UPDATES

ട്രെന്‍ഡിങ്ങ്

ഇത് ഇന്ത്യയാണ്, അല്ലാതെ ‘ഹിന്ദിയ’ അല്ല: അമിത് ഷായോട് സ്റ്റാലിന്‍ അടക്കമുള്ള ദക്ഷിണേന്ത്യന്‍ നേതാക്കള്‍

ഹിന്ദി ആധിപത്യ ശ്രമങ്ങള്‍ മൂലം അവകാശങ്ങള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളെ സംഘടിപ്പിക്കാന്‍ ഡിഎംകെ മടി കാണിക്കില്ല – സ്റ്റാലിന്‍ പറഞ്ഞു.

ഇത് ഇന്ത്യയാണ്, അല്ലാതെ ‘ഹിന്ദിയ’ അല്ല എന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ഹിന്ദി ദിവസിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തമിഴ്‌നാട് പ്രതിപക്ഷ നേതാവായ സ്റ്റാലിന്‍. ലോകത്തിന് മുന്നില്‍ ഹിന്ദിയാണ് ഇന്ത്യയുടെ ഭാഷ എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇത് വേദനിപ്പിക്കുന്നതും അപലപനീയവുമാണ്. ഹിന്ദി ആധിപത്യ ശ്രമങ്ങള്‍ മൂലം അവകാശങ്ങള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളെ സംഘടിപ്പിക്കാന്‍ ഡിഎംകെ മടി കാണിക്കില്ല – സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദിയാണ് ഇന്ത്യയില്‍ കൂടുതല്‍ സംസാരിക്കുന്നതും മനസിലാക്കുന്നതുമായ ഭാഷ എന്ന് അമിത് ഷാ പറഞ്ഞിരുന്നു. രാജ്യത്ത് വിവിധ ഭാഷകളുണ്ടെങ്കിലും രാജ്യത്തെ ജനങ്ങളെ ഐക്യപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു ഭാഷ ഹിന്ദിയാണ് എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

നേരത്തെ തന്നെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച നിര്‍ദ്ദേശത്തിനെതിരെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ ഞങ്ങള്‍ ഏറെക്കാലമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയായ പ്രസ്താവന പിന്‍വലിക്കാന്‍ അമിത് ഷാ തയ്യാറാകണം എന്നാണ് പറയാനുള്ളത് – സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസുദുദ്ദീന്‍ ഒവൈസി തുടങ്ങിയവരും അമിത് ഷായുടെ ഹിന്ദി പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തി. #StopHindiImposition ഹാഷ് ടാഗ് വൈറലായിരിക്കുകയാണ്.

കര്‍ണാടകക്കാര്‍ നവംബര്‍ ഒന്നിന് കന്നഡ ദിനമായി ആഘോഷിക്കുന്നുണ്ട്. ഹിന്ദി സംസാരിക്കുന്ന ഏതെങ്കിലും സ്ംസ്ഥാനം ഇതിന് തയ്യാറാകുമോ എന്ന് കുമാരസ്വാമി ചോദിച്ചു.

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരും വിമര്‍ശനവുമായി രംഗത്തെത്തി. ഞങ്ങള്‍ ദക്ഷിണേന്ത്യക്കാരില്‍ വലിയൊരു ഭാഗം പേര്‍ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ആരും മലയാളമോ തമിഴോ രണ്ടാം ഭാഷയായി പഠിക്കുന്നില്ല – ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ വേണ്ടൂ എങ്കില്‍ തമിഴ്‌നാട് ഇന്ത്യയിലുണ്ടാകില്ല എന്ന് എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ പറഞ്ഞു. തമിഴ്‌നാട് മാത്രമല്ല, പല സംസ്ഥാനങ്ങളും പിന്നെ ഇന്ത്യയിലുണ്ടാകില്ല. അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെന്നും വൈക്കോ പറഞ്ഞു. ഹിന്ദി ഇന്ത്യയാണോ അതോ ഐക്യ ഇന്ത്യയാണോ വേണ്ടത് എന്ന് ടി ടി കൃഷ്ണമാചാരി ചോദിച്ചിട്ടുണ്ട്.

ആര്‍എസ്എസിന്റെ മറഞ്ഞിരുന്ന അജണ്ട മറ നീക്കി പുറത്തുവന്നു എന്നാണ് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യ ഒരു കാലത്തും ഏതെങ്കിലുമൊരു പ്രത്യേക ഭാഷയ്‌ക്കോ മതത്തിനോ സംസ്‌കാരത്തിനോ മാത്രം അവകാശപ്പെട്ട രാജ്യമായിരുന്നില്ല് – കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

തങ്ങള്‍ ഹിന്ദിക്കെതിരല്ല എന്നും അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ് എന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദി ദിവസ് ആഘോഷിക്കണം എന്ന് പറയുന്നതിനോടും എതിര്‍പ്പുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യ എന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍