ഉത്തർപ്രദേശിലുടനീളം ജാതിരാഷ്ട്രീയം ചർച്ചാവിഷയമാക്കുന്നതിൽ ഊന്നിയാണ് മോദിയുടെ പ്രസംഗങ്ങൾ.
ജാതിരാഷ്ട്രീയം കളിച്ച് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നവരാണ് ബിജെപിക്കെതിരെ യുപിയിൽ സഖ്യം ചേർന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാജ്വാദി പാർട്ടിക്കോ ബിഎസ്പിക്കോ ഭീകരവാദത്തിനെതിരെ പോരാടാൻ കഴിയില്ലെന്നും മോദി പറഞ്ഞു. ഗ്രാമത്തിലെ ഗുണ്ടകളെ നേരിടാൻ പോലും കഴിയാത്ത ഇക്കൂട്ടർക്ക് ക്രമസമാധാനപാലനം സാധ്യമാകില്ലെന്നും ഉത്തർപ്രദേശിലെ ഹാർദോയിയിൽ ഒരു തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
ദളിത് സാമൂഹ്യപരിഷ്കർത്താവായ അംബേദ്കറെ ചതിച്ചവർക്കൊപ്പമാണ് ബിഎസ്പി നേതാവ് മായാവതി ഇപ്പോൾ ചേർന്നിരിക്കുന്നതെന്നും മോദി ആരോപിച്ചു. അംബേദ്കറുടെ പേരിൽ വോട്ട് ചോദിക്കുന്നവർ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് യാതൊന്നും പഠിച്ചില്ലെന്നും മോദി പറഞ്ഞു. എങ്ങനെയെങ്കിലും അധികാരക്കസേരയിലെത്തുക എന്നത് മാത്രമാണ് മായാവതിയുടെ ലക്ഷ്യം. ഇക്കാരണത്താലാണ് അംബേദ്കറെ എതിർത്തവർക്കൊപ്പം മായാവതി ചേർന്ന് വോട്ട് ചോദിക്കുന്നതെന്നും മോദി പറഞ്ഞു.
മുൻ യുപിഎ സർക്കാരുകളെയും മോദി കടുത്ത ഭാഷയിൽ വിമർശിച്ചു. നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ഗാന്ധി കുടുംബമാണ് അധികാരത്തിലിരുന്നതെങ്കിൽ ഉണ്ടാകില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ രണ്ട് മൊബൈൽ ഫോൺ ഫാക്ടറികളുണ്ടായിരുന്നിടത്ത് ഇന്ന് 125 എണ്ണമുണ്ടെന്ന് മോദി പറഞ്ഞു. ഇത് തന്റെ ഭരണകാലത്താണ് സംഭവിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തർപ്രദേശിലുടനീളം ജാതിരാഷ്ട്രീയം ചർച്ചാവിഷയമാക്കുന്നതിൽ ഊന്നിയാണ് മോദിയുടെ പ്രസംഗങ്ങൾ. ഇതേദിവസം കന്നൂജിൽ വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യുമ്പോഴും മോദി ജാതിരാഷ്ട്രീയം വിഷയമാക്കി. “ഞാൻ നിങ്ങളോട് തൊഴുകൈകളോടെ പറയുകയാണ്. എനിക്കിതിൽ ഒരു പങ്കുമില്ല. രാജ്യത്തെ 130 കോടി ജനങ്ങളും എന്റെ കുടുംബമാണ്.” -മോദി പറഞ്ഞു.
സമാജ്വാദി പാർട്ടിയും ബിഎസ്പിയും സഖ്യം ചേർന്നാണ് യുപിയിൽ മത്സരിക്കുന്നത്. എസ്പി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലും മത്സരിക്കുന്നു. ആർഎൽഡിക്ക് മൂന്ന് സീറ്റുകളും നൽകിയിട്ടുണ്ട്.