭാഷയുടെ മുന്‍ഗണനയ്ക്കായും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും സംസ്ഥാന പതാകയ്ക്ക് വേണ്ടിയും വാദിക്കുമ്പോള്‍ ഒരു ശക്തമായ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ വേണ്ട സംഭാവനകള്‍ നല്‍കാനാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസുമുണ്ട്. ആത്മവിശ്വാസമുള്ള ഒരു ഇന്ത്യയ്ക്ക് തന്റെ എല്ലാ മക്കളുടെയും വ്യക്തിത്വത്തിലും ആത്മവിശ്വാസമുണ്ടായിരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍